Home Blog Page 2650

കരുനാഗപ്പള്ളി മുനിസിപ്പൽ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവിൻ്റെ മകൻ

കരുനാഗപ്പള്ളി. മുനിസിപ്പൽ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവിൻ്റെ മകൻ.
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കരുനാഗപ്പള്ളിയിൽ വീണ്ടും സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതായി സൂചന. സി.പി.എമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള കരുനാഗപ്പള്ളി നഗരസഭാ ഭരണത്തിനെതിരെ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകനും പാർട്ടി അംഗവുമായ മനു ജോർജ് രൂക്ഷവുമര്‍ശനവുമായി രംഗത്തുവന്നു. തൻ്റെ എഫ്ബി പോസ്റ്റിലൂടെയാണ് നഗരസഭ ഭരണത്തിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകൻ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പദ്ധതി നിർവഹണത്തിൽ വമ്പൻ പരാജയമാണ് നഗരസഭ എന്നും, വോട്ട് ചെയ്ത തങ്ങൾക്ക് കരണത്ത് അടി നൽകിയ പോലെയാണ് നഗരസഭ ഭരണം എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. അടുത്തഭരണം കോൺഗ്രസിനോ ബിജെപിക്ക് ലഭിക്കുമെന്നും രൂക്ഷമായ ഭാഷയിൽ പറയുന്നുണ്ട്. മാഫിയാ ഭരണമെന്നും കുറ്റപ്പെടുത്തുന്നു. സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഒപ്പം താമസിക്കുന്ന മകൻ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തുവന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. കരുനാഗപ്പള്ളിയിൽ നേരത്തെ നിലനിന്നിരുന്ന രൂക്ഷമായ വിഭാഗീയത ലോക്സഭാ തെരഞ്ഞെടുപ്പോടുകൂടി അല്പം കെട്ടടങ്ങിയിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകൻ തന്നെ പരസ്യമായി നഗരസഭാ ഭരണത്തിനെതിരെ രംഗത്ത് വന്നതോടെ വരും ദിവസങ്ങളിൽ ഇതേ തുടർന്നുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

കരുനാഗപ്പള്ളിയിൽ സി.പി.എമ്മിനുള്ളിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ എതിർപക്ഷത്ത് നിലയുറപ്പിച്ച ആളാണ് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു. ചെയർമാന്റെ പല നടപടികൾക്കെതിരെയും പാർട്ടിക്കകത്തും പുറത്തും എതിർ നിലപാടുമായി സംസ്ഥാന കമ്മിറ്റി അംഗവും നിലകൊണ്ടിരുന്നു. ഈ തർക്കം രൂക്ഷമായതോടെ ചെയർമാനെ പിന്തുണച്ച നഗരസഭയുടെ മുൻ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പുതുതായി സംസ്ഥാന കമ്മിറ്റി അംഗത്തിന് താല്പര്യമുള്ള ഉദ്യോഗസ്ഥരെ നഗരസഭയുടെ ഭരണ തലവന്മാരായി കൊണ്ടുവന്നു എന്ന ആക്ഷേപമാണ് എതിർപക്ഷം ഉയർത്തുന്നത്. ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പദ്ധതി നിർവഹണത്തിൽ ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തിയതാണ് പോരായ്മ ഉണ്ടാകാൻ കാരണമെന്നും ഇവർ പറയുന്നു. ഈ അഭിപ്രായത്തിനെതിരെയാണ് പരസ്യ പ്രതികരണവുമായി പാർട്ടി അംഗം തന്നെ രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്ന വിഭാഗീയ പ്രശ്നങ്ങൾ വീണ്ടും സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകൻ തന്നെ കുത്തിപ്പൊക്കി പ്രശ്നമുണ്ടാക്കിയതിനെ സംബന്ധിച്ച് നേതൃത്വനിരയിലുള്ളവർക്ക് ശക്തമായ എതിർപ്പുണ്ട് എന്നാണറിയുന്നത്. പാർട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ മുനിസിപ്പൽ ഭരണത്തിനെതിരെ ഉത്തരമൊരു പ്രതികരണവുമായി രംഗത്തുവന്നത് അനുചിതമാണെന്ന അഭിപ്രായമാണ് പാർട്ടി നേതൃത്വത്തിലുള്ളവർക്ക് പൊതുവേ ഉള്ളത്.

തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായില്‍ , നാളെ അറഫാ സംഗമം

മിനാ.ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം. തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായില്‍ എത്തി. നാളെയാണ് ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാ സംഗമം. മിന, അറഫ തുടങ്ങിയ സ്ഥലങ്ങളിലായി 6 ദിവസം വരെ നീണ്ടു നില്‍ക്കുന്നതാണ് ഹജ്ജ് കര്‍മങ്ങള്‍.

ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നെത്തിയ 20 ലക്ഷത്തോളം തീര്‍ഥാടകര്‍ മിനായില്‍ തമ്പടിച്ചിരിക്കുകയാണ്. ഇന്ന്‍ മിനായില്‍ താമസിക്കുന്നതോടെയാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. നാളെ അറഫാ സംഗമത്തിനുള്ള തയ്യാറെടുപ്പായാണ് ഇന്നത്തെ മിനായിലെ താമസം കണക്കാക്കപ്പെടുന്നത്. യൌമുത്തര്‍വിയ്യ, അഥവാ വിശ്രമം ദിനം എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇന്ന് പ്രത്യേകിച്ച് മറ്റു ആരാധനാ കര്‍മങ്ങളൊന്നും തീര്‍ഥാടകര്‍ക്ക് നിര്‍വഹിക്കാനില്ല. നാളെ നടക്കുന്ന ഹജ്ജിന്‍റെ പ്രധാന കര്‍മമായ അറഫാ സംഗമത്തിനായി പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകര്‍ മിനായില്‍ നിന്നു യാത്ര തിരിക്കും. നാളെ പകല്‍ മുഴുവന്‍ അറഫയില്‍ സംഗമിച്ച് ഹാജിമാര്‍ പാപ മോചന പ്രാര്‍ഥനകളിലും മറ്റു ആരാധനാ കര്‍മങ്ങളിലും മുഴുകും. സൂര്യന്‍ അസ്തമിക്കുന്നതോടെ അറഫയില്‍ നിന്നു മുസ്ദലിഫയിലേക്ക് നീങ്ങും. നാളെ രാത്രി മുസ്ദലിഫയിലെ തുറന്ന മൈതാനത്ത് കഴിച്ചു കൂട്ടുന്ന തീര്‍ഥാടകര്‍ മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കും. ഞായറാഴ്ച രാവിലെ മുസ്ദലിഫയില്‍ നിന്നും മിനായില്‍ തിരിച്ചെത്തി ജംറയില്‍ കല്ലേറ് കര്‍മം നടത്തും. ബലി പെരുന്നാള്‍ ദിവസമായ ഞായറാഴ്ച തീര്‍ഥാടകര്‍ ബലി നല്കുകയും, മുടിയെടുക്കുകയും, വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കുകയും ചെയ്ത് ഇഹ്റാമിന്‍റെ പ്രത്യേക വസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിക്കും. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മിനായിലെ തമ്പുകളില്‍ താമസിച്ച് ഹാജിമാര്‍ 3 ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കും. ബുധനാഴ്ചയോടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാ തീര്‍ഥാടകരും മിനായോട് വിടപറയും. അനധികൃത തീര്‍ഥാടകരെ തടയാന്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത്. നുസുക് കാര്‍ഡ് ഉള്ള തീര്‍ഥാടകരെ മാത്രമാണു മിനായിലേക്ക് പ്രവേശിപ്പിക്കുന്നത്. പുണ്യസ്തലങ്ങള്‍ക്കിടയില്‍ തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാന്‍ മെട്രോ സര്‍വീസും, ബസ് സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെയും മേല്‍നോട്ടത്തിലാണ് കര്‍മങ്ങള്‍ പുരോഗമിക്കുന്നത്.

