27.6 C
Kollam
Saturday 20th December, 2025 | 12:10:24 PM
Home Blog Page 2533

നിക്ഷേപകന്‍റെ ആത്മഹത്യ,ചെമ്പഴന്തി അഗ്രികൾച്ചറൽ സഹകരണസംഘം ബാങ്ക് പ്രസിഡന്റിനെതിരെ പ്രതിഷേധം

തിരുവനന്തപുരം. ചെമ്പഴന്തി അഗ്രികൾച്ചറൽ സഹകരണസംഘം ബാങ്ക് പ്രസിഡന്റിനെതിരെ പ്രതിഷേധം. ചിട്ടിപ്പണം കിട്ടാത്തതിനെ തുടർന്ന്
അണിയൂർ സ്വദേശി ബിജു കുമാർ ആത്മഹത്യ ചെയ്തതിന് പിന്നാലെ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തി. കോൺഗ്രസ് നേതാവായ ബാങ്ക് പ്രസിഡന്റ് അണിയൂർ എം ജയകുമാർ പണം തിരിമറി നടത്തിയെന്നാണ് ആരോപണം. ജയകുമാറിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

രണ്ടരലക്ഷം രൂപയാണ് മരിച്ച ബിജുകുമാറിന് ബാങ്ക് നൽകാനുള്ളത്. മാസങ്ങളോളം ബാങ്കിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇന്ന് പുലർച്ചെയാണ് ബാങ്ക് പ്രസിഡന്റ് അണിയൂർ എം ജയകുമാറിന്റെ പേരെഴുതിവച്ച് ബിജുകുമാർ ജീവനൊടുക്കിയത്. ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചു. വിവരം അറിഞ്ഞ് കൂടുതൽ നിക്ഷേപകർ ബാങ്കിലെത്തി.

പ്രതിഷേധം കടുത്തതോടെ ജോയിന്റ് രജിസ്ട്രാർ ഉൾപ്പെടെ സ്ഥലത്ത് എത്തി. അന്വേഷിച്ച് നടപടി എടുക്കും എന്ന് ഉറപ്പ് നൽകിയതോടെ ബന്ധുക്കൾ ബിജുകുമാറിന്റെ മൃതദേഹവുമായി മടങ്ങി.
അതേസമയം ബാങ്ക് പ്രസിഡണ്ട് അണിയൂർ എം ജയകുമാറിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു.കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തതത്. ബിജു കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിസിസിക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ കുട്ടിയുടെ കുടുംബം നീതി തേടി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് മൂന്നു വർഷം,

ഇടുക്കി. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ കുട്ടിയുടെ കുടുംബം നീതി തേടി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് മൂന്നു വർഷം. പ്രതിയായിരുന്ന അർജുനെ വെറുതെ വിട്ടതിനെതിരെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഇതുവരെ വാദം തുടങ്ങിയിട്ടില്ല. കേസ് ഫയൽ ചെയ്ത് ആറുമാസം കഴിഞ്ഞിട്ടും സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കാത്തതാണ് കാരണം.


2021 ജൂൺ 30നാണ് നാടിന് നടുക്കിയ കൊടും ക്രൂരത നടക്കുന്നത്. സംഭവത്തിൽ കഴിഞ്ഞ ഡിസംബർ പതിനാലിനായിരുന്നു വിചാരണ കോടതിയുടെ വിധി. പ്രതിയായിരുന്ന അർജുനെ വെറുതെ വിട്ടു എന്ന വിചാരണ കോടതിയുടെ ഒറ്റവാക്കിയിലെ വിധിപ്രസ്താവം കേട്ടുനിന്നവരെ പോലും ഞെട്ടിച്ചു. എന്നാൽ അർജുനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പകർപ്പിൽ പോലീസിൻറെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു. തുടർന്ന് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ വിചാരണക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഉറപ്പ് നൽകി. ഇതിനായി സർക്കാരിൻറെ ആവശ്യപ്രകാരം മൂന്ന് അഭിഭാഷകരുടെ പേര് കുടുംബം സർക്കാരിന് സമർപ്പിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടില്ല. വാളയാർ കേസിൽ കോടതിയിൽ ഹാജരായ അഭിഭാഷകർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് കൈമാറിയിരിക്കുന്നത്.

ഇതിനിടെ കുറ്റ വിമുക്തനാക്കപ്പെട്ട അർജുനും കുടുംബത്തിനും പോലീസ് സംരക്ഷണം ഒരുക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും ഇവരെ വിഷമത്തിലാക്കിയിട്ടുണ്ട്.

