തിരുവനന്തപുരം: വിതുരയിൽ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ആന്ധ്ര സ്വദേശിയെയും സുഹൃത്തിനെയും നാട്ടുകാർ പിടികൂടി വിതുര പൊലീസിൽ ഏൽപ്പിച്ചു.
വിതുര തോട്ടുമുക്കിൽ 7 മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ സിറ്റ് ഔട്ടിന് സമീപം കളിച്ച് കൊണ്ട് ഇരുന്ന കുട്ടിയെ ആന്ധ്ര സ്വദേശിയും സുഹൃത്തും എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
പ്രതിയെയും കൂടെ ഉണ്ടായിരുന്ന ആളെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇരുവരെയും കസറ്റ്ഡിയിൽ എടുത്ത വിതുര പൊലീസ് അന്വേഷണം ആരംഭിച്ചു.
വിതുരയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആന്ധ്ര സ്വദേശി പിടിയിൽ
മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈ 22ന്; ജൂലൈ 3ന് സാമ്പത്തിക സർവേ അവതരണം
ന്യൂ ഡെൽഹി:മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ജൂലൈ 22ന് എന്ന് സൂചന. ധനമന്ത്രി നിർമല സീതാരാൻ ബജറ്റ് അവതരിപ്പിക്കും. കാർഷിക മേഖല പുനരുജ്ജീവിപ്പിക്കുന്നതും തൊഴിലില്ലായ്മ പരിഹരിക്കുന്നതും പ്രധാന അജണ്ടയായിരിക്കും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസമായ ജൂലൈ മൂന്നിന് സാമ്പത്തിക സർവേ അവതരിപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മൂലധനച്ചെലവ് കൂട്ടാനുദ്ദേശിച്ച് വരുമാന വളർച്ച കൂട്ടാനുള്ള നടപടികൾ ബജറ്റിലുണ്ടാകും. ജി എസ് ടി ലളിതമാക്കുന്നതിനും നികുതി അടയ്ക്കുന്നവരുടെ എണ്ണം കൂട്ടാനുള്ള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കും. നികുതി നടപടികൾ കൂടുതൽ ലഘൂകരിച്ച് കൂടുതൽ പേരെ നികുതി അടയ്ക്കലിലേക്ക് കൊണ്ടുവരാനാണ് നീക്കം.
പുതിയ സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾ തയ്യാറാക്കിയ നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. തുകൽ വ്യവസായം പോലെ തൊഴിലവസരങ്ങൾ കൂടുതലുള്ള മേഖലകൾക്ക് ഉത്തേജന പദ്ധതികളുണ്ടായേക്കും. ധനമന്ത്രിയെന്ന നിലയിൽ നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാം ബജറ്റവതരണമാണിത്.
നീറ്റ് പരീക്ഷ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ എൻടിഎ യക്ക് സുപ്രീംകോടതി നോട്ടീസ്
ന്യൂഡെല്‍ഹി. നീറ്റ് പരീക്ഷ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ എൻ.ടി.എ യക്ക് സുപ്രീംകോടതി നോട്ടീസ്.കൗൺസിലിങ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി വിസമ്മതിച്ചു.നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.
നീറ്റ് പരീക്ഷ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും അന്വേഷിക്കണമെന്ന ഹർജികളിലാണ് സുപ്രീംകോടതി NTA യ്ക്കും കേന്ദ്രസർക്കാരിനും നോട്ടീസ് അയച്ചിരിക്കുന്നത്.രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു.പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റു ഹർജികൾക്കൊപ്പം അടുത്തമാസം എട്ടിനാണ് കേസ് വീണ്ടും പരിഗണിക്കുക.കോട്ട കോച്ചിങ് സെന്‍ററിൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്തതിന് കാരണം നീറ്റ്-യു.ജി ഫലങ്ങളല്ലെന്നും സി.ബി.ഐ അന്വേഷണത്തിനായി വൈകാരിക വാദങ്ങൾ ഹരജിക്കാർ ഉന്നയിക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.കേന്ദ്രസർക്കാരും എൻടിഎയും വിദ്യാർത്ഥികളെ ഇരുട്ടിൽ നിർത്തുന്നുവെന്ന് ആരോപിച്ചാണ് ശാസ്ത്രീ ഭവനിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത് .മന്ത്രി ധർമ്മേന്ദ്രപ്രധാനെ കണ്ട വിദ്യാർഥികൾ നിവേദനം കൈമാറി. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞബധമാണെന്ന് മന്ത്രി പറഞ്ഞു
കോടതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചതോടെ നീറ്റ് കൗൺസിലിംഗ് ഉടൻ ആരംഭിക്കും.അതേസമയം 580 മാർക്കിൽ കൂടുതൽ നേടിയ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.പരീക്ഷാ കേന്ദ്രങ്ങളുടെ വീഡിയോ റെക്കോർഡിംഗും പുറത്തുവിടണമെന്നാണ് ആവശ്യം
ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു
ബംഗളുരു.ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡേ (71) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ISRO യിൽ നിന്ന് പിരിഞ്ഞതിന് ശേഷം ബംഗളുരുവിലെ സ്പേസ് സ്റ്റാർട്ട് അപ്പ് കമ്പനിയുമായി സഹകരിച്ചു പ്രവർത്തിക്കുകയായിരുന്നു
അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനുമതി നൽകി
ന്യൂഡെല്‍ഹി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന അനുമതി നൽകി. 2010 ഒക്ടോബർ 21ന് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടന, ആസാദി ദ ഓൺലി വേ എന്ന പേരിൽ കോൺഫറൻസിൽ നടത്തിയ
പരാമർശത്തിൽ ആണ് കേസ്.
