Home Blog Page 2549

പെൻ പിന്‍റർ പുരസ്‌കാരം സ്വന്തമാക്കി അരുന്ധതി റോയ്

ന്യൂഡൽഹി: ഈ വർഷത്തെ പെൻ പിന്‍റർ പുരസ്‌കാരം സ്വന്തമാക്കി ബുക്കർ പ്രൈസ് ജേതാവും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ്. പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയ് നടത്തിയ വ്യാഖ്യാനങ്ങളെ പുരസ്കാര നിര്‍ണയ സമിതി പ്രശംസിച്ചു. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിന്‍ററിന്‍റെ സ്മരണയ്ക്കായാണ് വർഷം തോറും പെൻ പിന്‍റർ പുരസ്‌കാരം നൽകിവരുന്നത്.

2024 ഒക്ടോബര്‍ 10-ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അരുന്ധതി റോയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത് , മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാര്‍ക്കാണ് പെന്‍ പിന്‍റര്‍ പുരസ്‌കാരം നല്‍കിവരുന്നത്.

ഇംഗ്ലീഷ് പെന്‍ 2009-ലാണ് പുരസ്‌കാരം സ്ഥാപിച്ചത്. ഇംഗ്ലിഷ് പെന്‍ അധ്യക്ഷന്‍ റൂത്ത് ബോര്‍ത്ത്വിക്ക്, നടന്‍ ഖാലിദ് അബ്ദല്ല, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ എന്നിവരായിരുന്നു ഈ വര്‍ഷത്തെ ജൂറി അംഗങ്ങള്‍.

സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി  കോളേജ് വിദ്യാർഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി.മൂന്നുമാസം റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ പ്രതികളായ വിദ്യാർത്ഥികൾക്ക് 75% നിശ്ചിത ഹാജരില്ലെന്ന് ബോധ്യപ്പെട്ടിട്ടും കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതുവാൻ അനുമതി നൽകിയത് യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ആരോപണം.

പരീക്ഷയുടെ തലേദിവസം തിരക്കിട്ട് ഹർജി സമർപ്പിക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിച്ച് വിദ്യാർത്ഥികൾ ഉത്തരവ് സമ്പാദിക്കുകയുമായിരുന്നെന്നും ആക്ഷേപമുണ്ട്.സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അടിയന്തരമായി സർവ്വകലാശാല അപ്പീൽ നൽണമെന്നും കേസിൽ കക്ഷി ചേരാൻ സിദ്ധാർത്ഥിന്റെ മാതാപിതാക്കൾക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വെറ്ററിനറി വിസി ക്ക് നിവേദനം നൽകി.

ചടയമംഗലത്ത് ഹോട്ടലില്‍ ജോലി തേടിയെത്തിയയാള്‍ മോഷണം നടത്തി മുങ്ങി; ഒടുവില്‍ സംഭവിച്ചത്

ചടയമംഗലം: ജോലി തേടിയെത്തിയ ആള്‍ ഹോട്ടലില്‍ മോഷണം നടത്തി. മോഷണം കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ പ്രതി ചടയമംഗലം പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രതീഷ് ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചടയമംഗലം ടൗണിലെ പ്രമുഖ ഹോട്ടലിലെ ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന പണവും കമ്പനിയുടെ ടാബും മുറിയില്‍ സൂക്ഷിച്ചിരുന്ന പഴയ വസ്ത്രങ്ങളും മോഷ്ടിച്ച് ഇയാള്‍ കടന്ന് കളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം മാരൂര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ ചടയമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മറ്റ് സ്റ്റേഷനുകളിലായി മോഷണ കേസുകള്‍ നിലവിലുണ്ട്. എസ്‌ഐമാരായ മനോജ്, പ്രശാന്ത്, ഗോപന്‍, എഎസ്‌ഐ ശ്രീകുമാര്‍, ഹോം ഗാര്‍ഡ് സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മധ്യവയസ്‌കന്റെ മൃതദേഹം വീട്ടുമുറ്റത്ത് ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കടയ്ക്കലില്‍ മധ്യവയസ്‌കന്റെ ജീര്‍ണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. കടയ്ക്കല്‍ മറുപുറം കുന്നില്‍ വീട്ടില്‍ ബൈജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ചതിന്റെ തെളിവുകള്‍ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ജീര്‍ണിച്ച ശേഷം മൃതദേഹം നിലത്തുവീണതാകാമെന്നാണ് കരുതുന്നത്. എന്തെങ്കിലും മൃഗങ്ങള്‍ മൃതദേഹം കടിച്ചുവലിച്ചതായും സംശയിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായ ബൈജുവിന്റെ ഭാര്യയും മക്കളും കല്ലറ മുതുവിളയിലാണ് താമസം. ഒരാഴ്ചയായി ബൈജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. നിരന്തരം ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ ബിജു വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റ്,തലസ്ഥാനത്ത് പ്രക്ഷോഭം