പോലീസിൻറെ വീഴ്ച മൂലമാണ് വിചാരണ കോടതിയിൽ പ്രതി രക്ഷപെട്ടതെന്ന് ഹൈക്കോടതിയിൽ തെളിയിക്കാൻ കഴിയുമെന്നാണ് കുടുംബത്തിൻറെ വിശ്വാസം.

തടാകതീരത്ത് നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്തു

ശാസ്താംകോട്ട. തടാക തീരത്തെ സ്വകാര്യ ഭൂമിയില്‍ അജ്ഞാതര്‍നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്തു. പരാതി ഉയര്‍ന്നതോടെ ഭൂ ഉടമതന്നെ മാലിന്യം ഇവിടെനിന്നും ജെസിബി ഉപയോഗിച്ച് കോരി സ്വന്തം ഉടമസ്ഥതയിലുള്ള മറ്റൊരിടത്തെ ഭൂമിയിലെത്തിച്ച് കുഴിച്ചു മൂടുകയായിരുന്നു. തടാക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റവന്യൂ പൊലീസ് അധികൃതര്‍ക്ക് സംഭവം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

ശാസ്താംകോട്ട തടാകതീരമേഖലയില്‍ ഓടമാലിന്യം കോരിയതും പ്ളാസ്റ്റിക് അടങ്ങുന്ന ഭവന മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ദുരൂഹമായി തുടരുകയാണ്. സമീപകാലത്ത് പലവട്ടം ഇതാവര്‍ത്തിച്ചു. അമ്പലക്കടവില്‍ സാധാരണ ആരും മിനക്കെട്ട് മാലിന്യവുംകൊണ്ടുപോകാത്തസ്ഥലത്ത് മാലിന്യം എത്തിച്ച് നിക്ഷേപിച്ചിരുന്നു. ജംക്ഷനില്‍ഓടകോരിയത് നിക്ഷേപിച്ചതും പ്രശ്നമായിരുന്നു. അതിന് ശേഷമാണ് ഇന്നലെ ഇത്തരം പ്രവൃത്തി വേങ്ങയില്‍ നടന്നത്. പൊലീസിന് അന്വേഷണത്തിലൂടെ ഇക്കൂട്ടരെ കണ്ടെത്താനാവുമെങ്കിലും പൊലീസ് ഗൗരവമായി ഈ പ്രശ്നത്തെ സമീപിച്ചിട്ടില്ല. തടാക തീരത്ത് മര്‍മ്മപ്രധാനമേഖലകളിലും നിരത്തുകളിലും സിസിടിവി സ്ഥാപിക്കുകയും പെട്രോളിംങ് കാര്യക്ഷമമാക്കുകയും വേണമെന്ന് തടാക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

കോവൂർ തെന്നൂർ പുത്തൻ വീട്ടിൽ ഒ.സദാനന്ദൻ നിര്യാതനായി

ശാസ്താംകോട്ട:മൈനാഗപ്പള്ളി കോവൂർ തെന്നൂർ പുത്തൻ വീട്ടിൽ ഒ.സദാനന്ദൻ (95) നിര്യാതനായി.സംസ്ക്കാരം നടത്തി.ഭാര്യ:പരേതയായ സരളാഭായി.മക്കൾ:ഷേർളി,
പരേതനായ ഷിറാജ്,ഷിവാഗോ,ഷൈനി.മരുമക്കൾ :സോമൻ,ശോഭന,തങ്കച്ചി,രാജീവൻ.
സഞ്ചയനം: ജൂലൈ 3 രാവിലെ ഏഴിന്.

പരിയാരം മെഡിക്കല്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു – എംഎസ്എഫ് സഖ്യത്തിന് ചരിത്രവിജയം… എസ്എഫ്‌ഐക്ക് ആദ്യമായി യൂണിയന്‍ നഷ്ടമായി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു – എംഎസ്എഫ് സഖ്യത്തിന് ചരിത്രവിജയം. ആദ്യമായാണ് എസ്എഫ്‌ഐക്ക് യൂണിയന്‍ നഷ്ടമാകുന്നത്. പതിമൂന്ന് സീറ്റുകള്‍ യുഡിഎസ്എഫ് സഖ്യം നേടിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

സ്പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് സെക്രട്ടറിയായി എംആര്‍ആദിത്യകൃഷ്ണനും 2020 ബാച്ച് റപ്രസന്റേറ്റീവായി അതുല്‍ പി അരുണ്‍, പിജി ബാച്ച് പ്രതിനിധിയായി ജി അഖിലുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 1993 ല്‍ പരിയാരത്ത് മെഡിക്കല്‍ കോളേജ് ആരംഭിച്ചതുമുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മെഡിക്കല്‍ കോളജ് യൂണിയനിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ജൂണ്‍ 18 നാണ് കെഎസ്‌യു -എംഎസ്എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജില്‍ യുഡിഎസ്എഫ് യൂണിറ്റ് രൂപീകരിച്ചത്.

