പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി പിടിയില്‍. മൈലാടുപാറ സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും രണ്ടുഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെടുത്തിരുന്നു.
തിങ്കളാഴ്ചയാണ് കോളജ് ജങ്ഷനില്‍ നിന്നും കഞ്ചാവുമായി ഇയാളെ എക്സൈസ് പിടികൂടിയത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം യദുകൃഷ്ണനും മറ്റുള്ളവരും സിപിഎമ്മില്‍ ചേര്‍ന്നത്.
സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ ഇവരെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയില്‍
സംവിധായകനായും നടനായും ധനുഷ്… രായന് എ സര്‍ട്ടിഫിക്കേറ്റ്
സംവിധായകനായും നടനായും ധനുഷ് എത്തുന്ന റിലീസിനൊരുങ്ങുന്ന ചിത്രമാണ് രായന്‍. വലിയ മേക്കോവറിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ജൂലൈ 26 റിലീസ് ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്
കേരളത്തില്‍ രായന്‍ ഗോകുലം മൂവീസ് തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നുവെന്നും ചെന്നൈയിലായിരിക്കും ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എന്നുമാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ നിന്ന് അപര്‍ണ ബാലമുരളി, നിത്യ മേനന്‍, കാളിദാസ് ജയറാം എന്നിവരും രായനില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരും ചിത്രത്തിലുണ്ട്. സംഗീതം എ.ആര്‍. റഹ്മാനാണ്. സണ്‍ പിക്‌ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തടി കൊണ്ടുണ്ടാക്കിയ അടുക്കള സാമഗ്രികള്‍ എങ്ങനെ വൃത്തിയാക്കണം…
അടുക്കളയിലെ സ്ലാബ്, സിങ്ക്, സ്റ്റൗ തുടങ്ങിയടമൊക്കെ വെള്ളവും ഡിറ്റര്‍ജന്റുമൊക്കെ ഉപയോഗിച്ച് നാം വൃത്തിയാക്കാറുണ്ട്. എന്നാല്‍ തടി കൊണ്ടുണ്ടാക്കിയ അടുക്കള സാമഗ്രികള്‍ എങ്ങനെ വൃത്തിയാക്കണം എന്ന് പലര്‍ക്കും അറിയില്ല. തടിയിലുള്ള പാത്രങ്ങള്‍, സ്പൂണുകള്‍, കട്ടിങ് ബോര്‍ഡ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാന്‍ ചില ടിപ്‌സ് നോക്കാം….
ഒന്ന്…
തടിയിലുള്ള പാത്രങ്ങള്‍ ആദ്യം സോപ്പ് വെള്ളത്തില്‍ (ചെറുചൂടുള്ള) കഴുകാം. ഇനി ഇതിലേയ്ക്ക് കുറച്ച് ഉപ്പ് വിതറാം. ശേഷം പകുതി അരിഞ്ഞ നാരങ്ങ കൊണ്ട് നന്നായി മസാജ് ചെയ്യാം. ഉപ്പ് മുഴുവന്‍ അലിയുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം.
രണ്ട്…
പാത്രങ്ങളിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ നാരങ്ങാ നീര് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. അതിനാല്‍ തടിയിലുള്ള പാത്രങ്ങള്‍ ആദ്യം ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കാം. ശേഷം അതിലേയ്ക്ക് നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിച്ച് നന്നായി കഴുകിയെടുക്കാം.
മൂന്ന്…
ബേക്കിങ്ങ് സോഡയും നാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം ഉപയോഗിച്ച് ഇവ വൃത്തിയാക്കുന്നതും ഏറെ ഗുണം ചെയ്യും.
