27.6 C
Kollam
Saturday 20th December, 2025 | 12:29:20 PM
Home Blog Page 2500

അമിതമായി ഉറങ്ങരുതെന്ന് പറയുന്നത് എന്ത് കൊണ്ടെന്നോ?

കൂടുതലായി ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ, അതിന്റെ പിന്നിലെ കാരണം പലർക്കും അറിയില്ല. ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവയ്ക്കുന്നത്. ഇടയ്ക്കിടെയുള്ള ഉറക്കവും ഉയർന്ന രക്തസമ്മർദ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പഠനം.

അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലായ ഹൈപ്പർടെൻഷനിലാണ് പഠനത്തിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. ഇടയ്ക്കിടെയുള്ള ഉറക്കം ഉയർന്ന രക്തസമ്മർദ്ദം, ഇസ്‌കെമിക് സ്ട്രോക്ക് എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഇതിനായി 2006 നും 2010 നും ഇടയിൽ യുഎസിൽ താമസിച്ചിരുന്ന 40 നും 69 നും ഇടയിൽ പ്രായമുള്ള 500,000-ത്തിലധികം പേരെ യുകെ ബയോബാങ്ക് റിക്രൂട്ട് ചെയ്തു. അവർ പതിവായി രക്തം, മൂത്രം, ഉമിനീർ എന്നിവയുടെ സാമ്പിളുകളും അവരുടെ ജീവിതരീതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും നൽകി. ഉച്ചയുറക്കവും സ്ട്രോക്ക് അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ആദ്യ റിപ്പോർട്ടുകളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്തു. 11 വർഷം ഫോളോ അപ്പ് ചെയ്തു.

രാത്രിയിലെ മോശം ഉറക്കം മോശം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല അത് നികത്താൻ അമിത ഉറക്കം പര്യാപ്തമല്ല താനും. പലരും രാത്രി ഉറക്കമില്ലായ്മ പരിഹരിക്കാനായാണ് കൂടുതൽ ഉറങ്ങുന്നത്. എന്നാൽ, ഇത് ഹൃദയാരോഗ്യത്തിനും മറ്റ് പ്രശ്‌നങ്ങൾക്കും ഉള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി.

ഉപരാഷ്ട്രപതി ഡോ. ജഗദീപ് ധന്‍കര്‍ കൊല്ലത്ത് എത്തി

ഉപരാഷ്ട്രപതി ഡോ. ജഗദീപ് ധന്‍കര്‍ സംസ്ഥാനത്തെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായാണ് ഉപരാഷ്ട്രപതിയെത്തിയത്. തിരുവനന്തപുരത്തെ പരിപാടിക്ക് ശേഷം സ്വകാര്യ സന്ദര്‍ശനത്തിനായി കൊല്ലത്ത് എത്തി. ഞായറാഴ്ച രാവിലെയോടെ ഉപരാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കും.
രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം അന്തരാഷ്ട്ര വിമാത്താവളത്തിലാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ എത്തിയത്. പത്‌നി സുധേഷ് ധന്‍കറും ഉപരാഷ്ട്രപതിയെ അനുഗമിച്ചു. വിമാനത്താവളത്തില്‍ എത്തിയ ഉപരാഷ്ട്രപതിക്കും ഭാര്യക്കും സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ബൊക്ക നല്‍കി സ്വീകരിച്ചു. സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു. മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡല്‍ ഓഫ് എക്സലന്‍സ് സമ്മാനിച്ചു. ഐഎസ്എസ്ടിയിലെ ബിരുദദാന ചടങ്ങ് വ്യത്യസ്തമാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പട്ടു. ആഗോള തലത്തില്‍ ഐഎസ്എസ്ടി ഒന്നാമതെത്തുമെന്നും ഡോ. ജഗദീപ് ധന്‍കര്‍ പറഞ്ഞു.
ഐഎസ്ആര്‍ഒ ചെയര്‍മാനും ഐഐഎസ്ടി ഗവേണിംഗ് ബോഡി ചെയര്‍മാനുമായ എസ്. സോമനാഥ്, ചാന്‍സലര്‍ ഡോ. ബി.എന്‍ സുരേഷ്, ഐഐഎസ്ടി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. വൈകുന്നേരം അദ്ദേഹം അഷ്ടമുടി കായലില്‍ ബോട്ട് ക്രൂയിസ് നടത്തും. തുടര്‍ന്ന് കൊല്ലത്തായിരിക്കും ഉപരാഷ്ട്രപതിയുടെ താമസം. എന്നാല്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടെ കൊല്ലം അഷ്ടമുടിക്കായലില്‍ ഹൗസ് ബോട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിലക്കിനെതിരെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ രാഷ്ട്രപതിക്ക് പരാതി കൈമാറിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.15ന് കൊല്ലത്ത് നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന അദ്ദേഹം രാവിലെ 9.45-ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും. ഉപരാഷ്ട്രപതി എത്തിയതോടെ തിരുവനന്തപുരം, കൊല്ലം നഗരങ്ങളില്‍ ജില്ലാ ഭരണകൂടം ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.

