അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.
ജോയിക്കായി ഇന്ന് വീണ്ടും തിരച്ചിൽ; നാവിക സേനയും രംഗത്ത്
തിരുവനന്തപുരം: മാലിന്യ മലകൾക്കിടയിൽ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി ഇന്ന് വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ ഇന്ന് ദൗത്യത്തിൽ പങ്കെടുക്കും.
ഫയർഫോഴ്സിൻ്റെ സ്കൂബ സംഘവും എൻ ഡിആർ എഫ് സംഘവും രക്ഷാ ദൗത്യത്തിൽ ഒപ്പമുണ്ട്. സ്ഥലത്ത് പരിശോധന നടക്കുന്നു. എല്ലാ ആധുനിക സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തും. അസ്സിസ്റ്റൻ്റ് കളക്ടർ രാവിലെ സ്ഥലത്തെത്തിയിട്ടുണ്ട്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ശനിയാഴ്ചയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.
യൂറോ വന്‍കരയില്‍ സ്പാനിഷ് വസന്തം; ഇംഗ്ലണ്ടിനെ 2-1ന് തകര്‍ത്ത സ്‌പെയിനിന് കിരീടം
യൂറോപ്യന്‍ വന്‍കരയാകെ ചുവപ്പിച്ച് സ്‌പെയിന്‍. ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച സ്‌പെയിന്‍ യൂറോ കപ്പ് 2024. കിരീടം ചൂടി. സെമിയിലെ സൂപ്പര്‍ താരം 16കാരന്‍ ലമീന്‍ യമാലിനെ കളിലുടനീളം ലൂക്ക് ഷൊ മാര്‍ക്ക് ചെയ്‌തെങ്കിലും സ്‌പെയിനിന്റെ മുന്നേറ്റങ്ങള്‍ തടയാനായില്ല. യമാലിനെ പൂട്ടിയതോടെ 22കാരന്‍ നിക്കൊ വില്യംസിലൂടെയായിരുന്നു സ്‌പെയിനിന്റെ മിക്ക മുന്നേറ്റങ്ങളും. യമാലിലൂടെ തന്നെ നിക്കൊ വില്യംസ് ആദ്യ ഗോള്‍ നേടുകയും ചെയ്തു.
ബെര്‍ലിനിലെ ഒളിംപിയസ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ 2-1നാണ് തകര്‍ത്തത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
47ാം മിനിറ്റില്‍ നിക്കോ വില്യംസിന്റെ ഗോളിലൂടെ സ്‌പെയിന്‍ മുന്നിലെത്തിയെങ്കിലും 73ാം മിനിറ്റില്‍ കോള്‍ പാമെര്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ സ്‌പെയിനിനായി മൈക്കല്‍ ഒയാര്‍സബല്‍ വിജയഗോള്‍ കുറിക്കുകയായിരുന്നു.
ഫൈനലിന്റെ ആവേശത്തിലേക്ക് ഉയരാതെ പോയ ഒന്നാം പകുതിയില്‍ ഇരു ടീമുകള്‍ക്കും മൂര്‍ച്ചയുള്ള മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാനായില്ല. എന്നാല്‍ പന്ത് കൈവശം വയ്ക്കുന്നതിലും കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും സ്‌പെയിന്‍ ആധിപത്യം പൂര്‍ണമായിരുന്നു. ആദ്യ പകുതിയില്‍ 70 ശതമാനമാണ് സ്‌പെയിനിന്റെ ബോള്‍ പൊസഷന്‍. ആറ് കോര്‍ണറുകള്‍ ഇംഗ്ലണ്ട് വഴങ്ങിയപ്പോള്‍ സ്‌പെയിന്‍ ഒരു കോര്‍ണര്‍ മാത്രമാണ് വഴങ്ങിയത്.
