ശൂരനാട്:വായനശാല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക വിപണിയിൽ എത്തിയ യുവ കർഷകനെ മദ്യപസംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും പോലിസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി.മകന് കരൾ ദാനം ചെയ്ത കർഷകൻ കക്കാക്കുന്ന് ഇഞ്ചക്കാട് ഇടയിലെ വീട്ടിൽ അഭിലാഷിനാണ് മർദ്ദനമേറ്റത്.ജൂലൈ രണ്ടിന് വൈകിട്ട് 6 മണിക്ക് ഉൽപ്പന്നങ്ങളുമായി അഭിലാഷ് എത്തുമ്പോൾ അവിടെയിരുന്ന് മദ്യപിക്കുകയായിരുന്ന
6 അംഗസംഘം യാതൊരു പ്രകോപനവും കൂടാതെ
മാരകായുധങ്ങളുമായി
ആക്രമിക്കുകയായിരുന്നു.തലയിൽ രക്തം കട്ടപിടിക്കുകയും കർണ്ണപുടം പൊട്ടുകയും ചെയ്ത അഭിലാഷ്
ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.മകന് കരൾ ദാനം ചെയ്തിട്ട് അധിക നാളുകളായിട്ടില്ല.മുറിവിനേറ്റ മർദ്ദനവും യുവാവിന്റെ നില ഗുരുതരമാക്കി.ആശുപത്രിയിലെത്തി അഭിലാഷിന്റെ മൊഴി ശൂരനാട് പോലിസ് എടുത്തതല്ലാതെ മറ്റ് യാതൊരു നടപടിയും
സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനൊ, തുടർനടപടികൾ സ്വീകരിക്കുന്നതിനോ ശൂരനാട് പോലിസ് തയ്യാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
മകന് കരൾ പകുത്ത് നൽകിയ യുവ കർഷകനെ മദ്യപസംഘം ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടുംപോലിസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി
ബസ് യാത്രയ്ക്കിടെ മാല മോഷണം; തമിഴ് യുവതി പിടിയില്‍
കൊട്ടിയം: സ്വകാര്യ ബസില്‍നിന്ന് വയോധികയുടെ മാല മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിനി മീനാക്ഷി (35)യെയാണ് കണ്ണനല്ലൂര്‍ ബസ്സ്റ്റാന്‍ഡില്‍വെച്ച് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. കൊട്ടിയത്ത്‌നിന്നും കണ്ണനല്ലൂരിലേക്ക് പോകുകയായിരുന്ന തൃക്കോവില്‍വട്ടം കിഴവൂര്‍ സ്വദേശിനി സബീനാബീവിയുടെ (63) മാലയാണ് യുവതി മോഷ്ടിച്ചത്. മോഷണം ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ യുവതിയെ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. യുവതി ഒളിപ്പിച്ച ഒന്നര പവന്‍ തൂക്കംവരുന്ന മാല പോലീസ് കണ്ടെത്തി. ഇവര്‍ക്കെതിരെ മറ്റ് സ്റ്റേഷനുകളില്‍ കേസുകളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കണ്ണനല്ലൂര്‍ എസ്എച്ച്ഒ അറിയിച്ചു. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കാരാളിമുക്ക് ടൗണില്‍ വീണ്ടും മോഷണം
ശാസ്താംകോട്ട: ഒരാഴ്ച മുമ്പ് നിരവധി കടകളിൽ മോഷണം നടന്ന കാരാളിമുക്ക് ടൗണില്‍ വീണ്ടും മോഷണം.ബുധൻ പുലർച്ചെയാണ് മോഷണം നടന്നത്.കാരാളിമുക്ക് മുസ്ലീം ജമാഅത്ത് പള്ളിയുടെ മുന്നിലുള്ള വഞ്ചി തകർത്ത് പണം അപഹരിച്ചു.10 ദിവസത്തെ നേർച്ച പണമാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്.കാരാളിമുക്ക് പാലത്തിന് സമീപം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്നുള്ള ഇബ്രാഹിം കുട്ടിയുടെ പെട്ടിക്കട കുത്തി തുറന്ന് സാധനങ്ങൾ മുഴുവനും പണവും അപഹരിച്ചു.
