Home Blog Page 2750

മക്കളെ കൊന്നതിനു ശേഷം യുവതി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മക്കളെ കൊന്നതിനു ശേഷം കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് യുവതി. എട്ടും രണ്ടും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ പൊലീസെത്തിയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പതുകാരിയായ അശ്വനി നികുംഭ് എന്ന യുവതിയാണ് മക്കളെ കൊന്ന് സ്വയം ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. . മഹാരാഷ്ട്രയിലെ നാസിക് സിറ്റിയിലാണ് സംഭവം. കൊനാര്‍ക് നഗറിലുള്ള ഹരി വന്ദന്‍ എന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിന്നാണ് യുവതി ചാടിയത്. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയപ്പോഴാണ് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും അതുകൊണ്ടാണ് തനിക്ക് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തേണ്ടി വന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ യുവതി എഴുതിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന് ഒരു വീഡിയോ എടുത്ത് അയച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്.

സംഭവം നടക്കുമ്‌ബോള്‍ യുവതിയുടെ ഭര്‍ത്താവ് സ്വപ്നില്‍ ജോലി സംബന്ധമായ ആവശ്യത്തിന് പൂനെയിലായിരുന്നു. ഇയായാള്‍ക്കും ബന്ധുക്കള്‍ക്കും തന്റെ മരണ കാരണത്തെക്കുറിച്ച് വിഡിയോ എടുത്ത് അയച്ചശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. തന്റെയും മക്കളുടെയും മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഭര്‍ത്താവിനു മാത്രമാണെന്നാണ് യുവതി വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്

ദാഹം ശമിപ്പിക്കാനും ദേഹം തണുക്കാനും സർബത്ത് ആളൊരു മിടുക്കനാണേ

ഈ ഉഷ്ണ സമയത്ത് സര്‍ബത്തിനെ ആരും ഓര്‍ത്തുപോകും, ആടിലെ ചൂടന്‍ സര്‍ബത്ത് ഷമീറിനെയല്ല. നമ്മുടെ നന്നാറി സര്‍ബത്തിനെ. ഇത്ര ആരോഗ്യദായകമായ പാനീയം നമ്മുടെ നാട്ടില്‍ ഉള്ളപ്പോഴാണ് സോഫ്റ്റ് ഡ്രിങ്കുകള്‍ വാങ്ങി നാം ദേഹം കേടാക്കുന്നത്. . പലർക്കും അറിയാം ചൂടേറുമ്പോൾ ദാഹം ശമിപ്പിക്കാനും ദേഹം തണുക്കാനും സർബത്ത് ആളൊരു മിടുക്കനാണേ. വീട്ടിലും നാടൻ സർബത്ത് ഉണ്ടാക്കാം

ചേരുവകൾ :
നമ്മുടെ പറമ്പുകളിൽ കാണുന്ന നന്നാറിയുടെ വേര് (ആങ്ങാടി മരുന്നു കടകളിലും ലഭിക്കും ) പച്ചവെള്ളത്തിൽ കഴുകി. കഷ്ണങ്ങളാക്കിയത് ഒരു ചെറിയ കപ്പ്, പഞ്ചസാര ഒരു കിലോ, വെള്ളം രണ്ട് ലിറ്റർ .

പാകം ചെയ്യുന്ന വിധം:

