Home Blog Page 2547

സിപിഎം നിർണ്ണായക കേന്ദ്ര കമ്മറ്റി യോഗം ഇന്ന്

ന്യൂഡെല്‍ഹി.സിപിഐഎം ന്റെ നിർണ്ണായക കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും.ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് മൂന്ന് ദിവസത്തെ യോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ പോളിറ്റ് ബ്യുറോ യോഗം പ്രാഥമിക അവലോകനത്തിന് ശേഷം, കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രകടനം നിരാശജനകമെന്ന് വിലയിരുത്തിയിരുന്നു. കേരളത്തിൽ ഉണ്ടായ തിരിച്ചടികൾ സംബന്ധിച്ച് വിശദമായ അവലോകനം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉണ്ടാകും.

കീഴ്ഘടകങ്ങളിൽ നടന്ന ചർച്ചകളിൽ മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിൽ നടക്കുന്ന ചർച്ചകളിലും ഉയരാൻ സാധ്യതയുണ്ട് എന്നാണ് നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന. ബംഗാൾ അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ നിലപാടുംനിർണായകമാകും.പാർട്ടി ഭരണ ത്തിലുള്ള ഏക സംസ്ഥാനമെന്ന നിലയിൽ,കേരളത്തിലെ തിരിച്ചടി വിശദമായ അവലോകനം ചെയ്യുമെന്നും,തെറ്റുകൾ കണ്ടെത്തിയാൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു കേന്ദ്ര നേതാക്കൾ അറിയിച്ചു. രാവിലെ നടക്കുന്ന റിപ്പോർട്ടിങ്ങിന് ശേഷം ഉച്ചയ്ക്കുശേഷം ആകും ചർച്ചകൾ ആരംഭിക്കുക. ശനിയാഴ്ച പോളിറ്റ് ബ്യുറോ യോഗം ചേർന്ന് ചർച്ചകൾക്ക് മറുപടി തയ്യാറാക്കും.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത,9 ജില്ലകളിൽ യല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്.9 ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. നാളത്തോടെ മഴയുടെ തീവ്രത കുറയും.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

ആലുവ റെയിൽവേസ്റ്റേഷന് സമീപം ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്

ആലുവ. റെയിൽവേസ്റ്റേഷന് സമീപം ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം സ്വദേശി അജേഷ് 34നാണ് ഗുരുതര പരിക്കേറ്റത്. ട്രെയിനിലെ വാതിലിൽ നിന്നാണ് യുവാവ് റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് വെച്ച് തെറിച്ചു അടുത്ത റെയിൽവേ ട്രാക്കിലേക്ക് വീണത്. യുവാവിനെ ആലുവ ജില്ല ആശുപത്രിയിൽ എത്തിക്കുകയും ഗുരുതര പരിക്കുകളുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

ആലുവ റെയിൽവേ ട്രാക്കിൽ മധ്യവയസ്കന്‍ ട്രെയിനിടിച്ച് മരിച്ച നിലയിൽ

ആലുവ. റെയിൽവേ ട്രാക്കിൽ മധ്യവയസ്കനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കാണപ്പെട്ടു.മെട്രോ പില്ലർ നമ്പർ 70 ന് സമീപത്തുള്ള റെയിൽവേ ട്രാക്കിലാണ് 55 വയസ് തോന്നിക്കുന്ന മൃതദ്ദേഹം കാണപ്പെട്ടത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല മൃതദ്ദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

