സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.വടക്കൻ കേരളത്തിൽ ഇന്ന് മഴ കനത്തേക്കും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.മലപ്പുറം കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ കോട്ടയം തൃശ്ശൂർ ഇടുക്കി എറണാകുളം കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്.നാളെ വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
മലപ്പുറം കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം തൃശ്ശൂർ പാലക്കാട് കോഴിക്കോട് വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും നൽകി. മലയോര മേഖലകളിൽ
മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കണ്ണൂർ .മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
കാസറഗോഡ് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു
കോളേജുകൾക്ക് അവധി ബാധകമല്ല
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല
ജില്ലയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം
സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു
തിരുവനന്തപുരം. പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ അരോമാ മണി അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് തുടങ്ങിയ ബാനറുകളിൽ 62 സിനിമകളാണ് നിർമ്മിച്ചത്. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1977 പുറത്തിറങ്ങിയ ധീരസമീരെ യമുനാതീരെ ആണ് അദ്യ ചിത്രം. തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടുകൂട്ടാൻ എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡും ലഭിച്ചു. ഫഹദ് ഫാസിൽ നായകനായി 2013ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് ആണ് അവസാന ചിത്രം. മൃതദേഹം തിരുവനന്തപുരത്തെ സ്വവസതിയിൽ. നാളെ രാവിലെ 10.30 മുതൽ 11.30 വരെ ഭാരത് ഭവനിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് അരുവിക്കരയിൽ ഉള്ള വസ്തുവിൽ സംസ്കാരം നടക്കും
കമ്പലടിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താണു
പോരുവഴി:കമ്പലടിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താണു.ഞായർ ഉച്ചയ്ക്ക് 2:30ന് ആണ് സംഭവം.കമ്പലടി രാജി ഭവനത്തിൽ പരമേശ്വരൻ പിള്ളയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താണത്.കിണറിന്റെ അടിവശത്തെ തൊടികൾ പൂർണമായും ഇടിഞ്ഞു കിണറ്റിലേക്ക് പതിക്കുകയായിരുന്നു.മോട്ടോറും കിണറ്റിൽ പതിച്ചു.
വ്യാജ മദ്യനിർമ്മാണം കൈയ്യോടെ പിടികൂടി എക്സൈസ്
കരുനാഗപ്പള്ളി : കുലശേഖരപുരം വള്ളിക്കാവ് ഭാഗത്ത് വിശേഷ ദിനങ്ങൾ വരുന്ന ദിവസങ്ങളിലെ ചാരായ വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച 175 ലീറ്റർ കോട പിടികൂടി.. കരുനാഗപ്പള്ളി എക്സ്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ പി എൽ വിജിലാലിൻ്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കുലശേഖരപുരം വില്ലേജിൽ വള്ളിക്കാവ് അമൃത ആയുർവേദ ആശുപത്രിയുടെ പടിഞ്ഞാറ് കായലരികത്ത് നടത്തിയ പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്നും വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ച 175 ലിറ്റർ കോട പിടികൂടി.. കുറ്റിക്കാട്ടിൽ കന്നാസുകളിലായി അതീവ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു.. വീടുകളിലെ വിവാഹം, ഗൃഹപ്രവേശം, ജന്മദിനാഘോഷം തുടങ്ങിയ ആഘോഷ ദിവസങ്ങളിലെ വിൽപന ലക്ഷ്യമിട്ടുള്ള വ്യാജമദ്യ നിർമ്മാണമാണ് ദിവസങ്ങളായുള്ള രഹസ്യന്വേഷണത്തിൽ എക്സൈസ് തകർത്തത്… സിവിൽ എക്സൈസ് ഓഫീസർമാരായ കെ. സാജൻ, ശ്യാംദാസ്,ജിനു തങ്കച്ചൻ ,ചാൾസ് എച്ച് , അൻസർ, രജിത് കെ പിള്ള, ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു…
കേരള ഫീഡ്സ് തൊഴിലാളികളുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിച്ച് സി ആർ മഹേഷ് എം എൽ എ
