ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ടെക് പൂൾ കേന്ദ്രമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐ ഉച്ചകോടി രാജ്യത്ത് സംഘടിപ്പിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ എഐ ഇംപാക്‌ട് സമ്മിറ്റ് 2026 ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ടെക് പൂൾ സെൻ്ററാണ്. നാലാമത് എഐ ഉച്ചകോടി രാജ്യത്ത് നടക്കാൻ അതും ഒരു കാരണമാണ്. കൃതിമബുദ്ധി യന്ത്രങ്ങളെ മാത്രമല്ല മനുഷ്യൻ്റെ കഴിവുകളെയും മെച്ചപ്പെടുത്തുന്നു. മുമ്പത്തേക്കാൾ സാങ്കേതികവിദ്യയുടെ വളർച്ച വളരെ വേഗത്തിലാണ്. എന്നാൽ ദിശാബോധം ഇല്ലെങ്കിൽ അത് തടസമായി മാറുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
എഐയെ സംബന്ധിച്ചിടത്തോളം മനുഷ്യർ വെറും ഡാറ്റ പോയിൻ്റുകളാണ്. എന്നാൽ അവയെ കൃത്യമായി ഉപയോഗിച്ചാൽ മാത്രമേ ഇത്തരം സാങ്കേതിക വിദ്യയുടെ പ്രയോജനം നമ്മുക്ക് ലഭിക്കുകയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള പൊതു നന്മയായി എഐയെ വികസിപ്പിച്ചെടുക്കണം. ഡിജിറ്റൽ ലോകത്ത് സമൂഹത്തെയും ആളുകളെയും തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതിനാൽ എന്തിനും ഒരു ആധികാരികത വേണമെന്നും അതിലൂടെ ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ വെറും ചുരുക്കം ചിലരുടെ കൈകളിൽ ഒതുങ്ങരുത് എന്നും, അത് എല്ലാവരിലേക്കും എത്തിച്ചേരണമെന്നും അദ്ദേഹം ഊന്നൽ നൽകി. മനുഷ്യർ വെറും ‘ഡാറ്റ പോയിൻ്റുകൾ’ മാത്രമായി മാറാൻ അനുവദിക്കരുത്. ഡീപ്ഫേക്കുകളും തെറ്റായ വിവരങ്ങളും സമൂഹത്തെ അസ്ഥിരപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉള്ളടക്കങ്ങളിൽ ‘വാട്ടർമാർക്കിംഗ്’, ‘ഓതൻ്റിസിറ്റി ലേബലുകൾ’ എന്നിവ നിർബന്ധമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
‘മാനവ്’ (MANAV) വിഷൻ: നിർമ്മിത ബുദ്ധിക്ക് (AI) വേണ്ടിയുള്ള ‘മാനവ്’ എന്ന കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിച്ചു. ഇതിൻ്റെ ഓരോ അക്ഷരവും സൂചിപ്പിക്കുന്നത്…
- M: Moral and Ethical systems (സദാചാരപരവും ധാർമ്മികവുമായ വ്യവസ്ഥകൾ)
- A: Accountable governance (ഉത്തരവാദിത്തമുള്ള ഭരണം)
- N: National sovereignty (ദേശീയ പരമാധികാരം)
- A: Accessible and inclusive (എല്ലാവർക്കും ലഭ്യമായതും ഉൾക്കൊള്ളുന്നതും)
- V: Valid and legitimate (സാധുതയുള്ളതും നിയമാനുസൃതവുമാണ്)

































