Home Blog Page 809

എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു

തമിഴ്നാട്ടിൽ എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു.  തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ സ്ഥലം സന്ദർശിച്ചു.

വിമർശിച്ചാൽ പൗരത്വം ഇല്ല, റോസിക്കും ട്രംപിന്റെ ഭീഷണി: ‘ മനുഷ്യരാശിക്ക് ഭീഷണി, യുഎസ് പൗരത്വം റദ്ദാക്കുന്നത് ആലോചനയിൽ’

വാഷിങ്ടൻ: അമേരിക്കൻ നടിയും അവതാരകയുമായ റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെക്സസ് വെള്ളപ്പൊക്കത്തിനു പിന്നാലെ ട്രംപ് ഭരണകൂടം കാലാവസ്ഥ പ്രവചന ഏജൻസികളെ കൈകാര്യം ചെയ്തതിനെ വിമർശിച്ച് റോസി ഒ’ഡോനൽ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

‘‘റോസി ഒ’ഡോനൽ നമ്മുടെ മഹത്തായ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമല്ലാത്തതിനാൽ, അവരുടെ പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ച് ഞാൻ ഗൗരവമായി ആലോചിക്കുന്നു.’’– യുഎസ് പ്രസിഡന്റ് തന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു. ജനുവരിയിൽ അയർലണ്ടിലേക്ക് താമസം മാറിയ റോസി, അവിടെ തന്നെ തുടരുന്നതാണ് നല്ലതെന്നും ട്രംപ് പറഞ്ഞു. ‘‘അവർ മനുഷ്യരാശിക്ക് ഭീഷണിയാണ്, അവർക്ക് അവരെ വേണമെങ്കിൽ അയർലൻഡിൽ തന്നെ തുടരണം. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!’’– ട്രംപ് എഴുതി.

വർഷങ്ങളമായി പരസ്യമായി പരസ്പരം പോരടിക്കുന്നവരാണ് ട്രംപും റോസി ഒ’ഡോനലും. ജൂലൈ 4ന് ടെക്സസിലുണ്ടായ വെള്ളപ്പൊക്കത്തിൽ 119 പേർ മരിച്ചതിനു പിന്നാലെ വലിയ പ്രകൃതി ദുരന്തങ്ങൾ പ്രവചിക്കുന്ന പരിസ്ഥിതി, ശാസ്ത്ര ഏജൻസികൾക്ക് ട്രംപ് ഭരണകൂടം ഫണ്ട് വെട്ടിക്കുറച്ചതിനെ വിമർശിച്ച് റോസി, ടിക് ടോക്കിൽ വിഡിയോ പങ്കുവച്ചിരുന്നു. ഇതിനു പ്രതികരണമായിട്ടാണ് ട്രംപിന്റെ ഇപ്പോഴത്തെ മുന്നറിയിപ്പ്. നേരത്തെ, ട്രംപുമായി ഇടഞ്ഞ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പൗരത്വവും റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ നിയമപരമായി റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കാൻ ട്രംപിനു സാധിക്കില്ല. ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്‌കിൽ നിന്ന് ഒ’ഡോനലിന്റെ സാഹചര്യം വളരെ വ്യത്യസ്തമാണ്. യുഎസിലെ ന്യൂയോർക്കിലാണ് റോസി ജനിച്ചത്. യുഎസിൽ ജനിച്ചവർക്ക് യുഎസ് പൗരത്വം ഭരണഘടനാപരമായ അവകാശമാണ്. ഇതു റദ്ദാക്കാൻ യുഎസ് പ്രസിഡന്റിനു പോലും അവകാശമില്ലെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരാൾക്ക് സ്വയം പൗരത്വം ഉപേക്ഷിക്കണമെങ്കിലും നടപടിക്രമങ്ങൾ പാലിക്കണം. കമല ഹാരിസിനെ പരാജയപ്പെടുത്തി ട്രംപ് രണ്ടാം തവണയും വിജയിച്ചതിന് പിന്നാലെയാണ് റോസി ഒ’ഡോനൽ അയർലണ്ടിലേക്ക് താമസം മാറിയത്. ഐറിഷ് പൗരത്വം നേടാനുള്ള ശ്രമത്തിലാണെന്ന് അവർ പറഞ്ഞിരുന്നു.

