Home Blog Page 2488

നടുറോഡിൽ ദളിത്‌ പെൺകുട്ടിക്ക് മർദനമേറ്റ കേസിൽ രണ്ടുപ്രതികള്‍ അറസ്റ്റിൽ

ചേർത്തല. പൂച്ചാക്കലിൽ നടുറോഡിൽ ദളിത്‌ പെൺകുട്ടിക്ക് മർദനമേറ്റ കേസിൽ ഒന്നാം പ്രതി ഷൈജു, സഹോദരൻ രണ്ടാം പ്രതി ശൈലേഷ് എന്നിവർ അറസ്റ്റിൽ.
ഇന്ന് രാവിലെയാണ് ഇവർ അറസ്റ്റിലായത്. പ്രതികളുടെ സിപിഐഎം ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് കാരണമെന്ന ആക്ഷേപമുയർന്നിരുന്നു. ഇന്ന് നിയമസഭയിൽ MLA കെ കെ രമയുടെ ചോദ്യത്തിനാണ്
മന്ത്രി വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.ഞായറാഴ്ച വൈകിട്ടോടെയാണ് നടു റോഡിൽ പെൺകുട്ടിയെ ക്രൂരമായ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

ഇളയ സഹോദരങ്ങളെ മർദിച്ചതിൽ
പോലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങുമ്പോൾ ആയിരുന്നു പെൺകുട്ടിയെയും സഹോദരങ്ങളേയും നടു റോഡിൽ വച്ച് ആക്രമിച്ചത്. തൈക്കാട്ട് ശരി സ്വദേശി ഷൈജുവും സഹോദരൻ ശൈലേഷും സുഹൃത്തുക്കളും ചേർന്നായിരുന്നു ക്രൂര ആക്രമണം.
പെൺകുട്ടി പൂച്ചാക്കൽ പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. പിന്നീട് ദൃശ്യങ്ങൾ പുറത്തായതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പൂച്ചാക്കൽ പോലീസ് ആറു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതികൾക്കുള്ള ഉന്നത രാഷ്ട്രീയ ബന്ധമാണ് ഇവർക്കെതിരെ നടപടിയെടുക്കാനും പിന്നീട് അറസ്റ്റ് ചെയ്യാനും പോലീസ് മടിച്ചത് എന്ന ആക്ഷേപമാണ് ഉയരുന്നത്.

ഇന്ന് നിയമസഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയണമെന്ന അടിയന്തര പ്രമേയ അവതരണത്തിൽ
കെ കെ രമ എംഎൽഎ പൂച്ചാക്കലിലെ ദളിത് പെൺകുട്ടിക്ക് മർദ്ദനമേറ്റ സംഭവം സഭയിൽ ഉന്നയിച്ചത്. തുടർന്ന് മന്ത്രി വീണാ ജോർജ് ആണ് ഇന്ന് രാവിലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം സഭയിൽ അറിയിച്ചത്.
പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
കേസിൽ ഇനി നാലു പേരെ കൂടി പിടികൂടാൻ ഉണ്ട്.
പെണ്‍കുട്ടിയും സഹോദരങ്ങളും മർദ്ദിച്ചു എന്ന് ആരോപിച്ച് ഷൈജു നൽകിയ പരാതിയിലും പോലീസ് ആറു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്

ഉന്നാവോയിൽ ബസ് അപകടത്തിൽപ്പെട്ട്, 18 പേർ മരിച്ചു

ലഖ്നൗ.ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബസ് അപകടത്തിൽപ്പെട്ട്, 18 പേർ മരിച്ചു. 19 പേർ പരിക്കേറ്റ് ആശുപത്രിയിൽ. ഡബിൾ ഡക്കർ ബസ് പാൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

VOബിഹാറിലെ സീതാമഡിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഡബിൾ ഡക്കർ ബസ് ആണ് അപകടത്തിൽ പെട്ടത്.ലക്നൗ – ആഗ്ര ദേശീയപാതയിൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ വച്ചു പുലർച്ചെ 5.15 ഓടെയാണ് അപകടം.ബസ് പാൽ കൊണ്ടുപോവുകയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഭൂരിഭാഗം പേരും ഉറക്കത്തിൽ ആയത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.18 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പരിക്കേറ്റ 19 പേരെ പോലീസ് എത്തി യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതീവ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രിയോഗി ആദിത്യ നാഥ്, ദുരിതബാധിതർക്ക് സഹായം ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും,പരിക്ക് ഏറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

