Home News Breaking News ഉണങ്ങാത്ത ആ മുറിവ്,പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴു വയസ്

ഉണങ്ങാത്ത ആ മുറിവ്,പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴു വയസ്

Advertisement

ന്യൂഡൽഹി: രാജ്യം നടുക്കത്തോടെയാണ് ആ ഭീകരാക്രമണ വാർത്ത സ്വീകരിച്ചത്. നാടിനെ കാക്കുന്ന 40 കാവൽ ഭടന്മാരുടെ ജീവനറ്റ ശരീരങ്ങൾ പോലും തിരിച്ചറിയാനാവാതെയായിരുന്ന ആക്രമണത്തിനായിരുന്നു ഇന്ത്യ അന്നേ ദിവസം സാക്ഷ്യം വഹിച്ചത്. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും ഭയാനകമായ ഭീകരാക്രമണങ്ങളിൽ ഒന്നായ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴു വയസ് പൂർത്തിയാകുകയാണ്.

ജമ്മു ശ്രീനഗർ ദേശീയ പാതയിൽ പുൽവാമയിലെ അവന്തിപ്പുരയ്ക്കു സമീപം ലെത്‌ബോറ എന്ന സ്ഥലത്ത് 2019 ഫെബ്രുവരി 14 പകൽ മൂന്നേകാലിനായിരുന്നു ഭീകരാക്രമണം നടന്നത്. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനിരുന്ന സിആർപിഎഫ് സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ 200 കിലോയോളം മാരക സ്ഫോടക വസ്‌തുക്കൾ നിറച്ച കാറുമായി പാഞ്ഞടുക്കുകയായിരുന്നു.

76 -ാം സിആർപിഎഫ് ബറ്റാലിയനിലെ നാല്‌പത് സൈനികർ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ആക്രമണം. മലയാളിയായ വി വി വസന്തകുമാർ ഉൾപ്പെടെ 16 വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികരാണ് ഭീകരാക്രമണത്തിൽ രക്തസാക്ഷികളായത്. ഉഗ്ര സ്ഫോടനത്തിൽ ചാവേർ ഓടിച്ചിരുന്ന കാറും സൈനികർ സഞ്ചരിച്ചിരുന്ന കാറും തിരിച്ചറിയാനാവാത്ത വിധം തകർന്നിരുന്നു.

പുൽവാമ സ്വദേശിയും ജെയ്‌ഷേ മുഹമ്മദ് ഭീകരവാദിയുമായ 22 കാരൻ ആദിൽ അഹമ്മദ് ഥാർ എന്നയാളായിരുന്നു ചാവേർ എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇന്ത്യയുടെ തിരിച്ചടിയായി ഓപ്പറേഷൻ ബന്ദർ

ഭീകരാക്രമണത്തിൻ്റെ പന്ത്രണ്ടാം ദിനമായ ഫെബ്രുവരി 26 നാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്ഥാനിലെ ഖൈബർ, പഖ്‌തുൺ പ്രവിശ്യകളൾക്കു നേരെയായിരുന്നു ഇന്ത്യൻ വ്യോമ സേനയുടെ നേതൃത്വത്തിലുള്ള ആക്രമണം. ജെയ്‌ഷേ മുഹമ്മദ് ഭീകര സംഘടനയുടെ 300 ഓളം വരുന്ന ഭീകരരെ ആക്രമണത്തിൽ ഇന്ത്യൻ സേന വധിച്ചു എന്ന് വിവിധ വൃത്തങ്ങൾ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഇസ്മൈൽ ആൽവി ഉൾപ്പെടെയുള്ള നിരവധി ഭീകരരെ വധിച്ചതായും വിവിധ റിപ്പോർട്ടുകൾ.

വ്യോമ സേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ പോരാട്ടം. മിഗ് 21 ബൈസൺ യുദ്ധ വിമാനമായിരുന്നു അഭിനന്ദൻ വർധമാൻ പറത്തിയത്. എന്നാൽ ഇന്ത്യ പാക് വ്യോമ സംഘർഷത്തിൽ അഭിനന്ദൻ വർധമാൻ പാകിസ്ഥാൻ സൈന്യത്തിൻ്റെ പിടിയിലായി. പാകിസ്ഥാനുമേലുള്ള നിരന്തരമായ സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ് അഭിനന്ദൻ വർധമാന് വിടുതൽ നൽകിയത്.

