Home Blog Page 810

അനശ്വര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ അനാച്ഛാദനം ഇന്ന്

കൊട്ടാരക്കര: അനശ്വര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് കോമ്പൗണ്ടിൽ ഇന്ന് അനാച്ഛാദനം ചെയ്യും.  രാവിലെ 10ന്  ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ  അനാച്ഛാദനകർമം നിർവ്വഹിക്കും. ഏറെ നാളുകളായി നാടിന്റെ അഭിലാഷമായിരുന്നു  പ്രതിമ സ്ഥാപിക്കുക എന്നത്. പ്രതിമ അനാച്ഛാദന ചടങ്ങ് അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിച്ചിട്ടുള്ള കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അങ്കണത്തിൽ തന്നെയാണ്. ഇതോടൊപ്പം തന്നെ താലൂക്ക് ലൈബ്ര റിയുടെ റീഡിംഗ് റൂം വായനക്കാർക്കായി തുറന്നുകൊടുക്കും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം?

സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ ആണ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുതിയ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

കൊടുംകാട്ടിലെ ഗുഹയ്ക്കുള്ളില്‍ രണ്ട് കൊച്ചുകുട്ടികളുമായി കഴിഞ്ഞിരുന്ന റഷ്യന്‍ വനിതയെ കണ്ടെത്തി

കര്‍ണാടകയില്‍ കൊടുംകാട്ടിലെ ഗുഹയ്ക്കുള്ളില്‍ രണ്ട് കൊച്ചുകുട്ടികളുമായി കഴിഞ്ഞിരുന്ന റഷ്യന്‍ വനിതയെ കണ്ടെത്തി പൊലീസ്. കര്‍ണാടക ഗോകര്‍ണത്തിലെ രാമതീര്‍ത്ഥ മലയ്ക്ക് മുകളിലെ ഗുഹയിലാണ് യുവതി രണ്ട് പെണ്‍കുഞ്ഞുങ്ങളുമായി കഴിഞ്ഞിരുന്നത്. പട്രോളിംഗിനിടയിലാണ് ഗോകര്‍ണ പൊലീസിന്റെ ശ്രദ്ധയില്‍ ഇവര്‍ പെടുന്നത്. ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ച് മണിയോടെ പൊലീസ് ഇന്‍സ്‌പെക്ടറായ ശ്രീധര്‍ എസ്ആറും സംഘവും വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായാണ് പട്രോളിംഗിന് ഇറങ്ങിയത്. ജൂലൈ ഒന്‍പതിനാണ് ഇൌ യുവതിയെ പൊലീസ് കണ്ടെത്തിയത്.
വനത്തിലൂടെ നടക്കുന്നതിനിടയിലാണ് മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുള്ളയിടത്ത് ചില ശബ്ദങ്ങള്‍ കേട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 40കാരിയായ നിനാ കുതിന, മക്കളായ ആറുവയസുകാരി പ്രേമ, നാലു വയസുകാരി അമ എന്നിവരെ കണ്ടെത്തിയത്.

ഗോവയില്‍ നിന്നും ഗോകര്‍ണത്തെത്തിയ തനിക്ക് ആത്മീയമായ ഏകാന്തത വേണമെന്ന തോന്നലിലാണ് ഗുഹയില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്നാണ് യുവതി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. നഗരജീവിതത്തില്‍ നിന്നും മാറി സ്വസ്ഥമായ ധ്യാനവും പ്രാര്‍ഥനയും ചെയ്യാനാണ് വനത്തിലെത്തിയതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി യുവതിയെ കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിച്ചാണ് പൊലീസ് ഇവരെ പ്രദേശത്ത് നിന്നും മാറ്റിയത്.

ഗാസയിൽ സഹായവിതരണ കേന്ദ്രത്തിനുസമീപം ഉൾപ്പെടെ ഇസ്രയേൽ വ്യോമാക്രമണം; 52 പേർ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 52 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ദെയർ അൽ-ബലഹിൽ നാലു കുട്ടികളുൾപ്പെടെ 13 പേരും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുണ്ടായ ആക്രമണത്തിൽ 15 പേരും കൊല്ലപ്പെട്ടു. റഫ നഗരത്തിലെ സഹായവിതരണ കേന്ദ്രത്തിനുസമീപം നടന്ന വെടിവയ്പിൽ 24 പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ ആയുധശേഖരം, തുരങ്കം ഇവ ലക്ഷ്യമാക്കി 250 വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു.