ഒരു ചെറിയ കപ്പ് പഞ്ചസാര ഒരു പാനിൽ എടുത്ത് കുറഞ്ഞ തീയിൽ വറക്കുക . പഞ്ചസാരയുടെ നിറം മാറി അലിഞ്ഞ് രൂപത്തിലാകുമ്പോൾ അതിൽ ഒരു ലിറ്റർ വെള്ളം ചേർക്കുക . വെള്ളം തിളയ്ക്കാറാകുമ്പോൾ എടുത്തുവച്ച പഞ്ചസാര മുഴുവൻ വെള്ളത്തിൽ ചേർക്കുക ബാക്കിയുള്ള ഒരു ലിറ്റർ വെള്ളവും ഈ സമയം ഒഴിക്കാം. വെള്ളം തിളയ്ക്കുമ്പോൾ നന്നാറി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതു കൂടി ചേർത്ത് അൽപസമയം നന്നായി ഇളക്കുക . നന്നാറിയുടെ ഗന്ധവും രുചിയും ചേർന്നോ എന്ന് രുചിച്ച് നോക്കുക, ഇല്ലെങ്കിൽ അൽപം കൂടി നന്നാറി ചേർത്ത് തിളപ്പിക്കാവുന്നതാണ്. ശേഷം ഇവ അരിച്ചെടുത്ത് മറ്റോരു കുപ്പിയിലേക്ക് ആക്കി സൂക്ഷിക്കുക . ഇതിൽ നിന്ന് കാൽ ഗ്ലാസ് സർബത്ത് എടുത്ത് നാരങ്ങ പിഴിഞ്ഞ് വെള്ളമോ സോഡയോ ചേര്‍ത്ത് ഉപയോഗിക്കാം. ദാഹം മാറുമെന്ന് മാത്രമല്ല ദേഹരക്ഷയുമാകാം.

ഗ്യാസ്കുറ്റി വരില്ല, ഡ്രൈവർമാരുടെ സമരത്തിൽ പരിഹാരം നീളുന്നു

കൊച്ചി. അമ്പലമുകൾ ബിപിസിഎല്ലിലെ ഡ്രൈവർമാരുടെ പണിമുടക്ക് സമരത്തിൽ പരിഹാരമായില്ല. കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ ആരംഭിച്ച സമരം ഇന്നും തുടരും. അനുനയ ചർച്ചകൾക്ക് അധികൃതർ തയ്യാറാകാത്തതിനെ തുടർന്നാണ് സമരം തുടരുന്നത്. 170 ലോറികളിലെ 200ലധികം വരുന്ന ഡ്രൈവർമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഇതോടെ ബിപിസിഎല്ലിൽ നിന്നുള്ള പാചകവാതക സിലിണ്ടറുകളുടെ നീക്കം പൂർണമായും നിലച്ചു. 7 ജില്ലകളെയാണ് പ്രശ്നം ബാധിക്കുക. സമരം ഒരു ദിവസം പിന്നിട്ടതോടെ ദിവസേന ലോഡ് എത്തുന്ന ഗ്യാസ് ഏജൻസികളിൽ പുതിയ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാകും. മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ഡ്രൈവർമാരുടെ നിലപാട്

ഇറാന്‍ പിടിച്ചെടുത്ത് കപ്പലിലെ അഞ്ചുപേര്‍ക്കുകൂടി മോചനം

ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പൽ MSC എരീസിലെ 5 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യൻ എംബസിയാണ്‌ ഇക്കാര്യം അറിയിച്ചത്.
5 പേരും ഇന്ന് വൈകുന്നേരം ഇറാനിൽ നിന്ന് പുറപ്പെട്ടുവെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.എംബസിയുമായും ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റുമായുമുള്ള സഹകരണത്തിന് ഇറാന് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു. കപ്പലിലെ ഏക വനിത ജീവനക്കാരി, ആൻ ടെസ്സ ജോസഫ് ഏപ്രിൽ 18 ന് മടങ്ങി എത്തിയിരുന്നു. അഞ്ചു ഇന്ത്യക്കാരോടൊപ്പം, ഒരു ഫിലിപ്പൈൻ സ്വദേശിയെയും, ഒരു എസ്റ്റോണിയ സ്വദേശിയെയും മോചിപ്പിച്ചിട്ടുണ്ട്. ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള കപ്പലിൽ ഉണ്ടായിരുന്ന 25 ജീവനക്കാരിൽ 17 പേർ ഇപ്പോഴും കപ്പലിൽ തന്നെ തുടരുകയാണ്. ഇതിൽ 11 പേർ ഇന്ത്യക്കാരാണ്. ഇവരുടെ മോചനവും എത്രയും വേഗം സാധ്യമാക്കാനുള്ള ഇടപെടൽ തുടരുന്നതായി വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

പിടിച്ചത് 180 മൊബൈൽ ഫോണുകള്‍, നാൽപ്പതിനായിരം സിംകാർഡുകള്‍ അന്തംവിട്ട് പൊലീസ്, കോടികളുടെ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

