Home Blog Page 2599

പ്രോടൈം സ്പീക്കർ സ്ഥാനം, കൊടിക്കുന്നിലിനെ ഒഴിവാക്കിയതിൽ വിവാദം

ന്യൂഡെല്‍ഹി.പ്രോടൈം സ്പീക്കർ സ്ഥാനത്തേക്ക് പ്രതിപക്ഷ അംഗം കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയതിൽ വിവാദം. പദവിയിലേക്ക് തന്നെ പരിഗണിക്കാതിരുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു . എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയത് ഗൂഢ ഉദ്ദേശത്തോടെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വ്യക്തമാക്കി.

പ്രതിപക്ഷത്തിനു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകില്ല: നയം വ്യക്തമാക്കുകയാണ് കേന്ദ്രസർക്കാർ പ്രോ ടൈം സ്പീക്കർ ആയി ബിജെപി അംഗത്തെ തെരഞ്ഞെടുത്തതോടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമായി. 1998 മുതൽ ഒഡിഷയിലെ കട്ടക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭർതൃഹരി മഹ്താബ് ആണ് പ്രോ ടൈം സ്പീക്കർ.ജൂൺ 24ന് ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും 26ന് സ്പീക്കർ തിരഞ്ഞെടുപ്പിനും മഹ്താബ് മേല്‍നോട്ടം വഹിക്കും.. എട്ടുതവണ അംഗമായ കുടിക്കുന്നിൽ സുരേഷിനെ തഴഞ്ഞാണ് ബിജെപി അംഗത്തെ പ്രോ ടൈം സ്പീക്കറായി നിയമിച്ചത് .

മഹ്താബിനെ സഹായിക്കാൻ നിശ്ചയിച്ച പാനലിൽ കൊടിക്കുന്നിൽ സുരേഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിഎംകെയുടെ ടി.ആർ.ബാലു, ബിജെപിയുടെ രാധാ മോഹൻ സിങ്, ഫഗ്ഗൻ സിങ് കുലസ്‌തെ, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദ്യോപാധ്യായ എന്നിവരും പാനലിൽ ഉണ്ട്.

അരവിന്ദ് കേജരിവാളിൻ്റെ ജാമ്യത്തിന് ദില്ലി ഹൈക്കോടതിയുടെ താല്ക്കാലിക സ്റ്റേ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ ജാമ്യത്തിന് ദില്ലി ഹൈക്കോടതിയുടെ താല്ക്കാലിക സ്റ്റേ. ഇ ഡി യുടെ അപ്പീൽ തീർപ്പാക്കുന്നത് വരെയായിരിക്കും സ്റ്റേ. ഇ ഡി യുടെ അപ്പീൽ ഉടൻ കേൾക്കും. അതു കൊണ്ട് ഇന്ന് കേജരിവാളിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.
അറസ്റ്റിലായി ഇന്ന് മൂന്ന് മാസം തികയാനിരിക്കെയാണ് ഡൽഹി റോസ് അവന്യു കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കോടതി ഉത്തരവ് ഇട്ടിരുന്നു.
ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന ഇ ഡി യുടെ ആവശ്യം കോടതി തള്ളിയതാണ്.ഇതിനെ തിരെയാണ് ഹൈക്കോടതിയെ ഇഡി സമീപിച്ചത്. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജരിവാളിനു സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യകാലാവധിക്ക് ശേഷം ജൂൺ രണ്ടിനാണ് കെജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തിയത്.

അനധികൃതമായി ലൈസൻസ് നൽകാൻ എ.എ.പിയിലെ മുതിർന്ന നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നതുമാണ് കെജ്രിവാളിനെതിരെയുള്ള കേസ്. മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

യുഎഇയില്‍ ആശ്രിത വിസയില്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിന് പുതിയ നിബന്ധനകള്‍ വരുന്നത് അറിഞ്ഞോ

യുഎഇയില്‍ ആശ്രിത വിസയില്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിന് പുതിയ നിബന്ധനകള്‍. അഞ്ച് ബന്ധുക്കളെ താമസ വിസയില്‍ കൊണ്ടുവരണമെങ്കില്‍ 10,000 ദിര്‍ഹം ശമ്ബളവും താമസ സൗകര്യവും നിര്‍ബന്ധമാണ്.

