കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി മലയാളി
ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്റർ പി ആർ രമേശ് കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി നിയമിതനായി
ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്
പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്
ഇക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു
കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി മലയാളി
യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു
തൃശൂർ പറപ്പൂക്കരയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു.
പറപ്പൂക്കര പട്ടികജാതി ഉന്നതിയിലെ പാണ്ടിയത്ത് വീട്ടിൽ മദനൻ്റെ മകൻ അഖിൽ (28 ) ആണ് മരിച്ചത്.
അയൽവാസിയായ രോഹിത്ത് ആണ് കുത്തിയത് , സംഭവ ശേഷം ഇയാൾ
ബൈക്കിൽ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.
രോഹിത്തിൻ്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വീതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ
ശാസ്താംകോട്ട. മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വീതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ 2026 ജനുവരി 25 മുതൽ 31 വരെ വിവിധ പരിപാടികളോടെ നടക്കും. പെരുന്നാളിന് മുന്നോടിയായി നടന്ന ആലോചന യോഗം ബ്രഹ്മവർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് ഉദ്ഘാടനം ചെയ്തു. കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസീയോസ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,ചാപ്പൽ മാനേജർ ഫാ. ശാമുവേൽ ജോർജ്, എന്നിവർ പ്രസംഗിച്ചു.

വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ഫൈനാൻസ് കമ്മിറ്റി- ചെയർമാൻ- ഫാ. സാമുവേൽ ജോർജ് , കൺവീനർ – റോബിൻ അലക്സ്,പ്രോഗ്രാം കമ്മിറ്റി- ചെയർമാൻ- ഫാ. എബ്രഹാം എം വർഗീസ് കൺവീനർ- ഡി. കെ. ജോൺ , റിസപ്ഷൻ കമ്മിറ്റി- ചെയർമാൻ ഫാ. സി ഡാനിയേൽ റമ്പാൻ , കൺവീനർ- ഫാ. ഐപ് നൈനാൻ , പബ്ലിസിറ്റി കമ്മിറ്റി- ചെയർമാൻ- ഫാ. മാത്യൂ എബ്രഹാം കൺവീനർ- മാത്യൂ കല്ലുമ്മൂട്ടിൽ , ഫുഡ് കമ്മറ്റി -ചെയർമാൻ- ഫാ. തോമസ്കുട്ടി കൺവീനർ- ഡോ. ജോൺസൺ കല്ലട, മീഡിയ സെൽ-ബിജു ശാമുവേൽ എന്നിവരെ തിരഞ്ഞെടുത്തു. ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് സൺഡേ സ്കൂൾ മത്സരങ്ങൾ , മെഡിക്കൽ ക്യാമ്പ്, ധ്യാനയോഗങ്ങൾ എന്നിവ നടക്കും
തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്താൽ മധ്യവയസ്കനെ മർദ്ദിച്ച പ്രതികൾ പിടിയിൽ
കരുനാഗപ്പള്ളി: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്താൽ മധ്യവയസ്കനെ മർദ്ദിച്ച പ്രതികൾ പിടിയിൽ. കായംകുളം ചേരാവള്ളി എ എസ് മൻസിൽ സമീർ മകൻ ആരിഫ് (21), കായംകുളം ദേശത്തിനകം ഓണമ്പള്ളിൽ അഫ്സർ മകൻ ആദിൽ (20) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് .
ഈ മാസം നാലാം തീയതി പറയകടവ് അമൃത പുരിയ്ക്ക് സമീപം വെളുപ്പിന് 2.45 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പറയകടവ് സ്വദേശി സുഭാഷ് ജോലിക്ക് പോകാനായി വരവേ പ്രതികൾ തീപ്പെട്ടി ചോദിക്കുകയും അത് കൊടുക്കാത്തതിന്റെ വിരോധത്താൽ ഏതോ ആയുധം വെച്ച് തലയ്ക്ക് അടിക്കുകയും ചവിട്ടി നിലത്തിട്ട് മർദ്ദിക്കുകയും ആയിരുന്നു.