ശത്രു എവിടെപ്പോയി ഒളിച്ചാലും അവരുടെ താവളവും ഭീകരതയുടെ പ്രഭവകേന്ദ്രവുമടക്കം തകര്‍ക്കും എന്ന ശക്തമായ താക്കീതാണ് ഇന്ത്യന്‍ സേന നടത്തിയതെന്ന് അന്നത്തെ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ധനോവ പറഞ്ഞു. ഇതുവരെ നമ്മള്‍ നടത്തിയ എല്ലാത്തരം തിരിച്ചടികള്‍ക്കുനിന്നും തികച്ചും വ്യത്യസ്‌ത വും അപ്രതീക്ഷിതവുമായിരുന്നു ബലാകോട്ടില്‍ നടന്നത്. പാകിസ്ഥാനെ ഏറെ അമ്പരിപ്പിക്കുകയും അതിനേക്കാളുപരി ലോകരാഷ്‌ട്രങ്ങള്‍ പോലും ഇന്ത്യയുടെ ആക്രമണം അതിശയിപ്പിക്കുകയും ചെയ്‌ത ഒന്നായി ബലാകോട്ട് മാറി. പാകിസ്ഥാന്‍ സൈന്യം നേരിട്ട് ഇന്ത്യക്കെതിരെ ഭീകരന്മാരെ പരിശീലിപ്പിക്കുന്നു എന്ന സത്യം സ്ഥാപിക്കാനും ബലാകോട്ട് അക്രമണത്തിലൂടെ സാധിച്ചതാണ് ഏറ്റവും വലിയ നയന്ത്രനേട്ടമായിമാറിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ആക്രണമായിട്ടുപോലും അതിനെ തുടര്‍ന്ന് ഒരു തിരഞ്ഞെടുപ്പ് സ്ഥലത്തോ അതിര്‍ത്തിയിലോ ഭീകരാക്രമണം നടത്താന്‍ പോയിട്ട് നുഴഞ്ഞുകയറാന്‍ പോലും പറ്റാത്ത വിധം പാകിസ്‌ഥാന്‍ ഭയപ്പെട്ടുവെന്ന് മുന്‍ സൈനിക മേധാവികളടക്കം സൂചിപ്പിക്കുന്നു.

1971ലെ പാകിസ്ഥാനെതിരായ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു രാജ്യാന്തര അതിര്‍ത്തി കടന്നുള്ള ആക്രമണമാണ് ചാവേറാക്രമണം നടന്ന് പന്ത്രണ്ടാം ദിവസം ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയത്. ഇത്ര പെട്ടന്ന് ഇന്ത്യയുടെ ആസൂത്രണവും പ്രത്യാക്രമണവും അതിര്‍ത്തി കടന്നുണ്ടാകുമെന്ന് മനസ്സിലാക്കാന്‍ പാക് രഹസ്യാന്വേഷണ വിഭാഗത്തിനും കഴിഞ്ഞില്ല.

ഇന്ത്യയുടെ സംയുക്തസേനാവിഭാഗത്തിന്‍റെ കൃത്യമായ ആസൂത്രണവും ധീരതയും വെളിവാക്കുന്ന ആക്രമണത്തെ ലോകരാഷ്‌ട്രങ്ങളടക്കം അംഗീകരിക്കുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. ഓപ്പറേഷന്‍ ബന്ദര്‍ എന്ന പേരിട്ട ആക്രമണത്തില്‍ മിറാഷ് വിമാനങ്ങളാണ് നേതൃത്വം കൊടുത്തത്.