അടൂരിൽ പരാളിലിറങ്ങിയ പ്രതി അനുജനെ തലയ്ക്കടിച്ച് കൊന്നു

അടൂർ: പന്നിവിഴയിൽ ചേട്ടൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതി മോഹനൻ ഉണ്ണിത്താൻ ആണ് കൊല നടത്തിയത്.സഹോദരൻ സതീഷ് കുമാറാണ് (58)കൊല്ലപ്പെട്ടത്.പരാളിലിറങ്ങി കൊല നടത്തിയ മോഹനൻ ഉണ്ണിത്താനെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.

വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം ഉയർന്ന തിരമാല ജാ​ഗ്രതാ നിർദ്ദേശം, ശക്തമായ കാറ്റ് വീശാനുള്ള സാധ്യതകളും പ്രവചിച്ചിട്ടുണ്ട്.
കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ക്വട്ടേഷൻകാരുടെ പ്രതികരണങ്ങൾ പ്രതിഷേധാർഹമെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ്

കണ്ണൂർ:പാര്‍ട്ടിയെ ആട്ടി ഉലച്ച വെളിപ്പെടുത്തലിന് പിന്നാല ഇന്ന് ചേർന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം പാർട്ടിക്കെതിരായ ആരോപണങ്ങൾ തള്ളി. മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. പി ജയരാജനും, എം ഷാജറിനുമെതിരെ അപവാദ പ്രചരണങ്ങൾ നടക്കുകയാണെന്ന് യോഗം വിലയിരുത്തി.ക്വട്ടേഷൻ കാരായ ചിലർ നടത്തുന്ന പ്രചരണങ്ങൾ പ്രതിഷേധാർഹമാണെന്നും, ക്വട്ടേഷൻ സംഘങ്ങളെ സഹായിക്കുകയോ സംരക്ഷിക്കുകയാ ചെയ്യുന്ന പാർട്ടിയല്ല സി പി ഐ എം എന്നും പറഞ്ഞു.പാർട്ടി വക്താവാകാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലന്ന് ആകാശ് തില്ലങ്കേരിയുടെ ഫെയ്സ് ബുക്ക് പരാമർശത്തെ കുറിച്ചുള്ള പ്രതികരണത്തിൽ പാർട്ടി പറഞ്ഞു. മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ് .

പാർട്ടി വിട്ട യുവനേതാവ് മനു തോമസിന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾക്കിടെയായിരുന്നു യോഗം. സംസ്ഥാന സമിതിയംഗം പി ജയരാജനും യോഗത്തിൽ പങ്കെടുത്തു. പി ജയരാജനെതിരെ മനു തോമസ് കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലായിരുന്നു. വിവാദം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.

കാല്‍ നൂറ്റാണ്ടു കടന്ന ചരിത്രം തിരുത്തി പരിയാരത്ത് എസ്എഫ്ഐ കീഴടങ്ങി

കണ്ണൂർ. കാല്‍ നൂറ്റാണ്ടു കടന്ന ചരിത്രം തിരുത്തി എസ്എഫ്ഐ കീഴടങ്ങി. പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വൻ തിരിച്ചടി. വിദ്യാർത്ഥി യൂണിയൻ ഭരണം കെഎസ്‌യു – എംഎസ്എഫ് സഖ്യം നേടി. മെഡിക്കൽ കോളേജ് ആരംഭിച്ചതിന് ശേഷം എസ് എഫ് ഐക്ക് ഭരണം നഷ്ടമാകുന്നത് ഇതാദ്യമാണ്. 15-ൽ 12 സീറ്റ് കെ.എസ്.യു – എം.എസ്.എഫ് സഖ്യം നേടി. 3 സീറ്റുകൾ എസ്.എഫ്.ഐ എതിരില്ലാതെ നേടിയിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 12 സീറ്റും കെഎസ്‌യു സഖ്യം തൂത്തുവാരി. ഇരുപത്തിയെട്ട് വർഷത്തെ ചരിത്രമാണ് വഴിമാറുന്നത്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ഉണ്ട്. കേരള- തമിഴ്നാട് തീരങ്ങളിൽ നാളെ രാത്രി 11.30 വരെ കള്ളകടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശ വസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സം ഇല്ലെന്നും ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.