വിദ്യാഭ്യാസ മന്ത്രാലയത്തിന് വീഴ്ച ,ആരോപണവുമായി പ്രതിപക്ഷം സഭയില്‍ ആഞ്ഞടിക്കും

ന്യൂഡെല്‍ഹി. പാർലമെന്റിന്റെ ഇരുസഭകളിലും നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കാൻ പ്രതിപക്ഷ തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്ന ആരോപണമാകും പ്രതിപക്ഷം ഉന്നയിക്കുക. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിർദ്ദേശം. പുറത്തുവന്നിരിക്കുന്നത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ ആകെ കളങ്കപ്പെടുത്തുന്ന നീക്കങ്ങളാണ്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി അനിവാര്യമാണെന്ന് പ്രതിപക്ഷം സഭകളിൽ വാദി ക്കും. പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും രാഷ്ട്രപതിയുടെ ന്യായപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയാണ് അജണ്ട പ്രകാരം നടക്കുക. ലോക്സഭയിൽ ഇന്നലെ തന്നെ ചർച്ച ആരംഭിച്ചിരുന്നു. രാജ്യസഭയിൽ ഇന്ന് ബിജെപി അംഗം സുധാoശു തൃവേദി നന്ദി പ്രമേയം അവതരിപ്പിക്കും. തുടർന്നായിരിക്കും ചർച്ച ആരംഭിക്കുക.

വടകരയിലെ പോസ്റ്റർ വിവാദത്തിൽ നിയമസഭയിൽ മറുപടി തേടി പ്രതിപക്ഷം

തിരുവനന്തപുരം.വടകരയിലെ പോസ്റ്റർ വിവാദത്തിൽ നിയമസഭയിൽ മറുപടി തേടി പ്രതിപക്ഷം. കെ കെ രമ ഉൾപ്പെടെയുള്ളവരാണ് ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ചിട്ടുള്ളത്. മുൻ എംഎൽഎ കെ കെ ലതിക ഉൾപ്പെടെയുള്ളവർ ഇതുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചതായും ഇതിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നു ആണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്.
കാരുണ്യ പദ്ധതിയുടെ കുടിശ്ശിക കൊടുത്തുതീർക്കുന്നതും മംഗലാപുരത്തെ കൂടി പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്നത് നിയമസഭയിൽ ഇന്ന് ശ്രദ്ധ ക്ഷണിക്കലായി എത്തും. എ കെ എം അഷ്റഫ് ആണ് ഇത് സംബന്ധിച്ച ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കുന്നത്
അനൗദ്യോഗിക പ്രമേയങ്ങളും ഇന്ന് സഭയിൽ എത്തും. വെള്ളിയാഴ്ച ആയതിനാൽ ഉച്ചയ്ക്ക് 12.30 നിയമസഭാ പിരിയും

കെ എസ് ആർ ടി സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം ,കെഎസ്ആർടിസി ബസ്സ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

അഞ്ചൽ. കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം. കെഎസ്ആർടിസി ബസ്സ് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്.മനപ്പൂർവ്വമല്ലാത്ത നരഹത്യ , അശ്രദ്ധമായി വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് എതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയും ആണ് അപകടകാരണമെന്ന് നിഗമനം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ ഷിബു മരണപ്പെട്ടിരുന്നു.പിക്കപ്പ് യാത്രക്കാരിയായ അമ്പിളി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.അപകടത്തിൽ കെഎസ്ആർടിസി ബസിലെ 50 ൽ അധികം യാത്രക്കാർക്ക്
പരിക്ക് സംഭവിച്ചിരുന്നു..

കളിയിക്കാവിള കൊലപാതകം: ക്വട്ടേഷൻ നൽകിയ സുനിലിൻ്റെ സുഹൃത്ത് പിടിയിൽ, ഒന്നാം പ്രതിക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

