Home News Breaking News ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്? അടുത്ത കാലത്തെ അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ’; രാജീവ്...

ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്? അടുത്ത കാലത്തെ അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ’; രാജീവ് ചന്ദ്രശേഖറിനോട് ഹൈക്കോടതി

Advertisement

കൊച്ചി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. കുറ്റക്കാരെ കണ്ടെത്തുന്നതിന് യാതൊരു രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവാത്ത തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നുമാണ് ഹര്‍ജിയിലെ വാദം.

ഹര്‍ജി പരിഗണിക്കുന്നതിനിടെ എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് കോടതി ഹര്‍ജിക്കാരോട് ചോദിച്ചു. സമീപകാലത്തായി സിബിഐ തെളിയിച്ച കേസുകളുടെ പേരും നമ്പറും പറയൂവെന്ന് കോടതി ആവശ്യപ്പെട്ടു. നിയമങ്ങളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്ന് കോടതി ഹര്‍ജിക്കാരെ ഓര്‍മിപ്പിച്ചു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ എസ്ഐടി അന്വേഷണം നടത്തുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബെഞ്ചിന് അറിയാമെന്നും കോടതി പറഞ്ഞിരുന്നു.

തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന നിയമം എന്നൊരു നിയമമുണ്ട്. നിയമത്തില്‍ കുറച്ച് വ്യവസ്ഥകളും ഉണ്ടെന്നും ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിച്ചത്

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ പ്രതിയാക്കിയതിനെതിരെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദ്വാരപാലക സ്വര്‍ണപ്പാളി കേസില്‍ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസില്‍ പന്ത്രണ്ടാം പ്രതിയുമാണ് പങ്കജ് ഭണ്ഡാരി. നേരത്തേ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് എ ബദറുദീന്‍ ഇന്നു വിധി പറയുകയായിരുന്നു.

Advertisement