പാലക്കാട്: മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി കൊല്ലം പെരിനാട് സ്വദേശി വിഷ്ണുവിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ സഹപാഠികൾ ഭക്ഷണം കഴിച്ച് മടങ്ങി വന്നപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ.
കോട്ടയം ജില്ലയിൽ ഇന്ന് സകൂൾ അവധി
കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലും ഇന്ന് സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അട്ടപ്പാടി ചുരത്തിൽ മരം വീണു, വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ആറാം വളവിൽ മരം വീണു. രാത്രി 11 മണിയോടെയുണ്ടായ സംഭവത്തെ തുടർന്ന് നൂറ് കണക്കിന് വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങി കിടക്കുന്നത്. മണ്ണാർക്കാട് – അട്ടപ്പാടി റൂട്ടിലൂടെയുള്ള വാഹനങ്ങളിൽ നിരവധി യാത്രാക്കാരുമുണ്ട്. രാത്രിയായതിനാലും മരംമുറിക്കുന്നതിന് മറ്റ് ക്രമീകരണങ്ങൾ ചെയ്യേണ്ടതിനാലും ഫയർഫോഴ്സിന് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല.
കളിയിക്കവിള കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് ഉണ്ടായേക്കും
തിരുവനന്തപുരം. കളിയിക്കവിള കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് ഉണ്ടായേക്കും. പ്രതിയെ കുറിച്ചുള്ള നിർണായക സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതി എന്ന് സംശയിക്കുന്നവരുടെ ടവർ ലൊക്കേഷൻ ഉൾപ്പെടെ ശേഖരിച്ചാണ് പൊലീസിന്റെ അന്വേഷണം. കൊല്ലപ്പെട്ട ദീപുവിൻ്റെ ഫോണിലെ അവസാന കോളുകളും ശേഖരിച്ച ശേഷമാണ് പൊലീസിന്റെ അന്വേഷണം. കൊലപാതകത്തിന് കാരണം വ്യക്തിവിരോധം അല്ലെന്നും, പണം ലക്ഷ്യം വെച്ചാണ് കൃത്യം നടത്തിയത് എന്നുമാണ് സൂചന. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ തിരുവനന്തപുരം കൈമനം സ്വദേശി ദീപുവിനെ കണ്ടെത്തിയത്. കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കവിള ഒറ്റാമരത്ത് വച്ചായിരുന്നു കൊലപാതകം. കാറിൽ ഉണ്ടായിരുന്ന പത്തുലക്ഷം രൂപയും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.
നീറ്റ്: കേരള നിയമസഭ നാളെ ചർച്ച ചെയ്യും
തിരുവനന്തപുരം: നീറ്റ് വിഷയം നാളെ കേരള നിയമസഭ ചർച്ച ചെയ്യും. ചട്ടം 300 പ്രകാരം എം
വിജിൻ എം എൽ എ വിഷയം അവതരിപ്പിക്കും. 2 മണിക്കൂർ ചർച്ചയാണ് സഭയിൽ നടക്കുക.
പിതാവിൻ്റെ അശ്രദ്ധ, മൂന്ന് വയസ്സുകാരനായ മകന്‍ കാറിലകപ്പെട്ടത് ഒന്നര മണിക്കൂര്‍
കോഴിക്കോട് .പിതാവിൻ്റെ അശ്രദ്ധ കാരണം മൂന്ന് വയസ്സുകാരനായ മകന്‍ കാറിലകപ്പെട്ടത് ഒന്നര മണിക്കൂര്‍. – നന്മണ്ടയില്‍ ആണ് സംഭവം. ചീക്കിലോട് സ്വദേശി ഷജീറിന്റെ മകനാണ് നിര്‍ത്തിയിട്ട കാറില്‍ അകപ്പെട്ടത്. കുഞ്ഞിനെ കാറിലിരുത്തി ഷജീര്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാൻ ഇറങ്ങി. താക്കോല്‍ കാറില്‍ നിന്നെടുക്കാന്‍ മറന്ന ഷജീര്‍ തിരിച്ചെത്തിയപ്പോഴേക്കും മകന്‍ അറിയാതെ കാറിന്റെ ഡോര്‍ ലോക്ക് ചെയ്തിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ഡോര്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. ഏറെ നേരത്തിന് ശേഷം നാട്ടിലുള്ള സുഹൃത്ത് വീട്ടിലുണ്ടായിരുന്ന താക്കോലുമായി വന്നതോടെയാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്
. representational pic
കെജ്രിവാളിനെ അറസ്റ്റ് ചെയ്തില്ലന്നും ചോദ്യം ചെയ്യൽ മാത്രമെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും സിബിഐ
ന്യൂ ഡെൽഹി :
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തീഹാർ ജയിലിൽ എത്തി അറസ്റ്റ് ചെയ്തില്ലന്ന് സിബിഐ രാത്രി 10 മണിയോടെയായിരുന്നു അറസ്റ്റ് നടന്നു എന്ന വാർത്ത പുറത്ത് വന്നതിന് ശേഷമാണ് വിശദീകരണം.
