Home Blog Page 668

ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ചു

കാലോചിതമായ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം, കാവ്യമണ്ഡപം എന്നിവയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അങ്കണത്തിലെ ഒഎന്‍വി പ്രതിമയുടെ അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബഹുമുഖ വികസന നേട്ടങ്ങള്‍ കൈവരിച്ചത്. അഞ്ചു വര്‍ഷത്തിനിടെ മൂവായിരത്തോളം ജനക്ഷേമ വികസന പദ്ധതികള്‍ നടപ്പാക്കി. ജില്ലാ പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. ജില്ലയിലെ 160 ഓളം സ്‌കൂളുകളില്‍ ആധുനിക ഗ്രന്ഥശാലകള്‍ സ്ഥാപിച്ചു. കുരിയോട്ടുമല ഫാമില്‍ നിന്ന് പാല്‍ ഉല്‍പനങ്ങള്‍ വിപണിയിലെത്തിച്ചു. കാര്‍ഷിക മേഖലയില്‍ ‘കതിര്‍മണി’ ബ്രാന്‍ഡഡ് അരി അവതരിപ്പിച്ചു. ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. നിര്‍മിതബുദ്ധിയെ പറ്റി അവബോധം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. കാലാവസ്ഥ വ്യതിയാനം വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് സംബന്ധിച്ച് പ്രത്യേക പദ്ധതി വഴി പഠന-ഗവേഷണങ്ങള്‍ ത്രിതല പഞ്ചായത്ത് തലങ്ങളില്‍ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമഗ്ര വികസനരേഖയുടെ പ്രകാശനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷരായ നജീബത്ത്, വസന്താ രമേശ്, കെ അനില്‍കുമാര്‍, അനില്‍ എസ് കല്ലേലിഭാഗം, സാം കെ ഡാനിയല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹെൽമെറ്റ് ധരിക്കാത്തതിന് എഴുകോണില്‍ യുവാവിന് പോലീസ് മർദ്ദനം

കൊല്ലം. ഹെൽമെറ്റ് ധരിക്കാത്തതിന് യുവാവിന് പോലീസ് മർദ്ദനം. എഴുകോൺ എസ് ഐയാണ് ബൈക്കിലെത്തിയ യുവാവിനെ മർദ്ദിച്ചത്. പരിക്കേറ്റ ദേവനാരായണൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ.

ഇന്ന് രാവിലെ 10 മണിയ്ക്ക് എഴുകോൺ പവിത്രേശ്വരം ക്ഷേത്രത്തിന് സമീപവെച്ചായിരുന്നു മർദ്ദനം ഉണ്ടായത്. ബൈക്കിൽ എത്തിയ ദേവനാരായണനും, സുഹൃത്തും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പിന്നാലെ എത്തിയ പോലീസ്‌ ബൈക്കിന് കുറുകെ വാഹനം നിർത്തി യുവാവിനെ മർദ്ദിക്കുകയായിരുന്നു.

എഴുകോൺ എസ് ഐയാണ് യുവാക്കളെ അതിക്രൂരമായി മർദ്ദിച്ചത്. കോളേജിലേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ മർദ്ദനം ഉണ്ടായതെന്ന് ദേവനാരായണൻ പറഞ്ഞു.

പരിക്കുപറ്റിയ ദേവനാരായണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മർദ്ദിച്ചിട്ടില്ല എന്നും ജീപ്പിൽ വരുന്നതിനിടെ ഹെൽമെറ്റ് ധരിക്കാത്ത യുവാക്കളെ കണ്ട് ഹെൽമറ്റ് ധരിക്കാഞ്ഞത് എന്ത് എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് എഴുകോൺ പോലീസിന്റെ വിശദീകരണം.
അതേ സമയം നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് ദേവനാരായണൻ്റെ തീരുമാനം.

കൊല്ലത്ത് വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം; യുവാവ് പിടിയില്‍

നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റില്‍
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിലായി.നിരവധി മോഷണ കേസുകളിലെ പ്രതിയായ മുണ്ടക്കല്‍, കുന്നടി കിഴക്കതില്‍ വിഷ്ണു എന്ന ആകാശ്(23) ആണ് പോലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കല്‍ ഉദയ മാര്‍ത്താണ്ഡപുരത്തുള്ള വീട്ടില്‍ അതിക്രമിച്ച് കയറി പമ്പ് സെറ്റും എസിയുടെ കംപ്രസറും, 60 കിലോയോളം തൂക്കം വരുന്ന പിത്തള കമ്പികളും, ഇലക്ട്രിക്ക് വയറുകളും ഉള്‍പ്പെടെ ഏകദേശം 50000 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചെടുത്ത കുറ്റത്തിനാണ് ഇയാള്‍ പിടിയിലായത്. രാത്രികാലങ്ങളില്‍ വീടുകളില്‍ അതിക്രമിച്ച് കയറി പതിവായി മോഷണം നടത്തി വന്നിരുന്ന ആളാണ് പിടിയിലായ ആകാശ്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിയാസ്, സരിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ മുണ്ടക്കല്‍ ഭാഗത്തുള്ള വീട്ടില്‍ നിന്നും പിടികൂടിയത്.

ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം…. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകീട്ടായിരുന്നു അപകടം.
കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയില്‍ വന്ന ഗുഡ്സ് ട്രെയിനും തമ്മില്‍ ഇടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞ് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. റെയില്‍വേ അധികൃതര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടാനുണ്ടായ പ്രകോപനം പുകവലി ചോദ്യം ചെയ്തത്…. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിടാനുണ്ടായ പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. പ്രതി സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.
വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. രണ്ട് യുവതികളും ട്രെയിനിന്റെ വാതില്‍ ഭാഗത്ത് ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമെന്ന് പൊലീസ് പറയുന്നു. പ്രതിയായ സുരേഷ് കുമാര്‍ യുവതിയെ തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടാമത്തെ യുവതിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് യുവതി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം ഇരുപതിലധികം മുറിവുകളുണ്ട്, ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സര്‍ജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. തലയിലെ മര്‍ദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തുടരുന്നത്.പ്രതി പനച്ചമൂട് സ്വദേശി സുരേഷ് കുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. കേരള എക്‌സ് പ്രസിന്റെ എസ്.എല്‍.ആര്‍ കോച്ചിലെ യാത്രക്കാരിയായ ശ്രീക്കുട്ടിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആലുവയില്‍ നിന്നാണ് ശ്രീക്കുട്ടിയും അര്‍ച്ചനയും കയറിയത്. ഇരുവരും സഹയാത്രികരാണ്.പ്രതി കോട്ടയത്തുനിന്നു കയറി. നന്നായി മദ്യപിച്ച ഇയാള്‍ കയറിയതുമുതല്‍ അപമര്യാദയായി പെരുമാറിയിരുന്നു. വര്‍ക്കല കഴിഞ്ഞപ്പോഴാണ് ശ്രീക്കുട്ടിയും അര്‍ച്ചനയും ടോയ്‌ലെറ്റിലേക്ക് പോയത്. അര്‍ച്ചന ആദ്യം ടോയ്‌ലെറ്റില്‍ കയറി. ശ്രീക്കുട്ടി വാതിക്കല്‍ നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതി അവിടേക്ക് എത്തി. വാതിലില്‍നിന്നു മാറാന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പ്രതികരിച്ചു. ഇതേച്ചൊല്ലി തര്‍ക്കമായി. പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ പിന്നില്‍നിന്ന് നടുവിന് ചവിട്ടി തള്ളിയിടുകയായിരുന്നു. പിടിവിട്ട് നിലവിളിയോടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

MOIL-ല്‍ അവസരം; 99 ഒഴിവുകള്‍, അപേക്ഷിക്കാം

നാഗ്പുരിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മാംഗനീസ് ഓര്‍ ഇന്ത്യ ലിമിറ്റഡ് (എംഒഐഎല്‍) വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 99 ഒഴിവുണ്ട്.

ഇലക്ട്രീഷ്യന്‍: ഒഴിവ് -15.

ശമ്പളം: 23,400-42,420 രൂപ, യോഗ്യത: പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐയും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും ഇലക്ട്രീഷ്യന്‍ ലൈസന്‍സും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 വയസ്സ് കവിയരുത്.

മെക്കാനിക്ക്-കം-ഓപ്പറേറ്റര്‍(ഫിറ്റര്‍): ഒഴിവ്-35,

ശമ്പളം: 23,400-42,420 രൂപ, യോഗ്യത: പത്താംക്ലാസ് വിജയവും ഫിറ്റര്‍ ട്രേഡിലുള്ള ഐടിഐയും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 വയസ്സ് കവിയരുത്.