നിരോധിത പലസ്തീൻ സംഘടനയ്ക്ക് പിന്തുണ; ലണ്ടനിൽ 41 പേർ അറസ്റ്റിൽ, അറസ്റ്റിലായത് പ്രതിഷേധത്തിൽ പങ്കെടുത്തവർ

ലണ്ടൻ: പാർലമെന്റിനു സമീപം നടന്ന പ്രതിഷേധത്തെ പിന്തുണച്ച 41 പേരെ അറസ്റ്റു ചെയ്‌ത് ലണ്ടൻ പൊലീസ്. പലസ്തീൻ ആക്ഷൻ എന്ന നിരോധിത പലസ്തീൻ സംഘടനയെ അനുകൂലിച്ചവരെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സമാന സംഭവത്തിൽ കഴിഞ്ഞ ആഴ്‌‌ച 29 പേരെ അറ‌സ്റ്റു ചെയ്‌തിരുന്നു. സംഘടനയെ പിന്തുണച്ച് മാഞ്ചസ്റ്ററിലെ പ്രതിഷേധത്തിൽ പങ്കെടുത്ത ഏതാനും പേരെയും കഴിഞ്ഞ ദിവസം ലണ്ടൻ പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു.

ബ്രിട്ടൻ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നതിൽ പ്രതിഷേധിച്ച് സംഘടനയിലെ ഏതാനും അംഗങ്ങൾ വ്യോമസേന താവളത്തിൽ അതിക്രമിച്ചുകയറി വിമാനങ്ങൾക്ക് കേടുപാടു വരുത്തിയതിനെ തുടർന്ന് ഈ മാസം ആദ്യം ബ്രിട്ടീഷ് നിയമനിർമാണ സഭ ഭീകരവിരുദ്ധ നിയമപ്രകാരം സംഘടനയെ നിരോധിച്ചിരുന്നു. ഹമാസ്, അൽ–ഖായിദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് പലസ്തീൻ ആക്ഷനെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

തടവുകാരന്റെ വയറ്റിൽ മൊബൈൽ ഫോൺ, കഞ്ചാവ് കേസിലെ പ്രതിയുടെ വയറ്റിൽ മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരഭിച്ച് പൊലീസ്

ബെംഗളൂരു: തടവുകാരന്റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. കഞ്ചാവ് കടത്തിയ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ദൗലത്ത് ഖാന്റെ (30) വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്. കർണാടക ശിവമൊഗ്ഗ സെൻട്രൽ ജയിലിലെ തടവുകാരനാണ് ഖാൻ.

കല്ലു വിഴുങ്ങിയെന്നും കഠിനമായ വയറുവേദനയുണ്ടെന്നും പറഞ്ഞാണ് ദൗലത്ത് ജയിൽ ഡോക്ടറുടെ അടുത്തെത്തിയത്. മരുന്നു കൊടുത്തെങ്കിലും വയറുവേദന കൂടി. ഇതേത്തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേയിൽ വയറ്റിൽ ഒരു വസ്തുവുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയപ്പോൾ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ ജയിൽ സൂപ്രണ്ട് പി. രംഗനാഥ് തുംഗനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജയിൽ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങിയതാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബദൽപാത വേണം, ‘നൂറുകണക്കിന് ഇന്ത്യൻ തീർഥാടകർ കുടുങ്ങിക്കിടക്കുന്നു, ദുരിതം കനത്ത മഴയിൽ മിതേരി പാലം ഒലിച്ച് പോയതോടെ

കാഠ്മണ്ഡു: അതിർത്തിയിലെ മിതേരി പാലം തകർന്നതിനെത്തുടർന്ന് കുടുങ്ങിയ കൈലാസ് മാനസരോവർ തീർഥാടകർക്ക് ബദൽ പാത തുറക്കാൻ ചൈനയോട് അഭ്യർഥിക്കണമെന്ന് നേപ്പാൾ ട്രക്കിങ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജൂലൈ 8ലെ സംഭവത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള നൂറുകണക്കിന് തീർഥാടകർ കുടുങ്ങിക്കിടക്കുകയാണെന്ന് ട്രെക്കിങ് ഏജന്റ്സ് അസോസിയേഷൻ ഓഫ് നേപ്പാൾ (ടിഎഎഎൻ) പ്രസ്താവനയിൽ പറഞ്ഞു.