മലപ്പുറം .ഇന്ത്യയ്ക്കകത്തും പുറത്തുമായി കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ.കർണാടക കൊപ്പ സ്വദേശി അബ്ദുൽ റോഷനാണ് മലപ്പുറം പോലീസിൻ്റെ പിടിയിലായത്.നാൽപതിനായിരം സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തത്

ഓൺലൈൻ വ്യാജ ഷെയർ മാർക്കറ്റ് സൈറ്റ് വഴി മലപ്പുറം വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന കണ്ടെത്തൽ.ഫേസ് ബുക്ക്‌ പേജ് ബ്രൗസ് ചെയ്ത യുവാവ് ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ തട്ടിപ്പിന് ഇരയായി വമ്ൻ ഓഫറുകൾ നൽകി ഒരു കോടി രൂപയിലധികം ബാങ്ക് അകൗണ്ടുകൾ വഴി ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തു. ഈ കേസിലെ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘങ്ങൾക്ക് സിം കാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക സ്വദേശി അബ്ദുൽ റോഷനെ കുറിച്ച് കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇയാൾ മടിക്കേരിയിലെ വാടക ക്വാർട്ടേഴ്സിൽ ൽ വച്ച് പിടിയിലായി.

ഇയാളിൽ നിന്നും 180 മൊബൈൽ ഫോണുകളും, നാൽപ്പതിനായിരത്തോളം സിംകാർഡുകളും കണ്ടെത്തി.
സ്വകാര്യ മൊബൈൽ കമ്പനി ജീവനക്കാരനായിരുന്ന ഇയാൾ ആളുകൾ അറിയാതെയാണ് അവരുടെ പേരിൽ സിം കാർഡുകൾ എടുത്തിരുന്നത്. സിം കാർഡ് എടുക്കുന്നതിനു കസ്റ്റമർ റീട്ടെയിൽ ഷോപ്പുകളിൽ എത്തുമ്പോൾ അവരറിയാതെ രണ്ടോ മൂന്നോ പ്രാവശ്യം ഫിംഗർപ്രിന്റ് ബയോമെട്രിക് പ്രസ്സ് ചെയ്യിപ്പിച്ചാണ് സിം കാർഡുകൾ എടുത്തിരുന്നതെന്നു ഇയാൾ പോലീസിനോട് പറഞ്ഞു.
ഇതിനായി സുഹൃത്തുക്കളുടെ കടകൾ ആണ് ഇയാൾ തെരെഞ്ഞെടുത്തിരുന്നത്.സിം കാർഡുകൾ 50 രൂപ നിരക്കിൽ തട്ടിപ്പുകാർക്ക് വിളിക്കുന്നതാണ് പ്രതിയുടെ രീതി

ഫേസ്ബുക്ക് വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ തുറക്കുന്നതിന് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് വേണ്ട സാങ്കേതിക സഹായവും ഇയാൾ ചെയ്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് ആളുകൾക്ക് വേണ്ടിയും അന്വേഷണം തുടരുകയാണ്.

ഇരുചക്രയാത്രക്കാരന്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട് കഞ്ചിക്കോട് വീണ്ടും കാട്ടാനയിറങ്ങി.
കഞ്ചിക്കോട് മലമ്പുഴ പാതയിലാണ് വൈകീട്ടോടെ കാട്ടാനയെത്തിയത്,ഇരുചക്രയാത്രക്കാരന്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്,ധോണി സ്വദേശി ബിനോയ് ആണ് ആനക്ക് മുന്നില്‍ പെട്ടത്,കഞ്ചിക്കോട് നിന്നും ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും വഴിയാണ് ബിനോയ്ക്ക് നേരെ കാട്ടാന പാഞ്ഞ് അടുത്തത്,പരിഭ്രമം മൂലം ഇരുചക്രവാഹനം ഓഫായതോടെ യുവാവ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു,തുടര്‍ന്ന് വനം വകുപ്പ് ഓഫീസില്‍ യുവാവ് അഭയം തേടി

