Home Blog Page 948

തിരുവനന്തപുരം വിമാനത്താവളത്തിലെ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് കാവലൊരുക്കി സിഐഎസ്‌എഫ്

തിരുവനന്തപുരം: അടിയന്തര സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് സുരക്ഷയൊരുക്കി സിഐഎസ്‌എഫ്.

എക്‌സില്‍ ചിത്രം പങ്കുവച്ച്‌ സിഐഎസ്‌എഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന് സമീപം സിഐഎസ്‌എഫ് ജവാൻ കാവല്‍ നില്‍ക്കുന്നതിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

അറബിക്കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടർന്നായിരുന്നു അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാ‌ർ കണ്ടെത്തിയതിനാല്‍ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. വിമാനത്തിന്റെ പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ദ്ധരും ചേർന്ന് തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ കഴിഞ്ഞദിവസം അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പരിഹരിക്കാനായിരുന്നില്ല.

സാങ്കേതിക തകരാർ കണ്ടെത്തിയ വിവരം വ്യോമസേന ഉദ്യോഗസ്ഥർ 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലായ എച്ച്‌ എം എസ് പ്രിൻസ് ഒഫ് വെയില്‍സ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതില്‍ അസ്വാഭാവികതയില്ലെന്ന് കഴിഞ്ഞദിവസം വ്യോമസേനാ അധികൃതർ അറിയിച്ചിരുന്നു.

അറബിക്കടലില്‍ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച്‌ പാസെക്‌സ് എന്ന പേരില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലില്‍ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്. പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.

പടയൊരുക്കവുമായി അമേരിക്കയും

പടയൊരുക്കവുമായി അമേരിക്കയും എത്തിയതോടെ പശ്ചിമേഷ്യയില്‍ പോരാട്ടം കടുക്കും. ഇറാനെതിരെ നേരിട്ട് പടയൊരുക്കവുമായി അമേരിക്കയും എത്തുകയാണ്. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സേന വിന്യാസവുമായി അമേരിക്ക തയ്യാറായി. കൂടുതൽ പോർ വിമാനങ്ങൾ എത്തിക്കാൻ നീക്കം. F-16,F-22,F-35 പോർവിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് എത്തുന്നു

കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ അമ്പതിലേറെ പേർക്ക് പരുക്ക്

കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ അമ്പതിലേറെ പേർക്ക് പരുക്ക്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് മണിക്കൂറിനിടെയാണ് തെരുവ് നായ ആക്രമണം. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

നഗരത്തിലെ പ്രഭാത് ജംഗ്ഷനിലായിരുന്നു ആദ്യം തെരുവ് നായയുടെ ആക്രമണമുണ്ടായത്. കുട്ടികളും സ്ത്രീകൾക്കുമടക്കം തെരുവ് നായയുടെ കടിയേറ്റു. നായയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിളും ഫലമുണ്ടായില്ല. പിന്നാലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും, റെയിൽവേ സ്റ്റേഷന് സമീപവവും തെരുവ് നായയുടെ വിളയാട്ടം. നഗരത്തിലെത്തിയ നിരവധി പേരെ തെരുവ് നായ ഓടിച്ചിട്ട് കടിച്ചു

കാലിനും കൈക്കുമാണ് ഭൂരിഭാഗം പേർക്കും കടിയേറ്റത്. 56 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം നഗരത്തെ ഭീതിയിലാഴ്ത്തിയ തെരുവ് നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. കോർപ്പറേഷൻ അധികൃതർക്ക് തെരുവുനായയെ പിടികൂടാൻ സാധിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അതിനിടെയാണ് നായയെ നഗരത്തിൽ തന്നെ ചത്തനിലയിൽ കണ്ടെത്തിയത്

വിനോദസഞ്ചാര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് കോടതി

കൊച്ചി. സംസ്ഥാനത്തെ മലയോര വിനോദസഞ്ചാര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാൻ ഹൈക്കോടതി ഉത്തരവ്. 5 ലിറ്റർ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർബോട്ടിൽ അടക്കമുള്ളവ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും നിരോധിച്ചു. നദികളിലും കനാലുകളിലും കായലുകളിലും ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ സർക്കാരും തദ്ദേശസ്ഥാപനങ്ങളും സ്ഥിരമായി ശേഖരിക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.വരുന്ന ഗാന്ധിജയന്തി ദിനം മുതല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിൽ വരും.

മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍

മലപ്പുറം: തിരൂരില്‍ 9 മാസം പ്രായമായ കുഞ്ഞിനെ
കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികൾ. മാതാപിതാക്കള്‍ ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷിച്ചു. കുഞ്ഞിന്റെ അമ്മ കീര്‍ത്തന,രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് തമിഴ്‌നാട് സ്വദേശികള്‍ അറിയിച്ചു.