അതേസമയം, പന്ത് ലഭിക്കുമ്പോഴെല്ലാം സ്‌പെയിനിന്റെ ബോക്‌സിലേക്ക് കടന്നുകയറാനും ദ്രുതഗതിയിലുള്ള കൗണ്ടര്‍ അറ്റാക്ക് നടത്താനും ഇംഗ്ലണ്ട് ശ്രമിക്കുന്നുണ്ടായിരുന്നു. സ്‌പെയിന്‍ തുടരെ മുന്നേറ്റങ്ങള്‍ നെയ്‌തെങ്കിലും ഫൈനല്‍ തേഡില്‍ എല്ലാം പിഴച്ചു. സ്‌പെയിനിന്റെ മധ്യനിര മല്‍സരം നിയന്ത്രിക്കുന്ന കാഴ്ചയോടെ ഗോള്‍രഹിതമായാണ് ഒന്നാം പകുതി അവസാനിച്ചത്.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനുള്ളില്‍ സ്‌പെയിന്‍ ലീഡ് നേടി. തുടക്കംമുതല്‍ അധ്വാനിച്ച് കളിച്ചിരുന്ന 22കാരന്‍ നിക്കോ വില്യംസാണ് ഗോള്‍വല കുലുക്കിയത്.
ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം:മഴയും കാറ്റും ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട് , കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ അങ്കണവാടികളും പ്രൊഫഷണൽ കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കാസർഗോഡ് ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കൊളേജുകൾക്ക് അവധിയില്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
കാര്‍ലോസ് അല്‍ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍
നൊവാക് ജോക്കോവിചിനെ വീഴ്‌ത്തി സ്പാനീഷ് താരം കാര്‍ലോസ് അല്‍ക്കരാസ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍. അല്‍കരാസിസിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ കിരീടമാണിത്. ജോക്കോവിചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍ക്കരാസിന്റെ നേട്ടം. സ്‌കോര്‍ 6-2,6-2,7-6(7-4).
കഴിഞ്ഞ തവണ ജോക്കോവിചിനെ വീഴ്ത്തിയാണ് അല്‍ക്കരാസ് കന്നി കിരീടം നേടിയത്. കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനം തന്നെ ഇത്തവണയും കണ്ടു. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ കീഴടക്കിയാണ് അല്‍ക്കരാസ് തുടരെ രണ്ടാം വട്ടവും ഫൈനലുറപ്പിച്ചത്. ജോക്കോ സെമിയില്‍ ഇറ്റലിയുടെ ലോറെന്‍സോ മുസെറ്റിയെ കീഴടക്കി.
കനത്ത മഴ: ആറ് ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം:മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ അങ്കണവാടികളും പ്രൊഫഷണൽ കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 15) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കാസർഗോഡ് ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കൊളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്റ്റർ വ്യക്തമാക്കി.
അമ്പലപ്പുഴ പൊലിസ് സ്റ്റേഷനിൽ പോലീസും ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരും തമ്മിൽ സംഘര്‍ഷം
ആലപ്പുഴ.അമ്പലപ്പുഴ പൊലിസ് സ്റ്റേഷനിൽ പോലീസും ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരും തമ്മിൽ തർക്കം സംഘര്‍ഷമായി. പൊതുസ്ഥലത്ത് മദ്യപിച്ചതിന് ചിലരെ അറസ്റ്റ് ചെയ്തതാണ് പ്രശ്നം. കൂടുൽ പ്രവർത്തകർ എത്തിയതോടെ തർക്കം ഉണ്ടായി
കാറിലിരുന്ന് മദ്യപിച്ചതിന് പിടികൂടിയ യുവാക്കളെ ഇറക്കാനായി സ്റ്റേഷനിൽ എത്തിയതാണ് പ്രവർത്തകർ. പൊലിസ് മർദിച്ചെന്ന് സിപിഎം പ്രവർത്തകര്‍ ആരോപിച്ചു. അജ്വൽ എന്നയാൾ പൊലിസ് മർദിച്ചെന്ന് പറഞ്ഞ് മെഡി.കോളജ് ആശുപത്രിയിൽ ചികിൽസ തേടി.സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസർ അമ്പലപ്പുഴ സ്റ്റേഷനിലെത്തി സംസാരിച്ചു. പൊലിസുകാർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാമെന്ന് ഡിവൈഎസ്പിയുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോയി
പി എസ് സി കോഴ ആരോപണത്തിൽ വഴിത്തിരിവ് പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്
കോഴിക്കോട്. പി എസ് സി കോഴ ആരോപണത്തിൽ വഴിത്തിരിവ്. സി പി ഐ എം പുറത്താക്കിയ പ്രമാദ് കോട്ടൂളി പണം വാങ്ങിട്ടില്ലെന്ന് ചേവായൂർ സ്വദേശി ശ്രീജിത്ത്. താനും പ്രമോദും നല്ല സുഹൃത്തുകളെന്നും ശ്രീജിത് മാധ്യമങ്ങളോട് പറഞ്ഞു. പ്രമോദ് കോട്ടൂളിക്ക് തൊഴിൽ തട്ടിപ്പ് സംഘവുമായി ബന്ധമെന്ന പാർട്ടി കണ്ടെത്തലും പുറത്ത് വന്നു.