തുടർന്ന് പരാതിക്കാരൻ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് സിസിടിവിയും മറ്റും പരിശോധിച്ചതിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ വാർത്താ ചാനലുകളിലും മറ്റും വന്ന വാർത്തകളിൽ ഇത് മനസ്സിലാക്കിയ പ്രതികൾ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. പ്രതികളെ ഇന്നലെ രാത്രി എറണാകുളം ഭാഗത്ത് നിന്നും പിടി കൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി പ്രദീപ്കുമാർ വിഎസിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ്
എസ് ഐ മാരായ ഷമീർ ,ആഷിക്, എ എസ് ഐ തമ്പി
എസ് സി പി ഓ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പൂയപ്പള്ളിയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
പൂയപ്പള്ളി: പൂയപ്പള്ളി ജംഗ്ഷനില്‍ കാറില്‍ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഒരാള്‍ ഓടി രക്ഷപെട്ടു. കടയ്ക്കല്‍ ചരിയമ്പറമ്പ് കാളിന്തി വിലാസത്തില്‍ സച്ചു (30), ഇളമ്പല്‍, ചക്കുവരക്കല്‍, കോട്ടവട്ടം, കുരുമ്പലഴികത്ത് ജിതിന്‍(28) എന്നിവരാണ് പിടിയിലായത്. പോലീസ് വാഹനം തടഞ്ഞ് നിര്‍ത്തിയതോടെ പിന്‍സീറ്റിലിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ പൂയപ്പള്ളി ജംഗ്ഷനിലായിരുന്നു സംഭവം. കാറില്‍ കൊല്ലത്ത് നിന്നും കടയ്ക്കലേയ്ക്ക് പോയ സംഘത്തെ പിന്‍തുടര്‍ന്നെത്തിയ കൊല്ലം റൂറല്‍ ഡാന്‍സാഫ് അംഗങ്ങള്‍ പൂയപ്പള്ളി ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ പ്രതികളുടെ പക്കല്‍നിന്നും 1.5 ഗ്രാം എംഡിഎംഎ പിടികൂടുകയായിരുന്നു. പിടികൂടിയ പ്രതികളെ പൂയപ്പള്ളി പോലീസിന് കൈമാറി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. റൂറല്‍ ഡാന്‍സാഫ് ടീം എസ്‌ഐ ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
സമൂഹത്തിനു വേണ്ടിയാണോ വിധി എഴുതേണ്ടത്,ശിക്ഷാവിധി ദിനത്തിലും നിറഞ്ഞുനിന്നത് നാടകീയത
കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാവിധി ദിനത്തിലും നിറഞ്ഞുനിന്നത് നാടകീയത. സമൂഹത്തിനു വേണ്ടിയാണോ വിധിയെഴുതേണ്ടത് എന്ന പ്രോസിക്യൂഷനോട് കോടതി. യഥാർത്ഥ കുറ്റവാളി മറഞ്ഞിരുപ്പുണ്ട് എന്ന പ്രോസിക്യൂഷൻ. വാദത്തിനിടെ രണ്ടാം പ്രതി മാർട്ടിൻ ആൻ്റണിയും ആറാം പ്രതി പ്രദീപും പൊട്ടി കരഞ്ഞു.
കേരളം കാത്തിരുന്ന വിധി ദിനം. രാവിലെ എട്ടു മണിയോടെ വിയ്യൂർ സെൻട്രൽ ജയിൽ നിന്ന് പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളെ എറണാകുളം ജില്ലാ കോടതിയിൽ എത്തിച്ചു.
