മുംബൈ: ഇന്ത്യ-ഫ്രാൻസ് ബന്ധത്തിന് അതിരുകളില്ലെന്നും അത് ആഴക്കടൽ മുതൽ ഏറ്റവും ഉയർന്ന മലനിരകൾ വരെ വ്യാപിച്ചുകിടക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് പിന്നാലെയുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് വമ്പൻ പ്രഖ്യാപനവുമായി മോദി രംഗത്തെത്തിയത്.
എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ വരെ പറക്കാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ഹെലികോപ്റ്റർ ഇരുരാജ്യങ്ങളും ചേർന്ന് നിർമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സമുദ്ര സുരക്ഷ, പ്രതിരോധം, ഭീകരവിരുദ്ധ പോരാട്ടം, ഇന്നൊവേഷൻ തുടങ്ങി മേഖലകളില്‍ ഇരുരാജ്യങ്ങളും കൈകോര്‍ക്കുമെന്നും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.
- ഇന്ത്യയും ഫ്രാൻസും ചേർന്ന് എവറസ്റ്റിൻ്റെ ഉയരങ്ങളിലേക്ക് പറക്കാൻ കഴിയുന്ന എച്ച് 125 ഹെലികോപ്‌ടര്‍ നിര്‍മിക്കും, ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും മോദി ആത്മിവശ്വാസത്തില്‍ പറഞ്ഞു. ഇത്തരത്തിൽ നിർമിക്കുന്ന ലോകത്തിലെ ഏക ഹെലികോപ്റ്റർ എന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- എന്താണ് 125 ഹെലികോപ്‌ടര്‍ പദ്ധതി?
- ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിൻ്റെ ഉയരത്തിൽ (ഏകദേശം 29,000 അടി) വരെ പറക്കാൻ ശേഷിയുള്ള ഹെലികോപ്റ്ററുകളാണ് ഇവ. ഇത്രയും ഉയർന്ന മലനിരകളിൽ പ്രവർത്തിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ഹെലികോപ്റ്റർ എന്ന ഖ്യാതി ഇതിനുണ്ട്. ഫ്രഞ്ച് കമ്പനിയായ എയർബസും ഇന്ത്യയിലെ ടാറ്റ ഗ്രൂപ്പും ചേർന്നാണ് ഈ ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്.
- ഗുജറാത്തിലെ വഡോദരയിലായിരിക്കും ഇതിൻ്റെ നിർമ്മാണ കേന്ദ്രം. അതിർത്തികളിലെ ഉയർന്ന മലനിരകളിൽ നിരീക്ഷണം നടത്തുന്നതിനും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും, വിനോദസഞ്ചാര മേഖലയ്ക്കും ഈ ഹെലികോപ്റ്ററുകൾ വലിയ കരുത്താകും. പ്രത്യേകിച്ചും ലഡാക്ക്, സിയാച്ചിൻ തുടങ്ങിയ ദുർഘടമായ മേഖലകളിൽ ഇവയ്ക്ക് മികച്ച സേവനം കാഴ്ചവയ്ക്കാൻ സാധിക്കും. ഇന്ത്യയിൽ നിർമിക്കുന്ന ഈ ഹെലികോപ്റ്ററുകൾ അയൽരാജ്യങ്ങളിലേക്കും മറ്റ് വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
- ഇന്ത്യ-ഫ്രാൻസ് ബന്ധം ശക്തമെന്ന് മോദി
- ‘ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ഇന്ത്യ സന്ദര്‍ശനം വലിയ സന്തോഷം നൽകുന്നതാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വലിയ ബന്ധമാണുള്ളത്. ഫ്രാന്‍സ് ഇന്ത്യയുടെ സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാര്‍ട്‌ണറാണ്’ എന്നും അദ്ദേഹം പറഞ്ഞു.