അഞ്ചലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; വൃദ്ധ ദമ്പതികൾ ഗുരുതരാവസ്ഥയിൽ

അഞ്ചൽ: വീടിനുള്ളിൽ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് വീട് തകരുകയും വൃദ്ധ ദമ്പതികൾക്ക് ഗുരുതരമായി പരക്കേൽക്കുകയും ചെയ്തു. പനയഞ്ചേരി ചന്ദ്രോ വിലാസത്തിൽ മനോഹരൻ പിള്ള (65) ലളിത ( 61 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും  തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഉഗ്രസ്ഫോടനത്തിൻ്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത്, തകർന്ന വീടിനുള്ളിൽ ഗുരുരമായി പരിക്കേറ്റു കിടക്കുന്ന മനോഹരൻ പിള്ളയെയാണ്.ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസും നാട്ടുകാരും ചേർന്ന് 
വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് അടുക്കളയിൽ തകർന്ന സ്ലാബുകൾക്കിടയിൽ കിടക്കുന്ന ലളിതയെ കണ്ടെത്തിയത്.ഉടൻ തന്നെ ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുപകരണങ്ങളും വീടിന്റെ ഭാഗങ്ങളും നശിച്ചു. ഇവരുടെ ഏക മകൻ മനോജ് ഏതാനും മാസം മുമ്പാണ് വാഹനാപകടത്തിൽ മരിച്ചത്.

കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

ചവറ : മുൻവിരോധം നിമിത്തം കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. ഭരണിക്കാവ്, പുലിപ്പുരതെക്കതിൽ വീട്ടിൽ ബാബു മകൻ അൻസാരി(26), ആണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. തേവലക്കര സ്വദേശി ഷംനാദ്(32) നെയാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മെയ് മാസം ആറാം തീയതി രാത്രി 9:30 മണിയോടെ തേവലക്കര വില്ലേജിൽ പാലയ്ക്കലുള്ള ബന്ധുവീടിന് സമീപം നിൽക്കുകയായിരുന്ന ഷംനാദിനെ പ്രതിയും സംഘവും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇരുകൈകളിലും വലത് കാൽ മുട്ടിലും വെട്ടിയും ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കൽപ്പിക്കുകയും ചെയ്യ്തു. ഷംനാദിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തി വന്ന ചവറ തെക്കുംഭാഗം പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പോലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ സിപിഒ മാരായ അനീഷ്, അഫ്‌സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്. 

മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രനടപടി ഔചിത്യപരമല്ല; കുവൈത്ത് ഫലപ്രദമായി ഇടപെട്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസ ലോകത്തുണ്ടായതിൽ ഏറ്റവും വലിയ ദുരന്തമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കുവൈത്ത് ഫലപ്രദമായി ഇടപെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മരിച്ചവർക്ക് അനുശോചനം അറിയിച്ചത്.

ആരോഗ്യമന്ത്രി വീണ ജോർജിന്റെ കുവൈത്ത് യാത്രയെ വിലക്കിയ കേന്ദ്രനടപടിയെ മുഖ്യമന്ത്രി അപലപിച്ചു. മരണവീട്ടിൽ പോകുന്നത് നാടിന്റെ സംസ്‌കാരമാണ്. കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി ഔചിത്യപരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

പരുക്കേറ്റ് കിടക്കുന്നവരെ കാണുകയെന്നതടക്കമുള്ള കാര്യങ്ങൾക്കായാണ് മന്ത്രിയെ അയച്ചത്. ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്. ക്ലിയറൻസ് ഇല്ലെന്നാണ് കേന്ദ്രം നൽകിയ മറുപടി. മതിയായ നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പ് വേണം. ഇതിന് കുവൈത്ത് സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരളിപ്പൂവ് കഴിച്ചെന്ന സംശയം: എറണാകുളത്ത് രണ്ട് വിദ്യാർഥികൾ ചികിത്സയിൽ

കൊച്ചി: അരളിപ്പൂവ് കഴിച്ചെന്ന സംശയത്തെ തുടർന്ന് എറണാകുളത്ത് രണ്ട് വിദ്യാർഥികൾ ചികിത്സയിൽ. എറണാകുളത്തെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളെയാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.
ഇന്ന് രാവിലെ ക്ലാസിൽ വച്ച് തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സിഎച്ച്സിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.
വീട്ടിൽ നിന്ന് വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടർമാരോട് പറഞ്ഞത്. രക്ത സാമ്പിളുകൾ വിദഗ്ദ പരിശോധയ്ക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂർ കർശന നിരീക്ഷണത്തിന് ശേഷം തുടർ ചികിത്സാ കാര്യത്തിൽ തീരുമാനമെടുക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം.

