കൊച്ചി. ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് ട്വൻറി ഫോർ ന്യൂസ് ചീഫ് റിപ്പോർട്ടർ ആർ അരുൺ രാജിന്.
അന്വേഷണാത്മക പ്രൊഫഷണൽ മികവിനാണ് ആർ അരുൺ രാജിന് പുരസ്ക്കാരം.മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഡോക്ടർ വന്ദന ദാസ് കൊല ചെയ്യപ്പെട്ട വാർത്താവിവരങ്ങള്‍ ആദി മധ്യാന്തം പുറത്ത് കൊണ്ടുന്നതും, ദേശീയ സംസ്ഥാന സർക്കാരുകൾ അതീവ ഗൗരവത്തോടെ അന്വേഷിക്കുന്ന ചടയമംഗലത്തെ മന്ത്രവാദ പീഡനത്തിൻ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറം ലോകത്ത് എത്തിച്ചതും കണക്കിലെടുത്താണ് പുരസ്ക്കാരം.
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ യാഥാർത്ഥ വിവരങ്ങൾ ആദ്യം പുറത്ത് എത്തിച്ചതും അരുണായിരുന്നു.കൊല്ലം ജില്ലയിലെ ശാസ്താംനട നിർമ്മാല്യത്തിൽ ആർ രാജീവിൻ്റെയും അനിതയുടെയും മകനാണ് ആർ അരുൺ രാജ്. നാട്ടിക എസ് എൻ കോളജിലെ അസിസ്റ്റൻറ് പ്രൊഫസർ അമിത രാജീവാണ് ഭാര്യ. മക്കൾ ആർദ്രവ് അരുൺ, അനശ്വർ അരുൺ. ജൂലൈ 9 ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും.
ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് ട്വൻറി ഫോർ ന്യൂസ് ചീഫ് റിപ്പോർട്ടർ ആർ അരുൺ രാജിന്
ജീവിതത്തില്‍ വായന മിഠായി പോലെ മധുരമുള്ളത്, ചവറ കെ എസ് പിള്ള
ശാസ്താംകോട്ട . ജീവിതത്തില്‍ വായന മിഠായി പോലെ മധുരമുള്ളതാണെന്നും അത് എത്ര രുചിച്ചാലും ആരോഗ്യത്തിന് ഹാനികരമല്ലെന്നും കവി ചവറ കെഎസ് പിള്ള പറഞ്ഞു. പനപ്പെട്ടി ഗവ എല്‍പിഎസില്‍ ബഷീര്‍ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എസ്എംസി ചെയര്‍പേഴ്‌സണ്‍ അന്‍സിനാ നിസാം അധ്യക്ഷത വഹിച്ചു.
യുവശക്തി ഗ്രന്ഥശാല പ്രസിഡന്‌റ് ഗോപകുമാര്‍, ലൈബ്രേറിയന്‍ ധന്യ, മുന്‍ ഹെഡ്മിസ്ട്രസ് ഗീത, ഹെഡ്മിസ്ട്രസ് വിദ്യാറാണി , അധ്യാപകരായ പ്രവീണ്‍കുമാര്‍,ലീനപാപ്പച്ചന്‍ വിദ്യാരംഗം കണ്‍വീനര്‍ പത്മിനി എന്നിവര്‍പ്രസംഗിച്ചു. എഴുത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ചവറ കെ എസ് പിള്ളയെ ആദരിച്ചു.
ബഷീറിന്‍റെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും ചവറ കെഎസ്പിള്ളയുടെ കവിതകളുടെ ആലാപനവും നടന്നു.
യാത്രക്കാരൻ കണ്ടക്ടറെ കുപ്പിക്ക് കുത്തി പരിക്കേൽപ്പിച്ചു
കൊച്ചി. യാത്രക്കാരൻ കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ചു. ഹൈക്കോടതി പൂത്തോട്ട റൂട്ടിൽ സർവീസ് നടത്തുന്ന വേളങ്കണ്ണി മാതാ എന്ന ബസ്സിലെ കണ്ടക്ടറായ ജയിനാണ് കുത്തേറ്റത്. തിരക്കുള്ളതിനാൽ മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ടതോടെ യാത്രക്കാരൻ പ്രകോപിതനാവുകയായിരുന്നു
കണ്ടക്ടറുടെ കയ്യിൽ കടിച്ചു പരിക്കേൽപ്പിച്ച ശേഷം ബസ്സിൽ നിന്നും പുറത്തിറങ്ങി റോഡരികിൽ കിടന്ന ബിയർ കുപ്പി പൊട്ടിച്ച് ചില്ലിന് കുത്തുകയായിരുന്നു. പ്രതിയെ ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തു
നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു
ന്യൂഡെല്‍ഹി . നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും.നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു.