കരുനാഗപ്പള്ളി കാലിത്തീറ്റ ഫാക്ടറിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ സബ്‌മിഷനിലൂടെ സി ആർ മഹേഷ് എം എൽ എ സഭയിൽ ഉന്നയിച്ചു. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ഒരു ആനുകൂല്യവും ഈ കമ്പനിയിലെ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല കൂടാതെ മാനേജ്മെന്റ് നിരന്തരമായിട്ട് ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടാൽ പിരിച്ചുവിടും എന്ന ഭീഷണി ഉയർത്തുന്ന അവസ്ഥയാണ്. ഈ സ്ഥാപനത്തിൽ ഇതുവരെയായി മിനിമം വേതനമില്ല ഗ്രാറ്റിവിറ്റി ഇല്ല,ആശ്രിത നിയമനമില്ല, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെയില്ല കൂടാതെ തൊഴിൽ ചെയ്യുന്ന സമയത്ത് അപകടമോ മരണമോ സംഭവിച്ചാൽ സഹായധനം പോലും ലഭിക്കാത്ത അവസ്ഥയാണ്. ആയതിനാൽ അടിയന്തരമായിട്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും, കൂടാതെ കമ്പനി നിർമാണിക്കുന്നതിനായിഭൂമി വിട്ടു നൽകിയ കുടുംബങ്ങളിലെ അംഗങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സി ആർ മഹേഷ് എംഎൽഎ സബ്മിഷൻ ലൂടെ ആവശ്യപ്പെട്ടു. അടിയന്തരമായി യൂണിയൻ ഭാരവാഹികളുടെ യോഗം വിളിച്ചുചേർക്കുന്നതാണെന്നും ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി സഭയിൽ മറുപടി നൽകി.
വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ മൂത്രം ഒഴിക്കാൻ ഇറങ്ങിയ വരന്‍ പാമ്പുകടിയേറ്റ് മരിച്ചു
ലഖ്‌നൗ: വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വരന്‍ പാമ്പുകടിയേറ്റ് മരിച്ചു. 26കാരനായ പ്രവേഷ് കുമാര്‍ ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.
അയല്‍ ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രവേഷിന് മൂത്രമൊഴിക്കാന്‍ തോന്നി. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധു പോയി നോക്കിയപ്പോള്‍ യുവാവിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുലന്ദ്ഷഹര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിനായി നാവികസേന എത്തുന്നു… സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
“തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിനായി നാവികസേന എത്തുന്നു. പോലീസും ഫയര്‍ഫോഴ്സും സ്കൂബ ഡൈവിങ് ടീമും നടത്തിയ ഒന്നര ദിവസം പിന്നിട്ട തിരച്ചിലിലും ജോയിയെ കണ്ടെത്താന്‍ സാധിക്കാതെവന്ന സാഹചര്യത്തിലാണ് നാവികസേന എത്തുന്നത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ശുചീകരണ തൊഴിലാളിയായ ജോയി ആമയിഴഞ്ചാന്‍ തോട്ടില്‍ അപകടത്തില്‍ പെടുന്നത്.
അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അധിക്യതർക്ക് അയച്ച നോട്ടിസില്‍ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. കമ്മിഷൻ ഓഫിസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും.
തോട് വ്യത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നതെന്ന് പറയുന്നു. ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ റയിൽവേയും നഗരസഭയും തമ്മിൽ തർക്കമുണ്ടെന്നും വാർത്തകളുണ്ട്.
രക്ഷാദൗത്യം നടത്താൻ പോലും മാലിന്യക്കൂമ്പാരം വെല്ലുവിളിയായിട്ടുണ്ട്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടിയെന്ന് മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി.
അത് ജോയിയോ, ആമയിഴഞ്ചാന്‍ തോട്ടിലെ ചില ദൃശ്യങ്ങളില്‍ സംശയം, ദൃശ്യം
തിരുവനന്തപുരം. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ മാരായമുട്ടം സ്വദേശി എൻ ജോയിയെ കാണാതായിട്ട് ഇരുപത്തിനാല് മണിക്കൂർ പിന്നിടുമ്പോള്‍ ഒരിടത്ത് ക്യാമറയില്‍ മനുഷ്യശരീരം കണ്ടതായി സംശയം. എന്‍ഡിആര്‍എഫ് ഉം ഫയർഫോഴ്സ് സ്കൂബ സംഘവും ഇന്ന് ഇതുവരെ നടത്തിയ തിരച്ചിൽ വിഫലമായിരുന്നു. ടണലിനുള്ളിലേക്ക് ക്യാമറ കടത്തിയുള്ള പരീക്ഷണത്തിനിടയിലാണ് മനുഷ്യശരീരമെന്ന് തോന്നുന്ന കാഴ്ച കിട്ടിയത്.പ്രധാന ടണലിന്റെ വലതു വശത്ത് ശരീരം കണ്ടതായാണ് സൂചന.