യാത്രക്കാരെ ത്രിശങ്കുവിലാക്കിയ ആകാശ സമരത്തിന് പരിഹാരം

ന്യൂഡെല്‍ഹി. ഇന്ത്യന്‍ വ്യോമഗതാഗതമേഖലയ്ക്ക് മോശം പേരു നല്‍കിയ ആകാശ സമരം തീര്‍ന്നു,കഷ്ടവും നഷ്ടവും യാത്രക്കാര്‍ക്ക്, എയർ ഇന്ത്യ എക്സ്പ്രസിലെ പ്രതിസന്ധിയ്ക്ക് പരിഹാരം. കൂട്ടയവധി എടുത്ത് പ്രതിഷേധിച്ചതിന്റെ പേരിൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും. ജീവനക്കാരുടെ പരാതി വിശദമായി കേൾക്കാമെന്നും മാനേജ്മെൻറ് അറിയിച്ചു. ജീവനക്കാർ ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കും. സെൻട്രൽ ലേബർ കമ്മിഷന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണ.

മൂന്നു മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ജീവനക്കാരും മാനേജ്മെൻറ് സമവായത്തിൽ എത്തിയത്. കൂട്ട അവധിയെടുത്ത 30 ജീവനക്കാർക്ക് എതിരെ ഇന്ന് പിരിച്ചുവിടൽ നടപടി കമ്പനി സ്വീകരിച്ചിരുന്നു. ഇത് റദ്ദാക്കിയാൽ മാത്രം സമവാക്യ ചർച്ച എന്ന ജീവനക്കാരുടെ നിലപാട് കമ്പനി അംഗീകരിച്ചു. ജീവനക്കാരുടെ ആശങ്കകൾ നേരത്തെ ലേബർ കമ്മീഷണറും ശരി വെച്ചതാണ്. ഇക്കാര്യത്തിൽ എത്രയും വേഗം പ്രശ്നപരിഹാരം കാണാമെന്നും കമ്പനി ഉറപ്പു നൽകി. പകരം സമരത്തിൽ നിന്ന് ഉടൻ പിന്മാറാൻ ജീവനക്കാരൻ സമ്മതിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടി ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കും. നാളെ മുതൽ വിമാന സർവീസുകൾ സാധാരണ നിലയിലാകും എന്നാണ് പ്രതീക്ഷ. ജീവനക്കാരുടെ സമരം മൂലം ഇന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ 85 സർവീസുകളാണ് റദ്ദാക്കിയത്. ജീവനക്കാരുമായി സമവായത്തിൽ എത്തിയില്ലെങ്കിൽ സമരം നീണ്ടുപോകും എന്നും കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും മാനേജ്മെൻറ് വിലയിരുത്തി. പിന്നാലെയാണ് സെൻട്രൽ ലേബർ കമ്മീഷൻ ഇരുകൂട്ടരെയും ചർച്ചയ്ക്ക് വിളിച്ചത്. കേന്ദ്രസർക്കാർ ഇടപെടലും ഇതിൽ നിർണായകമായി. രണ്ടു ദിവസത്തിനിടെ 180 ഓളം സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധവും ഉണ്ടായി.

കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളേക്കുറിച്ച്‌ പഠനം നടത്തി ഗവേഷകർ. കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ ആളുകള്‍ കാൻസറിനിടയാക്കുന്ന രാസവസ്തുക്കള്‍ ശ്വസിക്കുകയാണെന്നും കരുതല്‍വേണമെന്നും എൻവയോണ്‍മെന്റല്‍ സയൻസ് ആന്റ് ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

2015-നും 2022-നും ഇടയില്‍ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് 99 ശതമാനം കാറുകളിലും റ്റി സി ഐ പി പി (TCIPP )എന്ന ഫ്ലെയിം റിട്ടാർഡന്റ് അഥവാ തീപടരുന്നത് തടയാനും മന്ദഗതിയിലാക്കാനും ഉപയോഗിക്കുന്ന വിവിധ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. അമേരിക്കയിലെ നാഷണല്‍ ടോക്സിക്കോളജി പദ്ധതിയുടെ ഭാഗമായി കാൻസർ സാധ്യതാ ഘടകങ്ങളുടെ പരിധിയില്‍ അന്വേഷണം നടത്തുന്ന കെമിക്കലാണിത്.