എം ബി എ സ്പോട്ട് അഡ്‌മിഷൻ

ശാസ്താംകോട്ട: ബസേലിയോസ് മാത്യുസ് II കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 2024 എംബിഎ വിഷയത്തിലുള്ള ബാച്ചിലേയ്ക്ക് അഡ്‌മിഷൻ ആരംഭിച്ചു. ഏതെങ്കിലും ബിരുദമാണ് അടിസ്ഥാന യോഗ്യത. SC, OEC സംവരണസീറ്റുകളിലേക്കും ഏതാനും ഒഴിവുകളുണ്ട്. പ്രവേശനപരീക്ഷയായ KMAT നു വേണ്ടി ഉള്ള പരിശീലന ക്ലാസ്സുകളും നടന്നുവരുന്നു. Contact No.9496735944

പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ പ്രൊഫൈലുകൾക്കെതിരെ അന്വേഷണം തുടങ്ങിയതായി പോലീസ് ഹൈക്കോടതിയില്‍

കൊച്ചി.വടകരയിലെ വ്യാജ സ്ക്രീൻ ഷോട്ട് വിഷയത്തില്‍ പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ പ്രൊഫൈലുകൾക്കെതിരെ അന്വേഷണം തുടങ്ങിയതായി പോലീസ് ഹൈക്കോടതിയില്‍.ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും.
”കാഫിർ” വ്യാജ സ്ക്രീൻ ഷോട്ട് വിവാദത്തിൽ
പികെ ഖാസിമിന് എതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് വടകര പോലീസ് വ്യക്തമാക്കി.

വടകര എസ്എച്ച്ഒ ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്.അറസ്റ്റിലേക്ക് കടക്കും.
”കാഫിർ” വ്യാജ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പി.കെ ഖാസിമിൻ്റെ മൊബൈൽ ഫോൺ പരിശോധിച്ചിരുന്നു.
സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും പികെ ഖാസിമിൻ്റെ മൊബൈൽ ഫോണിൽ നിന്നല്ലെന്ന് വ്യക്തമായി.

കേസിൽ ഫേസ്ബുക് നോഡൽ ഓഫീസറെ പ്രതിയാക്കി പ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട് .
പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ എന്നീ ഫേസ്ബുക് പ്രൊഫൈലുകൾക്ക് എതിരെ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ഈ ഫേസ് ബുക്ക് പേജുകളിലാണ് വ്യാജ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് .
ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും.
പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലായെന്ന് ചൂണ്ടിക്കാട്ടി പി.കെ ഖാസിം നൽകിയ ഹർജിയിലാണ് എസ്.എച്ച്.ഒയുടെ റിപ്പോർട്ട്.

കൊല്‍ക്കത്ത നഗരത്തിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം

കൊല്‍ക്കത്ത. നഗരത്തിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 12.30 യോടെയാണ് തീപിടുത്തം ഉണ്ടായത്.മാളിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ഫുഡ് കോർട്ടിൽ നിന്ന് മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു.കുടുങ്ങിക്കിടന്നയാളുകളെ അഗ്നിരക്ഷാസേനയും പോലീസും രക്ഷപ്പെടുത്തുകയായിരുന്നു.ആളപായമില്ല.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് 10 ഫയർ എൻജിനുകളുടെ സഹായത്തോടെ തീയണച്ചത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു

പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

കോട്ടയം. പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ കുരുവിള ജോർജാണ് തൂങ്ങിമരിച്ചത്. കഞ്ഞിക്കുഴിയിലെ വീട്ടിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. മെഡിക്കൽ
അവധിയെടുത്താണ് കുരുവിള ജോർജ് വീട്ടിൽ എത്തിയത്