കുഞ്ഞിനെ വാങ്ങിയവരും വിറ്റവരും കേരളത്തിലാണ് ജോലി ചെയ്ത് വരുന്നത്. തിരൂരിലെ ഒരു വാടക ക്വാട്ടേഴ്‌സിലാണ് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും താമസിക്കുന്നത്. കുട്ടിയെ കുറേ നേരമായി കാണാനില്ലെന്ന് ഇവര്‍ക്കൊപ്പം ക്വാട്ടേഴ്‌സില്‍ താമസിക്കുന്നവരാണ് തിരൂര്‍ പൊലീസിനെ അറിയിച്ചത്. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ് പൊലീസിനോട് കുട്ടിയെ വിറ്റെന്ന സത്യം വെളിപ്പെടുത്തുന്നത്. തമിഴ്‌നാട് സ്വദേശിയായ ആദിലക്ഷ്മി എന്ന സ്ത്രീയ്ക്കാണ് കുട്ടിയെ വിറ്റത്.

മാതാപിതാക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കുട്ടിയെ കണ്ടെത്തി രക്ഷിക്കുകയും വൈകീട്ട് കുട്ടിയെ മലപ്പുറത്തെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അഞ്ചുപേര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് സെഷന്‍ 75, 81 എന്നിവ പ്രകാരം കേസെടുത്തു.

സാൽവേഷൻ ആർമി സംസ്ഥാന നേതാക്കൾക്ക് ‘ആക്ട്സ് ‘ യാത്രയയപ്പ് നൽകി

തിരുവനന്തപുരം: സാൽവേഷൻ ആർമി ഇന്ത്യാ വെസ്റ്റേൺ ടെറിട്ടറിയുടെ (IWT ) സംസ്ഥാനാ നേതാക്കളായി പോകുന്ന കേണൽ ജോൺ വില്യം പൊളിമെറ്റ്ലയ്ക്കും കേണൽ രത്നസുന്ദരി പൊളിമെറ്റ്ലയ്ക്കും അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവ്വീസ് (ACTS) ൻ്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.കവടിയാർ ബിലീവേഴ്സ് ഈസ് റ്റേൺ ചർച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങ് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത വികാർ ജനറൽ റവ.ഡോ.ജോൺ തെക്കേക്കര അധ്യക്ഷനായി. പാളയം ജുമാ മസ്ജിത് ചീഫ് ഇമാം ഡോ.വി.പി.ഷുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ബിലിവേഴ്സ് ഈസ് റ്റേൺ ചർച്ച് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് റവ.ഡോ.മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ആക്ടസ് സെക്രട്ടറി പ്രമീള, വൈസ് പ്രസിഡൻ്റ് പ്രൊഫ.ഡോ.ഷേർളി സ്റ്റുവർട്ട്, റവ.ഫാ.ബിനു മോൻ ബി.റസൂൽ, റവ.ഫാ.ജോസ് കരിക്കം തുടങ്ങിയവർ പ്രസംഗിച്ചു.

വയറു വേദനക്ക് ജീരകം?

വയറു വേദനക്ക് ജീരകം ഗുണം ചെയ്യുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ഓക്കാനം, വയറു വീര്‍ക്കല്‍, മലബന്ധം എന്നിവ കുറക്കാനും പ്രതിരോധശേഷിയെ പിന്തുണക്കാനും ജീരകത്തിനു കഴിയും. മാത്രമല്ല ഇതില്‍ ആന്റി ഓക്‌സിസിഡന്റുകളും ആവശ്യ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
വയറു വേദനക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന മസാല ജീരയെ കുറിച്ച് അറിയാമോ?ഇത് ഉണ്ടാക്കാനും വളരെ എളുപ്പമാണ്.
ഒരു കപ്പ് ജീരകം 700 മില്ലി വെള്ളവും അര ടിസ്പൂണ്‍ ചാട്ട് മസാലയും കുരുമുളക് പൊടിയും ഒപ്പം ഇന്തുപ്പും ചേര്‍ക്കുക. ശേഷം പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കാം. ഇതിനായി ജീരകം ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം തിളപ്പിച്ച് എടുക്കുക. ഇതിലേക്ക് വേണം മറ്റു ചേരുവകള്‍ ചേര്‍ക്കാന്‍.തിളച്ചു കഴിഞ്ഞാല്‍ കുരുമുളക് ചാട്ട് മസാല ഒപ്പം പഞ്ചസാര നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ഇളക്കണം. ഇത് വറ്റിച്ചു എടുക്കുക. തണുപ്പിച്ച ശേഷം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുടിക്കാം. ഇത് സാധാരണ രീതിയിലുള്ള എല്ലാ വയറു വേദനയും പരിഹരിക്കും.