അരുന്ധതി റോയിക്കൊപ്പം പരിപാടിയിൽ സംസാരിച്ച ഡോ. ഷെയ്ഖ് ഷോക്കത്ത് ഹുസൈനെയും പ്രോസി ക്യൂട്ട് ചെയ്യാൻ അനുമതി നൽകി.കശ്മീരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സുശില്‍ പണ്ഡിറ്റിന്റെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത്.കഴിഞ്ഞ ഒക്ടോബറില്‍ സിആര്‍പിസി 196ാം വകുപ്പ് പ്രകാരം ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാനും ലെഫ്‌നന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു
കരുനാഗപ്പള്ളി മുനിസിപ്പൽ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവിൻ്റെ മകൻ
കരുനാഗപ്പള്ളി. മുനിസിപ്പൽ ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവിൻ്റെ മകൻ.
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കരുനാഗപ്പള്ളിയിൽ വീണ്ടും സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതായി സൂചന. സി.പി.എമ്മിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള കരുനാഗപ്പള്ളി നഗരസഭാ ഭരണത്തിനെതിരെ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകനും പാർട്ടി അംഗവുമായ മനു ജോർജ് രൂക്ഷവുമര്‍ശനവുമായി രംഗത്തുവന്നു. തൻ്റെ എഫ്ബി പോസ്റ്റിലൂടെയാണ് നഗരസഭ ഭരണത്തിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകൻ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. പദ്ധതി നിർവഹണത്തിൽ വമ്പൻ പരാജയമാണ് നഗരസഭ എന്നും, വോട്ട് ചെയ്ത തങ്ങൾക്ക് കരണത്ത് അടി നൽകിയ പോലെയാണ് നഗരസഭ ഭരണം എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. അടുത്തഭരണം കോൺഗ്രസിനോ ബിജെപിക്ക് ലഭിക്കുമെന്നും രൂക്ഷമായ ഭാഷയിൽ പറയുന്നുണ്ട്. മാഫിയാ ഭരണമെന്നും കുറ്റപ്പെടുത്തുന്നു. സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഒപ്പം താമസിക്കുന്ന മകൻ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തുവന്നത് സി.പി.എം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. കരുനാഗപ്പള്ളിയിൽ നേരത്തെ നിലനിന്നിരുന്ന രൂക്ഷമായ വിഭാഗീയത ലോക്സഭാ തെരഞ്ഞെടുപ്പോടുകൂടി അല്പം കെട്ടടങ്ങിയിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകൻ തന്നെ പരസ്യമായി നഗരസഭാ ഭരണത്തിനെതിരെ രംഗത്ത് വന്നതോടെ വരും ദിവസങ്ങളിൽ ഇതേ തുടർന്നുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
കരുനാഗപ്പള്ളിയിൽ സി.പി.എമ്മിനുള്ളിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ എതിർപക്ഷത്ത് നിലയുറപ്പിച്ച ആളാണ് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു. ചെയർമാന്റെ പല നടപടികൾക്കെതിരെയും പാർട്ടിക്കകത്തും പുറത്തും എതിർ നിലപാടുമായി സംസ്ഥാന കമ്മിറ്റി അംഗവും നിലകൊണ്ടിരുന്നു. ഈ തർക്കം രൂക്ഷമായതോടെ ചെയർമാനെ പിന്തുണച്ച നഗരസഭയുടെ മുൻ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പുതുതായി സംസ്ഥാന കമ്മിറ്റി അംഗത്തിന് താല്പര്യമുള്ള ഉദ്യോഗസ്ഥരെ നഗരസഭയുടെ ഭരണ തലവന്മാരായി കൊണ്ടുവന്നു എന്ന ആക്ഷേപമാണ് എതിർപക്ഷം ഉയർത്തുന്നത്. ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന പദ്ധതി നിർവഹണത്തിൽ ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തിയതാണ് പോരായ്മ ഉണ്ടാകാൻ കാരണമെന്നും ഇവർ പറയുന്നു. ഈ അഭിപ്രായത്തിനെതിരെയാണ് പരസ്യ പ്രതികരണവുമായി പാർട്ടി അംഗം തന്നെ രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്ന വിഭാഗീയ പ്രശ്നങ്ങൾ വീണ്ടും സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകൻ തന്നെ കുത്തിപ്പൊക്കി പ്രശ്നമുണ്ടാക്കിയതിനെ സംബന്ധിച്ച് നേതൃത്വനിരയിലുള്ളവർക്ക് ശക്തമായ എതിർപ്പുണ്ട് എന്നാണറിയുന്നത്. പാർട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ മുനിസിപ്പൽ ഭരണത്തിനെതിരെ ഉത്തരമൊരു പ്രതികരണവുമായി രംഗത്തുവന്നത് അനുചിതമാണെന്ന അഭിപ്രായമാണ് പാർട്ടി നേതൃത്വത്തിലുള്ളവർക്ക് പൊതുവേ ഉള്ളത്.
തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായില്‍ , നാളെ അറഫാ സംഗമം
മിനാ.ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം. തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായില്‍ എത്തി. നാളെയാണ് ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാ സംഗമം. മിന, അറഫ തുടങ്ങിയ സ്ഥലങ്ങളിലായി 6 ദിവസം വരെ നീണ്ടു നില്‍ക്കുന്നതാണ് ഹജ്ജ് കര്‍മങ്ങള്‍.
ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നെത്തിയ 20 ലക്ഷത്തോളം തീര്‍ഥാടകര്‍ മിനായില്‍ തമ്പടിച്ചിരിക്കുകയാണ്. ഇന്ന്‍ മിനായില്‍ താമസിക്കുന്നതോടെയാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. നാളെ അറഫാ സംഗമത്തിനുള്ള തയ്യാറെടുപ്പായാണ് ഇന്നത്തെ മിനായിലെ താമസം കണക്കാക്കപ്പെടുന്നത്. യൌമുത്തര്‍വിയ്യ, അഥവാ വിശ്രമം ദിനം എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇന്ന് പ്രത്യേകിച്ച് മറ്റു ആരാധനാ കര്‍മങ്ങളൊന്നും തീര്‍ഥാടകര്‍ക്ക് നിര്‍വഹിക്കാനില്ല. നാളെ നടക്കുന്ന ഹജ്ജിന്‍റെ പ്രധാന കര്‍മമായ അറഫാ സംഗമത്തിനായി പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകര്‍ മിനായില്‍ നിന്നു യാത്ര തിരിക്കും. നാളെ പകല്‍ മുഴുവന്‍ അറഫയില്‍ സംഗമിച്ച് ഹാജിമാര്‍ പാപ മോചന പ്രാര്‍ഥനകളിലും മറ്റു ആരാധനാ കര്‍മങ്ങളിലും മുഴുകും. സൂര്യന്‍ അസ്തമിക്കുന്നതോടെ അറഫയില്‍ നിന്നു മുസ്ദലിഫയിലേക്ക് നീങ്ങും. നാളെ രാത്രി മുസ്ദലിഫയിലെ തുറന്ന മൈതാനത്ത് കഴിച്ചു കൂട്ടുന്ന തീര്‍ഥാടകര്‍ മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കും. ഞായറാഴ്ച രാവിലെ മുസ്ദലിഫയില്‍ നിന്നും മിനായില്‍ തിരിച്ചെത്തി ജംറയില്‍ കല്ലേറ് കര്‍മം നടത്തും. ബലി പെരുന്നാള്‍ ദിവസമായ ഞായറാഴ്ച തീര്‍ഥാടകര്‍ ബലി നല്കുകയും, മുടിയെടുക്കുകയും, വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കുകയും ചെയ്ത് ഇഹ്റാമിന്‍റെ പ്രത്യേക വസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിക്കും. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മിനായിലെ തമ്പുകളില്‍ താമസിച്ച് ഹാജിമാര്‍ 3 ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കും. ബുധനാഴ്ചയോടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാ തീര്‍ഥാടകരും മിനായോട് വിടപറയും. അനധികൃത തീര്‍ഥാടകരെ തടയാന്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത്. നുസുക് കാര്‍ഡ് ഉള്ള തീര്‍ഥാടകരെ മാത്രമാണു മിനായിലേക്ക് പ്രവേശിപ്പിക്കുന്നത്. പുണ്യസ്തലങ്ങള്‍ക്കിടയില്‍ തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാന്‍ മെട്രോ സര്‍വീസും, ബസ് സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെയും മേല്‍നോട്ടത്തിലാണ് കര്‍മങ്ങള്‍ പുരോഗമിക്കുന്നത്.