ടാറ്റോപാനി, കൊറോള, ഹിൽസ തുടങ്ങിയ മറ്റു ബദൽ പാതകളിലൂടെ കൈലാസ് മാനസരോവർ സന്ദർശിക്കാൻ തീർത്ഥാടകർക്ക് സൗകര്യമൊരുക്കണമെന്ന് ചൈനയോട് അഭ്യർഥിക്കാൻ സർക്കാരിനോട് ട്രക്കിങ് അസോസിയേഷൻ ആവശ്യപ്പെട്ടു. റസുവ ജില്ലയിലെ നദിയിൽ വെള്ളം പൊങ്ങിയതിനു പിന്നാലെ നേപ്പാളിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന ‘ഫ്രണ്ട്ഷിപ്പ് പാലം’ എന്നറിയപ്പെടുന്ന മിതേരി പാലം ഒലിച്ചുപോയിരുന്നു. സംഭവത്തിൽ ഒൻപത് പേർ മരിക്കുകയും 19 പേരെ കാണാതാവുകയും ചെയ്തു.

സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി നേപ്പാളിലൂടെ കൈലാസ് മാനസരോവർ യാത്രയ്ക്ക് പോകുന്ന തീർഥാടകരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അഞ്ച് വർഷത്തിന് ശേഷമാണ് യാത്രയ്ക്കായി ടിബറ്റിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് ചൈന അനുവാദം നൽകിയത്.

നടനും എം എൽ എ യുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദ്രാബാദ്:
നടനും എം എൽ എ യുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു.

നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 750-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൊമേഡിയനായും വില്ലനായും സഹനടനായും അദ്ദേഹം നിരവധി അതുല്യ കഥാപാത്രങ്ങള്‍ക്ക് ജീവൻ നല്‍കിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1999 മുതല്‍ 2004 വരെ എംഎല്‍എ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

1978 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘പ്രണം ഖരീദു’ ആണ് കോട്ട ശ്രീനിവാസ റാവു അഭിനയിച്ച ആദ്യ സിനിമ. തുടർന്ന് നിരവധി തെലുങ്ക് സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. 2003 ല്‍ വിക്രമിനെ നായകനാക്കി പുറത്തിറങ്ങിയ സാമി എന്ന സിനിമയില്‍ കോട്ട ശ്രീനിവാസ റാവു അവതരിപ്പിച്ച പെരുമാള്‍ പിച്ചൈ എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് തിരുപ്പാച്ചി, കോ, ശകുനി, സത്യം തുടങ്ങി നിരവധി തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയരാജിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ‘ദി ട്രെയിൻ’ ആണ് കോട്ട ശ്രീനിവാസ റാവു മലയാളത്തില്‍ അഭിനയിച്ച ഒരേയൊരു സിനിമ.

‘എന്നെ കല്യാണം കഴിച്ചത് അമ്മായിയച്ഛന് കൂടി വേണ്ടിയാണെന്ന് പറഞ്ഞു’; വിപഞ്ചിക നേരിട്ട ക്രൂരതകൾ ഞെട്ടിക്കുന്നു

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മകൾക്കൊപ്പം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചന്ദനത്തോപ്പ് രജിതഭവനിൽ വിപഞ്ചികയുടെ (32) ജീവിതം ക്രൂരതകൾ നിറഞ്ഞതായിരുന്നു. പുറത്തുവന്ന ഡയറിക്കുറിപ്പുകളിലൂടെയാണ് വിപഞ്ചിക നേരിട്ട കൊടിയ പീഡനങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുന്നത്.
ഡയറിക്കുറിപ്പിലെ വെളിപ്പെടുത്തലുകൾ:

ലൈംഗിക പീഡനവും വഞ്ചനയും: “ഫിസിക്കലി ഉപയോഗിച്ചിട്ട് എപ്പോഴും അബദ്ധം പറ്റിയതാണെന്ന് പറയും. ഒരേസമയം എന്നോടും നിതീഷിന്റെ പെൺസുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും. ആ പെണ്ണിന്റെ ഭർത്താവിന് കാര്യങ്ങളറിയാം. ഒരു തവണ നിതീഷിനെ വിളിച്ച് അയാൾ ചീത്ത പറഞ്ഞിട്ടുണ്ട്.” – ഈ വാക്കുകൾ നിതീഷിന്റെ ലൈംഗിക വൈകൃതങ്ങളും വഞ്ചനയും വ്യക്തമാക്കുന്നു.