ന്യൂഡെല്‍ഹി.നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റ്. 2 പ്രതികൾ പിടിയിലായത് പട്നയിൽ നിന്ന്. ഝാർഖണ്ഡിൽ പത്ത് പേരെ കസ്റ്റഡിയിൽ എടുത്തു. ജന്തർമന്ദിറിൽ കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. നീറ്റ് വിഷയം പാർലമെന്റിൽ ഉയർത്താൻ ഇന്ത്യാ സഖ്യയോഗത്തിൽ തീരുമാനം.

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം ഊർജിതമാക്കിയ സിബിഐ മനീഷ് പ്രകാശ്, അഷുതോഷ് എന്നിവരെ പട്നയിൽ നിന്ന് അറസ്റ്റ് ചെയ്തു. മെയ് 4 പരീക്ഷ ദിവസം വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കിയവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി നേരിട്ട് ബന്ധമുള്ള 10 പേരെ ഝാർഖണ്ഡിൽ നിന്ന് കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പലിന് പിന്നാലെ ജീവനക്കാരെയും സിബിഐ കസ്റ്റഡിയിലെടുത്തു. ചോദ്യപേപ്പർ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അലക്ഷ്യമായി എത്തിച്ച ഈ റിക്ഷ ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ ഡൽഹിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷഭരിതമായി. കേരളത്തിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പോലീസ് മർദ്ധനമേറ്റു.

പാർലമെന്റിലെ ഇരുസഭകളിലും നീറ്റ് നെറ്റ് പരീക്ഷാക്രമക്കേട് വിഷയം ഉന്നയിക്കാനാണ് ഇന്ത്യ സഖ്യയോഗത്തിൽ തീരുമാനമായത്. പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജിയും സഭയിൽ ആവശ്യപ്പെടും.ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് നിർണായക വിവരങ്ങൾ കൈമാറുന്നതിൽ എന്‍ടിഎ വൈമുഖ്യം കാണിച്ചു എന്ന് സിബിഐ ആരോപിച്ചു

കെഎസ്ആർടിസിയെ ബ്രത്ത് അനലൈസറും ചതിച്ചാശാനേ, ഊതിയവരെല്ലാം മദ്യപര്‍, സ്ത്രീകളും പരിശോധകരും മദ്യപരായപ്പോള്‍ പൂസായത് മെഷീനോ എന്ന് സംശയം

കോതമംഗലം. ഡ്യൂട്ടിക്കിടയിൽ മദ്യപിക്കുന്ന കെഎസ്ആർടിസി ജീവനക്കാരെ കണ്ടെത്തുന്നതിനായി വാങ്ങിയ ബ്രത്തലൈസർ ചതിച്ചതിന്റെ ക്ഷീണത്തിലാണ് കോതമംഗലം ഡിപ്പോയിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ. സ്ത്രീ ജീവനക്കാരടക്കം മദ്യപിച്ചതായി റീഡിങ് കാണിച്ച മെഷീനിൽ ,പരിശോധകർ ഊതിയപ്പോഴും ഫലം വ്യത്യസ്തമായിരുന്നില്ല. മെഷീന്റെ തകരാറാണ് കുഴപ്പങ്ങൾക്കിടയാക്കിയത് എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്