ആറാമത് ഒരാളെ കൂടി സ്പോണ്‍സര്‍ ചെയ്യണമെങ്കില്‍ ശമ്ബളം 15,000 ദിര്‍ഹം ഉണ്ടാകണമെന്നും ഡിജിറ്റല്‍ ഗവണ്‍മെന്റിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

യുഎയിലേക്ക് ആറില്‍ കൂടുതല്‍ പേരെ സ്പോണ്‍സര്‍ ചെയ്യാനുള്ള അപേക്ഷയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ഐസിപി) ഡയറക്ടര്‍ ജനറല്‍ തീരുമാനമെടുക്കും. പുതിയ നിയമം എന്ന് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല.

നിലവിലെ നിയമം അനുസരിച്ച് യുഎഇയില്‍ റഡിസന്‍സ് വിസയുള്ളയാളുടെ ജീവിത പങ്കാളി, പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, ഇരുവരുടെയും മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ആശ്രിത വിസ ലഭിക്കുക. നിലവിലെ നിയമം അനുസരിച്ച് റസിഡന്‍സ് വിസയില്‍ ജീവിത പങ്കാളിയെയും മക്കളെയും കൊണ്ടുവരുന്നതിന് 4000 ദിര്‍ഹമാണ് ശമ്ബള പരിധി. അല്ലാത്ത പക്ഷം 3000 ദിര്‍ഹം ശമ്ബളവും സ്വന്തം പേരില്‍ താമസ സൗകര്യവും ഉണ്ടാകണം.

പാതിരാത്രി ചെറുവള്ളത്തില്‍ കയറ്റി ഗര്‍ഭിണിയെ അക്കരെ കടത്തി ,ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, മിനിറ്റുകള്‍ക്കകം പ്രസവം, ഇത് ആശാവര്‍ക്കറുടെ ത്യാഗകഥ

ഹരിപ്പാട്: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ കഴിയാതെ മരണാസന്നയായ അതിഥിതൊഴിലാളിയായ യുവതിക്ക് തുണയായി ആശാവര്‍ക്കര്‍.

വീയപുരം മൂന്നാം വാര്‍ഡില്‍ കട്ടകുഴിപാടത്തിന്റേയും അച്ചന്‍കോവിലാറിന്റേയും ഓരത്തുള്ള ചിറയില്‍ അഞ്ചുവര്‍ഷമായി താമസിക്കുന്ന മൈസൂര്‍ സ്വദേശിയായ സരിത(25)യ്ക്കാണ് ആശാവര്‍ക്കര്‍ ഓമന രക്ഷകയായത്. തിങ്കളാഴ്ച പാതിരാത്രിയോടെയാണ് സംഭവം. രാത്രി വൈകിയാണ് സരിതക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

ആശുപത്രിയിലെത്തിക്കാന്‍ മറ്റ് വഴിയൊന്നുമില്ലാഞ്ഞതോടെ ആശാവര്‍ക്കര്‍ ഓമനയെ സരിതയുടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഇതോടെ ഓമന ഉറങ്ങികിടന്ന തന്റെ ജ്യേഷ്ഠന്റെ മകന്‍ ബിജുവിനെ വിളിച്ചുണര്‍ത്തി സരിത താമസിക്കുന്നിടത്തെത്തി. യാതൊരു സുരക്ഷയും ഇല്ലാതിരുന്ന ഇവരുടെ താമസസ്ഥലം ചോര്‍ന്ന് ഒലിക്കുന്നുണ്ടായിരുന്നു. വേദനകൊണ്ട് പുളഞ്ഞ സരിതയെ ചെറു വള്ളത്തില്‍ കയറ്റി ഓമനയും ബിജുവും വള്ളം തുഴഞ്ഞ് മെയിന്‍ റോഡില്‍ എത്തിച്ചു. ഉടന്‍തന്നെ ആംബുലന്‍സില്‍ കയറ്റി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും പത്ത് മിനിറ്റുള്ളില്‍ സരിത ഒരുപെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

മണിക്കുറുകളോളം സരിതയ്‌ക്കൊപ്പം ആശുപത്രിയില്‍ കഴിഞ്ഞ ഓമന, പുലര്‍ച്ചെ ആംബുലന്‍സില്‍ തന്നെ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് വീട്ടുകാരും ഇക്കാര്യം അറിയുന്നത്. സരിത ഗര്‍ഭിണിയായി മൂന്നാം മാസം മുതല്‍ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ ചെക്കപ്പ് നടത്തുന്നതിന് കൂടെപോയിരുന്നത് ഓമനയായിരുന്നു. സരിതയെ ചികിത്സിച്ചിരുന്ന താലൂക്കാശുപത്രിയിലെ ഡോക്ടര്‍ അവധിയായതിനാല്‍ ഇവരെ നേരിട്ട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നുവെന്ന് ഓമന പറഞ്ഞു.