അഞ്ചലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; വൃദ്ധ ദമ്പതികൾ ഗുരുതരാവസ്ഥയിൽ
അഞ്ചൽ: വീടിനുള്ളിൽ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് വീട് തകരുകയും വൃദ്ധ ദമ്പതികൾക്ക് ഗുരുതരമായി പരക്കേൽക്കുകയും ചെയ്തു. പനയഞ്ചേരി ചന്ദ്രോ വിലാസത്തിൽ മനോഹരൻ പിള്ള (65) ലളിത ( 61 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഉഗ്രസ്ഫോടനത്തിൻ്റെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കണ്ടത്, തകർന്ന വീടിനുള്ളിൽ ഗുരുരമായി പരിക്കേറ്റു കിടക്കുന്ന മനോഹരൻ പിള്ളയെയാണ്.ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസും നാട്ടുകാരും ചേർന്ന്
വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് അടുക്കളയിൽ തകർന്ന സ്ലാബുകൾക്കിടയിൽ കിടക്കുന്ന ലളിതയെ കണ്ടെത്തിയത്.ഉടൻ തന്നെ ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുപകരണങ്ങളും വീടിന്റെ ഭാഗങ്ങളും നശിച്ചു. ഇവരുടെ ഏക മകൻ മനോജ് ഏതാനും മാസം മുമ്പാണ് വാഹനാപകടത്തിൽ മരിച്ചത്.
കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
ചവറ : മുൻവിരോധം നിമിത്തം കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. ഭരണിക്കാവ്, പുലിപ്പുരതെക്കതിൽ വീട്ടിൽ ബാബു മകൻ അൻസാരി(26), ആണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. തേവലക്കര സ്വദേശി ഷംനാദ്(32) നെയാണ് ഇയാൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മെയ് മാസം ആറാം തീയതി രാത്രി 9:30 മണിയോടെ തേവലക്കര വില്ലേജിൽ പാലയ്ക്കലുള്ള ബന്ധുവീടിന് സമീപം നിൽക്കുകയായിരുന്ന ഷംനാദിനെ പ്രതിയും സംഘവും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇരുകൈകളിലും വലത് കാൽ മുട്ടിലും വെട്ടിയും ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കൽപ്പിക്കുകയും ചെയ്യ്തു. ഷംനാദിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തി വന്ന ചവറ തെക്കുംഭാഗം പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പോലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ സിപിഒ മാരായ അനീഷ്, അഫ്‌സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രനടപടി ഔചിത്യപരമല്ല; കുവൈത്ത് ഫലപ്രദമായി ഇടപെട്ടെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസ ലോകത്തുണ്ടായതിൽ ഏറ്റവും വലിയ ദുരന്തമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കുവൈത്ത് ഫലപ്രദമായി ഇടപെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മരിച്ചവർക്ക് അനുശോചനം അറിയിച്ചത്.
ആരോഗ്യമന്ത്രി വീണ ജോർജിന്റെ കുവൈത്ത് യാത്രയെ വിലക്കിയ കേന്ദ്രനടപടിയെ മുഖ്യമന്ത്രി അപലപിച്ചു. മരണവീട്ടിൽ പോകുന്നത് നാടിന്റെ സംസ്‌കാരമാണ്. കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി ഔചിത്യപരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
പരുക്കേറ്റ് കിടക്കുന്നവരെ കാണുകയെന്നതടക്കമുള്ള കാര്യങ്ങൾക്കായാണ് മന്ത്രിയെ അയച്ചത്. ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്. ക്ലിയറൻസ് ഇല്ലെന്നാണ് കേന്ദ്രം നൽകിയ മറുപടി. മതിയായ നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പ് വേണം. ഇതിന് കുവൈത്ത് സർക്കാർ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.






































