സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ഉണ്ട്. കേരള- തമിഴ്നാട് തീരങ്ങളിൽ നാളെ രാത്രി 11.30 വരെ കള്ളകടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശ വസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സം ഇല്ലെന്നും ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഹണിട്രാപ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ കരുനാഗപ്പള്ളിയിലും പരാതി
കരുനാഗപ്പള്ളി.കാസര്‍ഗോട്ടെ ഹണിട്രാപ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ കരുനാഗപ്പള്ളിയിലും പരാതി. യുവതി കൊല്ലത്തും തട്ടിപ്പ് നടത്തിയതായാണ് പരാതി. കൊല്ലത്ത് വിദ്യാർത്ഥിനിയെ കബളിപ്പിച്ചത് ഫെഡറൽ ബാങ്ക് മാനേജർ ചമഞ്ഞ്
അച്ഛന് അസുഖമെന്ന് പറഞ്ഞ് ഒന്നരലക്ഷം രൂപ വിദ്യാർത്ഥിനിയിൽ നിന്ന് വാങ്ങി. കേസ് അന്വേഷിച്ച വനിതാ എസ് ഐ യ്ക്കെതിരെയും ശ്രുതി പരാതി നൽകി. പണം തിരികെ നൽകാമെന്ന് പറഞ്ഞ് IDBI ബാങ്കിന്റെ സീൽ കാണിച്ച് കബളിപ്പിച്ചു. സംഭവം നടന്നത് 2021 ൽ. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി സ്വദേശി കൊല്ലം ജില്ലാ പോലീസ് മേധാവിയ്ക്കും, കാസറഗോഡ് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി
2021 ൽ കൊല്ലം ആശ്രമം മൈതാനത്തിനടുത്തെ ഹോസ്റ്റലിൽ താമസിച്ചാണ് ശ്രുതി ചന്ദ്രശേഖരൻ തട്ടിപ്പ് നടത്തിയത്… ബാങ്ക് മാനേജറെന്ന് സ്വയം പരിചയപ്പെടുത്തി പ്രതി മാസങ്ങളോളം ഹോസ്റ്റലിൽ താമസിച്ചു… ശ്രുതിയുടെ റൂംമേറ്റ് ആയിരുന്ന കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിനിയെയും ശ്രുതി ചന്ദ്രശേഖരൻ കബളിപ്പിച്ചു… വൃക്ക രോഗം ബാധിച്ച പിതാവിന്റെ ചികിത്സയ്ക്കെന്ന് വിശ്വസിപ്പിച്ച് വിദ്യാർത്ഥിനിയുടെ സ്വർണ്ണാഭരണങ്ങൾ യുവതി തട്ടിയെടുത്തു… തട്ടിപ്പ് മനസിലാക്കി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും, പോലീസുകാരെയും ശ്രുതി ചന്ദ്രശേഖരൻ കബളിപ്പിച്ചു… ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ബന്ധുവെന്ന് വിശ്വസിപ്പിച്ച് കേസ് അന്വേഷിച്ച വനിതാ എസ് ഐയെ യുവതി ഭീഷണിപ്പെടുത്തി… കൂടാതെ എസ് ഐയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയും നൽകി… ഇതിന് പിന്നാലെ തട്ടിപ്പിന് ഇരയായ വിദ്യാർത്ഥിനിയുടെ പിതാവിനെതിരെ മുഖ്യമന്ത്രിക്കും ശ്രുതി പരാതി നൽകിയിരുന്നു… കേസ് അന്വേഷിച്ച പോലീസ് ഈ പരാതി വ്യാജമെന്ന് കണ്ടെത്തുകയും ചെയ്തു. യുവതി കൊല്ലം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം, കാസറഗോഡ് ജില്ലാ പോലീസ് മേധാവിമാർക്ക് കരുനാഗപ്പള്ളി സ്വദേശി പരാതി നൽകിയിട്ടുണ്ട്
മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിലും പെരുമാറ്റത്തിലുമുണ്ടായ ഏകാധിപത്യ നീക്കങ്ങൾ ജനങ്ങളിൽ ഇടതുവിരുദ്ധ വികാരം വളർത്തി,എ ഐ വൈ എഫ്
കുമളി. മുഖ്യമന്ത്രിക്കെതിരെ എ ഐ വൈ എഫ് സമ്മേളനം. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടാണ് വിമർശനം. മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിലും പെരുമാറ്റത്തിലുമുണ്ടായ ഏകാധിപത്യ നീക്കങ്ങൾ ജനങ്ങളിൽ ഇടതുവിരുദ്ധ വികാരം വളർത്തി. പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തു. പാർട്ടി പ്രവർത്തകരുടെ നിയമം കയ്യിലെടുക്കലിനെ രക്ഷാപ്രവർത്തനമെന്ന് പറഞ്ഞതും തിരിച്ചടിയായി. എ ഐ വൈ എഫിൻറെ കുമളിയിലെ സംസ്ഥാന ശില്പശാലയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം
വഴിയോര കച്ചവടക്കാര്‍ക്ക് നല്‍കുന്ന സംരക്ഷണം പോലും ചെറുകിട വ്യാപാരികള്‍ക്ക് ലഭിക്കുന്നില്ല ജോബി വി ചുങ്കത്ത്