മൈന്‍ മേറ്റ്: ഒഴിവ്-23

ശമ്പളം: 24,800-44,960 രൂപ, യോഗ്യത: പത്താംക്ലാസ് വിജയവും മൈന്‍ മേറ്റ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായം: 40 വയസ്സ് കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും

മെക്കാനിക്ക്-കം-ഓപ്പറേറ്റര്‍(വെല്‍ഡര്‍)-4, മൈന്‍ ഫോര്‍മാന്‍-9, സെലക്ട് ഗ്രേഡ് മൈന്‍ ഫോര്‍മാന്‍ -5, ബ്ലാസ്റ്റര്‍-8.

അപേക്ഷാഫീസ്: 295 രൂപ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് ഫീസില്ല).

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് www. moil.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 6.

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് ഹീമോഗ്ലോബിന്റെ കുറവ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്നതിന് ഇത് സഹായകമാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ, ക്ഷീണം, ബലഹീനത, ശ്വാസതടസ്സം, തലവേദന എന്നിവ ഉണ്ടാകാം. കൂടാതെ അളവ് ഗണ്യമായി കുറയുകയാണെങ്കിൽ ഈ അവസ്ഥ വിളർച്ചയിലേക്ക് നയിക്കാം.

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അതിനായി നിങ്ങളുടെ ഡയറ്റ് പ്ലാനിൽ‌ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

സിട്രസ് പഴങ്ങൾ ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു

ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കുകയും അമിത ക്ഷീണം തടയുന്നതിനും സഹായിക്കുന്നു.

ഇലക്കറികൾ, നിലക്കടല, വാഴപ്പഴം, ബ്രോക്കോളി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായ ഒരു ബി-കോംപ്ലക്സ് വിറ്റാമിനാണ് ഫോളിക് ആസിഡ്. ഫോളിക് ആസിഡിന്റെ കുറവ് ഹീമോഗ്ലോബിൻ അളവ് കുറയാൻ കാരണമാകും. പച്ച ഇലക്കറികൾ, നിലക്കടല, വാഴപ്പഴം, ബ്രോക്കോളി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് മാതളനാരങ്ങ

ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് മാതളനാരങ്ങ. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയ്‌ക്കൊപ്പം കാൽസ്യം, ഇരുമ്പ് എന്നിവയുടെയും സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണിത്.

രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്ന ഭക്ഷണമാണ് ഈന്തപ്പഴം

ഈന്തപ്പഴമാണ് മറ്റൊരു ഭക്ഷണം. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്ന ഭക്ഷണമാണ് ഈന്തപ്പഴം. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗികൾ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം.

ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ബീറ്റ്റൂട്ട്

ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ബീറ്റ്റൂട്ട്. ഇതിൽ ഇരുമ്പിന്റെ അംശം മാത്രമല്ല, പൊട്ടാസ്യം, നാരുകൾ എന്നിവയ്‌ക്കൊപ്പം ഫോളിക് ആസിഡും കൂടുതലാണ്. ആരോഗ്യകരമായ രക്തത്തിന്റെ അളവ് ഉറപ്പാക്കാൻ എല്ലാ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുക.

പയർവർഗ്ഗങ്ങൾ ഹീമോഗ്ലോബിൻ അളവ് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കും

പയർവർഗ്ഗങ്ങൾ ഹീമോഗ്ലോബിൻ അളവ് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇവയിലെ ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും അളവ് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മത്തങ്ങ വിത്തുകൾ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

മത്തങ്ങ വിത്തുകൾ ഏകദേശം എട്ട് മില്ലിഗ്രാം ഇരുമ്പും ആവശ്യത്തിന് കാൽസ്യം, മഗ്നീഷ്യം എന്നിവയും നൽകുന്നു. സലാഡുകളിലോ സ്മൂത്തികളിലോ എല്ലാം ഇവ ചേർത്ത് കഴിക്കാവുന്നതാണ്.

തണ്ണിമത്തൻ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

ഇരുമ്പും വിറ്റാമിൻ-സിയും അടങ്ങിയ തണ്ണിമത്തൻ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് വിളർച്ചയെ തടയുന്നു.

അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ സൈനികനെ ട്രെയിനിൽ വച്ച് കുത്തിക്കൊന്നു; കൊലയാളി പിടിയിൽ