ഐഎസ്ആര്‍ഒ ചാരക്കേസ് സിഐ എസ്. വിജയന്റെ സൃഷ്ടി; സിബിഐ

ഐഎസ്ആര്‍ഒ ചാരക്കേസ് സിഐ ആയിരുന്ന എസ്. വിജയന്റെ സൃഷ്ടിയാണെന്ന് സിബിഐ. തെളിവുകളൊന്നുമില്ലാതെയാണ് ശാസ്ത്രജ്ഞനായ നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും സിബിഐ പറയുന്നു. കോടതിയില്‍ സമര്‍പ്പിച്ച ഗൂഢാലോചന കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
മാലദ്വീപ് സ്വദേശിനി മറിയം റഷീദയെ അന്യായമായി തടങ്കലില്‍ വയ്ക്കുകയും ഇന്റലിജന്‍സ് ബ്യൂറോയെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. മറിയം റഷീദക്കെതിരെ തെളിവുകളില്ലാതെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ കേസെടുപ്പിച്ചു. കുറ്റസമ്മതം നടത്താനായി മറിയം റഷീദയെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചു.
ഹോട്ടല്‍ മുറിയില്‍ വച്ച് കടന്ന് പിടിച്ചത് മറിയം റഷീദ എതിര്‍ക്കുകയും തുടര്‍ന്നുളള പ്രകോപനവുമാണ് കേസിന് പിന്നിലെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സി ഐ കെ.കെ. ജോഷ്വ ആയിരുന്നു. സിബി മാത്യൂസിന് വേണ്ടിയാണ് ഇങ്ങനെ കൃത്രിമരേഖ ചമച്ചതെന്നാണ് കണ്ടെത്തല്‍.
ഐബി മുന്‍ ഉദ്യോഗസ്ഥന്‍ ജയപ്രകാശ് കസ്റ്റഡിയില്‍ വെച്ച് നമ്പി നാരായണനെ മര്‍ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.ചാരവൃത്തി നടത്തിയെന്ന് എഴുതി ചേര്‍ത്ത കേസില്‍ ഒരു തെളിവുമില്ല. പ്രതി ചേര്‍ത്തവരുടെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്തിയില്ല.
മുന്‍ എസ്പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, മുന്‍ സിഐ കെകെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് കേസിലെ പ്രതികള്‍. എഫ്ഐആറില്‍ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കി.എഫ്ഐആറില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മര്‍ദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.

കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍-2 12ന് എത്തും… റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍-2 വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മധുര സ്വദേശി ആശാന്‍ രാജേന്ദ്രന്‍ എന്നയാളാണ് സിനിമയുടെ റിലീസിങ്ങിനെതിരെ മധുര കോടതിയില്‍ ഹര്‍ജി നല്‍കിയത്. മധുരയിലെ എച്ച്എംഎസ് കോളനിയിലുള്ള ആയോധനകല ഗവേഷണ അക്കാദമിയിലെ വര്‍മകലൈയിലെ മുഖ്യ അധ്യാപകനാണ് ആശാന്‍ രാജേന്ദ്രന്‍. ഇന്ത്യന്‍ സിനിമയില്‍ കമല്‍ഹാസന് വര്‍മകലൈയുമായി ബന്ധപ്പെട്ട ചില ടെക്നിക്കുകള്‍ ആശാന്‍ രാജേന്ദ്രനാണ് പഠിപ്പിച്ചു നല്‍കിയത്. സിനിമയില്‍ ഇദ്ദേഹത്തിന്റെ പേരും ക്രെഡിറ്റില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍-2 വില്‍ ഈ ടെക്നിക്കുകള്‍ തന്റെ അറിവില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്.
സിനിമ തിയേറ്ററുകളിലോ ഒടിടി പ്ലാറ്റ്ഫോമുകളിലോ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി കോടതി നാളെ പരിഗണിക്കും. വെള്ളിയാഴ്ചയാണ് ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ റിലീസ് ചെയ്യുന്നത്. കമല്‍ ഹാസന്‍ അഭിനയിച്ച 1996 ല്‍ ഇറങ്ങിയ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗമാണിത്. ശങ്കറാണ് സിനിമയുടെ സംവിധായകന്‍.