കൃത്യം പതിനൊന്നു മണിക്ക് തന്നെ ശിക്ഷാവിധിയിലുള്ള വാദം ആരംഭിച്ചു. അതിനുമുൻപ് കോടതിയുടെ മുന്നറിയിപ്പ്. പല ഘട്ടങ്ങളിൽ പലതും നൽകി. കോടതി നടപടികൾ വളച്ചൊടിച്ചാൽ നടപടിയെടുക്കേണ്ടി വരും എന്ന് ജഡ്ജി ഹണി എം. വർഗീസ്. ആദ്യം വാദം ആരംഭിച്ചത് പ്രോസിക്യൂഷൻ. ശിക്ഷയുടെ കാര്യത്തിൽ വേർതിരിവ് പാടില്ലെന്നും എല്ലാവർക്കും പരമാവധി ശിക്ഷയായ ജീവപര്യന്തം നൽകണമെന്നും ആവശ്യപ്പെട്ടു. കൂട്ട ബലാൽസംഗത്തിൽ വാദം നടന്നു. യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാംപ്രതി എന്ന് കോടതി. രണ്ടു മുതൽ ആറു വരെയുള്ള പ്രതികൾ സഹായിച്ചില്ലെങ്കിൽ ഇത് നടക്കില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ. പിന്നീട് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതികളുടെ വാദം. അമ്മ മാത്രമേ ഉള്ളൂ എന്ന് പൾസർ സുനി, അതിക്രൂരമായ കുറ്റകൃത്യം നടന്നിട്ടില്ലെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രണ്ടാം പ്രതി മാർട്ടിൻ, കുടുംബം ദുരവസ്ഥയിൽ ആണെന്ന് മൂന്നാംപ്രതി മണികണ്ഠൻ, ഒരു പെറ്റി കേസ് പോലുമില്ല വടിവാൾ എന്ന പേര് നൽകിയത് പോലീസ് എന്ന സലീം. ജോലി കഴിഞ്ഞ് വീട്ടിൽ പോവുകയായിരുന്നു എന്ന് കരഞ്ഞ് പ്രദീപ്. നാട് തലശ്ശേരി ആയതുകൊണ്ട് കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന് നാലാംപ്രതി വിജീഷ്. എല്ലാം കേട്ട് കോടതി വിധി 3 30 ലേക്ക് മാറ്റി. വിധിപ്രസ്താവന ആരംഭിച്ചത് 4 30ന്. സുപ്രീം ഡിഗ്നിറ്റി ഓഫ് എ വുമൺ എന്ന് കോടതി. ജീവിതയുടെ നിസ്സഹായാവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്ന് കോടതി. ഇതിനിടെ സമൂഹത്തിനു വേണ്ടിയാണോ വിധി എഴുതേണ്ടത് എന്ന പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. യഥാർത്ഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ട് എന്ന പ്രോസിക്യൂഷൻ. ഇങ്ങനെ ഒന്നരമണിക്കൂറോളം നീണ്ടുനിന്ന വാദങ്ങൾക്കൊടുവിലാണ് കേരള പൊതുബോധത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതി വിധി പറഞ്ഞത്. രാവിലെ വിചാരണ, വൈകിട്ട് മൂന്നരക്ക് വിധിയെന്ന് പറഞ്ഞ് നാലേമുക്കാൽ വരെ വിധികേൾക്കാൻ നാട് മുൾമുനയിൽ
വിധിക്ക് ശേഷം പുറത്തുവന്ന പ്രോസിക്യൂഷൻ വെന്തുരുകയായിരുന്നു വിചാരണക്കാലമെന്ന് മാധ്യമങ്ങൾകു മുമ്പാകെ വെളിപ്പെടുത്തി.