ചോദ്യ പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് മാറ്റി വച്ച പരീക്ഷകളുടെ തിയ്യതിയാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് പുനർ നിശ്ചയിച്ചത്.നേരത്തെ ജൂൺ 23 ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റി വക്കുന്നതായി ജൂൺ 22നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.ആഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വിവാദമായിരുന്നു.
നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്ന പശ്ചാത്തലത്തിൽ,പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും, സംസ്ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നുമാണ് കേന്ദ്ര നിർദേശം.
നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന്, നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം അറിയിച്ചു.
പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും, ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പ്രകാശ് ജാവേദ്കർ കേരളത്തിന്റെ പ്രഭാരിയായി തുടരും
തിരുവനന്തപുരം. ബിജെപി സംസ്ഥാന ചുമതല പുതുക്കി.പ്രകാശ് ജാവേദ്കർ കേരളത്തിന്റെ പ്രഭാരിയായി തുടരും.ഒഡീഷയിൽ നിന്നുള്ള എംപി അപരാജിത സാരംഗി കേരളത്തിന്റെ സഹപ്രഭാരി ചുമതലയിൽ.മേഘാലയുടെയും നാഗാലാൻഡിന്റെയും പ്രഭാരിയായി അനിൽ ആന്റണിയെയും ചുമതലപ്പെടുത്തി.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ജോയിന്റ് കോഡിനേറ്ററായി വി മുരളീധരനും ചുമതല നൽകി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 24 ഇടങ്ങളിലാണ് സംസ്ഥാന ഘടകത്തിന്റെ ചുമതല പുതുക്കിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഉത്തർപ്രദേശിലെ ചുമതല സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലൈ 12ന്
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലൈ 12ന് നടത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രയല്‍ റണ്‍ നടത്തുക. തുറമുഖം അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുറമുഖ വകുപ്പ് മന്ത്രി വാസവന്‍.
ഈ വര്‍ഷം തന്നെ കമ്മീഷനിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിലേക്ക് ഈ മാസം 11ന് കപ്പല്‍ എത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഏകദേശം 1500 കണ്ടെയ്‌നര്‍ ഉള്ള കപ്പലാണ് വരുന്നത്. ട്രയല്‍ റണ്ണിന് കേന്ദ്ര ഷിപ്പിങ് വകുപ്പ് മന്ത്രിയുടെ സാന്നിധ്യമുണ്ടാകും. ജനങ്ങളുടെ പങ്കാളിത്തത്തോടെയാകും പരിപാടിയെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തേക്ക് ചൈനയില്‍ നിന്നുമെത്തിയ 32 ക്രെയിനുകള്‍ അടുത്ത മാസം കമ്മീഷന്‍ ചെയ്യാനാകും. കസ്റ്റംസ് പോര്‍ട്ടിന് ഉള്‍പ്പെടെ ലഭിക്കേണ്ട എല്ലാ പ്രധാന അനുമതികളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. റെയില്‍വേ കണക്റ്റിവിറ്റി, നാഷണല്‍ ഹൈവേ എന്നിവയ്ക്ക് അനുമതിയായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കേരളത്തിന്റെ സ്വപ്‌നം യഥാര്‍ഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു.
മഹുവ മൊയ്ത്രയ്‌ക്കെതിരെ ദേശീയ വനിത കമ്മിഷന്‍ കേസെടുത്തു
തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ ദേശീയ വനിത കമ്മിഷന്‍ കേസെടുത്തു. കമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരായ പരാമര്‍ശത്തിലാണ് സ്വമേധയാ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് മഹുവ നടത്തിയതെന്ന് കമ്മിഷന്‍ വിലയിരുത്തി. ഹാത്രസിലെത്തിയ രേഖ ശര്‍മ്മയ്ക്ക് ഒരാള്‍ കുട പിടിച്ചുകൊടുത്തതിനെ വിമര്‍ശിച്ചിരുന്നു. ബോസിന്റെ വസ്ത്രം താങ്ങി നടക്കുന്ന തിരക്കിലാണ് രേഖയെന്ന് എക്‌സിലും കമന്റിട്ടു. അതേസമയം, പരാതിയില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ ഡല്‍ഹി പൊലീസിനെ മഹുവ മൊയ്ത്ര വെല്ലുവിളിച്ചു.