സഹായകേന്ദ്രത്തിനരികെ സംശയാസ്പദമായി പെരുമാറിയവരെ തടയാൻ സൂചനാ വെടിവയ്പ് നടത്തിയതായി സമ്മതിച്ച ഇസ്രയേൽ സൈന്യം ആളപായം ഉണ്ടായതായി അറിവില്ലെന്നു വ്യക്തമാക്കി. 2023 ഒക്ടോബർ ഏഴിനു ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടിരുന്നു. അന്നു തട്ടിക്കൊണ്ടുപോയ 251 പേരിൽ 50 ബന്ദികൾ ഹമാസിന്റെ കൈവശമുണ്ട്. ഇതിൽ 20 പേർ മാത്രമാണു ജീവനോടെയുള്ളതെന്നു കരുതുന്നു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഇതുവരെ 57,800 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയ്ക്കെതിരെ ആണവായുധം ഉപയോ​ഗിക്കാൻ പദ്ധതിയില്ലായിരുന്നു, പാക്കിസ്ഥാന്റെ അണുവായുധങ്ങൾ സമാധാന പ്രവർത്തനങ്ങൾക്കും സ്വയം പ്രതിരോധത്തിനും: പാക്ക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ് : ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ ശക്തമായാണ് ഇന്ത്യയെ നേരിട്ടതെന്ന് പാക് പ്രധാനമന്ത്രി. സമാധാന പ്രവർത്തനങ്ങൾക്കും സ്വയം പ്രതിരോധത്തിനുമാണ് രാജ്യത്തിന്റെ അണുവായുധ പദ്ധതിയെന്നും പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിൽ അണുവായുധം ഉപയോഗിക്കാൻ സാധ്യതയുണ്ടായിരുന്നു എന്ന വാദത്തെ അദ്ദേഹം തള്ളി. വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം പരാമർശം നടത്തിയത്.

നാലു ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ 55 പാക്കിസ്ഥൻ പൗരന്മാർ കൊല്ലപ്പെട്ടെന്നും പാക്കിസ്ഥാൻ പൂർണ ശക്തിയിലാണ് പ്രതികരിച്ചതെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. ‘പാക്കിസ്ഥാന്റെ അണുവായുധ പദ്ധതി സമാധാന പ്രവർത്തനങ്ങൾക്കും സ്വയം പ്രതിരോധത്തിനും മാത്രമാണ്, ആക്രമണത്തിനല്ല’ – ഷഹബാസ് ഷെരീഫ് പറഞ്ഞു.

ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ ഭീകരർ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒൻപതു ഭീകര താവളങ്ങൾ ആക്രമിച്ച ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടപടിയെ തുടർന്നാണ് ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം രൂപപ്പെട്ടത്.

കീം റാങ്ക് പട്ടിക: വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്; പ്രവേശനം പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് സർക്കാർ

തിരുവനന്തപുരം: പുതുക്കിയിറക്കിയ കീം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നാളെ സുപ്രീംകോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ടുപോയ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് ഹർജി സമർപ്പിക്കുന്നത്. പുതിയ ഫോർമുല ഡിവിഷൻ ബെഞ്ചും തള്ളിയെങ്കിലും അപ്പീൽ പോകേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.

ഇതോടെയാണ് സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാൻ ഒരു വിഭാഗം വിദ്യാർത്ഥികൾ ഒരുങ്ങുന്നത്. ഇതിനിടെ, പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.ടി.ഇയെ സമീപിച്ചിരിക്കുകയാണ് സർക്കാർ. നിലവിലെ സമയപരിധി ഓഗസ്റ്റ് 15ന് അവസാനിക്കാനിരിക്കെയാണ് സർക്കാർ നീക്കം.

മഴ വീണ്ടും കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കാൻ സാധ്യത. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളാ തീരത്ത് ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് കേരള തീരത്ത് വിലക്കാണ്. ബുധനാഴ്ച തീവ്ര മഴ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്.

ഡ്രൈവറുമായി വിവാഹേതരബന്ധം ആരോപിച്ച് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടി വിവാദമായതോടെ തിരുത്ത്‌

ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ ഗതാഗത വകുപ്പിന്റെ തിരുത്ത്. വനിതാ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്യാനുളള നിര്‍ദേശം പിന്‍വലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ഇത് വിവാദമാകുകയും ചെയ്തു. നടപടി കണ്ടക്ടറെയും കെഎസ്ആര്‍ടിസിയിലെ മറ്റു വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്നു പരാതിയുമുയര്‍ന്നിരുന്നു.
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിനു ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതരബന്ധം ഉണ്ടെന്ന് ഒരു യുവതി മന്ത്രി കെ.ബി.ഗണേഷ് കുമാറിനു പരാതി നല്‍കിയിരുന്നു. മൊബൈലില്‍ പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണിലെ വാട്‌സാപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ സഹിതമായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് ചീഫ് ഓഫിസ് വിജിലന്‍സിന്റെ ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ കണ്ടക്ടര്‍ സംസാരിച്ചു, ഡ്രൈവറുടെ മൊബൈല്‍ഫോണ്‍ വാങ്ങി, യഥാസമയം യാത്രക്കാരെ സ്റ്റോപ്പുകളില്‍ ഇറക്കിവിട്ടില്ല, യാത്രക്കാര്‍ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു തുടങ്ങിയ വിവരങ്ങളായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

കൊച്ചി നഗരത്തിൽ രാത്രിയുടെ മറവിൽ മാലിന്യം വലിച്ചെറിയാനെത്തുന്നവര്‍ ഇനി പണംകൂടി കൈയിലെടുത്തോ

കൊച്ചി. നഗരത്തിൽ രാത്രിയുടെ മറവിൽ മാലിന്യം വലിച്ചെറിയുന്നവർ ഇനി സൂക്ഷിച്ചോ. 24 മണിക്കൂറും കണ്ണ് തുറന്നിരിക്കുന്ന 150 കാമറകളുമായി കൺട്ോൾ റൂം പ്രവർത്തനം ആരംഭിച്ചു. കോർപ്പറേഷൻ യാത്രി നിവാസിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് തന്നെ ഇതിനകം നിരവധി മാലിന്യ നിക്ഷേപകരെയാണ് കാമറകൾ പിടികൂടിയത്.