മിക്ക കാറുകളിലും , TDCIPP and TCEP എന്നീ രണ്ട് ഫ്ലെയിം റിട്ടാർഡന്റുകളുണ്ടെന്നും ഇവ കാൻസറിന് കാരണമാകുന്നവയാണെന്ന് നേരത്തേ കണ്ടെത്തിയവയാണെന്നും പഠനത്തില്‍ പറയുന്നു. മാത്രമല്ല ഇവ നാഡീസംബന്ധമായ തകരാറുകളും പ്രത്യുത്പാദന പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് ഗവേഷകർ പറയുന്നു. കാലിഫോർണിയയിലെ ഗ്രീൻ സയൻസ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

ദിവസവും കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും കാറിനുള്ളില്‍ സമയം ചെലവഴിക്കുന്നത് കണക്കിലെടുത്താല്‍ തന്നെ ഇതൊരു പൊതുജനാരോഗ്യ പ്രശ്നമായി സമീപിക്കണമെന്ന് ഡ്യൂക് സർവകലാശാലയിലെ ഗവേഷകനും ടോക്സിക്കോളജി സയന്റിസ്റ്റുമായ റെബേക്ക ഹോയിൻ പറഞ്ഞു.

കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് കൊല്ലം സ്വദേശികള്‍ മരിച്ചു

തൊടുപുഴ: ഇടുക്കി മുറിഞ്ഞപുഴയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ സ്ത്രീകള്‍ മരിച്ചു.

പീരുമേട് ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം വാഹനാപകടത്തിൽ 2 പേർ മരിച്ചു.
കുട്ടിക്കാനം -കൊട്ടാരക്കര -ഡിണ്ടിക്കൽ ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടുകൂടിയാണ് അപകടം. റോഡിന്റെ ബാരിക്കേഡ് തകർത്ത് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ പാരിപ്പള്ളി സ്വദേശികളായ സിന്ധു (45), ഭദ്ര (18), എന്നിവരാണ് മരിച്ചത്. കുട്ടിക്കാനത്തുന്ന് മുണ്ടക്കയത്തേക്ക് വരും വഴിയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പാല മാർ സ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ തിരുവനന്തപുരം നാവായിക്കുളം വെട്ടു ചിറ വെള്ളായിൽ ആദിദേവ് ( 21 ) ഭാഗ്യ ( 12 ) ഷിബു ( 51) മഞ്ജു (43) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

തുടക്കത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞതിനാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

നാടുംവീടും തേങ്ങി,പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാർത്ഥിക്ക് മികച്ച വിജയം

ശാസ്താംകോട്ട: ഒടുവില്‍ ആ വിജയം ഒരു അലമുറയായൊടുങ്ങി. പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാർത്ഥിക്ക് ലഭിച്ച വിജയം കേട്ടവര്‍ക്കെല്ലാം തേങ്ങലായി. പടിഞ്ഞാറെ കല്ലട നടുവിലക്കര ഉമാനിലയത്തിൽ അനിൽ കുമാറിന്റെയും വിദ്യയുടെയും മകൻ അർജുന് (18) കണ്ണീരോടെ നാട് വിടചൊല്ലി.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം 12 കഴിഞ്ഞ് വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വച്ചു.സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേർ അന്ത്യാജ്ഞലി അർപ്പിച്ചു.1.30 ഓടെ കുടുംബ വീട്ടുവളപ്പിൽ സംസ്ക്കാരം നടത്തി. മകന്റെ മരണ വിവരമറിഞ്ഞ് കുവൈറ്റിൽ നിന്നും പിതാവ് വ്യാഴാഴ്ച രാവിലെ തന്നെ നാട്ടിലെത്തിയിരുന്നു. പകൽ 3ന് ഹയർ സെക്കന്ററി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ അർജുൻ മികച്ച വിജയമാണ് കരസ്ഥമാക്കിയത്.ഇംഗ്ലീഷ് – സി പ്ലസ്,മലയാളം – ബി പ്ലസ്,ഫിസിക്സ് -സി പ്ലസ്,കെമിസ്ട്രി – ബി,ബയോളജി -സി പ്ലസ്,മാത്തമാറ്റിക്സ് -സി പ്ലസ്. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് വീടിനുള്ളിൽ അർജുനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.