കോഴ ആരോപണം ഉയർന്ന ശേഷം ആദ്യമായാണ് 22 ലക്ഷം രൂപ പ്രമോദ് കോട്ടൂളിക്ക് നൽകി എന്ന് പറയുന്ന ചേവായൂർ സ്വദേശി ശ്രീജിത്തിന്റെ പ്രതികരണം പുറത്തുവരുന്നത്. പണം കൊടുത്ത് ജോലി വാങ്ങേണ്ട ആവശ്യം തൻ്റെ കുടുംബത്തിന് ഇല്ലെന്നും പണം നൽകിട്ടില്ലെന്നും ശ്രീജിത്ത് പ്രതികരിച്ചു . തൻ്റെ പേര് വലിച്ചിഴച്ചത് ആരെന്ന് കണ്ടെത്തണമെന്നും ആവശ്യം.പ്രമോദിന് തട്ടിപ്പ് സംഘമായി ബന്ധമെന്ന കണ്ടെത്തലാണ് പുറത്താക്കലിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. അതേ സമയം പ്രമോദ് പൊലിസിനെ സമീപിക്കും.ബിജെപിയെ വിവാദത്തിലേക്ക് വലിച്ചിഴച്ചാൽ നിയമപരമായി നേരിടുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
സമഗ്ര അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡൻറ് കെ പ്രവീൺകുമറും ആവശ്യപ്പെട്ടു. അതിനിടെ, സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പ്രേംകുമാർ ഇല്ലത്തിനെതിരെ പ്രമോദ് കോട്ടൂളി രംഗത്തെത്തി. എല്ലാ ചതികളിലും നിങ്ങളാണ് നായകൻ എന്ന് പ്രേംകുമാർ ഇല്ലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രമോദ് കുറിച്ചു.
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൃശൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഒരുമനയൂര്‍ ഒറ്റതെങ്ങ് മാവേലി റോഡില്‍ കാഞ്ഞിരപറമ്പില്‍ വിഷ്ണു (31) ആണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കൊച്ചി മെട്രോ അധിക സർവീസ് ആരംഭിക്കുന്നു
കൊച്ചി.നാളെ മുതൽ കൊച്ചി മെട്രോ അധിക സർവീസസ് ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് 12 സർവീസുകൾ ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പ്രതിദിന സർവീസ് 250 ലേക്ക് എത്തും.
ഈ മാസം മാത്രം ഒരു ലക്ഷത്തിലധികം പേരാണ് പ്രതിദിനം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. നിലവിൽ ട്രെയിനുകൾ തമ്മിലുള്ള ദൈർഘ്യം 7.മിനിറ്റും 45 സെക്കന്റുമാണ്. അധിക സർവീസ് ആരംഭിക്കുന്നതോടെ ഇത് ഏഴു മിനിറ്റായി കുറയും.




