തന്നെ കടിച്ച പാമ്പിനെ യുവാവ് തിരികെ കടിച്ചു… പാമ്പ് ചത്തു, യുവാവ് രക്ഷപ്പെട്ടു
പട്‌ന: ബീഹാറില്‍ തന്നെ കടിച്ച പാമ്പിനെ യുവാവ് തിരികെ കടിച്ച് കൊന്നിരിക്കുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ പ്രചരിക്കുകയാണ്. ഒരു തവണ കടിച്ച പാമ്പിനെ തിരികെ രണ്ട് തവണയാണ് യുവാവ് കടിച്ചത്. യുവാവിന്റെ കടിയേറ്റ പാമ്പ് ചത്തെങ്കിലും പാമ്പ് കടിയേറ്റ യുവാവ് രക്ഷപ്പെട്ടു.
ബിഹാറിലെ രജൌലി മേഖലയില്‍ റെയില്‍വേ പാളങ്ങള്‍ ഇടുന്ന ജോലിക്കിടെയാണ് റെയില്‍വേ ജീവനക്കാരനായ സന്തോഷ് ലോഹാറിനെ പാമ്പ് കടിച്ചത്. വനമേഖലയാണ് ഈ ഭാഗം. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പാമ്പ് കടിച്ചത്. കടിയേറ്റ ഉടനെ ഇയാള്‍ പാമ്പിനെ തിരികെ കടിക്കുകയായിരുന്നു. പ്രാദേശികമായി പാമ്പിനെ തിരികെ കടിച്ചാല്‍ വിഷമേല്‍ക്കില്ലെന്ന വിശ്വാസത്തിലാണ് തിരികെ കടിച്ചതെന്നാണ് യുവാവ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ ഇയാളെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ചതോടെ 35കാരന്‍ രക്ഷപ്പെടുകയായിരുന്നു.
ബ്രിട്ടീഷ് പാർലമെന്റിലേക്ക് ചരിത്രത്തിൽ ആദ്യമായി മലയാളിയും; കോട്ടയം സ്വദേശി സോജൻ ജോസഫ് വിജയിച്ചു
ലണ്ടൻ:
ബ്രിട്ടീഷ് പാർലമെന്റിൽ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി സാന്നിധ്യവും. ലേബർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച കോട്ടയം സ്വദേശി സോജൻ ജോസഫ് വിജയിച്ചു. ആഷ്‌ഫോർഡ് മണ്ഡലത്തിൽ നിന്നാണ് സോജൻ ജോസഫ് ലേബർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥി ഡാമിയൻ ഗ്രീനിനെയാണ് പരാജയപ്പെടുത്തിയത്
49കാരനായ സോജൻ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. ഇന്ത്യയിൽ നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം 2001ലാണ് സോജൻ ജോസഫ് ബ്രിട്ടനിലെത്തുന്നത്.
2015ലാണ് ലേബർ പാർട്ടിയിൽ അംഗത്വമെടുക്കുന്നത്. പൊതുവെ കൺസർവേറ്റീവുകൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലമായ ആഷ്‌ഫോർഡിൽ മിന്നും ജയമാണ് സോജൻ ജോസഫ് കരസ്ഥമാക്കിയത്.
ഡോ. വന്ദന കൊലപാതകം: പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി:
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിലെ അപ്പീൽ
അപ്പീൽ തള്ളിയതോടെ കേസിൽ വിചാരണക്കുള്ള തടസ്സം നീങ്ങി. കേസിൽ സന്ദീപിനെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കി തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. അതേസമയം പോലീസിന്റെ കുറ്റപത്രം വിചാരണ ചെയ്യപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി
പ്രതിയെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടിയാണ് ഇനിയുള്ളത്. കഴിഞ്ഞ വർഷം മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. പോലീസ് ചികിത്സക്കായി എത്തിച്ച പ്രതി സന്ദീപ് ദാസ് വന്ദനെ കുത്തിക്കൊല്ലുകയായിരുന്നു.




































