പത്തനംതിട്ട. മെഴുവേലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിൻ്റെ പോസറ്റുമോർട്ടം ഇന്ന് കോന്നി മെഡിക്കൽ കോളേജിൽ നടക്കും. കുട്ടിയുടെ മരണം കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ
പ്രസവിച്ചതിന് തൊട്ട് പിന്നാലെ കരച്ചിൽ കേൾക്കാതിരിക്കാൻ കുഞ്ഞിൻ്റെ വായ പൊത്തിപിടിച്ചെന്നും ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീടിൻ്റെ പറമ്പിൽ തള്ളിയെന്നും യുവതി പോലീസ് നൽകിയിരിക്കുന്ന മൊഴി. കാമുകനിൽ നിന്നാണ് ഗർഭിണി ആയതെന്നും അവിവാഹിതയായ 21 കാരിയുടെ മൊഴിയിലുണ്ട്.
പ്രസവിച്ചതിന് തൊട്ട് പിന്നാലെ കരച്ചിൽ കേൾക്കാതിരിക്കാൻ കുഞ്ഞിൻ്റെ വായ പൊത്തി ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീടിൻ്റെ പറമ്പിൽ തള്ളിയെന്ന് അമ്മയുടെ മൊഴി,മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിൻ്റെ പോസ്റ്റുമോർട്ടം ഇന്ന്
ആശയറ്റെങ്കിലും ആശാസമരം പ്രകമ്പനമായി,സമര യാത്രയുടെ സമാപനവും മഹാറാലിയും ഇന്ന്
തിരുവനന്തപുരം. ആശയറ്റെങ്കിലും ആശാസമരം പ്രകമ്പനമായെന്ന സമാശ്വാസം. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാവർക്കർമാരുടെ സമരത്തിന്റെ 129ാം ദിവസമാണ് ഇന്ന്. സമര യാത്രയുടെ സമാപനവും മഹാറാലിയും ഇന്നാണ്. മിനിമം വേതനത്തിനു വേണ്ടിയുള്ള ആശമാരുടെ പോരാട്ടത്തിന്റെ അലയൊലി ഇതിനോടകം രാജ്യം ഒട്ടാകെ എത്തിക്കഴിഞ്ഞു. 4 മാസക്കാലം സെക്രട്ടറിയേറ്റിനു മുന്നിൽ മഴയും വെയിലും കൊണ്ടത് പാഴായില്ല.സമീപകാലത്ത് സമൂഹം പിന്തുണച്ച സമരമെന്ന പേരും അതിനു കിട്ടി.
സമീപകാലകേരളം കണ്ട സഹനസമരത്തിന് സമൂഹത്തിന്‍റെ നാനാമേഖലയില്‍നിന്നും പിന്തുണകിട്ടി. തൊണ്ടപൊട്ടി മുദ്രാവാക്യംമുഴക്കിയും പട്ടിണികിടന്നും മഴയിൽക്കുതിർന്നും വെയിലിൽ തളർന്നുമൊക്കെ സമരചരിത്രത്തിലെ കനലായി കത്തുകയാണവർ. സാധാരണ ഇടതു സര്‍ക്കാരിനെതിരെ ഒരു സമരത്തിനും പിന്തുണക്കാത്ത ഇടതുബുദ്ധിജീവികള്‍ പോലും ഈ സമരത്തെ പിന്തുണച്ചു എന്നത് നേട്ടമായി.
പഴിയും പരിഹാസവും ആവർത്തിക്കുമ്പോഴും സമരപാതയിൽ കാലുറച്ചുനിൽക്കുകയാണവർ. ദുരിതം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ വീടും കുടുംബവും വിട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ എത്തിയ ആശമാരുണ്ട്. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നവരും രോഗപീഡകളാൽ അവശതയിൽ കഴിയുന്നവരും ഉണ്ട്..
മുടിമുറിക്കല്‍ സമരം, മഹാസംഗമം , പൗരസംഗമം, നിയമസഭാ മാര്‍ച്ച് . ഉപരോധം അങ്ങനെ ഒട്ടനവധി സമരപരമ്പരകള്‍ക്കാണ് ഇതുവരെ തലസ്ഥാന നഗരം സാക്ഷിയായത്. സര്‍ക്കാരിന്‍റെ കണ്ണു തുറപ്പിക്കാൻ കാസര്‍കോട് നിന്ന് ആരംഭിച്ച രാപകല്‍ സമര യാത്ര ഇന്ന് സമാപിക്കുമ്പോൾ.. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഉറച്ച നിലപാടിലാണ് ആശമാരും സമരസമിതിയും.
ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുന്നു
ന്യൂഡെല്‍ഹി.ഇറാൻ–ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായതോടെ ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുന്നു. ടെഹ്റാനിൽ നിന്ന് അർമേനിയയിൽ എത്തിയ ആദ്യബാച്ച് വിദ്യാർഥികളെ ഇന്ന് ഡൽഹിയിൽ എത്തിക്കും. 110 വിദ്യാർഥികളാണ് അതിർത്തി വഴി അർമേനിയയിൽ എത്തിയത്. ഇറാനിൽ കുടുങ്ങിയ കൂടുതൽ വിദ്യാർത്ഥികളെ അയൽ രാജ്യത്തിലേക്ക് എത്തിക്കാനുള്ള ശ്രേമമാണ് നടക്കുന്നത്. ഇസ്രയേലിലെ ഇന്ത്യക്കാരെ ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഒഴിപ്പിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആലോചന. ഇതിനായി എംബസി നൽകിയിരിക്കുന്ന നിർദേശം പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്നും നാളെയും കൂടി ശക്തമായ മഴ
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ മഴമുന്നറിയിപ്പു നൽകി.കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വെള്ളിയാഴ്ചയോടെ മഴയുടെ തീവ്രത കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വിരമിച്ച ഉദ്യോഗസ്ഥർക്ക് വകുപ്പ് സെക്രട്ടറിയുടെ അധികാരങ്ങൾ, സര്‍ക്കാര്‍ നീക്കത്തിനെതിരെ ഐഎഎസ് അസോസിയേഷൻ
തിരുവനന്തപുരം.എക്സ് ഓഫീഷ്യോ സെക്രട്ടറിമാരായി നിയമിക്കപ്പെടുന്ന വിരമിച്ച ഉദ്യോഗസ്ഥർക്ക് വകുപ്പ് സെക്രട്ടറിയുടെ അധികാരങ്ങൾ നൽകുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഐ.എ.എസ് അസോസിയേഷൻ. റൂൾസ് ഓഫ് ബിസിനസ് ഭേദഗതി വരുത്തിയത് വിശദമായി ചർച്ചചെയ്യാൻ
അസോസിയേഷൻ യോഗം ചേരും.അതിന് മുന്നോടിയായി ഭേദഗതി ചെയ്യാനുളള തീരുമാനത്തിലേക്കെത്തിയ ഫയലുകൾ ശേഖരിക്കാൻ
ധാരണയായി.സർക്കാർ എങ്ങനെയാണ് തീരുമാനത്തിലേക്ക് എത്തിയതെന്നും എന്താണ് തീരുമാനത്തിലേക്ക് നയിച്ചതെന്നും
മനസിലാക്കുന്നതിനാണ് ഫയൽ വിവരങ്ങൾ ശേഖരിക്കുന്നത്. എക്സ് ഓഫീഷ്യോ സെക്രട്ടറിമാരായി നിയമിക്കപ്പെടുന്നവർക്ക്
വകുപ്പ് സെക്രട്ടറിമാരുടെ അധികാരം നൽകുന്നതിനെതിരെ നിയമനടപടിയും ഐ.എ.എസ് അസോസിയേഷൻെറ ആലോചനയിലുണ്ട്.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം നിർമാണവും വിതരണവും ഇനി ദേവസ്വം ബോർഡ് നേരിട്ട്
കൊട്ടാരക്കര: മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിർമാണവും വിതരണവും ഇനി ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുക്കും. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഉത്തരവ് പുറത്ത് ഇറങ്ങി. നേരത്തെ കീഴ്ശാന്തിക്കാണ് ഉണ്ണിയപ്പം തയ്യാറാക്കുന്നതിന്റെയും വിതരണത്തിന്റെയും ചുമതല ഉണ്ടായിരുന്നത്.
വിജിലൻസ് പരിശോധനയിൽ ഉണ്ണിയപ്പം വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. രസീതില്ലാതെ ഉണ്ണിയപ്പം വിൽക്കുന്നത് കണ്ടെത്തുകയും പണം പിടികൂടുകയും ചെയ്തു. തുടർനടപടിയുടെ ഭാഗമായാണ് ഉണ്ണിയപ്പം വിതരണം ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നത്.
നിലയ്ക്കൽ, പന്തളം ക്ഷേത്രങ്ങളിലെ മാതൃകയിൽ കൊട്ടാരക്കരയിലും ഉണ്ണിയപ്പം വിതരണം ഏറ്റെടുത്ത് നടത്താനാണ് ശ്രമം.
നേരത്തെ ഉണ്ണിയപ്പത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതും ഉണ്ണിയപ്പം വാർക്കുന്നതും കീഴ്ശാന്തിയുടെ ചുമതലയിലായിരുന്നു. ഇതിനുള്ള ശാന്തിക്കാരെയും താത്കാലിക ജീവനക്കാരെയും നിയമിച്ചിരിക്കുന്നതും കീഴ്ശാന്തിയാണ്.
ഗുണനിലവാരക്കുറവ്, വിതരണത്തിൽ ക്രമക്കേട് തുടങ്ങിയ പരാതികൾ ഉയർന്നതോടെ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.


സ്വർണാഭരണങ്ങൾ കവർന്ന ശേഷം 80കാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് വെടിവച്ച് പിടികൂടി
തമിഴ്നാട്ടിലെ കടലൂരില്‍ 80കാരിയെ പീഡിപ്പിച്ചശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസില്‍ പ്രതി പോലീസ് പിടികൂടി. കടലൂര്‍ പന്‍റുട്ടി സ്വദേശി സുന്ദരവേലാണ് പിടിയിലാണ്. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ കാലില്‍ വെടിവച്ചാണ് പിടിച്ചത്.