ശാസ്താംകോട്ട സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി അന്വഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം 28ന് പുലർച്ചെ രണ്ടോടെ കാരാളിമുക്ക് ജംഗ്ഷനിലെ മുല്ലമംഗലം സ്റ്റോഴ്സ്,ടെക്സറ്റയിൽസ് വഴിയോരക്കട,ഫ്രണ്ട്സ് റെസ്റ്റോറന്റ്, ഭാരത് ബേക്കറി എന്നീ കടകളിലാണ് മോഷ്ടാവ് കയറിയത്.രണ്ട് ലക്ഷം രൂപയും നിരവധി സാധനങ്ങളും വസ്ത്രവും കവർന്നു.അടിവസ്ത്രം മാത്രം ധരിച്ച മോഷ്ടാവ് കടക്കുള്ളിൽ സാധനങ്ങളും പണവും തിരയുന്നതും മോഷണത്തിന് മുൻപ് റോഡിൽ നടക്കുന്നതും സി.സി.റ്റി വി യിൽ പതിഞ്ഞിരുന്നു.ശുരനാട് വടക്ക് സ്വദേശിയും ഇപ്പോൾ വയനാട്ടിൽ സ്ഥിര താമസക്കാരനുമായ കുപ്രസിദ്ധ മോഷ്ടാവാണ് കവർച്ച നടത്തിയതെന്ന് നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ നിന്ന് വ്യക്തമയിരുന്നങ്കിലും ഇനിയും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
.
ഭരണിക്കാവ് ബസ് സ്റ്റാൻഡിലെവെള്ളക്കെട്ടിന് പരിഹാരം കാണണം:യൂത്ത് കോൺഗ്രസ്
ശാസ്താംകോട്ട:മഴ ശക്തമായാൽ ഭരണിക്കാവ് ബസ് സ്റ്റാൻഡും മുസ്‌ലിയാർ ഫാമും വെള്ളക്കെട്ടിലാകുന്ന ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്ന്
:യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മഴയിൽ
മുസ്ലിയാർ ഫാമിലെ വീടുകളിൽ വെള്ളം കയറുകയും താമസിക്കുവാൻ അനുയോജ്യമല്ലാതാവുകയും ചെയ്യും.ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ മുട്ടറ്റം വരെ വെള്ളം കയറുന്ന സാഹചര്യത്തിൽ വാഹന യാത്ര പോലും ദുരിതപൂർണമാണ്.വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.സ്റ്റാൻഡിന്റെ വശത്തൂടെയുള്ള ഓട വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കുകയും വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.നേതാക്കളായ റിയാസ് പറമ്പിൽ,സുഹൈൽ അൻസാരി, ബിജു മനക്കര,ലോജു ലോറൻസ്, നാദിർഷ കാരൂർക്കടവ്,സന്ദീപ് ശൂരനാട്,അനന്തു ആനയടി,സിയാദ്,ആനന്ദ്,ആകാശ്, അഖിൽനാഥ് ഐക്കര തുടങ്ങിയവർ നേതൃത്വം നൽകി.
കമ്പലടിയിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ വീണ്ഗൃഹനാഥൻ മരിച്ചു
പോരുവഴി:കമ്പലടിയിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ വീണ്
ഗൃഹനാഥൻ മരിച്ചു.പോരുവഴി കമ്പലടി രമ്യാ ഭവനത്തിൽ രാധാകൃഷ്ണപിള്ളയാണ് (65) മരിച്ചത്.കമ്പലടി കളീക്കവടക്കതിൽ ജംഗ്ഷന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ വീണാണ് മരണം സംഭവിച്ചത്.രാധാകൃഷ്ണപിള്ള
ഉപയോഗിച്ചിരുന്ന ഊന്നുവടി കിണറിനു സമീപം ഇരിക്കുന്നത് കണ്ട് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.തുടർന്ന് ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ശൂരനാട് പോലീസിന്റെ നേതൃത്വത്തിലാണ് പ്രാഥമിക നടപടികൾ സ്വീകരിച്ചത്.