വൈകൃതമുള്ള മനുഷ്യനാണ് നിതീഷ്. കാണാൻ പാടില്ലാത്ത വീഡിയോകൾ കണ്ടിട്ട് അതെല്ലാം ബെഡിൽ വേണമെന്ന് ആവശ്യപ്പെടും. ഭാര്യയുടെ കൂടെക്കിടക്കുന്നതിനെക്കുറിച്ച് മറ്റൊരു പെണ്ണിനോട് സംസാരിക്കും.” – നിതീഷിന്റെ ലൈംഗിക വൈകൃതങ്ങൾ വിപഞ്ചികയെ എത്രത്തോളം വേദനിപ്പിച്ചിരുന്നു എന്ന് ഈ വരികൾ സൂചിപ്പിക്കുന്നു.

സഹിക്കാൻ വയ്യ, പട്ടിയെപ്പോലെ തല്ലും, ആഹാരം തരില്ല.” – ഭർത്താവിൽ നിന്ന് ഏറ്റ കടുത്ത ശാരീരിക പീഡനത്തിന്റെ തെളിവുകളാണിവ. മാനസികമായി തളർത്തുന്ന വിധത്തിൽ ഭക്ഷണം പോലും നിഷേധിച്ചിരുന്നു എന്നും വിപഞ്ചിക കുറിച്ചിട്ടുണ്ട്.

*

എന്റെ ലോക്കറിന്റെ താക്കോൽ നിതീഷിന്റെ അച്ഛന്റെ കയ്യിലായിരുന്നു. അത് ഞാൻ വാങ്ങിയതും വലിയ പ്രശ്‌നമായി. എന്റെ ഓഫീസിലെ എല്ലാവർക്കും കൂട്ടുകാർക്കും ഇതെല്ലാം അറിയാം. നിതീഷും പെങ്ങളും അച്ഛനും കൂടി എന്നെ ദ്രോഹിക്കുന്നത് എല്ലാവർക്കും അറിയാം.” – വിപഞ്ചികയുടെ ദുരിതത്തിൽ ഭർത്താവിന്റെ കുടുംബത്തിനും പങ്കുണ്ടായിരുന്നതായി ഡയറിക്കുറിപ്പ് പറയുന്നു.

അമ്മായിയച്ഛന്റെ ക്രൂരത: “അമ്മായിയച്ഛൻ എന്നോട് മോശമായി പെരുമാറിയിട്ടും നിതീഷ് ഒന്നും പ്രതികരിച്ചില്ല. പകരം എന്നെ കല്യാണം കഴിച്ചത് അയാൾക്കുകൂടി വേണ്ടിയാണ് എന്ന് പറഞ്ഞു.” – ഈ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഭർത്താവിന്റെ അച്ഛനിൽ നിന്നും വിപഞ്ചികയ്ക്ക് ദുരനുഭവങ്ങളുണ്ടായിരുന്നതായും, അതിനെ നിതീഷ് ന്യായീകരിച്ചതായും ഇതിലൂടെ വ്യക്തമാകുന്നു.
 

നാത്തൂൻ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല. നിതീഷുമായി കലഹം ഉണ്ടാക്കിക്കുകയായിരുന്നു അവരുടെ പ്രധാന ജോലി.” – ഭർത്താവിന്റെ സഹോദരിയും കലഹങ്ങൾക്ക് കാരണമായിരുന്നെന്ന് വിപഞ്ചികയുടെ വാക്കുകൾ പറയുന്നു.

ുരൂഹ മരണം:
കോട്ടയം നാൽക്കവല സ്വദേശി നിതീഷിന്റെ ഭാര്യയായ വിപഞ്ചികയും (32) ഒന്നേകാൽ വയസുള്ള മകൾ വൈഭവിയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കുറച്ചുകാലമായി പിണക്കത്തിലായിരുന്നു. ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസം.
രാത്രി കൂട്ടുകിടക്കാനെത്തുന്ന ജോലിക്കാരി ചൊവ്വാഴ്ച രാത്രിയെത്തി ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നിതീഷിനെ ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ നിതീഷും ജോലിക്കാരിയും ചേർന്ന് വാതിൽ പൊളിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്നാണ് പറയുന്നത്. എന്നാൽ, ഈ വാദം വിശ്വസനീയമല്ലെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
വിപഞ്ചികയുടെ ഡയറിക്കുറിപ്പുകൾ അവരുടെ ജീവിതത്തിൽ അനുഭവിച്ച കൊടിയ യാതനകളിലേക്ക് വെളിച്ചം വീശുന്നു. ഈ വിവരങ്ങൾ കേസന്വേഷണത്തിൽ നിർണ്ണായകമായേക്കും

കണ്ണിലേക്ക് മുളക് പൊടി വിതറിയ ശേഷം കുത്തിക്കൊല്ലാൻ ശ്രമം; സീരിയൽ നടിയെ ഭർത്താവ് ആക്രമിച്ചത് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിൽ

കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതിയെ(സി. മഞ്ജുള-38) ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ നടിയുടെ ഭർത്താവ് അമരേഷിനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
കുടുംബവഴക്കിനിടെ അമരേഷ് ശ്രുതിയെ കത്തിക്കൊണ്ട് കുത്തിപ്പിരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഹനുമന്ദനഗറിലെ ഇവരുടെ വീട്ടിൽവെച്ചാണ് അക്രമംനടന്നത്. ഈ മാസം നാലിനാണ് സംഭവം. നടിക്കുനേരേ മുളകുപൊടി വിതറിയതിനുശേഷം കത്തികൊണ്ട് പലതവണ കുത്തിപ്പരിക്കേൽപ്പിച്ചു.
ശ്രുതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ശ്രുതി കുട്ടികൾക്കൊപ്പം ഏതാനും മാസമായി അമരേഷിൽനിന്നും അകന്ന് കഴിയുകയായിരുന്നു. അക്രമം നടന്നതിന്റെ മൂന്നുദിവസം മുൻപാണ് നടിയും കുട്ടികളും വീട്ടിലേക്ക് തിരികെ വന്നത്.

ഓട്ടോ ഡ്രൈവറിൽനിന്ന് ദുരനുഭവമെന്ന സംവിധായികയുടെ പരാതി: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: ഓട്ടോ ഡ്രൈവറിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന സംവിധായിക കുഞ്ഞില മാസിലാമണിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ അംഗം എൻ.ബൈജുനാഥ് ഉത്തരവിട്ടു.

ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ശ്രദ്ധ ക്ഷണിച്ച് കുഞ്ഞില ഫെയ്സ്ബുക്കിലൂടെ നൽകിയ പരാതിക്ക് പിന്നാലെയാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

‘സ്വാതന്ത്ര്യസമരം’ എന്ന ആന്തോളജി ചിത്രത്തിലെ ‘അസംഘടിതർ’ എന്ന ഭാഗത്തിന്റെ സംവിധായിക എന്ന നിലയിൽ കുഞ്ഞില ശ്രദ്ധനേടിയിരുന്നു.

നഗരത്തിൽ രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിലെ ദുരനുഭവം വ്യക്തമാക്കി യുവസംവിധായിക നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ശ്രദ്ധ ക്ഷണിച്ചാണ് കുഞ്ഞില മാസിലാമണിയുടെ കുറിപ്പ്.

സമൂഹമാധ്യമത്തിൽ കുഞ്ഞില പങ്കുവച്ച കുറിപ്പിൽനിന്ന്:

ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലേക്ക്,

‘നീ നാറ്റിക്കെടീ (അസഭ്യവാക്ക്) അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’
അൽപം മുൻപ് ഒരു സ്ത്രീയോട് ഒരു ഓട്ടോ ഡ്രൈവർ പറഞ്ഞിട്ടു പോയതാണ് വിഡിയോയിൽ. രാത്രി പത്തര മണിക്ക് കോഴിക്കോട് കെഎസ്ആർടിസിക്ക് എതിർവശമുള്ള ടോപ്‌ഫോമിനു മുന്നിൽ നിന്നും പിടിച്ച ഒട്ടോയാണ് കാണുന്നത്. മീറ്റർ ഇടില്ലയെന്നും ഇട്ടാൽ തന്നെ അതിന്റെ ഇരട്ടി വാങ്ങുന്നതാണ് പതിവ് എന്ന് അറിയാവുന്നത് കൊണ്ടും കയറുന്നതിനു മുൻപ് എത്രയാവും എന്ന് ചോദിച്ചാണ് കയറിയത്. 120 എന്നാണ് പറഞ്ഞത്. വീട് എത്തിയപ്പോൾ അദ്ദേഹം പറഞ്ഞ പൈസ കൊടുക്കാൻ ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. ഇരുട്ടാണ്. പഴ്‌സിന്റെ ഉള്ളിൽ കാണാനായി ഫോണിലെ ടോർച്ച് അടിച്ചു പിടിച്ച് നോക്കുമ്പോൾ ടോർച്ച് പിടിച്ച് തരാനായി ഫോണിന്റെ ഒരറ്റം ഡ്രൈവറുടെ കയ്യിൽ കൊടുത്തു. നൂറ്റി ഇരുപത് രൂപ കൊടുത്തതും നൂറ്റി അറുപതാണ് എന്ന് പറഞ്ഞ് ഇയാൾ എന്റെ ഫോണിലെ പിടി മുറുക്കി. വലിച്ചിട്ടും ഫോൺ തന്നില്ല. വളരെ ശക്തി ഉപയോഗിച്ച് വലിച്ചാണ് ഒടുവിൽ ഫോൺ തിരിച്ചു കയ്യിൽ കിട്ടിയത്. അപ്പോഴേക്കും ഇയാൾ ശബ്ദം ഉയർത്തി സംസാരിക്കാൻ തുടങ്ങി.