സിനിമ നടന്‍ ഭരത് ബാലന്‍ കെ. നായരുടെ ഭാര്യ അന്തരിച്ചു

സിനിമ നടന്‍ ഭരത് ബാലന്‍ കെ. നായരുടെ ഭാര്യ രാമന്‍കണ്ടത്ത് ശാരദ അമ്മ (83) അന്തരിച്ചു. ഷൊര്‍ണൂര്‍ വാടാനാംകുറുശ്ശിയാണ് സ്വദേശം. വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കേബിള്‍ ടിവി ഓപ്പറേറ്റര്‍ ആര്‍.ബി. അനില്‍കുമാര്‍, പരേതനായ നടന്‍ മേഘനാഥന്‍ എന്നിവര്‍ മക്കളാണ്.

പടിഞ്ഞാറേ കല്ലടയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം

പടിഞ്ഞാറേ കല്ലട:പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുവാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും,പഞ്ചായത്ത് ഭരണസമിതിയുടെയും അടിയന്തിര യോഗം പഞ്ചായത്ത് ഹാളിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു.കുന്നത്തൂർ താലൂക്കിലെ ജലസ്രോതസ് കൊണ്ട് താലൂക്കിലെ ജനങ്ങൾക്ക്‌ കുടിവെള്ളം നൽകാതെ കൊല്ലം സിറ്റിയിൽ വെള്ളം കൊടുക്കുവാൻ തീരുമാനിച്ചാൽ അത് തടയുമെന്ന് എംഎൽഎ മുന്നറിയിപ്പ് നൽകി.യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ:
എല്ലാ ദിവസവും പടിഞ്ഞാറേ കല്ലടയ്ക്ക് വെള്ളം പമ്പ് ചെയ്യണം,രണ്ട് ദിവസം ഇടവിട്ടുള്ള വാർഡ് സപ്ലൈ കൃത്യമായി നടക്കണം,വാട്ടർ സപ്ലൈ പ്ലാന്റിൽ സ്ഥാപിച്ചിരിക്കുന്ന ഫീഡറിൽ നിന്നും മറ്റിടങ്ങളിലേക്ക് പോകുന്ന വൈദുതി കണക്ഷൻ കട്ട് ചെയ്തു വാട്ടർ അതോറിട്ടിക്ക് മാത്രമുള്ളതാക്കുക,കൂടുതൽ എച്ച്.പി.യുള്ള മോട്ടോർ സ്ഥാപിക്കുവാനും,കൂടുതൽ സംഭരണ ശേക്ഷിയുള്ള ടാങ്കുകളും സ്ഥാപിക്കുവാനുള്ള നടപടി ജില്ലാ ഭരണകൂടം വഴി നടപ്പിലാക്കുക.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ,വാട്ടർ അതോറിറ്റി മെമ്പർ ഉഷാലയം ശിവരാജൻ,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്,എൽ.സുധ,വികസന-ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാന്മാരായ.കെ.സുധീർ, ജെ.അംബിക കുമാരി,കൊല്ലം എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി എഞ്ചിനീയർ,മെമ്പറന്മാരായ എൻ.ഓമനക്കുട്ടൻപിള്ള,ഷീലാകുമാരി,സിന്ധു,പഞ്ചായത്ത്‌ സെക്രട്ടറി ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.

മേയര്‍ക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രതിക്കെതിരെ ശക്തികുളങ്ങരയില്‍ പുതിയ കേസ്

കൊല്ലം: കൊല്ലം മേയര്‍ക്കെതിരെ വധ ഭീഷണി മുഴക്കിയ പ്രതിക്കെതിരെ ശക്തികുളങ്ങരയില്‍ പുതിയ കേസ്. ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ശക്തികുളങ്ങര സ്വദേശിയായ യുവാവില്‍ നിന്നും 1,11,500 രൂപ കൈപ്പറ്റിയ സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മേയറെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് ചോദ്യം ചെയ്ത വേളയിലാണ് ഇയാള് നിലവില്‍ ഒളിവില്‍ ഇരിക്കവേ തന്നെ വിസ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതായി വെളിവായത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കവെയാണ് ഇയാള്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പൈസ കൈപ്പറ്റുന്നതായി മനസ്സിലായത്. തുടര്‍ന്ന് പോലീസ് പൈസ നല്‍കിയവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പൈസ നല്‍കിയവര്‍ക്ക് തട്ടിപ്പ് മനസ്സിലായത്.
പ്രതി 2016 മുതല്‍ 2023 വരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് വ്യത്യസ്ത വിലാസങ്ങളില്‍ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതി ആയ ശേഷം ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോകുകയായിരുന്നു. കൊല്ലം ആശ്രമം കാവടിപുറം ജങ്ഷനില്‍ ഇയാള് വാടകയ്ക്ക് മൂന്ന് വര്‍ഷം മുന്‍പ് താമസിച്ചിരുന്നു. ആ സമയം പ്രതിയെ കൊല്ലം ഈസ്റ്റ് പൊലീസ് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. മേയറെ ഭീക്ഷണിപ്പെടുത്തിയ കേസില്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയും നല്‍കി.