ഇങ്ങനെ ഇരുട്ടിന്റെ മറവിൽ മാലിന്യം വലിച്ചെറിയുന്നവരെ തലയ്ക്ക് മുകളിൽ ഇരുന്ന് ഒരാൾ കാണുന്നുണ്ട്. കൺട്രോൾ റൂമിൽ അതിലും ഭംഗിയായി നിങ്ങളുടെ സാമൂഹിക വിരുദ്ധ പ്രവർത്തനം റെക്കോഡ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. കൊച്ചിയിൽ പൊതു ഇടങ്ങളിലും , ജലാശയങ്ങളിലും ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാനാണ് എല്ലാ വാർഡിലും കോർപ്പറേഷൻ കാമറ സ്ഥാപിച്ചത്. അതിന്റെ കേന്ദ്രീകൃത കൺട്രോൾ റൂമിലിരുന്ന് ഉദ്യോഗസ്ഥർ തത്സമയം എല്ലാം കാണും

രാത്രിയിലും വ്യക്തമായി കാഴ്ച്ച ഉള്ള അത്യാധുനികമായ 150 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനം കഴിയും മുൻപ് തന്നെ നിരവധി മാലിന്യം ഏറുകാരെ പിടിച്ചു കഴിഞ്ഞു. ഇവർക്ക് ഒക്കെ പതിനായിരങ്ങൾ പിഴ ആയി അടക്കേണ്ടിയും വന്നു. കോർപ്പറേഷന് പുറമെ കൊച്ചി സിറ്റി പോലീസും ഇതെ പദ്ധതിക്ക് കീഴിൽ 150 ഓളം കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ വീട്ടിലെ മാലിന്യം റോഡിൽ എറിയുന്നവർ പിഴ അടയ്ക്കാനായി നല്ലൊരു തുക കൂടി സൂക്ഷിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഉയരുന്നത്.

കൊക്കയിൻ ഗുളികകൾ വിഴുങ്ങിയ ശേഷം വിമാനമിറങ്ങി, വിദേശ ദമ്പതികളെ അറസ്റ്റ് ചെയതു

കൊച്ചി.കൊക്കയിൻ ഗുളികകൾ വിഴുങ്ങിയ ശേഷം കൊച്ചിയിൽ വിമാനമിറങ്ങിയ ബ്രസീലിയൻ ദമ്പതികളെ ഡി ആർ ഐ അറസ്റ്റ് ചെയതു. സാവോപോളയിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ ലൂക്കാസ, ബ്രൂണ ദമ്പതികളാണ് പിടിയിലായത്. 50 ഗുളികകളാണ് ഓരോരുത്തരും വിഴുങ്ങിയതെന്നാണ് സംശയം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ നിന്ന് ഇതുവരെ 70 ഗുളികകൾ പുറത്തെടുത്തു. 10 കോടി രൂപയിലേറെ വിലയുള്ള കൊക്കയിൻ ഇവരുടെ ശരീരത്തിൽ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്ത് ലഹരി എത്തിക്കാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്.

ബ്രസീലിലെ സാവോ പോളയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ബ്രസീലുകാരായ ദമ്പതികളെയാണ് ഡി ആഞ ഐ പിടികൂടിയത്. കൃത്യമായ സൂചനയുടെ അടിസ്ഥാനത്തിലാണ് ലൂക്കാസ, ഭാര്യ ബ്രൂണ എന്നിവരെ പിടികൂടിയത്. ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഴുങ്ങിയതയായി കണ്ടെത്തി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ നിന്ന് ഇതുവരെ 70 ഓളം കൊക്കയിൻ ഗുളികകളാണ് പുറത്തെടുത്തത്. ഇനിയും 30 ഷൽ അധികം ക്യാപ്സ്യൂളുകൾ പുറത്തെടുക്കാനുണ്ട്. അന്വേഷണ സംഘം നൽകുന്ന സൂചന പ്രകാരം 10 കോടി രൂപയിലേറെ വിലയുള്ള ലഹരിയാണ് ഇരുവരും ചേർന്ന് കടത്താൻ ശ്രമിച്ചത്. ദമ്പതിമാരിൽ നിന്ന് തിരുവനന്തപുരത്ത് ഹോട്ടൽ റൂം ബുക്ക് ചെയ്തതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിമാനമിറങ്ങി തിരുവനന്തപുരത്ത് എത്തി ലഹരി കൈമാറ്റം ചെയ്യാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇവരുടെ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്