രണ്ടു വശത്ത് നിന്നും പരിശോധന നടത്തുകയാണെന്നും ജോയിയെ ഉടൻ കണ്ടെത്താനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജോയിക്കായി തുരങ്കത്തിന് പുറത്തും പരിശോധന നടത്തുന്നത് ആലോചിക്കുന്നുണ്ടെന്ന് ഫയർഫോഴ്സ് മേധാവി കെ പത്മകുമാർ പറഞ്ഞു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ 30 പേർ അടങ്ങുന്ന സംഘം രാവിലെ ആറര മണിയോടുകൂടി രക്ഷാദൗത്യം ആരംഭിച്ചു.പിന്നാലെ ഫയർഫോഴ്സിന്റെ സ്കൂബ സംഘവും, നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരും രംഗത്ത്. മൂന്നുപേർ ഉൾപ്പെടുന്ന സ്കൂബ സംഘം മൂന്നാം ട്രാക്കിലെ മാൻഹോളിൽ ഇറങ്ങി പരിശോധന നടത്തി.
എൻഡിആർഎഫും ഫയർഫോഴ്സും നഗരസഭയിലെ ജീവനക്കാരും ചേർന്ന് ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യം നീക്കുന്നത് ഇന്നും തുടർന്നു. മാലിന്യം നീക്കംചെയ്യാനും നിരീക്ഷിക്കുന്നതിനുമുള്ള
ജൻറോബോട്ടിക്സിൻ്റെ റോബോട്ടിക് മെഷീൻ തുരങ്കത്തിലിറക്കി പരിശോധന നടത്തി.എൻഡിആർഫിലെ മുങ്ങൽ വിദഗ്ധനും മെഷീനൊപ്പം തുരങ്കത്തിനുള്ളിൽ എത്തി.
ഫയർഫോഴ്സിന്റെ സ്കൂബ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയ ആമയിഴഞ്ചാൻ തോടിന്റെ തുരങ്ക മുഖത്ത് കൂടി കയറിയുള്ള പരിശോധന ഇന്നും തുടർന്നു. മലിനജലം ഒഴുകിപ്പോയതിനാൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ടണലിൽ കട്ട പിടിച്ചിരിക്കുന്നതായി അവർ പറഞ്ഞു. ഇരുവശത്തുനിന്നും ഏതാണ്ട് 70 മീറ്ററോളം പരിശോധന നടത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കുന്നതിനായി മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു.
രക്ഷാദൗത്യം ആരംഭിച്ച 19 മണിക്കൂർ പിന്നിടുമ്പോഴും ജോയി കാണാമറയത്താണ്.
റിയാസി ഭീകരാക്രമണ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എന്‍ഐഎ
ജമ്മു.റിയാസി ഭീകരാക്രമണ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എന്‍ഐഎ അന്വഷണ സംഘം.ഭീകരരെ സഹായിച്ചത് രജൗരി സ്വദേശിയും കന്നുകാലി കച്ചവടക്കാരനുമായ ഹകം ദിനെന്ന് കണ്ടെത്തൽ.ഇയാൾ വനമേഖലയിലെ ഭീകരരുടെ താമസസ്ഥലത്തേക്ക് ഭക്ഷണം എത്തിച്ചുവെന്നും വിവരം ലഭിച്ചു. പൗനിയിൽ വാഹനങ്ങൾ വേഗത കുറച്ച് പോകുന്ന പ്രദേശം കാണിച്ച് കൊടുത്തുവെന്നും അന്വേഷണത്തിൽ. പ്രതിഫലമായി ഭീകരർ ഹകമിന് 5000 രൂപ നൽകി.അറസ്റ്റിലായ ഹകമിൻ്റെ സഹായത്തോടെ ഭീകരരുടെ രേഖാചിത്രം തയ്യാറാക്കി എന്നും അന്വേഷണ സംഘം അറിയിച്ചു.റിയാസിയിൽ തീർത്ഥാടകരുടെ ബസ്സിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.






