ഡ്യൂട്ടിക്കിടയിൽ മദ്യപിക്കുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനായാണ് കോതമംഗലം ഡിപ്പോയിൽ ഇൻസ്പെക്ടർ രവിയും , സാംസനും, ബ്രത്ത ലൈസറും ആയി രാവിലെ എത്തിയത്. പാലക്കാട് സർവീസിൽ പോകാൻ വന്ന കണ്ടക്ടർ ബിജുവിനെ ആദ്യം ഊതിച്ചു.മദ്യത്തിന്റെ സാന്നിധ്യമായി മെഷീനിൽ കാണിച്ചത് 39% റീഡിങ് .മദ്യം ഉപയോഗിക്കാത്ത ആളാണ് താനെന്ന വാദം ബിജു ഉന്നയിച്ചു. ഇതോടെ പരിശോധകരും ജീവനക്കാരുമായി വാക്ക് തർക്കമായി. സ്റ്റേഷൻ മാസ്റ്ററും ജീവനക്കാരനെ പിന്തുണച്ചു.ഇതോടെ സ്റ്റേഷൻ മാസ്റ്ററെ ഊതിച്ചായി പരിശോധന.സ്റ്റേഷൻ മാസ്റ്റർ ഷാജി സെബാസ്റ്റ്യൻ ഊതിയപ്പോൾ റീഡിങ് ആയി കാണിച്ചത് 40 ശതമാനം. തൊട്ടു പിന്നാലെ സ്ത്രീകളെയായി പരിശോധന.സ്റ്റോർ ജീവനക്കാരിയായ അമ്പിളി ഊതിയപ്പോഴും 40% റീഡിങ് കാണിച്ചു. റഷീദ എന്ന ജീവനക്കാരി ഊതിയപ്പോൾ റീഡിങ് കാട്ടിയത് 48% ശതമാനം.ഇതോടെ സംഘടിച്ച ജീവനക്കാർ പരിശോധനകർ ഊതണം എന്ന് ആവശ്യം ഉന്നയിച്ചു.ഇൻസ്പെക്ടർ രവി മെഷീനിൽ ഊതിയപ്പോൾ 45% ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തി. മദ്യപിക്കാത്ത ആളുകളെ വരെ മദ്യപിച്ചതായി രേഖപ്പെടുത്തിയ മെഷീന് ഇതോടെ കുഴപ്പം ഉണ്ടെന്ന വിലയിരുത്തലിൽ എത്തി. എല്ലാം മെഷീന്റെ തലയിൽ വച്ച് കെട്ടിയശേഷം എല്ലാവരും ജോലിയിൽ പ്രവേശിച്ചു.

തലസ്ഥാനത്ത് നടന്നത് ദയനീയമായ സ്ത്രീഹത്യ,ശ്രീജയുടെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത് സുരക്ഷിതമല്ലാത്ത സാമൂഹികാവസ്ഥയിലേക്ക്

തിരുവനന്തപുരം. തലസ്ഥാനത്ത് നടന്നത് ദയനീയമായ സ്ത്രീഹത്യ. വിവാഹമോചിതയെ ആക്രമിച്ച് അവശയാക്കി നഗ്നചിത്രം പകര്‍ത്തി യത് ആരുമറിഞ്ഞില്ലേ, ശ്രീജയുടെ ആത്മഹത്യ വിരല്‍ ചൂണ്ടുന്നത് സുരക്ഷിതമല്ലാത്ത സാമൂഹികാവസ്ഥയിലേക്ക്

മണികണ്ഠേശ്വരത്ത് വീട്ടമ്മ മരിച്ച സംഭവത്തിൽ മുൻ ഭർത്താവ് ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ശ്രീജയെ ക്രൂരമായി മർദ്ദിച്ച ശേഷം നഗ്നചിത്രങ്ങൾ പകർത്തി അയച്ചത് ക്രിമിനൽ കേസുകളിൽ പ്രതിയും ഇയാളുടെ സുഹൃത്തുമായ പ്രദേശവാസിക്കെന്ന് കണ്ടെത്തൽ. ഇതിൽ മനം നൊന്താണ് ആത്‌മഹത്യയെന്ന് പോലീസ്.

യുവതി മരിക്കുന്നതിന്റെ തലേദിവസം മുൻ ഭർത്താവ് വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ചു. വീട്ടിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. അവശനിയിലായ ഭാര്യയുടെ വസ്ത്രങ്ങൾ വലിച്ചു കീറി ശ്രീജിത്ത് മൊബൈലിൽ നഗ്നചിത്രങ്ങൾ പകർത്തി. യുവതിയുടെ പേരിലുള്ള സ്വത്തും പണവും വീടും നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് സമീപവാസിക്ക് ചിത്രങ്ങൾ അയച്ചു കൊടുത്തു. ഇതിൽ മനംനൊന്താണ് വീട്ടമ്മ ജീവനൊടുക്കിയതെന്നാണ് കണ്ടെത്തൽ. ആത്മഹത്യ കുറിപ്പിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഭർത്താവ് തത്തമല സ്വദേശി ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രമത്തിന് രണ്ടു ദിവസം മുൻപാണ് ഇവർ വിവാഹമോചനം നേടിയത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2021ൽ പീഡിപ്പിച്ച കേസിൽ ശ്രീജിത്ത് പ്രതിയായിരുന്നു. ഇതോടെയാണ് ശ്രീജ ഇയാളിൽനിന്ന് അകന്നത്. ഏറെനാൾ വേർപിരിഞ്ഞു കഴിഞ്ഞ ഇവർക്ക് ശനിയാഴ്ച കോടതിയിൽനിന്ന് വിവാഹമോചനം ലഭിച്ചു. വിവാഹ മോചനം നേടി രണ്ടു ദിവസത്തിന് ശേഷമാണ് ശ്രീജിത്ത് യുവതിയോട് അക്രമം കാട്ടിയത്.

