കോഴിക്കോട് .മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ 23 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. സ്കൂൾ പരിസരത്തെ ഹോട്ടലുകളിൽ നിന്നോ മറ്റ് കടകളിൽ നിന്നോ ആകാം വൈറസ് ബാധയെന്നാണ് കരുതുന്നത്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. സ്കൂൾ പരിസരത്തെ വിവിധ ഹോട്ടലുകളിലും കടകളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണ പദാർത്ഥങ്ങൾ വിൽപന നടത്തിയ മൂന്ന് സ്ഥാപനങ്ങൾ പൂട്ടിക്കുകയും ചെയ്തു. വില്ല്യാപ്പള്ളി,ആയഞ്ചേരി,തിരുവള്ളൂർ,മണിയൂർ,വേളം, വടകര മുനിസിപ്പൽ പരിധി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാനത്ത് വീണ്ടും നിപ്പ?
മലപ്പുറം .സംസ്ഥാനത്ത് വീണ്ടും നിപ്പ ബാധ എന്ന സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ആരോഗ്യവകുപ്പ് നിപ്പ പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം നൽകി. പരിശോധനാഫലം നാളെ വന്നേക്കും. നിപ്പ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കർശന നിർദേശം
വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത ഉള്ളതിനാൽ കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് നിലവിലെ മഴ. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. അതേസമയം കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്റർ, അംഗൻവാടി ഉൾപെടെയുളളവക്ക് അവധി ബാധകമാണ്. മോഡൽ റസിസൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
തുടർച്ചയായുള്ള ഭീകരാക്രമണം സ്ഥിതി വിലയിരുത്തി ആഭ്യന്തരമന്ത്രാലയം
ന്യൂഡെല്‍ഹി.ജമ്മു കാശ്മീരിലെ തുടർച്ചയായുള്ള ഭീകരാക്രമണം സ്ഥിതി വിലയിരുത്തി ആഭ്യന്തരമന്ത്രാലയം. ജമ്മു കാശ്മീരിലെ സുരക്ഷാസേനയുടെ ബിന്യാസം അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. മൂന്നു മണിക്കൂറിൽ അധികമാണ് യോഗം നീണ്ടുനിന്നത്. ഭീകരവിരുദ്ധ നടപടിക്കായി സുരക്ഷാസേനകളോട് സംയുക്തമായി പ്രവർത്തനത്തിൽ ഏർപ്പെടാനും നിർദ്ദേശിച്ചു. അതിനിടയിൽ നിയന്ത്രണരേഖയോട് ചേർന്ന മേഖലകളിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചു.സാംബ, കത്വ, ദോഡ, ബദർവ, കിഷ്ത്വാർ എന്നിവിടങ്ങളിലാണ് നടപടി. വെസ്റ്റേൺ കമാൻഡിൽ നിന്നും കൂടുതൽ സൈനികർ ഇവിടേക്ക് എത്തിയിട്ടുണ്ട്. ജമ്മു കാശ്മീരിൽ ഉടനീളം സൈന്യത്തിന്റെ നേതൃത്വത്തിലുള്ള പെട്രോളിങും ശക്തമാക്കി.
കണ്ണൂരിൽ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം
കണ്ണൂര്‍. കണ്ണൂരിൽ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു സ്വകാര്യ ആശുപത്രിയിലേക്കാണ് വന്നത്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്ന് നാളെ ഒന്നു കൂടി സ്ഥിരീകരിക്കാനായി സാംപിൾ അയക്കും. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ് എന്ന് കുട്ടിയെ ചികിൽസിക്കുന്ന ഡോക്ടർ. പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനാല്‍ ജർമ്മനിയിൽ നിന്ന് എത്തിച്ച മരുന്ന് ഉൾപ്പടെ നൽകി ചികിൽസ തുടങ്ങി . രോഗം സ്ഥിരീകരിച്ചതിൽ വ്യക്തത വരുത്താൻ പോണ്ടിച്ചേരിയിലെ ലാബിലേക്ക് ഇന്ന് സാംപിൾ അയക്കും കുട്ടിയുടെ ആരോഗ്യനില ഡോക്ടർ നിരീക്ഷിച്ചു വരികയാണ്. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം പ്രാഥമികമായി സ്ഥിരീകരിച്ചത് .