തിരുവനന്തപുരം: ദുരൂഹതകൾ നിറഞ്ഞ കളിയിക്കാവിള ദീപു കൊലപാതക കേസിലെ ചുരുളഴിക്കാൻ ഉള്ള തീവ്രശ്രമത്തിലാണ് പൊലീസ്. പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറഞ്ഞ് പ്രതി അമ്പിളി അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുകയാണ്. കൊലപാതകം ക്വട്ടേഷൻ തന്നെയെന്ന് സ്ഥിരീകരിച്ച പൊലീസ്, ക്വട്ടേഷൻ നൽകിയ നെയ്യാറ്റിൻകര സ്വദേശി സുനിലിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. സുനിലിൻ്റെ സുഹൃത്തായ പൂവാർ സ്വദേശി പ്രദീപ് ചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു.സുനിൽ മുങ്ങുന്നതിന് മുമ്പ് പ്രദീപിനെ ഫോൺ ചെയ്തിരുന്നു.സംഭവത്തിലെ ഒന്നാം പ്രതിയെ ഇന്നലെ കുഴിത്തുറകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും.

കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്താൻ പ്രതി അമ്പിളിക്ക് ക്വട്ടേഷൻ ലഭിച്ചിരുന്നു എന്നാണ് ഒടുവിലത്തെ വിവരം. അമ്പിളിയുടെ കുറ്റസമ്മത മൊഴിയിലാണ് ഈ നിർണായക വെളിപ്പെടുത്തലുള്ളത്.

ദീപുവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറായ പൂങ്കുളം സ്വദേശിയായ സുനിലാണെന്നാണ് അമ്പിളിയുടെ വെളിപ്പെടുത്തൽ. ദീപുവിനെ കൊലപ്പെടുത്താനുള്ള കത്തിയും മറ്റ് ഉപകരണങ്ങളും നൽകിയത് ഇയാളാണെന്നും കുറ്റസമ്മത മൊഴിയിൽ പറയുന്നു. കൃത്യത്തിന് ദിവസങ്ങൾക്ക് മുമ്പ് കൊലപാതകം നടന്ന കളിയിക്കാവിളയിലും സമീപപ്രദേശങ്ങളിലും ഇയാൾക്കൊപ്പം കാറിൽ വന്നിരുന്നതായും അമ്പിളി പോലീസിന് മൊഴി നൽകിയിരുന്നു. കൊട്ടേഷൻ നൽകി എന്ന് പറയപ്പെടുന്ന പൂങ്കുളം സ്വദേശിക്കായി നെയ്യാറ്റിൻകരയിലും പാറശ്ശാലയിലും അടക്കം പൊലീസ് പരിശോധന നടത്തുന്നുണ്ട്. എന്നാൽ ഇയാൾ ഫോൺ വീട്ടിൽ വെച്ചിട്ടാണ് മുങ്ങിയത്.

പൊലീസ് സ്റ്റേഷൻ പുത്തരിയല്ലാത്ത അമ്പിളിയുടെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ദൃശ്യം സിനിമയിലെ ജോർജുകുട്ടിയെ അനുസ്മരിപ്പിക്കും വിധം പൊലീസിന്റെ ചോദ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയാണ് ഇയാൾ ഉത്തരം നൽകുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

കൊലപാതകം കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിൽ തന്നെ പിടിക്കപ്പെടണമെന്ന് അമ്പിളി കണക്കു കൂട്ടിയിരുന്നു. കൊലപാതകം സമ്മതിച്ച അമ്പിളി, കൊലപാതക കാരണം സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് തുടക്കം മുതൽ നൽകുന്നത്. കടത്തിലായ ദീപു ഇൻഷുറൻസ് തുക ലഭിക്കുന്നതിനാണ് തന്നെക്കൊണ്ട് ഈ കൊലപാതകം ചെയ്യിച്ചത് എന്നായിരുന്നു ആദ്യ മൊഴി. വാഹനത്തിലുണ്ടായിരുന്ന പത്തുലക്ഷം രൂപ എടുത്തിട്ടില്ലെന്നും പറഞ്ഞ ഇയാൾ കൊലപാതകത്തിനു ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് മുടന്തഭിനയിച്ച് നടന്നുപോയതെന്നും, ബസ് മാർഗമാണ് വീട്ടിലെത്തിയതെന്നും പറയുന്നു. അമ്പിളിക്കും കസ്റ്റഡിയിലുള്ള ഭാര്യക്കും ഒപ്പം പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ 7 ലക്ഷം രൂപയോളം കണ്ടെത്തിയിട്ടുണ്ട്.

