ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ നാടകീയരംഗങ്ങൾ. ആരാധകൻ പുഷ്പവൃഷ്ടി നടത്തിയപ്പോൾ സൈക്കിളിൽനിന്നിറങ്ങി ഓടുന്ന വിജയ്‍യുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.
കന്യാകുമാരിയിലെ മഹാദാനപുരത്ത് സംഘടിപ്പിച്ച സൈക്കിൾ റാലിയിലാണ് സംഭവം. തുറന്നവാഹനത്തിൽനിന്നും ഇറങ്ങി പ്രവർത്തകർക്കിടയിലേക്ക് സൈക്കിൾ ഓടിച്ചായിരുന്നു വിജയ്‍യുടെ വരവ്. വലിയതോതിൽ അകമ്പടി വാഹനങ്ങളും സജ്ജമാക്കിയിരുന്നു.
ഇതിനിടെ ഒരു ആരാധകൻ വിജയ്‍ക്കുനേരെ ഫ്ളവര്‍ ബോളെറിഞ്ഞു എറിയുന്നതും, ഉടൻ തന്നെ വിജയ് സൈക്കിളിൽ നിന്നിറങ്ങി തിരിഞ്ഞോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും വലയം തീർക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് വിജയ് വേഗത്തിൽ തന്റെ കാരവനിലേക്ക് കയറുകയും ചെയ്തു.
ആരാധകന്‍ എറിഞ്ഞ ബോളില്‍ നിന്നും പൂക്കളായിരുന്നു പുറത്തേക്ക് വന്നത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായി. ബോംബോ മറ്റോ ആണെന്ന് കരുതിയാകും വിജയ് ഇറങ്ങിയോടിയതെന്നാണ് സോഷ്യൽമീഡിയയിൽ വരുന്ന കമന്റുകൾ. എന്നാൽ ആരാധകർ വലിയ തോതിൽ ചുറ്റും കൂടിയതിനാലാണ് അദ്ദേഹം ഓടിമാറിയതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.
Also Read:






