ശ്രീജയ്ക്ക് ആശ്വാസമാകേണ്ട സ്ഥലത്തുനിന്നും അവര്‍ക്ക് സഹായമോ, നിയമ പരിരക്ഷയോ ലഭിച്ചില്ലെന്ന് വേണം കരുതാന്‍. ആര്‍ക്കും പരാതിയില്ലാതെ ഒരു സ്ത്രീജന്മം അവസാനിക്കുകയായിരുന്നു. പ്രതിയുടെ ആഗ്രഹംപോലെ തന്നെ ഒഴിവാക്കി ജീവിക്കാന്‍ ഭാര്യയെ അയാള്‍അനുവദിച്ചില്ല. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായിട്ടും അയാള്‍ ഇത്രയും വലിയ അക്രമത്തിനായി സജീവമായി നാട്ടിലിറങ്ങി. നരഭോജി കടുവയെ നാട്ടിലിറങ്ങിയാല്‍ മണിക്കൂറുകള്‍ക്കകം പൂട്ടുന്ന സാമൂഹിക ക്രമം പക്ഷേ ഇത്തരക്കാരെ വീണ്ടുംവീണ്ടും തുറന്നുവിടുന്നുവെന്നതും ആലോചിക്കേണ്ടതാണ്.

ഭരണ – പ്രതിപക്ഷ പോരാട്ടത്തിന്റ കേന്ദ്രമായി വീണ്ടും ചെങ്കോൽ രാഷ്ട്രീയം

ന്യൂഡെല്‍ഹി. ഭരണ – പ്രതിപക്ഷ പോരാട്ടത്തിന്റ കേന്ദ്രമായി വീണ്ടും ചെങ്കോൽ രാഷ്ട്രീയം. നയ പ്രഖ്യാപന പ്രസംഗത്തിനെത്തിയ രാഷ്ട്ര പതിയെ ചെങ്കോൽ കൊണ്ട് എതിരേറ്റതോടെയാണ് വിവാദത്തിനു തുടക്കമായത്. പാർലമെന്റിൽ ചെങ്കൊലിനു പകരം ഭരണ ഘടന സ്ഥാപിക്കണമെന്ന് സമാജ് വാദി പാർട്ടി.
ആവശ്യം തള്ളിയ ബിജെപി പ്രതിപക്ഷം തമിഴ് സംസ്കാരത്തെയും ചെങ്കൊലിനെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.

സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പാർലമെന്റിൽ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു വിനെ സ്വീകരിക്കുന്ന ചടങ്ങിൽ പതിവ് ആചാരക്രമങ്ങൾക്കൊപ്പം ഇത്തവണ ചെങ്കോലും ഇടം പിടിച്ചു.

ഇതോടെയാണ് ചെങ്കോൽ രാഷ്ട്രീയം വീണ്ടും ചർച്ചയായത്. രാജഭരണത്തിന്റെ ചിഹ്നമായ ചെങ്കോലിന് ജനാധിപത്യത്തിൽ ഇടമില്ലെന്നും, ചെങ്കോൽ മാറ്റി പകരം ഭരണഘടന സ്ഥാപിക്കണമെന്നും, സമാജപാദി പാർട്ടി എംപി ആർ കെ ചൗദരി ആവശ്യപ്പെട്ടു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഈ ആവശ്യം ഉന്നയിച്ചു.