അതിഥി തൊഴിലാളിയായ സരിതയുടെ മൂന്നാമത്തെ പ്രസവമാണിത്. അച്ചന്‍കോവിലാറിന്റെ ഓരത്തുള്ള ചിറയില്‍ മൂന്ന് കുടുംബങ്ങളിലായി പതിനഞ്ച് പേരാണ് താമസിക്കുന്നത്. ഗര്‍ഭിണിയായ സരിതയ്ക്ക് തുണയായെത്തിയ ഓമനെയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ഓമന, വാര്‍ഡ് അംഗം രഞ്ജിനി ചന്ദ്രന്‍ എന്നിവര്‍ അഭിനന്ദിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. രാഖി, ഡോ. ധന്യ, ഡോ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓമനയെ ആദരിച്ചു.

വാർത്താനോട്ടം

2024 ജൂൺ 21 വെളളി

BREAKING NEWS

? ഇടുക്കിയിൽ പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അന്നമ്മ എന്ന വീട്ടമ്മ മരിച്ചു;പ്രതി നിരപ്പേൽ സന്തോഷിനെ നേരത്തെഅറസ്റ്റ് ചെയ്തിരുന്നു.

? ഇന്ന് അന്താരാഷ്ട്ര യോഗദിനം: ലോകം ഒന്നടങ്കം യോഗയെ ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി ജമ്മുവിൽ യോഗ ദിന സന്ദേശത്തിൽ പറഞ്ഞു.

?കള്ളക്കുറിച്ചി മരണസംഖ്യ 50 ആയി; മുഖ്യ പ്രതി ചിന്ന ദൂരെ അറസ്റ്റിൽ

? കള്ളക്കുറിച്ചി വിഷമദ്യദുരന്തം അണ്ണാ ഡിഎംകെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും

? ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്ന് ജയിൽ മോചിതനാകും.

? നീറ്റ് – ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ,എൻ എസ് യു ഇന്ന് പാർലമെൻ്റ് മാർച്ച് നടത്തും

? പ്ലസ് വൺ പ്രവേശനം: കോഴിക്കോട് ജില്ലയിൽ ഇന്ന് കെ.എസ്.യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

? കേരളീയം ?

? ബോംബ് സ്ഫോടനം നടന്ന കണ്ണൂര്‍ എരിഞ്ഞോളിയിലെ പറമ്പില്‍ കാട് വെട്ടി തളിച്ച് പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

? മലപ്പുറം തുവ്വൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ സുനില്‍രാജ് പിടിയിലായി. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

? ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിന്‍വലിച്ച്, പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരള ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

? കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്‍കാന്‍ സഹായിക്കാനൊരുങ്ങി സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

? എസ്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2024 ലെ എസ്. എസ്.എല്‍.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചത്. ഇതിനോടൊപ്പം ടി.എച്ച്.എസ്.എല്‍.സി സേ പരീക്ഷ എഴുതിയ 4 വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

? കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ മടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തില്‍ സംസാരിച്ചെങ്കിലും രമേശ് ചെന്നിത്തലയെ സംസാരിക്കാന്‍ ക്ഷണിച്ചിരുന്നില്ല.

? വിഴിഞ്ഞം പോര്‍ട്ടിന്റെ ആദ്യ ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടം വളരെ ഭംഗിയായി പൂര്‍ണതയിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ലോകം മുഴുവന്‍ അറിയപ്പെടുന്ന പോര്‍ട്ട് ആയി വിഴിഞ്ഞം അറിയപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

? അനാവശ്യ നിര്‍ദ്ദേശങ്ങള്‍ നല്‍കി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി ഭാരം കൂട്ടരുതെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിസ്സാര കാര്യങ്ങള്‍ പോലും കോളം വരച്ച ഷീറ്റുകളില്‍ സ്റ്റേഷനുകളില്‍ നിന്ന് രേഖപ്പെടുത്തി നല്‍കാന്‍, മേലധികാരികള്‍ നിര്‍ദ്ദേശിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

? സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

?? ദേശീയം ??

? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. മദ്യനയ കേസില്‍ അറസ്റ്റിലായി മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ കെജ്രിവാളിന്റെ വാദങ്ങള്‍ വിചാരണ കോടതി ശരിവെച്ചു.

? നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് – നെറ്റ് വിവാദത്തിനിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന. എന്‍ടിഎയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

? രാജ്യത്ത് നോണ്‍ സ്റ്റോപ്പ് പേപ്പര്‍ ചോര്‍ച്ചയാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് നടന്ന നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ലെന്നും സംഘടനകളുമായുള്ള ബന്ധം നോക്കിയാണെന്നും അതുകൊണ്ടാണിത്തരം ക്രമക്കേടുകള്‍ തടയാന്‍ സാധിക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

? ഒഡിഷയിലെ കട്ടക്കില്‍നിന്നുള്ള ബി.ജെ.പി. എം.പി. ഭര്‍തൃഹരി മഹ്താബിനെ
18-ാം ലോക്‌സഭയിലെ പ്രോ ടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. എട്ടാംതവണ എംപിയായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് പ്രോ ടേം സ്പീക്കറാവുമെന്നായിരുന്നു നേരത്തെ
പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

? രേണുകാസ്വാമി കൊലക്കേസില്‍ പ്രതിയായ ദർശന്‍ തൂഗുദീപയ്ക്ക് ജാമ്യമില്ല. ബെംഗളുരു അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ദര്‍ശനെയും മറ്റ് മൂന്ന് പ്രതികളെയും രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

? വന്ദേ ഭാരത് എക്‌സ്പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ഖേദം രേഖപ്പെടുത്തി. ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദമ്പതികള്‍ക്ക് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയത്.

? തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രത്തിന്റെ ബേണ്‍ഡ് മെമ്മറിയും വിവിപാറ്റും തമ്മില്‍ ഒത്തുനോക്കാന്‍ ഇതുവരെ എട്ടു അപേക്ഷകള്‍ ലഭിച്ചതായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍. മൂന്നുവീതം ബി.ജെ.പി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഓരോ ഡി.എം.ഡി.കെ, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമാണ് കമ്മിഷനെ സമീപിച്ചത്.

? ജമ്മുകശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭ തിരഞ്ഞെടുപ്പ് വിദൂരത്തല്ലെന്നും ഉടന്‍ തന്നെ സ്വന്തം സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

? വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ചെരുപ്പെറിഞ്ഞ സംഭവത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറയാന്‍ മറന്നുവെന്ന പരാമര്‍ശത്തോടെയാണ് സമൂഹ മാധ്യമമായ എക്സിലെ പ്രതികരണം.

? കായികം

? ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്റെ വിജയം.

? യൂറോ കപ്പില്‍ സെര്‍ബിയ- സ്ലൊവേനിയ മത്സരം സമനിലയിലായി. 69-ാം മിനിറ്റില്‍ മുന്നിലെത്തിയ സ്ലൊവേനിയയെ 95-ാം മിനിറ്റില്‍ തിരിച്ചടിച്ചാണ് സെര്‍ബിയ സമനില പിടിച്ചെടുത്തത്.

?മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ വമ്പന്‍ താരനിരയെ സമനിലയില്‍ പിടിച്ച് ഡെന്‍മാര്‍ക്ക്. ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയ മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് ഡെന്‍മാര്‍ക്ക് കളിക്കളം വിട്ടത്.

? മൂന്നാമത്തെ മത്സരത്തില്‍ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് സ്‌പെയ്ന്‍ ഗ്രൂപ്പ് ജേതാക്കളായി യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ആലപ്പുഴയില്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം

ആലപ്പുഴ. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഇന്ന് രാവിലെ 11 മണി മുതൽ 2 മണിക്കൂർ ആലപ്പുഴ ചന്തിരൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടാകും.വാഹനങ്ങൾ തുറവൂരിൽ നിന്ന് തിരിഞ്ഞ് പോകണം എന്ന് NHA അറിയിപ്പ്

