ലോകത്തിലെ ഏറ്റവും വിലയുള്ള ഐസ്‌ക്രീം ബ്യാകുയ: സ്വര്‍ണത്തരികള്‍, അപൂര്‍വ ചേരുവകള്‍

ബ്യാകുയ….. ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള ഐസ്‌ക്രീം ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. ജാപ്പനീസ് ഐസ്‌ക്രീം ഉത്പാദകരായ സെലാറ്റോയാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്വന്തമാക്കിയ ഐസ്‌ക്രീമിന് പിന്നില്‍. 873,400 ജാപ്പനീസ് യെന്‍ ആണ് (5.2 ലക്ഷം രൂപയോളം) ബ്യാകുയ ഐസ്‌ക്രീമിന്റെ വില.
സ്‌പെഷ്യല്‍ ചേരുവകള്‍ തന്നെയാണ് ഐസ്‌ക്രീമിന് ഇത്രയും വിലവരാനുള്ള കാരണം. ഇറ്റലിയില്‍ അപൂര്‍വമായി ലഭിക്കുന്ന വെളുത്ത ട്രെഫിള്‍ ഐസ്‌ക്രീമില്‍ ചേര്‍ക്കുന്നുണ്ട്. ഇതിന് മാത്രം കിലോ ഗ്രാമിന് 11.9 ലക്ഷം രൂപയാണ് വില. പാര്‍മിഗിയാനോ റെഗിയാനോ എന്ന ചീസ്, സേക്ക് ലീസ്, എഡിബിള്‍ ഗോള്‍ഡ് ലീഫ്സ് എന്നിവയാണ് ബ്യാകുയ ഐസ്‌ക്രീമിലെ പ്രധാന ചേരുവകള്‍. യൂറോപ്യന്‍ ചേരുവകളും ജാപ്പനീസ് ചേരുവകളും സമന്വയിപ്പിച്ചുണ്ടാക്കുന്ന ചെയ്തുകൊണ്ടാണ് സെലാറ്റോ ഈ വിലയേറിയ ഐസ്‌ക്രീം നിര്‍മിച്ചിരിക്കുന്നത്. വെളുത്ത ട്രെഫിളിന്റെ രുചിയും പഴവര്‍ഗങ്ങളും ഐസ്‌ക്രീമിന്റെ രുചി വര്‍ധിപ്പിക്കുന്നു.
ഫ്യൂഷന്‍ പാചക രീതിയിലൂടെ പ്രശ്‌സ്തനായ ഒസാക്കയിലെ റെസ്റ്റോറന്റ് ഷെഫായ തദയോഷി യമദയുമായി സഹകരിച്ചാണ് സെലാറ്റോ ബ്യാകുയ ഉണ്ടാക്കിയത്. രുചിയിലും ഘടനയിലും ഏറെ വൈവിധ്യമുള്ള ഐസ്‌ക്രീമാണ് ബ്യാകുയ എന്നാണ് ഐസ്‌ക്രീം രുചിച്ചവര്‍ പറയുന്നത്. ഏകദേശം ഒന്നര വര്‍ഷം എടുത്താണ് ബ്യാകുയ വികസിപ്പിച്ചെടുത്തത്. രുചി വര്‍ധിപ്പിക്കാനായി നിരവധി പരീക്ഷണങ്ങളാണ് നിര്‍മാതാക്കള്‍ നടത്തിയത്. നിരവധി പരാജയങ്ങളും ഇതിനിടെ നേരിട്ടു. എല്ലാത്തിനും ഒടുവില്‍ ബ്യാകുയയ്ക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ് ലഭിച്ചതോടെ പരിശ്രമങ്ങള്‍ വിജയം കണ്ട സന്തോഷത്തിലാണ് സെലാറ്റോ.

Advertisement