കൃഷിവകുപ്പിന്റെ നെല്‍വിത്ത് മുളച്ചില്ല; കരീപ്രയില്‍ കര്‍ഷകര്‍ ദുരിതത്തില്‍

കരീപ്ര: കൃഷി വകുപ്പ് നല്‍കിയ നെല്‍വിത്ത് വിതച്ച് 14 ദിവസം കഴിഞ്ഞും മുളയ്ക്കാത്തത്തില്‍ ദുരിതത്തിലായിരിക്കുകയാണ് കരീപ്ര തളവൂര്‍കോണം ഏലായിലെ കര്‍ഷകര്‍.
ലോണെടുത്തും, കടം വാങ്ങിയും കൃഷിയിടം ഒരുക്കി കൃഷി വകുപ്പ് നല്‍കിയ വിത്തും വിതച്ച് അവ മുളപൊട്ടുന്നതും നോക്കിയിരുന്ന കര്‍ഷകരുടെ പ്രതീക്ഷയാണ് വാടി തളര്‍ന്നു പോയത്. 70 ഏക്കാറോളം കൃഷി ഭൂമിയില്‍ ഉമ ഇനത്തില്‍ കൃഷി വകുപ്പ് നല്‍കിയ വിത്ത് പാകി യെങ്കിലും നിരാശയാണ് കര്‍ഷകര്‍ക്ക് ബാക്കിയായത്.
കനത്ത നഷ്ടമാണ് മുളയ്ക്കാത്ത വിത്ത് പാകി കൃഷി ഇറക്കിയതിലൂടെ കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തിന് നഷ്ട പരിഹാരം നല്‍കാന്‍ കൃഷി വകുപ്പ് തയ്യാറാവണമെന്നാണ് പാടശേഖര സമിതി ആവശ്യപ്പെടുന്നത്.
ഇതുസംബന്ധിച്ച് കൃഷി മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയതായും നഷ്ട പരിഹാരം കിട്ടാത്ത പക്ഷം കര്‍ഷകര്‍ കൂടുതല്‍ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും ഏലാ സമിതി പ്രസിഡന്റ് വിജയകുമാര്‍, സെക്രട്ടറി ചന്ദ്രശേഖരന്‍ പിള്ള എന്നിവര്‍ പറഞ്ഞു.

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ജൂലൈ 23 ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23-ന് പാർലമെന്റില്‍ അവതരിപ്പിക്കും.
ധനമന്ത്രി നിർമല സീതാരാമൻ ആകും ബജറ്റ് അവതരിപ്പിക്കുക.
ജൂലായ് 22ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും. പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.

യുവനടന്മാരില്‍ സെല്‍ഫിഷ് ആയ ആളുകളില്‍ പ്രധാനിയാണ് ഫഹദ് ഫാസിലെന്ന് നടന്‍ അനൂപ് ചന്ദ്രന്‍