മേലാളന്മാരുടെ ശീതസമരത്തില്‍ വലഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം. ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തില്‍ വലയുന്നത് താളേത്തട്ടിലെ ഉദ്യോഗസ്ഥര്‍. പോലീസുകാർക്കിടയിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചത് ഇവരറിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്വന്തം ജില്ലകളിലേക്ക് മാറ്റം കിട്ടാതെ ദുരിതമനുഭവിക്കുകയാണ് നിരവധി പോലീസുകാർ .ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലെ എസ് പി മാർ തമ്മിലുള്ള ശീത സമരമാണ് പോലീസുകാരെ വലിക്കുന്നത്. മറ്റു ജില്ലകളിലെ പോലീസുകാരെ മടക്കി അയക്കാൻ ഉത്തരവിറങ്ങിയിട്ടും ആലപ്പുഴ എസ്പി ഉത്തരവിറക്കാത്തതോടെ ഇറക്കിയ ഉത്തരവ് നടപ്പാക്കേണ്ട എന്ന തീരുമാനത്തിലാണ് മറ്റ് എസ്പി മാരും. ഇതോടെ ദുരിതത്തിൽ ആയിരിക്കുന്നത് സാധാരണ പോലീസ് ഉദ്യോഗസ്ഥരാണ്. റേഞ്ച് ഡിഐജി നിർദ്ദേശിച്ചിട്ടും ഉത്തരവിറക്കാതെയാണ് എസ്പിമാരുടെ ഒളിച്ചുകളി

റോഡ് ചെളിക്കുണ്ടായി മാറിയതോടെ മൃതദേഹം ഒന്നര കിലോമീറ്റർ ചുമന്നു കൊണ്ടു പോയി

വയനാട്. റോഡ് ചെളിക്കുണ്ടായി മാറിയതോടെ മൃതദേഹം ഒന്നര കിലോമീറ്റർ ചുമന്നു കൊണ്ടു പോയി. മുട്ടില്‍ പഞ്ചായത്തില്‍ ചീപ്രം കുന്നിലാണ് സംഭവം. കാരാപ്പുഴ ജലസേചന പദ്ധതിയുടെ പേരില്‍ മാറ്റിപ്പാര്‍പ്പിക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് ദുരിതം

മുട്ടിൽ ചീപ്രം കുന്നിലെ രാജന്റെ മരണം നടന്നത് കഴിഞ്ഞയാഴ്ച . പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ചെളി നിറഞ്ഞ റോഡിലൂടെ ചുമന്ന്ക്കൊണ്ടുപോയത് ഒന്നരകിലോമീറ്റർ.

കാരാപ്പുഴ ജലസേചന പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട വരെ പുനരധിവസിപ്പിച്ച ഇടമാണ് ചീപ്രം കുന്ന്. വാഴവറ്റ ചീപ്രം, നെല്ലാറച്ചാൽ കുണ്ടറഞ്ഞ് എന്നിവിടങ്ങളിൽ നിന്നും 25 കുടുംബങ്ങളെയാണ് നാലുവർഷം മുമ്പ് മാറ്റിപ്പാർപ്പിച്ചത്. ഒരു അടിസ്ഥാന സൗകര്യവും ഇവിടെയില്ലെന്നാണ് പരാതി.മാറ്റിപ്പാർപ്പിച്ച 25 കുടുംബങ്ങളും ഗോത്ര വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്

കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നെടുത്ത മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ,മന്ത്രി

കൊച്ചി .കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫ്‌ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക്ക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍ നിന്നായി ഇതുവരെ 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇവയില്‍ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കാണുന്നുണ്ട്. വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാകാനുണ്ട്. ഇത് സൂചിപ്പിക്കുന്നത് വെള്ളത്തിന്റെ ഗുണനിലവാരം മോശമെന്നാണ്.
ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി വരുന്നു. ഇന്ന് മുതല്‍ ആരോഗ്യ വകുപ്പ് വിവിധ ഫ്‌ളാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകള്‍ രണ്ട് നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

പ്രൈമറിക്ക് മാത്രം അധ്യയന ദിനങ്ങളില്‍ കുറവ്,മറ്റുള്ളവ 220തന്നെ

തിരുവനന്തപുരം. പ്രൈമറിക്ക് മാത്രം അധ്യയന ദിനങ്ങളില്‍ കുറവ്,മറ്റുള്ളവ 220തന്നെയെന്ന് മന്ത്രി അറിയിച്ചു. അധ്യയന ദിവസങ്ങളുടെ എണ്ണം സംബന്ധിച്ച് നിലനിൽക്കുന്ന തർക്കത്തിൽ സമവായത്തിലെത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച യോത്തിലാണ് ഇതറിയിച്ചത്. പ്രൈമറി വിഭാഗത്തിന് (ക്ലാസ് 1 മുതൽ 5 വരെ) RTE ആക്ടിലെ വ്യവസ്ഥയ്ക്ക് വിധേയമായി 200 അധ്യയന ദിവസങ്ങളായി കുറവു വരുത്തുമെന്നും ബാക്കിയുള്ളവയുടെ അധ്യയന ദിവസങ്ങൾ 220 ആയി തുടരുമെന്നും മന്ത്രി അറിയിച്ചു.

