രണ്ടു വർഷമായി ഞങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത്: വെളിപ്പെടുത്തി വീണ നായർ

വിവാഹമോചന വാർത്തകളോടു പ്രതികരിച്ച് നടി വീണ നായർ. രണ്ടു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണു കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറഞ്ഞു. തന്റെ കൂടെ ഏഴെട്ടു വർഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണെന്നും പെട്ടെന്ന് അതിൽനിന്നു വിട്ടു പോരാൻ പറ്റില്ലെന്നും വീണ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയാണ് വീണ നായർ. ബിഗ് ബോസ് മലയാളം സീസൺ 2 ൽ മത്സരാർഥിയായും വീണ ആരാധകരെ നേടി. അടുത്തിടെ ഭർത്താവ് ആർജെ അമനുമായി വേർപിരിഞ്ഞെന്ന വാർത്തകൾ വന്നിരുന്നു. ഇക്കാര്യം ചർച്ചയായതോടെ തങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നത് എന്നാൽ വിവാഹമോചനം നേടിയിട്ടില്ലെന്നും അമൻ വ്യക്തമാക്കിയിരുന്നു.

‘‘ഞാൻ നാളെ ഒരു പ്രണയത്തിലായാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത ഒന്നാണത്. കാരണം എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. ആ സ്ഥാനം ഞാൻ എന്തു ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ്. ഞാൻ ഇത് ആദ്യമായാണ് ഒരു മീഡിയയിൽ തുറന്നു പറയുന്നത്. രണ്ടു വർഷമായി ഞാൻ കൊച്ചിയിലാണ് താമസിക്കുന്നത്. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്. അമൻ ഇപ്പോൾ നാട്ടിലുണ്ട്. മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവൻ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എൻജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അറിയണമെങ്കിൽ അവിടെത്തന്നെ പോകണം. നാളെ അവൻ വലുതാകുമ്പോൾ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്.

ഇപ്പോൾ ഞാൻ എന്റെ മോന്റെ കാര്യങ്ങളൊക്കെ നോക്കി വളരെ ഹാപ്പിയായി അവന് വേണ്ടി മാത്രമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഭഗവാൻ അനുഗ്രഹിച്ച് വളരെ സന്തോഷമായാണ് പോകുന്നത്. സെപ്പറേറ്റഡ് ആയ സ്ത്രീ എന്ന നിലയിൽ വേറെ രീതിയിലാണ് സമൂഹം ഇപ്പോഴും അതിനെ കാണുന്നത്.

ഇപ്പോൾ ഞങ്ങൾ ഡിവോഴ്‌സല്ല, നാളെ മോന് വേണ്ടി ഞങ്ങൾ ഒന്നിച്ച് പോകുമോ എന്നും അറിയില്ല. പൂർണമായി ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയിട്ടില്ല. ഞങ്ങൾ ഇപ്പോഴും വിളിക്കും. മകന്റെ കാര്യങ്ങൾ പറയും. വഴക്കും ഇടാറുണ്ട്. പൂർണമായി വേണ്ടെന്നു വച്ചാൽ വഴക്കൊന്നും ഉണ്ടാവില്ലല്ലോ. ഇത് അങ്ങനെ പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ക്ലൈമാക്സ് ആയിട്ടില്ല. ക്ലൈമാക്‌സ് ആകുമ്പോൾ എന്റെ ഔദ്യോഗിക പേജിലൂടെ അറിയിക്കും.

ഏത് റിലേഷനിൽ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം നമ്മൾ താഴേക്ക് പോയാൽ ആണ് പ്രശ്‌നം. നമ്മൾ ഓക്കെ ആയാൽ മതി. പ്രണയത്തിൽ നിന്നാണെങ്കിലും ഇറങ്ങിയ ശേഷം താഴേക്ക് പോയി ഡിപ്രഷനിലാകാതെ ഒന്ന് മുകളിലേക്ക് പോയാൽ മതി. എല്ലാ സമയവും കടന്നു പോകും. ജീവിതത്തിൽ ഒന്നും നിലനിൽക്കില്ല. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പി ആയി വേർപിരിഞ്ഞ് ജീവിക്കുന്നു. മോനും ഹാപ്പിയാണ്. ഞങ്ങൾ തമ്മിലുള്ള പ്രശ്‌നം മകനെ ബാധിക്കാൻ ഞാൻ സമ്മതിക്കില്ല. അതാണ് തീരുമാനവും.’’–വീണ നായർ പറയുന്നു.

Advertisement