യുവനടന്മാരില്‍ സെല്‍ഫിഷ് ആയ ആളുകളില്‍ പ്രധാനിയാണ് ഫഹദ് ഫാസിലെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെതിരെയാണ് ഫഹദ് ഫാസിലിനെതിരെ അനൂപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഫഹദും ഭാര്യയും എറണാകുളത്ത് ഉണ്ടായിട്ടും യോഗത്തില്‍ എത്തിയില്ല. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ ഉള്‍പ്പെടെ ഫഹദും ഭാര്യയും പങ്കെടുത്തിരുന്നു. കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങി അതെല്ലാം ഒറ്റയ്ക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ് ഫഹദിനെന്നും അനൂപ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ ഷൂട്ടിങ് നടക്കുന്നത് പുറത്തായതിനാലാണ് പൃഥ്വിരാജിന് എത്താന്‍ സാധിക്കാതിരുന്നത്. പൃഥ്വിരാജിനെപ്പോലുള്ളവര്‍ കുറച്ച് സമയം കണ്ടെത്തി നേതൃത്വത്തിലേക്ക് വന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് സംഘടനയിലേക്ക് വരാന്‍ താല്‍പര്യമുണ്ടാകുമെന്നും താരം പറഞ്ഞു. അതിനിടെ ഫഹദ് ഫാസിലിന് എതിരായ അനൂപ് ചന്ദ്രന്റ പരാമര്‍ശം രൂക്ഷ വിമര്‍ശനത്തിന് ഇരയാവുകയാണ്. ഫഹദ് പ്രതിഫലം വാങ്ങുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമാണെന്നും അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നുമാണ് വിമര്‍ശനങ്ങള്‍.

പരിവർത്തിത ക്രൈസ്തവർക്കെതിരായ ചൂഷണം അവസാനിപ്പിക്കണം; ഡോ: പ്രകാശ് പി തോമസ്

തിരുവല്ല:ക്രിസ്തുവിൻ്റെ വെളിച്ചം തേടിവന്ന സമൂഹമെന്ന നിലയിൽ പരിവർത്തിത ക്രൈസ്തവർ കൊടിയ ചൂഷണങ്ങൾക്കു് വിധേയപ്പെട്ടുകൊണ്ടിരിക്കയാണന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ: പ്രകാശ് പി.തോമസ് പറഞ്ഞു. അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നേറ്റീവ് ക്രിസ്ത്യൻസ് (എഐഎൻ സി )രണ്ടാം ജന്മദിന വാർഷികം തിരുവല്ല വൈഎം സി എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയമ നിർമ്മാണ സഭകളിൽ പരിവർത്തിത ക്രൈസ്തവ വിഭാഗത്തിന് വേണ്ടി ശബ്ദിക്കാൻ ആളില്ലാത്തതും ഈ സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു .പരിവർത്തിത സമൂഹത്തിൻ്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്തുന്നതിനെ തിരെ ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ചർച്ച് വരേണ്യവർഗ്ഗത്തിൻ്റേതാണന്ന ധാരണ മൗഢ്യമാണന്നും അദ്ദേഹം പറഞ്ഞു .
സംസ്ഥാന പ്രസിഡൻ്റ് റവ.പി സി ജോസഫ് അധ്യക്ഷനായി.പ്രമോഷണൽ സെക്രട്ടറി ജേക്കബ് ജോസഫ്,റവ.ജോയിസ് ജോൺ, ഫാദർ ഷിജു മാതു, പാസ്റ്റർ സാക് ജോൺ, ഡേവിഡ് പി.പായിപ്പാട്, അച്ചാമ്മ പൗലോസ് എന്നിവർ പ്രസംഗിച്ചു.

ആ സന്തോഷത്തിലും സ്‌നേഹത്തിലും സങ്കടത്തിലും പോകുന്നു… വീണ്ടും എളുപ്പം തിരിച്ചുവരാം: മോഹന്‍ലാല്‍

സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്‍360. മോഹന്‍ലാലിനൊപ്പം ശോഭനയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 75 ദിവസത്തെ ചിത്രീകരണത്തിനു ശേഷം ഇപ്പോള്‍ എല്ലാവരും ഷെഡ്യൂള്‍ ബ്രേക്ക് എടുക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് യാത്ര പറഞ്ഞിറങ്ങുന്ന മോഹന്‍ലാലിന്റെ വിഡിയോ ആണ്.
ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്‌നേഹം തോന്നുമെന്നും അങ്ങനെ സ്‌നേഹം തോന്നിയ ചിത്രമാണ് ഇതെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. വിഷമത്തോടെയാണ് സെറ്റിനോട് വിടപറയുന്നതെന്നും താരം പറഞ്ഞു.
’47 വര്‍ഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്‌നേഹം തോന്നും. അങ്ങനെ സ്‌നേഹം തോന്നിയ ഒരു സിനിമയാണ് ഇത്. പോകുമ്പോള്‍ ഒരു ചെറിയ സങ്കടം ഉണ്ടാവും. ആ സങ്കടത്തോട് കൂടി ഞാന്‍ പോകുന്നു. ഇവിടെ തന്നെ നിന്ന എത്രയോ ദിവസങ്ങള്‍. ആ സന്തോഷത്തിലും സ്‌നേഹത്തിലും സങ്കടത്തിലും പോകുന്നു. വീണ്ടും എളുപ്പം തിരിച്ചുവരാം.’- മോഹന്‍ലാല്‍ പറഞ്ഞു. കെ.ആര്‍. സുനിലിന്റെതാണ് ചിത്രത്തിന്റെ കഥ. തിരക്കഥയൊരുക്കിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തി. അതേസമയം എമ്പുരാന്റെ ചിത്രീകരണത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. ഗുജറാത്തില്‍ ചിത്രീകരിക്കുന്ന ഭാഗങ്ങളിലാകും മോഹന്‍ലാല്‍ ഇനി അഭിനയിക്കുക.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ഫൂട്ടേജ്… റിലീസ് തീയതി പ്രഖ്യാപിച്ചു…

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. ഫൂട്ടേജിന്റെ റിലീസ് തീയതി പുറത്തുവന്നു. ഓഗസ്റ്റ് 2നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ട്ടിന്‍ പ്രകാട്ട് ഫിലംസ് ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുക. കുമ്പളങ്ങി നൈറ്റ്‌സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്ററാണ് സൈജു. സുഷിന്‍ ശ്യാം ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഷബ്ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്.

അമ്മയും മകളും വീട്ടില്‍ മരിച്ച നിലയിൽ

തിരുവനന്തപുരം. പാലോട് അമ്മയും മകളും വീട്ടില്‍ മരിച്ച നിലയിൽ. സുപ്രഭ (88), മകൾ ഗീത (59) എന്നിവരാണ് മരിച്ചത്. അമിതമായി ഗുളിക കഴിച്ചാണ് മരണം ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 8.30യോടെയാണ് മൃതദേഹം കണ്ടത്

ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം കിടപ്പുമുറിയിലും കണ്ടെത്തി

കുമാരനെല്ലൂരില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും കൂട്ടയടി

പാലക്കാട്. കുമാരനെല്ലൂരില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും കൂട്ടയടി;സ്‌കൂളിന് പുറത്തുവച്ചാണ് ചേരി തിരഞ്ഞ് സംഘര്‍ഷമുണ്ടായത്.സഹികെട്ട പൊലീസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് കൊണ്ടുവന്ന ബൈക്കുകള്‍ പിടിച്ചെടുത്തു

വെള്ളിയാഴ്ച്ച വൈകീട്ട് സ്‌കൂള്‍ വിട്ട സമയത്ത് റോഡില്‍ വച്ചായിരുന്നു പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും..രാവിലെ പത്താം ക്ലാസ്,പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലും സംഘര്‍ഷമുണ്ടായിരുന്നു.നിസ്സാര കാരണങ്ങളുടെ പുറത്താണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്,വൈകീട്ടുള്ള വിദ്യാര്‍ത്ഥികളുടെ തര്‍ക്കം ഗൗരവമായതോടെ തൃത്താലയില്‍ നിന്ന് പോലീസെത്തി.നേരത്തെ വാണിംഗ് നല്‍കിയിട്ടും സ്‌കൂളിലേക്ക് കുട്ടികള്‍ കൊണ്ടുവന്ന ഇരുചക്രവാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തേു,പത്തോളം വാഹനങ്ങളാണ് ലോറിയില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചത്,വിദ്യാര്‍ത്ഥികളുടെ നിയമം ലംഘിച്ചുള്ള ബൈക്ക് യാത്രക്കെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.പിടിച്ചെടുത്ത ബൈക്കുകളുടെ ഉടമകളുടെ പേരില്‍ പൊലീസ് പിഴയീടാക്കും