അതേ സമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ചികിൽസയിലുള്ള പതിനാലു വയസുകാരൻ മൂന്ന് ദിവസത്തിനകം ആശുപത്രി വിടും.
ഗോവൻ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു,ഒരു കപ്പൽ ജീവനക്കാരൻ മരിച്ചു
ഗോവ. ഗോവൻ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീ പിടിച്ചത്.തീപിടിത്തത്തിൽ ഒരു കപ്പൽ ജീവനക്കാരൻ മരിച്ചു. ഫിലിപ്പിൻസ് സ്വദേശിയായ ജീവനക്കാരനാണ് മരിച്ചത്. 21 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്
കോസ്റ്റ് ഗാർഡ് കപ്പലുകളെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. കപ്പലിൽ ഉണ്ടായിരുന്നത് തീപിടുത്തത്തിന് സാധ്യതയുള്ള രാസവസ്തുക്കൾ ആയിരുന്നു എന്നാണ് വിവരം ..ഗോവൻ തീരത്ത് നിന്ന് 102 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം.
ജൂലൈ രണ്ടിന് മലേഷ്യൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട പനാമ കപ്പലാണ് ഇത്. മറ്റന്നാൾ ചരക്കുമായി കൊളംബോയിൽ എത്തേണ്ടതായിരുന്നു.
പനി പടരുന്നു,ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. ഐസിയു വെൻറിലേറ്റർ ഉപയോഗം സാധാരണ നിലയിലാണ്. ഇന്നലെ 12498 പേർ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി. മലപ്പുറം ജില്ലയിൽ രണ്ടായിരത്തിനു മുകളിൽ പനി ബാധകരുടെ എണ്ണം തുടരുന്നു. മറ്റു ജില്ലകളിൽ ആയിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. എച്ച് വൺ എൻ വൺ ബാധിച്ച് ഇന്നലെ ഒരു മരണം സ്ഥിരീകരിച്ചു. മൂന്നുപേരുടെ മരണം എലിപ്പനി ആണെന്നാണ് സംശയം. ഡെങ്കി ലക്ഷണങ്ങളുടെ 400 ൽ അധികം പേർ ചികിത്സ തേടിയപ്പോൾ 116 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.തിരുവനന്തപുരത്തെ കോളറ വ്യാപനം നിയന്ത്രണവിധേയം എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ . ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകുന്ന വെള്ളത്തിലും പ്രത്യേക ജാഗ്രത വേണം എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പകർച്ചപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആർ ആർ ടി യോഗം ചേർന്നിരുന്നു. ആറാഴ്ച ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ തുടരും
വീടാക്രമിച്ച് യുവതിയുടെ നാലര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു
മലപ്പുറം. ചങ്ങരംകുളത്ത് വീടാക്രമിച്ച് യുവതിയുടെ നാലര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു.ചങ്ങരംകുളം സ്വദേശി മണിയുടെ ഭാര്യ പ്രമീളയെ അക്രമിച്ചാണ് സ്വര്‍ണ്ണം കവര്‍ന്നത്.രാത്രി എട്ടരയോടെയാണ് സംഭവം..മുഖം മാസ്‌ക് കൊണ്ട് മറച്ച രണ്ടു പേരാണ് അക്രമണം നടത്തിയത്.
വീട്ടിലെത്തിയ ഇവര്‍ പ്രമീളയെ അക്രമിച്ച് സ്വര്‍ണം കവരുകയായിരുന്നു.തടയാന്‍ ശ്രമിച്ച മകനെയും മർദിച്ചു.പരുക്കേറ്റ പ്രമീളയും മകനും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുവൈറ്റിൽ അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ തിരുവല്ല സ്വദേശികളായ നാലംഗ കുടുംബം ശ്വാസംമുട്ടി മരിച്ചു
തിരുവല്ല: കുവൈറ്റിലെ അബ്ബാസിയായിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചതായി വിവരം .മലയാളികൾ തിങ്ങിപാർക്കുന്ന മേഖലയാണിത്. അവധി കഴിഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് കുടുംബം മടങ്ങി പോയത്. രാത്രി എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പുറത്ത് വരുന്ന വിവരം.



