‘‘ഞാൻ അങ്ങോട്ട് കയറി വരും കേട്ടോ’’ എന്ന് എന്നോട് പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയാണ്. ഇനി അല്ലെങ്കിൽ തന്നെ, പറഞ്ഞ പൈസ കൊടുത്തതിനു വീട്ടിലേക്ക് കയറി വരും എന്നു പറഞ്ഞ് ഒരു വ്യക്തിയെ ഭീഷണിപ്പെടുത്താൻ മറ്റൊരു വ്യക്തിക്ക് എന്ത് അധികാരം ? ഈ ഭീഷണി കേട്ടതും ഞാൻ വണ്ടിയുടെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ എടുത്തു. ഉടനെ ഫോട്ടോ എടുക്കാൻ പാടില്ലെന്ന് പറഞ്ഞായി ബഹളം. ഞാൻ യാത്ര ചെയ്തു വന്ന വണ്ടിയുടെ – അതും ഇപ്പോൾ എന്റെ വീട്ടിലേക്ക് കയറി വരും എന്നു ഭീഷണിപ്പെടുത്തിയ ആളുടെ വണ്ടിയുടെ നമ്പർ നോട്ട് ചെയ്യാൻ എനിക്ക് അവകാശമില്ലേ ? ഭയന്നാണ് ഞാൻ വീട്ടിലേക്ക് കയറിയത്. ഇയാൾ ഗേറ്റ് തുറന്ന് എനിക്ക് പുറകെ വന്നു. ദീർഘദൂര യാത്ര കഴിഞ്ഞ് വരികയായിരുന്ന എനിക്ക് താക്കോൽ ഇട്ട് വീട് തുറക്കാൻ പേടിയായി. നേരത്തെ ഫോൺ ബലമായി പിടിച്ചു വയ്ക്കാൻ ശ്രമിച്ച, അകത്തേക്ക് കയറി വരും എന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ, വാതിൽ തള്ളിത്തുറന്ന് വരില്ലെന്ന് എന്ത് ഉറപ്പ് ?

ഞാൻ കൊടുത്ത 120 രൂപ ഇയാൾ തറയിൽ വലിച്ചെറിഞ്ഞു. ദീർഘ വിഡിയോയിൽ അത് കാണാം. ഭീഷണികൾ ഉച്ചത്തിലായി. ഭാഷ വഷളായി. ‘‘എന്താ നിന്റെ വിചാരം ? പൈസ തരാതെ പോവാം എന്നാണോ ? കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? കോഴിക്കോട് ആയത് കൊണ്ടാണ് ഇത്രേം മര്യാദ’’ (ദൈവത്തിനു സ്തുതി!) എന്തെല്ലാമാണ് അലറുന്നത്. ഇയാൾ എന്റെ വീട്ടുമുറ്റത്ത് നിന്നും പോവാതെ എനിക്ക് അകത്ത് കയറി ഒന്ന് ബാത്ത്റൂമിൽ പോവാൻ പോലും പറ്റില്ല എന്നായപ്പോൾ ഞാൻ പൊലീസിനെ വിളിച്ചു. വിഡിയോ എടുക്കാൻ തുടങ്ങി. അതിനു ശേഷം മറ്റൊരു വണ്ടിക്ക് സൈഡ് കൊടുക്കാൻ പോയ ഇയാൾ അതുവഴി വണ്ടി എടുത്ത് പോവുകയും ആ വഴിക്ക്, ‘‘നീ നാറ്റിക്കെടീ അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’’ എന്ന് പറയുകയും ചെയ്തു. ഇന്നു രാത്രി ഞാൻ എന്ത് ധൈര്യത്തിൽ കിടന്നുറങ്ങണം?