ട്രെയിനിൽ നിന്ന് കിട്ടിയ സ്വർണാഭരണങ്ങളുടെ ഉടമസ്ഥരെ തേടി റെയിൽവേ പോലീസ്
തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിൽ നിന്ന് ലഭിച്ച സ്വർണാഭരണങ്ങളുടെ ഉടമസ്ഥരെ തേടി റെയിൽവേ പോലീസ്
ഒരു സ്വർണ്ണമാല, ഒരു സ്വർണ്ണ മോതിരം എന്നിവയാണ് ട്രെയിനിലെ കാറ്ററിംഗ് ജീവനക്കാർക്ക് ലഭിച്ചത്
സ്വർണ്ണം നഷ്ടപ്പെട്ട യാത്രക്കാർ കാസർഗോഡ് റെയിൽവേ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം
ബന്ധപ്പെടേണ്ട നമ്പർ : 9778639164, 04994223030
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈ കോടതി ഉത്തരവിലെ ഭാഗം സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡെൽഹി. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈകോടതി ഉത്തരവിലെ ഭാഗം സ്റ്റേ ചെയ്ത് സുപ്രീംകോടതി.മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും കോടതിയുടെ ഉത്തരവ്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാം എന്നും കോടതി അറിയിച്ചു.വഖഫ് സംരക്ഷണവേദിയുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഉത്തരവ് അധികാരപരിധി മറികടന്നാണ് കേരള ഹൈക്കോടതി നടത്തിയത് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അല്ലേ അപ്പീൽ നൽകേണ്ടിയിരുന്നതെന്നും കോടതി ചോദിച്ചു. ഇതോടെയാണ് മുനമ്പം വഖഫ് ഭൂമിയെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.മുനമ്പം സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.മുനമ്പം ഭൂമി തർക്കത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്ന് ജസ്റ്റിസ് മാരായ മനോജ് മിശ്ര ഉജ്ജ്വൽ ഭൂയൻ എന്നിവരുടെ ബഞ്ച് നിർദേശിച്ചു. കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിനും സംസ്ഥാന വഖഫ് ബോർഡിനും കോടതി നോട്ടീസ് നൽകി.ആറാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം.ഹർജിക്കാർക്കൊപ്പം എന്ന് സംസ്ഥാന വഖഫ് ബോർഡ് കോടതിയെ അറിയിച്ചു.ഹൈകോടതിക്ക് വഖഫ് ഭൂമി അല്ലെന്ന് തീർപ്പ് കൽപ്പിക്കാൻ അവകാശം ഇല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഹർജി നൽകിയവർ നേരിട്ടുള്ള കക്ഷികൾ അല്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി.വിഷയത്തിൽ വിശദമായ വാദം കേൾക്കാം എന്നറിയിച്ച കോടതി ഹർജി അടുത്തമാസം 27ന് പരിഗണിക്കാനായി മാറ്റി.
ഗതാഗത നിയന്ത്രണം
അമ്പലംകുന്ന്-റോഡുവിള റോഡില്‍ ഇന്ന് മുതല്‍ ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ് ബി.പി.എം.യു, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. റോഡുവിള ഭാഗത്ത് നിന്നു അമ്പലംകുന്നിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഓയൂര്‍ – പൂയപ്പള്ളി റോഡ് വഴി പോകണം.
തദ്ദേശതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ… ഫലം എങ്ങനെ അറിയാം….?
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 16 കേന്ദ്രങ്ങളിലായി നാളെ (ഡിസംബര്‍ 13) രാവിലെ എട്ടിനു ആരംഭിക്കും. 11 ബ്ലോക്ക്തല കേന്ദ്രങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെയും നാല് നഗരസഭാതല കേന്ദ്രങ്ങളിൽ അതത് നഗരസഭകളുടെയും തേവള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോര്‍പറേഷന്റെയും വോട്ടെണ്ണല്‍ നടക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകളും എണ്ണും. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും സ്‌ട്രോങ്ങ് റൂം തുറക്കുന്നത്. അവിടെ നിന്ന് ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക.
ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. ഒരു വാര്‍ഡിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്ക്ക് വോട്ടുനില ട്രെന്‍ഡി -ല്‍ അപ് ലോഡ് ചെയ്യുന്നതോടെ ലീഡ് നിലയും ഫലവും തത്സമയം അറിയാന്‍ കഴിയും.
കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ചീഫ് ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.
https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in ലിങ്കുകൾ മുഖേന ഫലമറിയാം.






