- ‘ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വ്യാപാരത്തിന് ഒരു തടസവുമില്ല. ഫ്രാന്‍സുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വലിയ വഴിത്തിരിവായി. നമ്മുടെ കമ്പനികള്‍ക്കും ഇത് ഇരട്ടനികുതി ഒഴിവാക്കുന്നതിന് സഹായകമായി. ഒറ്റയ്ക്ക് നിൽക്കുമ്പോള്‍ അല്ല, കൈക്കോര്‍ക്കുമ്പോഴാണ് പുതിയ കണ്ടുപിടിത്തങ്ങളുണ്ടാകുന്നതെന്ന്,’ മോദി കൂട്ടിച്ചേർത്തു.
- ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിൻ്റെ ഭാഗമായാണ് കൂടിക്കാഴ്‌ച നടന്നത്. മുംബൈയിലെ ലോക് ഭവനിൽ വച്ച് ഉച്ചകഴിഞ്ഞ് 3:15-ഓടെ ഇരുനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. പ്രതിരോധം, സുരക്ഷ, വ്യാപാരം, സാംസ്‌കാരിക കൈമാറ്റം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു.
- ‘ഹൊറൈസൺ 2047’ (Horizon 2047) റോഡ്‌മാപ്പിൻ്റെ ഭാഗമായി പ്രതിരോധം, ബഹിരാകാശം, സിവിൽ ന്യൂക്ലിയർ ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം ഇരുനേതാക്കളും അവലോകനം ചെയ്‌തു. വൈകുന്നേരം 5:15 ഓടെ ഇരുനേതാക്കളും ചേർന്ന് ‘ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷം 2026’ സംയുക്തമായി ഉദ്ഘാടനം ചെയ്‌തു. സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, വ്യവസായ പ്രമുഖർ എന്നിവർക്കിടയിലുള്ള സഹകരണം വർധിപ്പിക്കുകയാണ് ലക്ഷ്യം.
- 114 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി എൻജിൻ നിർമാണ സഹകരണവും കൂടിക്കാഴ്‌ചയിൽ പ്രാധാന്യം നേടി. ന്യൂഡൽഹിയിൽ നടക്കുന്ന ‘എഐ ഇംപാക്‌ട് സമ്മിറ്റിൽ’ പങ്കെടുക്കുന്നതിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലെ ധാർമ്മികവും സുരക്ഷിതവുമായ സഹകരണത്തെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
- ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനുമായി സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. യുക്രെയ്‌നിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്‌തു. സമാധാനപരമായ പരിഹാരത്തിനുള്ള ഇന്ത്യയുടെ പിന്തുണ മോദി ആവർത്തിച്ചു.
- 2008-ലെ മുംബൈ ഭീകരാക്രമണ ഇരകൾക്ക് താജ്‌മഹൽ പാലസ് ഹോട്ടലിൽ വച്ച് ഇരുവരും ആദരാഞ്ജലി അർപ്പിച്ചു. ഭീകരതയ്ക്കെതിരെ ഇരുരാജ്യങ്ങളും ഒന്നിച്ച് നിൽക്കുമെന്ന് മാക്രോൺ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡൻ്റ് മാക്രോണിൻ്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്. എന്നാൽ മുംബൈയിലേക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യ സന്ദർശനമായിരുന്നു ഇന്നത്തെ കൂടിക്കാഴ്‌ച.
- ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തം ക്രമാനുഗതമായി വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മാക്രോണിൻ്റെ സന്ദർശനം. പ്രതിരോധം, ബഹിരാകാശം, സിവിൽ ആണവോർജം, കാലാവസ്ഥാ പ്രവർത്തനം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള കൈമാറ്റം എന്നിവയിലാണ് ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്നത്.
- ഇന്ത്യയിലെ ഫ്രഞ്ച് എംബസി പറയുന്നതനുസരിച്ച് 2018-ൽ പ്രസിഡൻ്റ് മാക്രോണിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനം ഫ്രാൻസ്-ഇന്ത്യ ബന്ധത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഗോള എഐ ഉച്ചകോടിയായ ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടി ഫെബ്രുവരി 16 മുതൽ 20 വരെ നടക്കുന്നത്.



