നാല്…
ഒരു പാത്രത്തില്‍ കുറച്ചു വെള്ളമെടുക്കുക. ഇനി ഇതിലേക്ക് വിനാഗിരി ഒഴിക്കുക. ശേഷം ഇതിലേയ്ക്ക് തടിയിലുള്ള അടുക്കള സാമഗ്രികള്‍ ഒരു രാത്രി മുഴുവനും മുക്കി വയ്ക്കാം. പാത്രങ്ങളിലെ ദുര്‍ഗന്ധം അകറ്റാനും അവ വൃത്തിയാകാനും ഇത് സഹായിക്കും.
അടുക്കള എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കാം… ഈ 10 നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാം….
ഒരു വീട്ടിലെ മര്‍മ്മ പ്രധാനമായ സ്ഥലം അടുക്കളയാണ്. വീട്ടിലെ എല്ലാവര്‍ക്കും ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം എന്നതിനാല്‍ ഏറ്റവും കൂടുതല്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും അടുക്കള തന്നെയാണ്. അടുക്കള എപ്പോഴും വൃത്തിയായി കിടക്കാനാണ് പലരും ആഗ്രഹിക്കാറുള്ളത്. അടുക്കള എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കാം 10 നിര്‍ദ്ദേശങ്ങള്‍ ഇതാ….

- എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ പാത്രങ്ങള്‍ കഴുകി വയ്ക്കാന്‍ ശ്രമിക്കുക. പാത്രങ്ങള്‍ വലിച്ച് വാരിയിടുന്നത് ജോലി കൂടുകയേയുള്ളൂ.
- പാത്രങ്ങള്‍ വൃത്തിയായി കഴുകാന്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിക്കാം.
- ഒരു ജാറില്‍ അല്‍പം സോപ്പുവെള്ളം കലക്കിവച്ചിരുന്നാല്‍ ഉപയോഗിക്കുന്ന സ്പൂണും തവിയും കത്തിയും അതിലിടാം. പിന്നീട് കഴുകി എടുത്താല്‍ മതി.
- കിച്ചന്‍ ക്യാബിനറ്റുകള്‍ വൃത്തിയാക്കാന്‍ നാച്ചുറല്‍ ക്ലീനര്‍ ഉപയോഗിക്കാം. കൂടാതെ അലമാരകളും ഷെല്‍ഫുകളും നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം. മാസത്തിലൊരിക്കലെങ്കിലും ഷെല്‍ഫുകളില്‍ നിന്നും അലമാരകളില്‍ നിന്നും സാധനങ്ങളെല്ലാം മാറ്റിയശേഷം തുടച്ചു വൃത്തിയാക്കണം.
- അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന മേശയും വൃത്തിയുള്ളതായിരിക്കണം. പച്ചക്കറികള്‍ നുറുക്കാനും പാത്രങ്ങള്‍ അടുക്കി വയ്ക്കാനും ഉപയോഗിക്കുന്ന മേശ തുടച്ചു വൃത്തിയായി സൂക്ഷിക്കുക. മേശ തുടയ്ക്കാന്‍ വൃത്തിയുള്ള തുണി ഉപയോഗിക്കാം.
- എല്ലാ ദിവസത്തേയും വേസ്റ്റുകള്‍ അന്നന്ന് തന്നെ നീക്കം ചെയ്യണം.
- വേസ്റ്റ് ബിന്നുകള്‍ ദിവസവും വൃത്തിയാക്കണം. വേസ്റ്റ് ബിന്‍ എപ്പോഴും അടച്ചു അടുക്കളയുടെ മൂലയില്‍ സൂക്ഷിക്കുക.രാത്രി വേസ്റ്റുകള്‍ നീക്കം ചെയ്തശേഷം അണു നാശിനി സ്‌പ്രേ ചെയ്യാന്‍ മറക്കരുത്.
- പച്ചക്കറി അവശിഷ്ടങ്ങളും വെള്ളവും വീണ് തറയെപ്പോഴും വൃത്തികേടായി കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അഴുക്ക് വൃത്തിയാക്കാനായി അടുക്കളയില്‍ എപ്പോഴും ഒരു മോപ്പ് ഉണ്ടായിരിക്കണം.