വൈകിട്ട് നടക്കാന്‍ ഇറങ്ങിയതായിരുന്നു 80കാരി. ഇതുകണ്ട സുന്ദരവേല്‍ ഇവരെ പിന്തുടരുകയും സമീപമുള്ള കുറ്റിക്കാട്ടിലേക്ക് പിടിച്ച് കൊണ്ടുപോകുകയും ചെയ്തു. ഇവരുടെ ആഭരണങ്ങള്‍ കവര്‍ന്നെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു.പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുന്ദരവേലാണ് പിന്നിലെന്ന് കണ്ടെത്തി. ഇന്ന് രാവിലെ ഇയാള്‍ ഒളിച്ചിരിക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തി. ഇന്‍സ്പെക്ടര്‍ വേലുമണിയും സംഘവുമാണ് ഇയാളെ പിടികൂടാന്‍ പോയത്. എന്നാല്‍ കത്തി ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും രണ്ടുപൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പ്രതിയുടെ കാലിനെ വെടിവച്ച് പിടികൂടുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ സുന്ദരവേലിനേയും പൊലീസുകാരേയും പന്‍റുട്ടി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ നാല് കവര്‍ച്ചാകേസുകളുണ്ട്. രണ്ടുദിവസം മുന്‍പാണ് സുന്ദര്‍വേല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് കാവലൊരുക്കി സിഐഎസ്‌എഫ്
തിരുവനന്തപുരം: അടിയന്തര സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് സുരക്ഷയൊരുക്കി സിഐഎസ്‌എഫ്.
എക്‌സില്‍ ചിത്രം പങ്കുവച്ച് സിഐഎസ്‌എഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന് സമീപം സിഐഎസ്‌എഫ് ജവാൻ കാവല്‍ നില്‍ക്കുന്നതിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
അറബിക്കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടർന്നായിരുന്നു അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനാല്‍ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. വിമാനത്തിന്റെ പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ദ്ധരും ചേർന്ന് തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ കഴിഞ്ഞദിവസം അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പരിഹരിക്കാനായിരുന്നില്ല.
സാങ്കേതിക തകരാർ കണ്ടെത്തിയ വിവരം വ്യോമസേന ഉദ്യോഗസ്ഥർ 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഒഫ് വെയില്‍സ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതില്‍ അസ്വാഭാവികതയില്ലെന്ന് കഴിഞ്ഞദിവസം വ്യോമസേനാ അധികൃതർ അറിയിച്ചിരുന്നു.
അറബിക്കടലില്‍ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്‌സ് എന്ന പേരില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലില്‍ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്. പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.
പടയൊരുക്കവുമായി അമേരിക്കയും
പടയൊരുക്കവുമായി അമേരിക്കയും എത്തിയതോടെ പശ്ചിമേഷ്യയില്‍ പോരാട്ടം കടുക്കും. ഇറാനെതിരെ നേരിട്ട് പടയൊരുക്കവുമായി അമേരിക്കയും എത്തുകയാണ്. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സേന വിന്യാസവുമായി അമേരിക്ക തയ്യാറായി. കൂടുതൽ പോർ വിമാനങ്ങൾ എത്തിക്കാൻ നീക്കം. F-16,F-22,F-35 പോർവിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് എത്തുന്നു
കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ അമ്പതിലേറെ പേർക്ക് പരുക്ക്
കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണത്തിൽ അമ്പതിലേറെ പേർക്ക് പരുക്ക്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് മണിക്കൂറിനിടെയാണ് തെരുവ് നായ ആക്രമണം. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
നഗരത്തിലെ പ്രഭാത് ജംഗ്ഷനിലായിരുന്നു ആദ്യം തെരുവ് നായയുടെ ആക്രമണമുണ്ടായത്. കുട്ടികളും സ്ത്രീകൾക്കുമടക്കം തെരുവ് നായയുടെ കടിയേറ്റു. നായയെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിളും ഫലമുണ്ടായില്ല. പിന്നാലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും, റെയിൽവേ സ്റ്റേഷന് സമീപവവും തെരുവ് നായയുടെ വിളയാട്ടം. നഗരത്തിലെത്തിയ നിരവധി പേരെ തെരുവ് നായ ഓടിച്ചിട്ട് കടിച്ചു
കാലിനും കൈക്കുമാണ് ഭൂരിഭാഗം പേർക്കും കടിയേറ്റത്. 56 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം നഗരത്തെ ഭീതിയിലാഴ്ത്തിയ തെരുവ് നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. കോർപ്പറേഷൻ അധികൃതർക്ക് തെരുവുനായയെ പിടികൂടാൻ സാധിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അതിനിടെയാണ് നായയെ നഗരത്തിൽ തന്നെ ചത്തനിലയിൽ കണ്ടെത്തിയത്






