ജയിലിൽ എത്തി ചോദ്യം ചെയ്തിട്ടേയുള്ളൂവെന്നും അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു.ദില്ലി മദ്യനയ കേസിൽ ജാമ്യത്തിനായുള്ള ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് രാത്രി കേജരിവാളിന്നെ അറസ്റ്റ് ചെയ്യാൻ സിബിഐ നീക്കം. ജയിലിൽ കഴിയുന്ന കേജരിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇന്ന് സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് സംഭവങ്ങൾ.
വയനാട്ടില്‍ തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലങ്ങളില്‍ കുഴിബോംബുകൾ
വയനാട്. തലപ്പുഴയിൽ കുഴി ബോംബുകൾ കണ്ടെത്തി. കൊടക്കാടാണ് വീര്യംകൂടിയ സ്ഫോടക വസ്തുക്കൾ
കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകളും സ്ഫോടക
ശേഖത്തിനൊപ്പം കുഴിച്ചിട്ടവയിലുണ്ട്. പ്രദേശത്തെ ഫെൻസിങ്
പരിശോധിക്കാൻ പോയ, വനംവാച്ചർമാരാണ് ദുരൂഹമായ നിലയിൽ
എന്തോ കുഴിച്ചിട്ടത് കണ്ടെത്തിയത്. പരിശോധിച്ചപ്പോൾ,
വയറുകളും മറ്റും കണ്ടു. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു.
ബോംബ് സ്ക്വാഡ് എത്തിയാണ് നീർവീര്യമാക്കിയത്.
തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലങ്ങളിലാണ് കുഴിബോംബുകൾ
ഒരുക്കിയത്. ഒരു വർഷത്തിനിടെ തലപ്പുഴ മേഖലയിൽ മൂന്ന് തവണ
മാവോയിസ്റ്റ് തണ്ടർ ബോൾട്ട് ഏറ്റുമുട്ടൽ നടന്നിട്ടുണ്ട്.
പ്രദേശത്ത് തണ്ടർബോട്ട് നിരീക്ഷണം ശക്തമാക്കി. രാവിലെ കൂടുതൽ
തെരച്ചിലുണ്ടാകും.
കുഴിബോംബ് കണ്ടെത്തിയ വയനാട് തലപ്പുഴ മക്കിമലയിൽ നാളെ എ ടി എസ് (തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്) പ്രത്യേക സംഘം തിരച്ചിലിനെത്തും വനത്തിലും മേഖലയിലും വിശദമായി പരിശോധന നടത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നാളെ മക്കിമലയിലെത്തും
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്, ഇന്ത്യാ സഖ്യം കത്ത് നൽകി
ന്യൂ ഡെൽഹി : ഇന്ത്യാ സഖ്യത്തിൻ്റെ ശബ്ദമായി 18-ാം ലോക്സഭയിൽ രാഹുൽ ഗാന്ധി ഇനി പ്രതിപക്ഷത്തെ നയിക്കും.രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരത്തെടുത്തത് സംബന്ധിച്ച് സോണിയാ ഗാന്ധി പ്രോട്ടെം സ്പീക്കർക്ക് കത്ത് നൽകി.നാളെ സഭ ചേരുമ്പോൾ ഇക്കാര്യം പ്രോട്ടെം സ്പീക്കർ സഭയെ അറിയിക്കും. റായ്ബറേലിയിൽ നിന്നുള്ള ലോക്സഭാ അംഗമാണ് രാഹുൽ ഗാന്ധി .ഇന്നാണ് രാഹുൽ സത്യപ്രതിജ്ഞ ചെയ്തത്.
മിക്‌സികളുടെ ഒച്ച കുറയ്ക്കാന്‍ ഇതാ ചില വഴികള്‍…
കാലപ്പഴക്കം ചെല്ലുമ്പോള്‍ മിക്‌സികളുടെ ഒച്ച ഉയര്‍ന്നു തുടങ്ങും. ഈ ഒച്ച ഒരു പരിധിവരെ നമുക്കു തന്നെ കുറയ്ക്കാന്‍ സാധിക്കും. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.