അടിമുടി ദുരൂഹതകൾ നിറഞ്ഞ കേസിൽ ഉത്തരം കിട്ടേണ്ടത് നിരവധി ചോദ്യങ്ങൾക്കാണ്. വൃക്ക രോഗിയായ അമ്പിളിക്ക് ഒറ്റയ്ക്ക് കൃത്യം നടത്താൻ കഴിയുമോ? ആരു പറഞ്ഞിട്ടാണ് അമ്പിളി കൊലപാതകം നടത്തിയത്? എന്തിനായിരുന്നു കൊലപാതകം? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമ്പോഴേക്കും കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഉറപ്പ്.

തിങ്കളാഴ്ച രാത്രി 11 മണിയോടു കൂടി അമിത ശബ്ദത്തിൽ ഇരമ്പിച്ച് കൊണ്ട് റോഡരികിൽ നിർത്തിയിരുന്ന കാർ പരിശോധിച്ച നാട്ടുകാരാണ് ഡ്രൈവിങ് സീറ്റിൽ കഴുത്ത് അറുത്ത നിലയിൽ ദീപുവിൻ്റെ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റിൽനിന്ന് ബാഗുമായി ഒരാൾ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രങ്ങളുടെ വർക്ക് ഷോപ്പും സ്പെയർ പാർട്സ് കടയും നടത്തുന്ന ആളാണ് ദീപു. മണ്ണുമാന്തിയന്ത്രം വാങ്ങാൻ കോയമ്പത്തൂരിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ ദീപു വീട്ടിൽനിന്ന് ഇറങ്ങിയത്.
ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള പ്രദീപ് ചന്ദ്രനെ വിശദമായി ചോദ്യം ചെയ്ത് സുനിലിലേക്കെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഒപ്പം അമ്പിളിയേയും കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.

6 മണിക്കൂര്‍ 4 മിനിറ്റ് നീളുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം വരുന്നു

ന്യൂ ഡെൽഹി : ഭൂമിയില്‍ എവിടെയെങ്കിലും 18 മാസത്തിലൊരിക്കല്‍ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്. എന്നാല്‍ ശരാശരി 100 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഒരു പ്രദേശത്ത് സമ്പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാന്‍ കഴിയുക.

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2024 ഏപ്രില്‍ 8 നായിരുന്നു. അമേരിക്കയിലും ചുറ്റുമുള്ള രാജ്യങ്ങളിലും ഇത് ദൃശ്യമായി . ഇതിന് പിന്നാലെ ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണവും സംഭവിക്കാന്‍ പോകുകയാണ് . ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല.

ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, 2024 ലെ രണ്ടാമത്തെ സൂര്യഗ്രഹണം 2024 ഒക്ടോബര്‍ 2 ബുധനാഴ്ചയാണ് സംഭവിക്കുക . ഈ സൂര്യഗ്രഹണം ഒക്ടോബര്‍ 2 ന് രാത്രി 09:10 മുതല്‍ പുലര്‍ച്ചെ 3:17 വരെ നീണ്ടുനില്‍ക്കും. ഈ സൂര്യഗ്രഹണത്തിന്റെ ആകെ ദൈര്‍ഘ്യം ഏകദേശം 6 മണിക്കൂര്‍ 4 മിനിറ്റ് ആയിരിക്കും.ഈ രണ്ടാമത്തെ സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

മെക്‌സിക്കോ, ബ്രസീല്‍, ചിലി, പെറു, ന്യൂസിലാന്‍ഡ്, അര്‍ജന്റീന, ആര്‍ട്ടിക്, കുക്ക് ദ്വീപുകള്‍, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളില്‍ 2024 ലെ രണ്ടാം സൂര്യഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.