ചവറ. നിയോജകമണ്ഡലത്തിലെ ശക്തികുളങ്ങര മുക്കാട്ടുകടവ് - ഫാത്തിമഐലന്‍റ്- അരുളപ്പന്‍തുരുത്ത് എന്നീ തുരുത്തുകളെ കൂട്ടി യോജിപ്പിക്കുന്ന രണ്ട് പാലങ്ങള്‍ നൂറ് കണക്കിന് തുരുത്തുനിവാസികളും നാട്ടുകാരും നിറഞ്ഞ സദസ്സില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഡോ. സുജിത് വിജയന്‍പിളള അദ്ധ്യക്ഷനായി.
ദീര്‍ഘകാലമായി തുരുത്ത് നിവാസികള്‍ അനുഭവിക്കുന്ന യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമായി. പാലങ്ങള്‍ ഗതാഗതത്തിനായി തുറന്നപ്പോള്‍ എംഎല്‍എ യോടൊപ്പം ജനങ്ങളും പാലംകടന്ന് മറുകരയിലെത്തി.
രണ്ട് പാലങ്ങളും അനുബന്ധറോഡുകളും ഉള്‍പ്പെടെ 602 മീറ്ററാണ് നീളം. 1.70 വീതിയിലാണ് നടപ്പാത. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ 5.5 മീറ്ററും. ആകെ 7.2 മീറ്റര്‍ വീതി. 25.70 കോടിയാണ് അടങ്കല്‍ തുക. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പാലം നിര്‍മ്മാണത്തിനാവശ്യമായ ഭൂമി തുരുത്ത് നിവാസികള്‍ ഫ്രീസറണ്ടറായി വിട്ടു നല്‍കുകയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ബനിഫിഷറി കമ്മിറ്റി രൂപീകരിച്ച് നഷ്ടപരിഹാരത്തുക പിരിവെടുത്ത് നല്‍കി. മുക്കാട് പളളി അധികൃതര്‍ 25 സെന്‍റ് സ്ഥലം സൗജന്യമായി നല്‍കി. ജനങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെയാണ് പാലം പണി പൂര്‍ത്തിയായത്. പാലത്തിന്‍റെ ഒരുവശത്തെ അപ്രോച്ച് റോഡിന്‍റെ ജോലികള്‍ വേഗം തുടങ്ങുമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.
മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫാ. ജോണ്‍ പോള്‍, ജോസഫ് തോബിയാസ്, വി. രാജ്കുമാര്‍, ബി. മോഹന്‍ദാസ്, ശ്യാംകുമാര്‍, എഡ്വേര്‍ഡ് നസ്രത്ത്, ജാനറ്റ് ഹണി, ഫ്രാന്‍സിസ് ഡേവിഡ്, ദീപാ ഓമനക്കുട്ടന്‍ (എക്സി. എഞ്ചിനീയര്‍, കെ.ആര്‍.എഫ്.ബി), മഞ്ജുഷ പി.ആര്‍ (കെ.ആര്‍.എഫ്.ബി) തുടങ്ങിയവര്‍ പങ്കെടുത്തു.




































