അക്രമികളായ ഡ്രൈവര്‍മാരെ ചട്ടം പഠിപ്പിക്കാന്‍ കൊല്ലത്ത് ട്രാക്ക് ഐഡിടിആര്‍ കാത്തിരിക്കുന്നു

Advertisement

കൊല്ലം. വഴിയിലെ അക്രമികളായ ഡ്രൈവര്‍മാരെ കൊല്ലത്ത് ഒരു നല്ലനടപ്പുകേന്ദ്രം കാത്തിരിക്കുന്നു. ഡ്രൈവിംങിലെ പിഴവുകള്‍ക്ക് ലൈസന്‍സ് റദ്ദാക്കപ്പെടുന്നവരെ നല്ലവഴിക്ക് നയിക്കാനാണ് ചിന്നക്കടയില്‍ അധികമാരുമറിയാത്ത ഈ കേന്ദ്രം. ഗതാഗതവകുപ്പ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംങിന്‍റെ ഉല്‍സാഹത്തില്‍ അദ്ദേഹത്തിന്‍റെ ആശയം കൃത്യമായി നടപ്പാക്കിയതാണ് കൊല്ലത്തെ ഈ കേന്ദ്രം.

ഇവിടെനിന്നും അഞ്ചുദിവസം(ചില സാഹചര്യത്തില്‍ അധികൃതര്‍ നിശ്ചയിക്കുന്ന സമയം)നടക്കുന്ന കോഴ്സ് പൂര്‍ത്തിയാക്കി പാസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ റദ്ദാക്കിയ ലൈസന്‍സ് പുനരുജ്ജീവിപ്പിക്കാനാവൂ. നേരത്തേ കേരളത്തില്‍ ഇടപ്പാളില്‍ മാത്രമുണ്ടായിരുന്ന പരിശീലന കേന്ദ്രം ഇനി എല്ലാ ജില്ലാ ആസ്ഥാനത്തും എത്തുന്നുണ്ട്. കൊല്ലത്തേത് രണ്ടാമത്തേതും മാതൃകാപരമായ നടത്തിപ്പിന് പേരു കേട്ടതുമാണ്. മറ്റ് ജില്ലകളില്‍നിന്നും ഇവിടെ എത്തി പരിശീലനം തേടുന്നവരേറെ.

ഡ്രൈവര്‍ക്കാര്‍ക്കുള്ള തിരുത്തല്‍ പരിശീലന പരിപാടി, റോഡ് സുരക്ഷാ പരിശീലനം, പ്രഥമ ശുശ്രൂഷാ പരിശീലനം,അഗ്നിസുരക്ഷാ പരിശീലനം,ആംബുലന്‍സ് സര്‍വീസ്, റോഡ് അപകട സഹായക പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഐഡിടിആര്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രയിനിംങ് ആന്റ് റിസര്‍ച്ച് )ട്രാക്ക് എന്ന സംഘടന വഴി നടപ്പാക്കുന്നത്.
20മുതല്‍ 35 ആള്‍ക്കാരെവരെ ഒരു സമയം പരിശീലനത്തിന് വിളിക്കുന്ന ഇവിടെ രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ക്‌ളാസുകളും പരീക്ഷയും നടക്കുക. അഞ്ചു ദിവസത്തേക്ക് അയ്യായിരം രൂപയാണ് ഫീസ്. ഇതില്‍ ഉച്ചഭക്ഷണവും സ്‌നാക്‌സ് അടക്കമുള്ള ചായയും നല്‍കും. പഞ്ച് ചെയ്തുമാത്രമാണ് അറ്റന്‍ഡന്‍സ് ഉറപ്പാക്കുക. മോട്ടോര്‍ വാഹനവകുപ്പ് പൊലീസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അതത് സമയം നിയോഗിക്കപ്പെടുന്ന വിദഗ്ധര്‍ എന്നിവര്‍ ക്‌ളാസുകള്‍ എടുക്കും.

അച്ചടക്കത്തോടെ കളാസുകള്‍ കേട്ടും പരീക്ഷകള്‍ എഴുതിയും പാസാകാത്തവര്‍ക്ക് വീണ്ടും പരിശീലിക്കേണ്ടി വരും. വാഹനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കണ്ടുമനസിലാക്കാന്‍ എന്‍ജിന്‍ ഭാഗങ്ഹളുടെ പ്രദര്‍ശനവും ക്‌ളാസുമുണ്ട്.
ഇത്തരം കേന്ദ്രങ്ങള്‍ വ്യാപകമായാല്‍ നിരത്തുകളിലെ അപകടങ്ങളും മല്‍സരവും ഒഴിവാക്കാനാവുമെന്ന് പങ്കെടുത്തവര്‍ പറയുന്നു.

സമയവും പണവും ചിലവിട്ട് സൂഷ്മമായി പഠിക്കുന്നതിനാല്‍ വീണ്ടും ഇത്തരം ശിക്ഷണകേന്ദ്രത്തിലെത്താതിരിക്കാന്‍ പഠിതാക്കള്‍ ശ്രദ്ധിക്കും. അത് അവരെ നിരത്തില്‍ ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
സംസ്ഥാനതലത്തില്‍ ഏറെ കാര്യക്ഷമമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ച പദ്ധതി പക്ഷേ ഫണ്ടിന്റെ അപര്യാപ്തതയും ഉന്നതാധികൃതരുടെ മെല്ലെപ്പോക്കും മൂലം ശൈശവ ദശയിലാണ്. മാതൃകാപരമായി ഇത്തരമൊരു കേന്ദ്രം നടത്തുന്നതിന്റെ ക്രഡിറ്റ് കൊല്ലത്തെ സംഘാടകര്‍ക്കുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here