കൊല്ലം. വഴിയോര കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന സംരക്ഷണം പോലും സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് ലഭിക്കുന്നില്ലെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് പറഞ്ഞു. ഖജനാവ് നിറയ്ക്കുന്ന വ്യാപാരികളെ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്നതെന്ന് കൊല്ലം രാമവര്‍മ്മ ക്ലബ്ബ് ഹാളില്‍ വച്ചു കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വ്യാപാരി ക്ഷേമപെന്‍ഷന്‍ കുടിശ്ശിഖ ഉടന്‍ നല്‍കണമെന്നും പെന്‍ഷന്‍ തുക 5000/- രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാവിലെ 9 മണിയോടുകൂടി സീനിയര്‍ ജില്ലാ വൈസ്പ്രസിഡന്റ് ഡി.മുരളീധരന്‍ പതാക ഉയര്‍ത്തി യോഗ നടപടികള്‍ ആരംഭിച്ചു. യോഗത്തില്‍ കൊല്ലം ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ കെ.ബി.സരസചന്ദ്രന്‍പിളള കണക്ക് അവതരിപ്പിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം സ്വാഗതവും കൊല്ലം കോര്‍പ്പറേഷന്‍ യൂണിറ്റ് ട്രഷറര്‍ നഹാസ് നന്ദിയും പറഞ്ഞു. യോഗത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റുമാരായ ടി.കെ.ഹെന്‍ട്രി, കെ.എസ്.രാധാകൃഷ്ണന്‍, പ്രസാദ് ജോണ്‍ മാമ്പ്ര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സിനോജ്, സി.വി.ജോളി, ബൈജു തളിയത്ത്, ജോസ് വിതയത്തില്‍, മേരിദാസ് ബാബു, എബ്രഹാം ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍
വ്യാപാരികള്‍ക്കും കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, വ്യാപാര സ്ഥാപനങ്ങള്‍ക്ക് അടിയ്ക്കടി ഏര്‍പ്പെടുത്തുന്ന കറണ്ട് ചാര്‍ജ്ജ് വര്‍ദ്ധനവ് പുനഃപരിശോധിക്കുക, ത്രിതല പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ അശാസ്ത്രീയമായ മീറ്റര്‍ പലിശ ഒഴിവാക്കുക, ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക, ജി.എസ്.റ്റിയുടെ അപാകതകള്‍ വ്യാപാര സംഘടനകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുക, ഹൈവേയില്‍ നിര്‍മ്മിക്കുന്ന വ്യാപാര ഹബ്ബുകളില്‍ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങി നിരവധി വിഷയങ്ങള്‍ കേന്ദ്ര-കേരള ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി നിജാംബഷി (പ്രസിഡന്റ്), ആസ്റ്റിന്‍ ബെന്നന്‍ (ജന:സെക്രട്ടറി), സജു.ടി (ട്രഷറര്‍), എം.സിദ്ദിഖ് മണ്ണാന്റയ്യം (വര്‍ക്കിംഗ് പ്രസിഡന്റ്), റൂഷ.പി.കുമാര്‍ , ശ്രീകുമാര്‍ വള്ളിക്കാവ്, എ.എ.ഖരിം, കെ.ബി.സരസ്സചന്ദ്രന്‍പിളള, എച്ച്.സലിം എന്നിവര്‍ വൈസ്പ്രസിഡന്റുമാരായും എം.പി.ഫൗസിയാബീഗം, സുധീഷ് കാട്ടുംപുറം, നാസര്‍ നൈസ്, ദാമോധരന്‍ ക്ലാപ്പന, നാസര്‍ ചക്കാലയില്‍, എസ്.വിജയന്‍, ഹരി ചേനങ്കര എന്നിവരെ സെക്രട്ടറിമാരായും, 49 അംഗ നിര്‍വാഹകസമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു; ആർക്കും പരുക്കില്ല
തൃശൂർ: മണ്ണംപേട്ടയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനമായതിനാൽ പെട്ടെന്ന് തീപടരുകയായിരുന്നു.
രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. പുതുക്കാട് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഡൽഹി അപകടത്തിന് പിന്നാലെ രാജ്‌കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂരയും തകർന്നുവീണു
ന്യൂ ഡെൽഹി : ഡൽഹി വിമാനത്താവളം അപകടത്തിന് പിന്നാലെ രാജ്‌കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂരയും തകർന്നുവീണു. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലർക്ക് പരുക്കേറ്റതായി വിവരമുണ്ട്. കനത്ത മഴയിലാണ് മേൽക്കൂര തകർന്നുവീണത്
ഇന്നലെ പുലർച്ചെ 5.30യോടെയായിരുന്നു ഡൽഹി വിമാനത്താവളത്തിൽ അപകടമുണ്ടായത്. കനത്ത മഴ തുടരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചിരുന്നു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് വിമാനത്താവളം ഭാഗികമായി അടയ്ക്കുകയും ചെയ്തു.