ഒരേ ശമ്പള സ്കെയിലിലും സമാന തസ്തികയിലും ജോലി (PD ടീച്ചർ) ചെയ്യുന്ന പ്രൈമറി – അപ്പർ പ്രൈമറി അധ്യാപകരെ ഭിന്നിപ്പിക്കുന്ന നടപടി ആണിതെന്ന് അഭിപ്രായമുയര്‍ന്നു. എട്ടാം ക്ലാസ് വരെ RTE ആക്ടിൽ പറയുന്നതുപോലെ 1000 അധ്യയനമണിക്കൂർ ഉറപ്പാക്കി 200 അധ്യയന ദിവസങ്ങൾ ആക്കണമെന്നും 9, 10 ക്ലാസ്സുകൾക്ക് 200 അധ്യയന ദിവസങ്ങളിൽ 1200 അധ്യയനമണിക്കൂർ ആയി ക്രമീകരിക്കണമെന്നും ആവശ്യമുണ്ടായി. ഇതിനായി അധ്യയന സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ആക്കണമെന്നും നിർദേശിച്ചു.
ഈ കാര്യം ഒന്നുകൂടി പരിശോധിക്കാൻ മന്ത്രി പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു.

പ്രൈമറി വിഭാഗത്തിന് മാത്രം അധ്യയന ദിവസങ്ങളിൽ കുറവ് വരുത്തിക്കൊണ്ടുള്ള മന്ത്രിയുടെ നിർദേശം KSTA സ്വാഗതം ചെയ്തപ്പോൾ KPSTA, NTU, AKSTU, KSTU, KAMA, KSTC, KPTA, KSTF എന്നീ സംഘടനകൾ വിയോജിച്ചു.
അധ്യയന ദിവസങ്ങൾ സംബന്ധിച്ച പുതിയ തീരുമാനം എജി യുമായി ആലോചിച്ച് ഹൈ കോടതിയെ അറിയിക്കും.

വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സംബന്ധിച്ച് സംഘടനകൾ ഉന്നയിച്ച പരാതി അടിയന്തിരമായി പരിഹരിക്കുന്നതാണെന്ന് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകി
ഫയൽ നീക്കം സംബന്ധിച്ച പുരോഗതി ഓരോ 3 ദിവസത്തിലും പരിശോധിക്കുമെന്ന് DGE യോഗത്തെ അറിയിച്ചു. ജൂലൈ 19 ന് കോഴിക്കോടും 26 ന് എറണാകുളത്തും ആഗസ്റ്റ് 05 ന് കൊല്ലത്തും ഫയൽ തീർപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് അദാലത്തുകൾ സംഘടിപ്പിക്കുമെന്നും അദാലത്തിൽ പരിഗണിക്കേണ്ടവർക്ക് പരാതി സമർപ്പിക്കാനുള്ള അവസാന തീയതി പിന്നീട് പരസ്യപ്പെടുത്തുമെന്നും DGE അറിയിച്ചു.

അസാധുവായ UID കളിൽ മുൻവർഷത്തേക്കാൾ വളരെ കുറവ് വന്നിട്ടുണ്ടെന്നും ഈ വർഷം അവശേഷിക്കുന്നത് 2965 ആണെന്നും DGE അറിയിച്ചു.

പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് IAS, DGE എസ് ഷാനവാസ് IAS, അഡീഷണൽ ഡയറക്ടർമാരായ. എം കെ ഷൈൻ മോൻ, സി എ സന്തോഷ്, SCERT ഡയറക്ടർ Dr. ആർ കെ ജയപ്രകാശ്, കൈറ്റ് CEO കെ അൻവർ സാദത്ത്, SSK SPD സുപ്രിയ എ ആർ, ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെൻ്റിലെയും, ഡയറക്ടറേറ്റിലെയും ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികളായ പി എസ് ഗോപകുമാർ(NTU), കെ അബ്ദുൾ മജീദ്(KPSTA), ബദറുന്നിസ(KSTA), ഒ കെ ജയകൃഷ്ണൻ(AKSTU),കെ എം അബ്ദുള്ള(KSTU), ഹരീഷ് കടവത്തൂർ(KSTC), എം തമീമുദീൻ(KAMA), പി എം രാജീവ്(KPTA), ജെ ആർ സാലു (KSTF) എന്നിവരും പങ്കെടുത്തു.