തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി മരിച്ചു. പെരിങ്ങല്‍കുത്ത് ആദിവാസി ഉന്നതിയിലെ കാടര്‍ വിഭാഗത്തില്‍ സുന്ദരന്‍(50) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുന്ദരനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
ഞായര്‍ വൈകീട്ട് 5.45ഓടെ പെരിങ്ങല്‍കുത്ത് ഉള്‍വനത്തിലായിരുന്നു സംഭവം നടന്നത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇയാൾ ഉൾകാട്ടിലേക്ക് പോയത്. വനത്തില്‍ വെച്ച് സുന്ദരനെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ആന തുമ്പികൈ കൊണ്ട് വലിച്ചെറിഞ്ഞ സുന്ദരന്റെ വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിരുന്നു.
ആനയെ കണ്ട് ഭയന്നോടിയ സുന്ദരന്റെ ഭാര്യയാണ് വിവരം വനംവകുപ്പ് ഓഫീസില്‍ അറിയിച്ചത്. തുടര്‍ന്നാണ് സുന്ദരനെ ചാലക്കുടി താലൂക്ക് അശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. എന്നാൽ യാത്രാമധ്യേ രാത്രി 11 മണിയോട് കൂടി മരണം സംഭവിക്കുക ആയിരുന്നു.