- പാചകം ചെയ്തശേഷം സ്റ്റൗ നനഞ്ഞ തുണികൊണ്ട് വൃത്തിയാക്കണം. ഇടയ്ക്ക് ചെറുനാരങ്ങാ നീര് ചേര്‍ത്ത വെള്ളം കൊണ്ട് സ്റ്റൗ വൃത്തിയാക്കിയാല്‍ തുരുമ്പ് പിടിക്കില്ല. ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട് സ്റ്റൗ വൃത്തിയാക്കുന്നതും നല്ലതാണ്.
- രാത്രി ജോലി കഴിഞ്ഞാല്‍ അടുക്കള തുടയ്ക്കാനും ശ്രമിക്കുക.
സര്‍ക്കാര്‍ എംബ്ലവും നെയിംബോര്‍ഡ് ഘടിപ്പിച്ച വാഹനത്തില്‍ ഫ്‌ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തില്‍ യാത്ര ചെയ്ത കൊല്ലം കെഎംഎംഎല്‍ എംഡിക്ക് പണികിട്ടി
കൊച്ചി: നിയമവിരുദ്ധമായി സര്‍ക്കാര്‍ എംബ്ലവും നെയിംബോര്‍ഡും ഘടിപ്പിച്ച വാഹനത്തില്‍ ഫ്‌ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തില്‍ യാത്ര ചെയ്ത കൊല്ലം കെഎംഎംഎല്‍ എംഡിയെ കുടഞ്ഞ് ഹൈക്കോടതി. ഈ മാസം ഏഴിന് രാവിലെ 11.30നാണ് ആലുവ മേല്‍പ്പാലത്തിലൂടെ, അടിയന്തര വാഹനങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള ഫ്‌ലാഷ് ലൈറ്റുമിട്ട് കെഎംഎംഎല്‍ എംഡിയുടെ വാഹനം പാഞ്ഞുപോയത്. എംഡിയുടെ വാഹനം കസ്റ്റഡിയിലെടുക്കാനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടു.
വാഹനത്തിന്റെ മുന്‍വശത്തു കൊടിയും ഉപയോഗിച്ചിരുന്നെന്ന് കോടതി പറഞ്ഞു. ഇതിന്റെ ചിത്രം കോടതി കണ്ടു. കൊല്ലം ജില്ലാ പൊലീസ് മേധാവി വഴി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) സാന്നിധ്യത്തില്‍ പരിശോധനയ്ക്കായി നിയോഗിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി.
അനധികൃതമായി നെയിം ബോര്‍ഡും ഫ്‌ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതു തടയുന്നത് സംബന്ധിച്ച് കോടതി ഉത്തരവുകള്‍ നിലവിലുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ക്കും പൊലീസിനും അതിനു കഴിയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഇത്തരം വാഹനങ്ങള്‍ നടപ്പാതകളില്‍പോലും പാര്‍ക്ക് ചെയ്യുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും; തുറമുഖത്ത് ബെർത്തിംഗ് നാളെ രാവിലെ
തിരുവനന്തപുരം:
വിഴിഞ്ഞത്ത് ഇന്ന് രാത്രിയോടെ ആദ്യ കപ്പൽ നങ്കൂരമിടും. ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ നാളെ രാവിലെ ആറുമണിയോടെ ബർത്തിൽ അടുക്കും. കപ്പൽ ഇന്ന് അർധരാത്രി തന്നെ പുറംകടലിൽ എത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കപ്പലിന് സ്വീകരണം.
