ശാസ്താംകോട്ട.അമ്മയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചു യുവാവിനു ദാരുണാന്ത്യം. അടൂർ ഏനാത്ത് മണ്ണടി ചരുവിള പുത്തൻവീട്ടിൽ ഷാനവാസിൻ്റെയും സീനത്തിൻ്റെയും മകൻ അംജത് (23) ആണു മരിച്ചത്.
കൊല്ലം, പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജംക്ഷനിൽ രാത്രി 9.30ന് ആണു സംഭവം. സിനിമാപറമ്പിലുള്ള സഹോദരന്റെ വീട്ടിലേക്കു വന്നതാണു സീനത്തും മകൻ അംജത്തും. മലനട റോഡിൽ നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു ഇവർ സഞ്ചരിച്ച വാഹനം. ഗുരുതര പരുക്കേറ്റ ഇരുവരെയും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അംജത്തിനെ രക്ഷിക്കാനായില്ല. സീനത്ത് ചികിത്സയിലാണ്. കാർ ഓടിച്ചിരുന്ന കൊല്ലം അയത്തിൽ കുറ്റിച്ചിറ തണൽ വീട്ടിൽ ഹരികുമാറിനെ (42) പൊലീസ് അറസ്‌റ്റ് ചെയ്തു.
സൈനിക സേവനം കഴിഞ്ഞ് എത്തുകയും പിന്നീട് സർക്കാർ സർവീസിൽ കയറുകയും ചെയ്തിരുന്നു ഹരികുമാർ. ഇയാൾക്കൊപ്പം പിഎസ്‌സി പരീക്ഷയ്ക്കു പരിശീലനം നടത്തിയ സുഹൃത്തുക്കളെ കാണാൻ ഇടയ്ക്കാട്ടിൽ എത്തിയ ശേഷം വീട്ടിലേക്കു മടങ്ങവേ ആണ് അപകടം നടന്നത്. തിരക്കേറിയ ഏഴാംമൈൽ ജംക്‌ഷനിൽ ഗതാഗത നിയന്ത്രണത്തിനു യാതൊരു സംവിധാനവുമില്ല. അപകടങ്ങൾ ഇവിടെ പതിവാണെന്നു നാട്ടുകാർ പറഞ്ഞു.




