വിവിധ വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന 12 വിമാനങ്ങളെല്ലാം സ്‌പൈസ് 2000 വിഭാഗത്തില്‍പെട്ട മിസൈലുകളാണ് സജ്ജമാക്കിയിരുന്നത്. വ്യോമസേനയുടെ 7,9 സ്‌ക്വാഡ്രന്‍ വിഭാഗത്തിനായിരുന്നു ചുമതല. ലക്ഷ്യം ഖൈബര്‍-പഖ്‌തൂണ്‍ മേഖലയായിരുന്നു. ജനവാസകേന്ദ്രങ്ങള്‍ ഒരു കാരണവശാലും ആക്രമിക്കില്ലെന്നും തീരുമാനിച്ചിരുന്നു. കൃത്യതക്ക് ഏറെ പേരുകേട്ട ഏറ്റവും മികച്ച വൈമാനികര്‍ മിറാഷ് കോക്‌പിറ്റില്‍ കയറി നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ സൈനിക വ്യൂഹം ആജ്ഞക്കായി കാതോര്‍ത്തു. വെളുപ്പിന് 3.30ന് ആക്രമണത്തിനുള്ള ആജ്ഞ ലഭിച്ചതോടെ പാകിസ്ഥാനിലെ ബലാകോട്ടിലെ മലയോര മേഖലയിലെ ബിസിയാന്‍ പട്ടണം ലക്ഷ്യമാക്കി വ്യോമസേനാ വിമാനങ്ങള്‍ പറന്നുയര്‍ന്നു. മിറാഷിന് സംരക്ഷണമേകി സുഖോയി -30 വിഭാഗത്തിലെ വിമാനങ്ങള്‍ പാക് പ്രത്യാക്രമണമുണ്ടായാല്‍ നേരിടാന്‍ പാകത്തിന് ആകാശത്ത് നിലയുറുപ്പിച്ചിരുന്നു.

പാക് ഭീകരന്മാരുടെ ഏറ്റവും വലിയ പരിശീലനകേന്ദ്രമാണ് തകര്‍ത്തെറിഞ്ഞത്. കൊണ്ടുപോയ 80 ശതമാനം മിസൈലുകളും വര്‍ഷിച്ചശേഷമാണ് മിറാഷ് വിമാനങ്ങള്‍ മടങ്ങിയത്. ജയ് ഷെ മുഹമ്മദിന്‍റെ നേതാവ് മസൂദ് അസറിന്റെ സഹോദരീ പുത്രന്‍ മൗലാനാ യൂസഫ് അസറടക്കമുള്ള ഭീകരന്മാരെ നിമിഷങ്ങള്‍ക്കുള്ളില്‍ അതിശക്തമായ ബോംബാക്രമണത്തിലൂടെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി.

തിരിച്ചടിക്കാനായി പാകിസ്ഥാന്‍ നടത്തിയ പരിശ്രമമാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ ധീരത വെളിവാക്കുന്ന അഭിനന്ദന്‍ വര്‍ധമാനെന്ന വൈമാനികനെ പ്രശസ്‌തനാക്കിയത്. പാക് എഫ്-16 വിമാനത്തിനെതിരെ മിഗ്-21മായി നടത്തിയ പോരാട്ടം മനോധൈര്യത്തിന്‍റെ മകുടോദാഹരണമായി. തകര്‍ന്നുവീണിട്ടും പിടിക്കപ്പെട്ടിട്ടും അസാമാന്യ ധീരതയോടെ ഇന്ത്യക്കായി ശത്രുരാജ്യത്ത് തലയുയര്‍ത്തിപിടിച്ചു നിന്ന അഭിനന്ദന്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മാതൃകയായി. 61 മണിക്കൂര്‍ ശത്രുവിന്‍റെ പീഡനമേറ്റിട്ടും ഉറച്ചുനിന്ന അഭിനന്ദനെ മോചിപ്പിക്കാന്‍ ഇന്ത്യ നടത്തിയ ശക്തമായ സമ്മര്‍ദ്ദത്തെ അതിജീവിക്കാനാകാതെ പാകിസ്ഥാന്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വീണ്ടും നാണംകെട്ടതും ബലാകോട്ട സംഭവത്തിന്‍റെ ബാക്കിപത്രമായി.

ജെയ്ഷേ മുഹമ്മദ്ദ് തലവൻ ബസൂദ് അസർ അടക്കമുള്ള ഭീകരരെ പ്രതി ചേർത്താണ് ദേശീയ അന്വേഷണ ഏജൻസി റിപ്പോർട്ട് തയാറാക്കിയത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ദേശീയ സുരക്ഷയെ കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയരുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഒരു ഇരുണ്ട ദിനമായാണ് ഫെബ്രുവരി 14 അറിയപ്പെടുന്നത്.

അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

പുൽവാമയിൽ ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികരെ അനുസ്‌മരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ സമർപ്പണവും ദൃഢനിശ്ചയവും രാഷ്ട്രസേവനവും രാജ്യത്തിൻ്റെ ഓർമ്മയിൽ എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നെന്ന് മോദി എക്‌സിൽ കുറിച്ചു.

    Advertisement

    LEAVE A REPLY

    Please enter your comment!
    Please enter your name here