ചരക്കുനിറച്ച 2000 കണ്ടൈനറുകളുമായാണ് മെർസ്‌കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ അടുക്കുന്നത്. ഇന്ന് പുറംകടലിൽ എത്തുമെങ്കിലും ബർത്തിൽ അടുക്കാൻ നാളെ രാവിലെ ആറുമണിയാകും. ഒരു ദിവസം കപ്പലിന് വിശ്രമം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മദർഷിപ്പിന് വൻ സ്വീകരണം. ടഗ് ബോട്ടുകൾ വാട്ടർ സല്യൂട്ട് നൽകും. മുഖ്യമന്ത്രിയും, കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോർട്ട് അധികൃതരും, വിസിൽ അധികൃതരും ചേർന്ന് കപ്പലിനെ സ്വാഗതം ചെയ്യും. ട്രയൽ റണ്ണിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തിരുവനന്തപുരം ജില്ലയിലെ എംപിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. കപ്പലിലുള്ള മുഴുവൻ ചരക്കും തുറമുഖത്ത് ഇറക്കി അന്നുതന്നെ സാൻ ഫെർണാണ്ടോ മടങ്ങും. തൊട്ട് പിന്നാലെ രണ്ട് ഫീഡർ കപ്പലുകൾ എത്തി ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. സെപ്റ്റംബർ വരെ നിരവധി മദർഷിപ്പുകളും, ഫീഡർഷിപ്പുകളും ചരക്കുനീക്കത്തിന് വിഴിഞ്ഞത്ത് എത്തും.
കൊടിക്കുന്നിലിന് പ്രതിഷേധമുണ്ട്
ന്യൂഡെല്‍ഹി. പ്രോ ടേം സ്പീക്കർ സ്ഥാനം ലഭിക്കാത്തതിൽ പ്രതിക്ഷേധം വ്യക്തമാക്കി കൊടിക്കുന്നിൽ. ബിജെപി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ടാണ് തന്നെ മാറ്റിനിർത്തിയത്. ഇപ്പോഴത്തെ പ്രോ ടേം സ്പീക്കർ സഭയ്ക്ക് കളമാണ്. തനിക്ക് അവസരം നിഷേധിച്ചത് ബോധപൂർവം
മുൻപ് കോൺഗ്രസിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നിഷേധിച്ചത് സാങ്കേതികത്വത്തിൻ്റെ പേരിൽ. ഇത്തവണ ഡെപ്യൂട്ടി സ്പീക്കറിൻ്റെ കാര്യത്തിൽ ഭരണപക്ഷം ഉറപ്പുനൽകിയില്ല
കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു
എറണാകുളം. കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപ്പിടിച്ചു. വാഹനത്തിൽ വിദ്യാർഥികളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. വിദ്യാർഥികളെ എടുക്കാൻ പോകുംവഴിയായിരുന്നു അപകടം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
രാവിലെ 8:30 ഓടെയാണ് കുണ്ടന്നൂരിന് സമീപം തേവര എസ് എച്ച് സ്കൂളിന്റെ ബസിന് തീപിടിച്ചത്.ബസിൻറെ മുൻഭാഗത്ത് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വണ്ടിയിലുണ്ടായിരുന്ന ഫയർ ഇക്സ്റ്റിങ്ഗ്വിഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പടരുകയായിരുന്നു. പിന്നാലെ അതുവഴി വന്ന കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.തൃപ്പൂണിത്തുറയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർ എൻജിനികളുടെ സഹായത്തോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.ബസ് പൂർണമായും കത്തി നശിച്ചു. ഡ്രൈവറും ബസ്സിൽ ഉണ്ടായിരുന്ന സഹായിയും
പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.സംഭവസമയം ബസ്സിൽ വിദ്യാർത്ഥികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം
മുല്ലപ്പെരിയാറിൽ കനാലില്‍ കാട്ടാന കുടുങ്ങി
ഇടുക്കി. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന ഷട്ടറിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിൽ കാട്ടാന കുടുങ്ങി. മണിക്കൂറുകൾക്കുശേഷം കാട്ടാന സ്വമേധയാ നീന്തി കയറി..
രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പെരിയാർ കടുവാ സങ്കേതത്തിലെ കാട്ടാനയാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന കനാലിൽ അകപ്പെട്ടത്. കനാലിന് കുറുകേ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിൽ തടഞ്ഞുനിന്നതിനാൽ 100 മീറ്റർ മാത്രമാണ് ആന ഒഴുകിയത്. ശക്തമായ വെള്ളമുഴുക്കിൽ ആനയ്ക്ക് തിരിച്ചു നീന്താനും കഴിഞ്ഞില്ല. റിസോർട്ട് ജീവനക്കാരാണ് ആന ഗ്രില്ലിൽ കുടുങ്ങിയ വിവരം വനംവകുപ്പിനെ അറിയിച്ചത്.
ഒരു മണിക്കൂറോളം കാട്ടാന ഗ്രില്ലിൽ തടഞ്ഞുനിന്നു. തുടർന്ന് തേക്കടിയിലെ ഷട്ടർ അടച്ച് തമിഴ്നാട്ടിലേക്കുള്ള വെള്ളത്തിൻറെ ഒഴുക്ക് തടസ്സപ്പെടുത്തിയതോടെ ആന തിരിച്ചു നീന്തി കരയ്ക്ക് കയറി. പെരിയാർ കടുവാ സങ്കേതത്തിലേക്ക് തന്നെ ആന നീങ്ങിയിട്ടുണ്ട്. അപകടത്തിൽ ആനയ്ക്ക് പരിക്കുകൾ ഒന്നുമില്ല എന്നാണ് നിഗമനം.
പൊള്ളലേറ്റ കുഞ്ഞിന് ചികിൽസ നിഷേധിച്ച് മരണപ്പെട്ട സംഭവം, പ്രതിയായ പിതാവിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വാദിക്കാൻ എത്തി, വിവാദം
വയനാട് .പനമരത്ത് പൊള്ളലേറ്റ കുഞ്ഞിന് ചികിൽസ നിഷേധിച്ച മരണപ്പെട്ട സംഭവത്തിൽ പ്രതിയായ പിതാവിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വാദിക്കാൻ എത്തിയതിൽ വിവാദം. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് പബ്ലിക് പ്രൊസിക്യൂട്ടർ പ്രതിക്ക് വേണ്ടി ഹാജരായത്
കഴിഞ്ഞ ജൂൺ ഒമ്പതിനാണ് ചുടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് മൂന്ന് വയസ്സുകരാൻ മുഹമ്മദ് അസാന് പൊള്ളലേറ്റത്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദ്ഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ പിതാവ് അൽത്താഫ് കുട്ടിയെ നാട്ടു വൈദ്യൻ ഐക്കരക്കുടി സ്വദേശി ജോർജിന്റെ അടുത്തേക്ക് കൊണ്ട് പോവുകയായിരുന്നു. കുട്ടി കഴിഞ്ഞ 20 ന് കുട്ടി മരിച്ചതോടെ പിതാവും വൈദ്യനും അറസ്റ്റിലായി. ഈ കേസിൽ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വാദം തുടരുന്നതിനിടെ പബ്ലിക് പ്രൊസിക്യൂട്ടർ പ്രതി അൽത്താഫിനു വേണ്ടി ഹാജരായതിലാണ് വിവാദം.. രണ്ടു പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.. മറ്റൊരു അഭിഭാഷകനാണ് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നതെങ്കിലും പബ്ലിക് പ്രൊസിക്യൂട്ടര്‍ആണ് വാദിച്ചത്. പബ്ലിക് പ്രൊസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് പനമരം പൊലീസിൽ നിന്ന് കേസ് വിവരങ്ങൾ ഇയാള്‍ ശേഖരിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മജിസ്ട്രേറ്റിന്റെ ചേമ്പറിൽ എത്തി നീരസമറിയിച്ചതായും സൂചന ഉണ്ട്. എന്നാൽ താൻ പ്രതിക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കുകയോ ഹാജരാവുകയോ ചെയ്തിട്ടില്ല എന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ വിശദീകരണം.



































