കുന്നത്തൂർ:മോട്ടോർ കത്തിനശിച്ചതിനെ തുടർന്ന് കുന്നത്തൂർ പഞ്ചായത്തിൽ ഒരാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയിട്ടും നടപടിയില്ലെന്ന് പരാതി.കുന്നത്തൂർ ശുദ്ധജലപദ്ധതി പ്രകാരം ചേലൂർ കായലിൽ നിന്നുള്ള വെള്ളം കൊല്ലാറയിലെ പമ്പ് ഹൗസിൽ
എത്തിച്ചാണ് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നത്.മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിയും മിന്നലിനെയും തുടർന്നാണ് മോട്ടോർ കത്തിയതെന്നാണ് അധികൃതർ പറയുന്നത്.എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് പരാതി ഉയരുന്നത്.പൂർണമായും പൈപ്പ് വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് കുന്നത്തൂർ പഞ്ചായത്തിലുള്ളത്.ഇതിനാൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനു പോലും തുള്ളി വെള്ളമില്ലാതെ സാധാരണക്കാർ വലയുകയാണ്.പാചകം ചെയ്യുന്നതിനും മറ്റും പല ഭാഗങ്ങളിൽ പോയി കിണർ വെള്ളം ശേഖരിക്കുകയാണ്.പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പഞ്ചായത്തും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് ജനങ്ങൾ പറയുന്നു.നിരവധി തവണ ശാസ്താംകോട്ട വാട്ടർ അതോറിറ്റി അധികൃതരുമായി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും ബന്ധപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതിയുണ്ട്.അതിനിടെ കത്തിനശിച്ച മോട്ടോർ മാറ്റി പകരം സംവിധാനം ഉറപ്പാക്കിയതായും അടുത്ത ദിവസം തന്നെ കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.






