രണ്ടരക്കോടി രൂപ വേണ്ടെന്ന് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുകയില്‍ രണ്ടരക്കോടി രൂപ വേണ്ടെന്ന് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. മറ്റു സപ്പോര്‍ട്ടിങ് സ്റ്റാഫിനെപ്പോലെ തന്നെ പരിഗണിച്ചാല്‍ മതിയെന്നും അഞ്ച് കോടിക്ക് പകരം രണ്ടരക്കോടി രൂപ മതിയെന്നും ബിസിസിഐയോട് ദ്രാവിഡ് ആവശ്യപ്പെട്ടെന്നാണ് വിവരം.
ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു 125 കോടി രൂപയുടെ വമ്പന്‍ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ടീം നാട്ടിലെത്തിയ അന്നു തന്നെ തുക കൈമാറുകയും ചെയ്തു. 125 കോടിയില്‍ 15 താരങ്ങള്‍ക്കും മുഖ്യപരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി വീതമാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ വിഭജനത്തിലെ അസമത്വത്തില്‍ ‘അതൃപ്തി’ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ബോളിങ് കോച്ച് പരാസ് മാംബ്രെ, ഫില്‍ഡിങ് കോച്ച് ടി ദിലിപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ എന്നിവര്‍ക്ക് നല്‍കുന്ന 2.50 കോടി രൂപ തന്നെ തനിക്കും നല്‍ികാല്‍ മതിയെന്നാണ് ദ്രാവിഡിന്റെ നിലപാട്. 15 അംഗ ടീമിനും ദ്രാവിഡിനും 5 കോടി രൂപ വീതം, സപ്പോര്‍ട്ടിങ് സ്റ്റാഫിന് 2.50 കോടി രൂപ വീതം, സെലക്ടര്‍മാര്‍ക്കും റിസര്‍വ് താരങ്ങള്‍ക്കും ഒരു കോടി രൂപ വീതം എന്നിങ്ങനെ തുക നല്‍കാനായിരുന്നു തീരുമാനം. രാഹുലിന്റെ ഈ നിലപാടിന് 125 കോടി രൂപയേക്കാള്‍ മൂല്യമുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണം.

സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി

സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി. ചേലക്കര എല്‍എഫ് കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ ബാഗിലാണ് കുഞ്ഞു പാമ്പിനെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്‌കൂളിലെത്തി ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടയുകയും കുട്ടി കൈ വലിക്കുകയുമായിരുന്നു. സഹപാഠി ബാഗിന്റെ സിബ്ബ് അടച്ചതോടെ പാമ്പ് ബാഗില്‍ത്തന്നെ കുടുങ്ങിക്കിടന്നു.
പിന്നീട് അധ്യാപകരെത്തി സ്‌കൂളിനു പുറത്തെത്തിച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. വിദ്യാര്‍ഥിനിയുടെ വീട് പാടത്തോടു ചേര്‍ന്നാണ്. ഇവിടെ നിന്ന് പാമ്പ് വീട്ടില്‍ കയറിയതാകാമെന്നും വിദ്യാര്‍ഥികള്‍ ബാഗും ചെരുപ്പുമെല്ലാം നന്നായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും അധ്യാപകര്‍ നിര്‍ദേശിച്ചു.

ഗവര്‍ണര്‍ക്ക് എതിരെ കേസ് നടത്താന്‍ വിസിമാര്‍ ചെലവിട്ടത് 1.13 കോടി രൂപ; കേസ് നടത്തേണ്ടത് സ്വന്തം ചെലവില്‍… തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

തനിക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ ചെലവിട്ട 1.13 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം. വിസി നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ കേസിന് പോയത്. സര്‍ക്കാരിന്റെ ചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും സ്വന്തം ചെലവിലാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ചാന്‍സലറായ ഗവര്‍ണര്‍ വിസിമാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിമാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്. സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം സര്‍വകലാശാലയുടെ ഫണ്ട് ആണ്. അത് ഉപയോഗിച്ച് പൊതുചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും വ്യക്തികള്‍ തന്നെയാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെ കേസ് നടത്തുന്നത് ചട്ടമനുസരിച്ച് ശരിയല്ലെന്നും അതിനാല്‍ കേസിന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാനുമാണ് ഗവര്‍ണറുടെ നിര്‍ദേശം. കേസിനായി വിവിധ വിസിമാര്‍ 1.13 കോടി രൂപയാണ് ചെലവിട്ടതെന്നാണ് രാജ്ഭവന്റെ കണ്ടെത്തല്‍.