ദയവ് ചെയ്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ പ്രസിദ്ധമാണെന്നും പറയരുത്. പബ്ലിക് perception എന്തു തന്നെയായാലും ഇവിടുത്തെ യാഥാർഥ്യം ഇതാണ്. ഇതു മാത്രമാണ്. പരക്കെ നിയമലംഘനം നടക്കുന്നിടത്ത് ചിലർ സൗമ്യരായി പെരുമാറുന്നുണ്ടെങ്കിൽ അത് നന്മയല്ല, യഥാർഥ അവസ്ഥയ്ക്ക് ഒരപവാദം മാത്രമാണ്.

നിരവധി തവണ മോട്ടോർ വാഹന വകുപ്പിന് ഇതിന് മൂലകാരണമായ അവസ്ഥയെ കുറിച്ച് ഞാൻ പരാതിപ്പെട്ടിട്ടുള്ളതാണ്. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇരുട്ട് വീണാൽ ഉടനെ (പത്ത് മണിക്ക് ശേഷം അല്ല) കോഴിക്കോട് നഗരത്തിൽ മിക്ക ഓട്ടോക്കാരും മീറ്ററും ഇരട്ടിയും ആണ് വാങ്ങുന്നത്. ഇത് കോഴിക്കോട് മാത്രമുള്ള സ്ഥിതിവിശേഷമല്ല. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്തിട്ടുള്ള ആർക്കും പറയാനാവും ഇതാണ് അവസ്ഥയെന്ന്. പത്ത് മണിക്ക് ശേഷം മീറ്ററും പകുതിയും എന്നാണ് നിയമം എന്നിരിക്കെ ഇത് സാധാരണമാണ് എന്ന നിലയിൽ യാതൊരു സങ്കോചവുമില്ലാതെ പ്രവർത്തിക്കാൻ എങ്ങനെ കഴിയുന്നു എന്നു മനസിലാവുന്നില്ല. നിയമവിരുദ്ധമായ ഈ പ്രവൃത്തി നിയമമാണ് എന്ന മട്ടിലാണ് ചോദ്യം ചെയ്താൽ ഓട്ടോക്കാർ സംസാരിക്കുന്നത്. പിന്നെ ഒച്ച എടുക്കലായി, തെറിവിളിയായി, ഭീഷണിയായി. അപൂർവ്വമായി മാത്രം ഓട്ടോ പിടിക്കുന്ന എനിക്കു പോലും പത്തോളം അനുഭവങ്ങൾ ഇത്തരത്തിൽ പറയാൻ ഉണ്ടാവും. ഇതിനു മുൻപ് ഉണ്ടായ അനുഭവത്തിൽ ഡ്രൈവർ എന്നോട് പറഞ്ഞത്, ഓട്ടോ കണ്ടുപിടിച്ചതു മുതൽ രാത്രി മീറ്ററിന്റെ ഇരട്ടിയാണ് കൂലി എന്നാണ്. പൊലീസിൽ പരാതികൾ രണ്ട് പ്രാവശ്യമെങ്കിലും കൊടുത്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന് അയച്ച പരാതിയിന്മേൽ നടപടി ഇല്ലാതെ ഇരുന്നപ്പോഴാണ് ഇത്.

എല്ലാ തവണയും പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങാൻ എനിക്കു ഊർജമില്ല. പരാതി കൊടുത്താൽ ഒത്തുതീർപ്പ് ആക്കണോ കേസ് ആക്കണോ എന്ന ചോദ്യം വരും. ഇയാൾ ചെയ്തിരിക്കുന്നത് ഒരു ക്രിമിനൽ ഒഫൻസ് ആണ്. ഒരു തരത്തിൽ നോക്കിയാൽ, കേസ് ആക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട് എന്നാണ് എന്റെയും അഭിപ്രായം. പക്ഷേ വയ്യ. ഒന്നൊന്നര വർഷം കഴിയുമ്പോൾ കോടതിയിൽ ചെന്ന് ഞാൻ മൊഴി കൊടുക്കണം. ഇതെല്ലാം പണ്ടും ചെയ്തിട്ടുള്ള വ്യക്തി എന്ന നിലയിൽ, അതിന്റെ മാനസിക സമ്മർദം കൈകാര്യം ചെയ്യാൻ പറ്റുന്ന അവസ്ഥ തൽക്കാലം എനിക്കില്ല എന്ന ബോധ്യമുണ്ട്.