ലഡാക്കിൽ സൈനിക ടാങ്കുകൾ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർ മരിച്ചു
ന്യൂ ഡെൽഹി :
ലഡാക്കിൽ സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർ മരിച്ചതായി റിപ്പോർട്ട്. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ച് കടക്കുന്നതിനിടെ ടാങ്കുകൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പരിശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് വർധിക്കുകയായിരുന്നു
ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും നാല് ജവാൻമാരുമാണ് ടാങ്കിലുണ്ടായിരുന്നത്. ഒരാളെ കണ്ടെത്തിയതായും മറ്റ് നാല് പേർക്കായി തെരച്ചിൽ തുടരുകയാണെന്നുമാണ് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചത്.
സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു
തിരുവനന്തപുരം. സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഇ-പോസ് മെഷീന്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. റേഷന്‍കട വ്യാപാരികളുടെ സമരം ഒഴിവാക്കാന്‍ ജൂലൈ നാലിന് സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
രാവിലെ പത്തു മുതലാണ് ഇ-പോസ് മെഷീന്‍ തകരാറിലായത്. തുടര്‍ന്ന് സംസ്ഥാനത്തെ മിക്കയിടങ്ങളിലും റേഷന്‍ വിതരണം മുടങ്ങി. മെഷീനില്‍ വിരല്‍ പതിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആധാര്‍ ഓതന്റിഫിക്കേഷനുള്ള ബയോമെട്രിക് സംവിധാനം പരാജയപ്പെടുകയായിരുന്നു. സെര്‍വര്‍ തകരാറാണ് കാരണമായി ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ വൈകുന്നേരവും സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഐ.ടി സെല്ലിനോട് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശിച്ചു. കൂടുതലാളുകള്‍ ഒരുമിച്ച് റേഷന്‍ വാങ്ങാനായി എത്തുന്നതാണ് പ്രശ്‌നത്തിനിടയാക്കുന്നതെന്നാണ് ഐ.ടി സെല്ലിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതിനിടെ വേതന വര്‍ധന ആവശ്യപ്പെട്ട സമരം പ്രഖ്യാപിച്ച റേഷന്‍ കട വ്യാപാരികളുമായി ജൂലൈ നാലിന് ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍.
സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം പ്രതിസന്ധിയിലായതോടെ ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസത്തേക്ക് കൂടി നീട്ടി. ജൂലൈ അഞ്ചുവരെയാണ് നീട്ടിയിട്ടുള്ളത്. ജൂലൈ മാസത്തെ വിതരണം എട്ടു മുതല്‍ ആരംഭിക്കും.
സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം, ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും
തിരുവനന്തപുരം. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും. തന്റെ ജോലി ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ തന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.
സര്‍വകലാശാല വി സി നിയമനത്തെ ചൊല്ലി വീണ്ടും ഗവര്‍ണറും സര്‍ക്കാരും കൊമ്പുകോര്‍ക്കുകയാണ്. ആറു സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വി.സി നിയമനത്തിനായി രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് പുതിയ പോരിന് ഇടയാക്കുന്നത്. സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെ ഗവര്‍ണര്‍ ന്യായീകരിച്ചു. കേരളത്തിലെ പത്തിലധികം സര്‍വകലാശാലകളില്‍ വി.സിമാരില്ല. തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തത്.
എന്നാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. വി.സി നിയമനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിട്ടിട്ടില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പുതിയ സെര്‍ച്ച് കമ്മിറ്റികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. നിയമോപദേശം ലഭിച്ച ശേഷം ഉടന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. സര്‍വകലാശാലകള്‍ സിന്‍ഡിക്കേറ്റ് തലത്തില്‍ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.
സിദ്ധാർത്ഥന്റെ മരണം, പ്രതികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരെ കുടുംബം ഗവർണറെ കണ്ടു
തിരുവനന്തപുരം. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരെ കുടുംബം ഗവർണറെ കണ്ടു. പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചതിൽ സർവകലാശാലയ്ക്ക് വീഴ്ച പറ്റിയെന്ന് കുടുംബം. 75% ഹാജർ ഇല്ലാതിരുന്നിട്ടും പരീക്ഷ എഴുതിയത് സർവ്വകലാശാലയുടെ ഒത്താശയോടെ എന്നാണ് ആരോപണം. പരാതി പരിശോധിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയെന്ന് പിതാവ് ജയപ്രകാശ് പറഞ്ഞു.

