ചുവരിനരികില്‍ നിന്നും നീക്കി വയ്ക്കുക
ഒച്ച കൂടുന്നത് എല്ലായ്‌പ്പോഴും മിക്‌സിയുടെ പ്രശ്‌നം കൊണ്ടായിരിക്കണം എന്നില്ല. ചുവരിനരികിലാണ് മിക്‌സി വയ്ക്കുന്നതെങ്കില്‍ ശബ്ദം പ്രതിധ്വനിച്ച് വലിയ ഒച്ചയായി കേള്‍ക്കാം. അതിനാല്‍ മിക്‌സി ഉപയോഗിക്കുമ്പോള്‍ അടുക്കളയുടെ ഏകദേശം മധ്യഭാഗത്തായി വയ്ക്കാന്‍ ശ്രദ്ധിക്കുക.
ടവ്വലിനു മുകളിലായി വയ്ക്കുക
മിക്‌സിയുടെ ശബ്ദം കുറയ്ക്കാനുള്ള മറ്റൊരു മാര്‍ഗം, ഇത് ഒരു കട്ടിയുള്ള ടവ്വലോ മാറ്റോ വിരിച്ച ശേഷം അതിനു മുകളില്‍ വയ്ക്കുക എന്നതാണ്. കൂടാതെ, അസമമായ പ്രതലങ്ങള്‍ വൈബ്രേഷനുകള്‍ക്ക് കാരണമാകുകയും ഒച്ച കൂട്ടുകയും ചെയ്യും. വൈബ്രേഷനുകള്‍ ആഗിരണം ചെയ്യാന്‍ ഒരു നോണ്‍-സ്ലിപ്പ് മാറ്റോ അല്ലെങ്കില്‍ റബ്ബര്‍ പാഡോ മിക്‌സിക്ക് കീഴില്‍ വയ്ക്കുക.
അയവുള്ള ഭാഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുക
മിക്‌സര്‍ ഓഫ് ചെയ്ത് അണ്‍പ്ലഗ് ചെയ്ത ശേഷം, അറ്റാച്ച്മെന്റുകള്‍, ബീറ്ററുകള്‍, മിക്സിംഗ് ബൗള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിക്കുക. അവയൊന്നും ലൂസല്ല എന്ന് ഉറപ്പുവരുത്തുക.
ചലിക്കുന്ന ഭാഗങ്ങള്‍ ലൂബ്രിക്കേറ്റ് ചെയ്യുക
ചില മിക്‌സറുകള്‍ക്ക് ലൂബ്രിക്കേഷന്‍ ആവശ്യമായി വരുന്ന ഗിയറോ ചലിക്കുന്ന ഭാഗങ്ങളോ കാണും. ലൂബ്രിക്കേഷന്‍ ആവശ്യമാണോ എന്നും മിക്‌സറിന് ഏത് തരത്തിലുള്ള ലൂബ്രിക്കന്റാണ് അനുയോജ്യമെന്നും നിര്‍ണ്ണയിക്കാന്‍ നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുക. ഘര്‍ഷണവും ഒച്ചയും കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ലൂബ്രിക്കന്റ് ഉപയോഗിക്കുക.
വൃത്തിയാക്കുക
കാലക്രമേണ, അവശിഷ്ടങ്ങളും ഭക്ഷ്യ വസ്തുക്കളും മിക്‌സറില്‍ അടിഞ്ഞുകൂടും, ഇത് വര്‍ദ്ധിച്ച ഒച്ചയുണ്ടാക്കും. നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മിക്‌സറും അറ്റാച്ചുമെന്റുകളും പതിവായി വൃത്തിയാക്കുക. അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുള്ള, ബീറ്റര്‍ ഷാഫ്റ്റ് അല്ലെങ്കില്‍ ഗിയറുകള്‍ പോലുള്ള ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.
ഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഫലപ്രദമല്ല എന്ന് കണ്ടാല്‍, നിര്‍മാതാവിനെയോ ഒരു പ്രൊഫഷണല്‍ അപ്ലയന്‍സ് റിപ്പയര്‍ സേവനത്തെയോ ബന്ധപ്പെടുക. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എല്ലായ്‌പ്പോഴും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ഓര്‍മിക്കുക. ഏതെങ്കിലും പരിശോധന നടത്തുന്നതിന് മുമ്പ് മിക്‌സര്‍ അണ്‍പ്ലഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.






