കോൺഗ്രസ് ആർജെഡി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഈ നിലപാടിനെ പിന്തുണച്ചു.പ്രതിപക്ഷം തമിഴ് സംസ്കാരത്തെയും ചെങ്കോലിനെയും അവഹേളിക്കുന്നു എന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നു. തമിഴ്നാട്ടിലെ ആഭരണശാലയിൽ നിർമിച്ച് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് തിരുവാടുതുറൈ അധീനത്തിന്റെ പ്രതിനിധി കൈമാറിയ ചെങ്കോൽ,2023 മെയ് 28ന് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചതിനു പിന്നാലെയാണ്‌ പ്രധാന മന്ത്രി ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് താഴെ സ്ഥാപിച്ചത്.

ആഘട്ടത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് സാംസ്‌കാരിക പാരമ്പര്യങ്ങളെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം എന്നായിരുന്നു ബിജെപി യുടെ വിശദീകരണം.

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്,ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കിതലയൂരാൻ സർക്കാർ ശ്രമം വിജയിക്കുമോ

തിരുവനന്തപുരം. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം വിവാദമായതിനു പിന്നാലെ
ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കി
തലയൂരാൻ സർക്കാർ ശ്രമം. ശിക്ഷ ഇളവിനുള്ള പട്ടികയിൽ ടി.പി കേസ് പ്രതികളെ ഉൾപ്പെടുത്തിയ മൂന്ന് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. പ്രതിപക്ഷം നിയമസഭയിൽ വിഷയം
ഉയർത്തുന്നതിന് തൊട്ടു മുൻപായിരുന്നു സർക്കാർ നീക്കം. കെ.കെ. രമ എം.എൽ.എയുടെ മൊഴി പോലീസ് എടുത്തതിന് പിന്നിൽ കുടില നീക്കമുണ്ടാകാമെന്നു മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. സര്‍ക്കാരിന്‍റെ പണം പറ്റി പ്രതിപക്ഷത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഇതേ വിഷയം അടിയന്തര പ്രമേയമായി കൊണ്ടു വരാൻ പ്രതിപക്ഷം ശ്രമിച്ചപ്പോൾ സ്പീക്കറുടെ
മറുപടി ഇതായിരുന്നു.സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു നീക്കവുമില്ലെന്നു.ഇന്ന് ആദ്യ സബ്മിഷനായി പ്രതിപക്ഷ
നേതാവ് വിഷയം വീണ്ടും ഉയർത്തി.അത് പരിഗണിക്കുന്നതിന് തൊട്ടു മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് ഉത്തരവിട്ടു.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്ത്,അസിസ്റ്റന്റ് സൂപ്രണ്ട് ബി.ജി.അരുണ്‍,അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.പ്രതികൾക്ക് ശിക്ഷ
ഇളവ് നൽകാനുള്ള നീക്കമില്ലെങ്കിൽ പിന്നെയെന്തിനാണ് കെ കെ രമയുടെ മൊഴി ഇന്നലെയും രേഖപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാനദണ്ഡങ്ങൾ ലംഘിച്ച് ഒരാൾക്കും ഇളവു നൽകില്ലെന്നു മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകിയ എം ബി രാജേഷ് പറഞ്ഞു.സര്‍ക്കാരിന്‍റെ പണം പറ്റി പ്രതിപക്ഷത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ഇളവ് നൽകാനുള്ള നീക്കം സജീവമാണെന്ന് കെ. കെ രമയും കുറ്റപ്പെടുത്തി.സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
വിവാദമായതിനു ശേഷവും ഇന്നലെ പൊലീസ് കെ കെ രമയുടെ മൊഴി എടുത്തു എന്നതാണ് സര്‍ക്കാരിന് ക്ഷീണമായത്. ടി പി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള സർക്കാർ നീക്കം തുടർന്നാൽ കടുത്ത പ്രതിഷേധം നടത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്.

ജോലിയിൽ തിരിച്ചെടുക്കണം; ഗതാഗത മന്ത്രിക്ക് പരാതി നൽകി കെഎസ്ആർടിസി ഡ്രൈവർ യദു

തിരുവനന്തപുരം:

മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലിയിൽ നിന്ന് മാറ്റി നിർത്തിയ കെഎസ്ആർടിസി താത്കാലിക ഡ്രൈവർ യദു ഗതാഗത മന്ത്രിക്ക് പരാതി നൽകി. തന്നെ ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യദു കത്തെഴുതിയത്.
ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പറഞ്ഞു വിടണമെന്ന് യദു കത്തിൽ പറഞ്ഞു. ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം നടന്നത്. യദു അശ്ലീല ചിഹ്നങ്ങൾ കാണിച്ചതായും അസഭ്യം പറഞ്ഞതായും മേയർ ആരോപിച്ചിരുന്നു.