മീറ്റർ ഇട്ട് ഓട്ടോ ഓടിക്കാനുള്ള കർശന നിർദേശം ഓട്ടോകൾക്ക് ഉണ്ടാവണം. പത്ത് മണി കഴിഞ്ഞാൽ മീറ്ററും പകുതിയുമാണ് കൂലി. മീറ്ററും ഇരട്ടിയുമല്ല. അതാണ് നിയമം. ഒന്നുകിൽ ഇത് കർശനമായി നടപ്പിലാക്കണം. അല്ലെങ്കിൽ കടലാസിൽ നിയമം മാറ്റണം. അന്യായ കൂലി വാങ്ങിയാൽ ഉടനെ റിപ്പോർട്ട് ചെയ്യാനുള്ള 24 hour helpline number MVDയ്ക്കു വേണം. നിലവിലുള്ളത് പ്രവർത്തനരഹിതമാണ്. വിളിച്ചാൽ ആരും എടുക്കാറില്ല മെയിൽ അയച്ചാൽ മറുപടിയുമില്ല. മിനുട്ടുകൾക്കുള്ളിൽ സ്ക്വാഡ് എത്തുകയും നടപടി ഉണ്ടാവുകയും ചെയ്യുന്ന സംവിധാനം നിലവിൽ വരുത്തണം.

ഞാൻ ആലോചിച്ചു പോവുകയാണ്, തന്നോളം പൊക്കവും ആരോഗ്യവുമുള്ള ഒരു പുരുഷനായിരുന്നു വണ്ടിയിലെങ്കിൽ ഇയാൾ ഇത്തരത്തിൽ പെരുമാറുമായിരുന്നോ ? ഞാൻ ഒരു സ്ത്രീ ആയതുകൊണ്ടും വീട്ടിൽ ഒറ്റയ്ക്കാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടും തന്നെയാണ് ഈ പ്രവൃത്തി എന്നത് വ്യക്തമാണ്. പറ്റുകയാണെങ്കിൽ, ഇയാൾക്കെതിരെ മാതൃകാപരമായ നടപടി എടുക്കണം.

നന്ദി.

എളുപ്പത്തിൽ മുട്ട പൊളിച്ചെടുക്കാൻ ഈ ട്രിക്ക് നോക്കൂ

ദിനം പ്രതി നമ്മളിൽ പലരും മുട്ട വിഭവങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഇതിൽ പുഴുങ്ങിയ മുട്ട ഉപയോഗിച്ചുള്ള കറികൾ അപ്പത്തിനും ചപ്പാത്തിയ്ക്കുമൊപ്പമാണ് സാധാരണയായി ഉപയോഗിക്കാറ്. മുട്ട പുഴുങ്ങിയതിനു ശേഷം ചിലപ്പോൾ തൊലി ഇളക്കി മാറ്റുമ്പോൾ തോടിൽ ഒട്ടിപ്പിടിച്ചിരിക്കാനും മുട്ട ശരിയായ രീതിയിൽ പൊളിച്ചു മാറ്റാനും കഴിയാതെ വരാറുണ്ട്. മുട്ട പുഴുങ്ങുമ്പോൾ ഇനി പറയുന്ന കാര്യം ചെയ്താൽ മതിയാകും. വളരെ എളുപ്പത്തിൽ മുട്ട അതിന്റെ പുറം തോടിൽ നിന്നും പൊളിച്ചെടുക്കാം.
നല്ലതു പോലെ തിളച്ച വെള്ളത്തിലേക്ക് എത്ര മുട്ടയാണോ പുഴുങ്ങേണ്ടത് അത്രയും മുട്ടകൾ പതിയ ഇട്ടുകൊടുക്കണം. അതിലേയ്ക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി ചേർത്തുകൊടുക്കാം. പത്തുമിനിറ്റ് നേരം ഉയർന്ന ചൂടിൽ മുട്ട തിളപ്പിക്കണം. ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. ഉടനെ തന്നെ ചൂട് വെള്ളത്തിൽ നിന്നും മാറ്റിയ മുട്ട തണുത്ത വെള്ളത്തിലേക്ക് ഇട്ടുകൊടുക്കണം. കൂടെ മൂന്നോ നാലോ ഐസ് ക്യൂബ് കൂടി ഇടാം. ഒരു പത്തുമിനിറ്റ് നേരം തണുത്ത വെള്ളത്തിൽ കിടന്ന മുട്ട അവിടെ നിന്നും എടുത്തു തോട് പൊട്ടുന്ന രീതിയിൽ പരന്ന പ്രതലത്തിൽ ഉരുട്ടിയതിനു ശേഷം പൊളിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ മുട്ടയ്ക്ക് യാതൊരു കേടുപാടുകളും വരാതെ പൊളിച്ചെടുക്കാൻ സാധിക്കും.