ദുബായിൽ പാകിസ്ഥാനിയുടെ മർദ്ദനമേറ്റ് മരിച്ച ആനയടി സ്വദേശിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി ജന്മനാട്
ശാസ്താംകോട്ട:ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ
മരിച്ച ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും മകൻ പ്രദീപിന്റെ (43,ഹരിക്കുട്ടൻ) മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു.ഒ.ഐ.സി.സി ഉൾപ്പെടെ ദുബായിൽ പ്രവർത്തിക്കുന്ന വിവിധ ഇന്ത്യൻ സംഘടനകളുടെ ഇടപെടലും പരിശ്രമവും കൊണ്ടാണ് ദുബായിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഒന്നര ആഴ്ചയ്ക്ക് ശേഷം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.ബുധനാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.ആനയടിയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
ജനപ്രതിനിധികൾ അടക്കം വൻ ജനാവലി അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.മാതാപിതാക്കളെയും ഭാര്യ രശ്മി,മക്കളായ കാർത്തിക്,ആദി എന്നിവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു.മൂന്ന് മാസം മുമ്പാണ് പ്രദീപ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.കഴിഞ്ഞ മാസം അവസാനം മോഷണത്തിനിടെ പാക്
സ്വദേശിയുടെ ആക്രമണത്തിലാണ് പ്രദീപ് കൊല്ലപ്പെട്ടതെന്നാണ് നാട്ടിൽ ലഭിച്ച വിവരം.പ്രദീപിന്റെ കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുക്കാൻ പാകിസ്ഥാനി ശ്രമിക്കുകയും ഇത് ചെറുത്തതിനെ തുടർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.പിറ്റേ ദിവസം ദുബായ് പൊലീസ് കസ്റ്റഡിലെടുത്ത പാകിസ്ഥാനി റിമാൻഡിലാണ്.ദുബായ് അൽ ക്വാസി ഇൻഡസ്ട്രിയൽ ഏരിയയിൽ ന്യൂ ഇവല്യൂഷൻ ഇന്റീരിയർ ഡക്കറേഷൻ എന്ന കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം
തിരുവനന്തപുരം.സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം.
പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ. കളമശ്ശേരിയിൽ ഡെങ്കിപ്പനി വ്യാപനം.നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം കാത്ത് ആരോഗ്യ വകുപ്പ്. കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് നാല് പനി മരണങ്ങൾ.
നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്നോ നാളെയോ കിട്ടിയേക്കും. രോഗലക്ഷണങ്ങളുടെ ചികിത്സയിലുള്ള 11 പേരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്.
കോളറ സ്ഥിരീകരിച്ച പത്തു വയസുകാരനടക്കം രണ്ട് കുട്ടികൾ SAT ആശുപത്രിയിൽ ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ രോഗ ഉറവിടം എവിടെ നിന്നാണെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താനാകാത്തത് ആശങ്കയുണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്നവരുടെ പശ്ചാത്തലം പരിശോധിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാനത്ത് പകർച്ച പനി ബാധിച്ചു ഇന്നലെ ചികിത്സ തേടിയത് 13511 പേരാണ്. ഡെങ്കിപ്പനി എലിപ്പനി കേസുകളിലും വർധനവുണ്ട്. എറണാകുളത്ത് കളമശ്ശേരി മുൻസിപ്പാലിറ്റി പരിധിയിൽ 113 ഡെങ്കി കേസുകൾ സ്ഥിരീകരിച്ചു.കേസുകളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു.സ്കൂളുകളിൽ നിന്ന് ഡെങ്കി കേസുകൾ ഉണ്ടായ വിവരം മറച്ചു വെച്ചതായും പരാതി ഉയർന്നു.35 കുട്ടികൾക്ക് രോഗ വ്യാപനം ഉണ്ടായതോടെയാണ് വിവരം പുറത്തുവന്നത്. നഗരസഭ ആരോഗ്യവകുപ്പിന് കൃത്യമായി കണക്കുകൾ നൽകുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാല് മരണങ്ങൾ എലിപ്പനി ഡെങ്കിപ്പനി വെസ്റ്റ് നൈൽ മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു
വിദ്യാർഥിനികളെ സീബ്രാ ലൈനിൽ വച്ച് ബസ്സിടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് – മടപ്പള്ളി കോളേജ് വിദ്യാർഥിനികളെ സീബ്രാ ലൈനിൽ വച്ച് ബസ്സിടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. അയ്യപ്പൻ എന്ന ബസ്സിലെ ഡ്രൈവർ
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് ഖിലാബാണ് ആണ് പിടിയിലായത്. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്കാണ് പരുക്കേറ്റത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി തുടരുകയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശം തേടാം, നിർണായക വിധിയുമായി സുപ്രീം കോടതി
ന്യൂഡെല്‍ഹി. വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശം തേടാമെന്ന നിർണായക വിധിയുമായി സുപ്രീം കോടതി.ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നു സുപ്രിം കോടതി.
വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധിച്ചു.
വിവാഹമോചിതയായ ഭാര്യക്ക് മാസം 10000 രൂപ ജീവനാംശം നൽകാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തെലങ്കാന സ്വദേശിയായ മുസ്ലീം യുവാവ് സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്ഥാവിച്ചത്.
വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും CRPC സെക്ഷൻ 125 ബാധകമാകുമെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി.
ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും,
ഇന്ത്യൻ പുരുഷൻ ഒരു വീട്ടമ്മയുടെ ത്യാഗം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.ഇരു ജഡ്ജി മാരും വെവ്വേറെയാണ് വിധി പുറപ്പെടുവിച്ചത്
കൊങ്കൺ പാതയിലെ പെർണം റെയിൽവേ തുരങ്കത്തിൽ മണ്ണിടിഞ്ഞത് മൂലം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
കോഴിക്കോട്.കൊങ്കൺ പാതയിലെ പെർണം റെയിൽവേ തുരങ്കത്തിൽ മണ്ണിടിഞ്ഞത് മൂലം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. കേരളത്തിൽ നിന്നും സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ പത്തിലധികം ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. നിയന്ത്രണം മലബാറിലെ യാത്രക്കാരെ കാര്യമായി ബാധിക്കും.
ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലാണ് കൊങ്കൺ പാതയിൽ മണ്ണിടിയുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തത്. ഇതോടെ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. ട്രാക്ക് സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്.
കേരളത്തിൽ നിന്നും ദീർഘ ദൂരങ്ങളിലേക്ക് പോകുന്ന 7 ട്രെയിനുകൾ ഇറോഡ് – പൻവേൽ വഴി തിരിച്ച് വിട്ടു.
19577 തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ്
16336 നാഗർകോവിൽ – ഗാന്ധിദാം എക്സ്പ്രസ്
12283 എറണാകുളം – നിസാമുദീൻ എക്സ്പ്രസ്
22655 എറണാകുളം – നിസാമുദീൻ എക്സ്പ്രസ്
12483 കൊച്ചുവേളി – അമൃത്സർ എക്സ്പ്രസ്
12617 എറണാകുളം – നിസാമുദീൻ എക്സ്പ്രസ്
16346 തിരുവനന്തപുരം – ലോകമാന്യതിളക് എക്സ്പ്രസ്
എന്നി ട്രെയിനുകളാണ് തിരിച്ചു വിട്ടത്. ഇവയിൽ പലതും പത്ത് മുതൽ 20 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. വിവിധ ഇടങ്ങളിൽ നിന്നും മലബാർ വഴി തിരികെ എത്തേണ 6 ട്രെയിനുകൾ ഇറോഡ് – പൻവേൽ വഴിയാകും കേരളത്തിലേക്ക് പ്രവേശിക്കുക. ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന മലബാറിലെ യാത്രക്കാരെ നിയന്ത്രണം കാര്യമായി ബാധിക്കുന്നുണ്ട്.


