കേരള കൗൺസിൽ ഓഫ് ചർച്ചസ് മണ്ണന്തല സോൺ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കഴക്കൂട്ടം അസംബ്ലി മണ്ഡലത്തിൽ പുതുതായി ആരംഭിക്കുന്ന രണ്ടാമത്തെ സോണായ മണ്ണന്തല സോണിന്റെ ഉദ്ഘാടനം മണ്ണന്തല ജെ. എം. എം. സ്റ്റഡി സെന്ററിൽ വച്ച് സോൾ വിന്നിംഗ്സ് സഭാ ബിഷപ്പ് ഓസ്റ്റിൻ എം. എ പോൾ തിരുമേനി നിർവഹിച്ചു. മാർത്തോമാ തിരുവനന്തപുരം ഭദ്രാസന സെക്രട്ടറി ഫാ. ഷിബു ഒ പ്ലാവിള അധ്യക്ഷത വഹിച്ചു.
കെ. സി. സി ക്ലർജി കമ്മീഷൻ ചെയർമാൻ ഫാ. എ. ആർ. നോബിൾ, ജെന്റർ ആന്റ് സെക്സ്വാലിറ്റി കമ്മീഷൻ കൺവീനർ ഫാ. ഡോ. ജെ. ഡബ്ലിയു. പ്രകാശ്, വനിതാ കമ്മീഷൻ കൺവീനർ ദീദി ഷാജി എന്നിവർ സന്ദേശം നൽകി.
സോൺ പുതിയ ഭാരവാഹികൾ: പ്രസിഡന്റ് ഫാ. ഷിബു ഒ പ്ലാവിള (മാർത്തോമ), വൈസ് പ്രസിഡന്റ് മേജർ. സാം ജോർജ് (സാൽവേഷൻ ആർമി), സെക്രട്ടറി ഫാ. നൈനാൻ. സി. വി (ഓർത്തഡോൿസ്‌),
ജോയിന്റ് സെക്രട്ടറി സ്‌പെൻസർ പുഷ്പരാജ് (സി. എസ്. ഐ), ട്രഷറർ ഫാ. വിമൽ രാജ് (ലുഥറൻ), അസംബ്ലി പ്രതിനിധികൾ ഫാ. ഷെറി എസ്. റോബർട്ട്‌ (സി. എസ്. ഐ), ബിജു എസ്. ചെറിയാൻ (മാർത്തോമാ), അനീഷ് (എസ്. ഡബ്ലിയു. സി. ഐ)

സിബിഎസ്ഇ; 3, 6 ക്ലാസുകളില്‍ പാഠപുസ്തകങ്ങളില്‍ മാറ്റം

സിബിഎസ്ഇ പാഠപുസ്തകങ്ങള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തില്‍ 3, 6 ക്ലാസുകളില്‍ മാറ്റം. ബാക്കിയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്ക് മാറ്റമില്ല. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറക്കി.
3,6 ക്ലാസുകളിലെ പുതിയ സിലബസും പാഠപുസ്തകങ്ങളും തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് മാര്‍ച്ച് 18ന് എന്‍സിഇആര്‍ടി സിബിഎസിക്ക് കത്തിലൂടെ അറിയിച്ചിരുന്നു. പുതിയ പാഠ്യ പദ്ധതിയിലേക്ക് മാറുന്നതിന്റെ ഭാഗമായി ആറാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്സുകളും മൂന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ രേഖയും തയ്യാറാക്കുന്നുണ്ട്.
9 മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള വാര്‍ഷിക പാഠ്യപദ്ധതി, അക്കാദമിക് ഉള്ളടക്കം, പരീക്ഷകള്‍, മൂല്യ നിര്‍ണയ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയും ഇത്തവണ നല്‍കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുക. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് 2024-25 വര്‍ഷത്തിലേക്കുള്ള പാഠ്യപദ്ധതി ‘www.cbseacademic.nic.in‘ എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; വള്ളത്തിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

വർക്കല:
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. ഇന്ന് രാവിലെ 10:30 ഓടെയാണ് പൊഴി മുറിച്ച് കടക്കുന്നതിനിടെ പെരുമാതുറ സ്വദേശി സലീമിന്റെ ഫിർദൗസ് എന്ന വളളം മറിഞ്ഞത്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. വളളത്തിലുണ്ടായിരുന്ന നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും കോസ്റ്റൽ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തിരയിൽ പെട്ട് മറിഞ്ഞ വള്ളം പൂർണമായും തകർന്നു. കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽ പെട്ടിരുന്നു. പതിനൊന്ന് മത്സ്യ തൊഴിലാളികളെയാണ് അന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.