ബിക്കാനീർ: അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ട്രെയിനിൽ വച്ച് റെയിൽവേ അറ്റൻഡർമാർ കുത്തി കൊലപ്പെടുത്തി. ഗുജറാത്ത് സ്വദേശി ജിഗർ കുമാർ ചൗധരി (27) ആണ് കൊല്ലപ്പെട്ടത്. ജമ്മു താവിയിൽ നിന്ന് സബർമതിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാത്രി 11 മണിയോടെ രാജസ്ഥാനിലെ ബിക്കാനീറിന് അടുത്തുള്ള ലുങ്കരൻസർ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴാണ് സംഭവം. കൊലയാളിയായ ജുബർ മേമൻ എന്ന അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് പുറത്തുവിട്ട വിവരപ്രകാരം, രാത്രി ട്രെയിനിൽ വച്ച് സൈനികനും അറ്റൻഡർമാരും തമ്മിൽ സീറ്റിനെ ചൊല്ലി തർക്കം ഉണ്ടാവുകയും, പിന്നാലെ അറ്റൻഡർമാരിൽ ഒരാൾ കയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇദ്ദേഹത്തെ കുത്തുകയും ചെയ്തു. വയറിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റ സൈനികൻ, ട്രെയിനിനകത്ത് കുഴഞ്ഞുവീണു. സഹയാത്രികർ ഉടൻ വിവരം അധികൃതരെ അറിയിച്ചു. ട്രെയിൻ ബിക്കാനീരിൽ എത്തിയ ഉടൻ ഇദ്ദേഹത്തെ പ്രിൻസ് ബിജയ് സിംഗ് മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പ്രതികളെന്ന് കരുതുന്ന അറ്റൻഡർമാരെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. കൊലയ്ക്ക് ഉപയോഗിച്ചത് എന്ന് കരുതുന്ന കത്തി പോലീസ് കണ്ടെത്തി. യാത്രക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പരിശോധനയ്ക്കായി കൊലപാതകം നടന്ന കോച്ച് സീൽ ചെയ്തു. ഈ കോച്ചിൽ നിന്നും യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി. ട്രെയിൻ ജോധ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ഇതിൽ ഫോറൻസിക് പരിശോധന നടത്തും. സൈന്യത്തിൽ നിന്നുള്ള പ്രതിനിധികളും കൊല്ലപ്പെട്ട സൈനികന്റെ കുടുംബാംഗങ്ങളും എത്തിയശേഷം ബിക്കാനീറിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിക്കും. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തും.

‘വീട്ടിലേക്ക് വന്നത് പോലെ’; എയർ ഇന്ത്യ വിമാനത്തിലെ അസാധാരണ കൂടിക്കാഴ്ചയെ കുറിച്ച് ശശി തരൂർ

ന്യൂഡൽഹി: എയർ ഇന്ത്യയെയും ജീവനക്കാരെയും പ്രശംസിച്ച് ശശി തരൂർ എംപി. തൻ്റെ യാത്രക്കിടെയുണ്ടായ നല്ല അനുഭവം വ്യക്തമാക്കിക്കൊണ്ടാണ് എക്സിലെ ഹാൻഡിലിൽ അദ്ദേഹം ജീവനക്കാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. തുടർച്ചയായി രണ്ട് സർവീസുകളിൽ ശശി തരൂരിനൊപ്പം ഉണ്ടായിരുന്ന സുനിത, ലീപക്ഷി എന്നീ കാബിൻ ജീവനക്കാർക്കൊപ്പമുള്ള ചിത്രമാണ് ശശി തരൂർ പങ്കുവെച്ചത്.

തുടർച്ചയായ സർവീസുകളിൽ ഒരേ കാബിൻ ക്രൂ അംഗങ്ങളെ കാണുന്നതിലുള്ള അസാധാരണത്വം വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്. സുനിതയെയും ലീപാക്ഷിയെയും വീണ്ടും കണ്ടുമുട്ടിയപ്പോൾ വീട്ടിലേക്ക് എത്തിയ പ്രതീതിയായിരുന്നു എന്ന് അദ്ദേഹം എഴുതി. ഇരു വനിതകളോടും നന്ദിയും അവരുടെ തൊഴിലിലെ ആത്മാർപ്പണത്തിന് അഭിനന്ദനവും അറിയിച്ചാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

നേരത്തെ എയർ ഇന്ത്യ കേരളത്തിലേക്കുള്ള ശൈത്യകാല ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതിൽ ശശി തരൂർ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അന്ന് സർവീസുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ മാനേജ്മെൻ്റിന് അദ്ദേഹം കത്തയച്ചിരുന്നു. പിന്നീട് ഈ പ്രശ്നത്തിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷ നേതാവുമടക്കം ഇടപെട്ടതിന് പിന്നാലെ പരിഹാരവുമുണ്ടായി.

പാൽ വില കൂടും…

സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില വർധന നടപ്പിലാക്കുക. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എത്ര രൂപയെന്നത് തീരുമാനിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. നേരിയ വില വർധനയുണ്ടാകുമെന്നും വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.