Home Blog Page 2319

4 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന്; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികളും

ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതി തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് മൂന്ന് മണിക്കാണ് വാർത്താ സമ്മേളനം. ഉപതെരഞ്ഞെടുപ്പുകളുടെ തീയതിയും പ്രഖ്യാപിക്കാനിടയുണ്ട്. വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.

ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഹരിയാന സർക്കാരിന്റെ കാലാവധി നവംബർ മൂന്നിനും മഹാരാഷ്ട്ര സർക്കാരിന്റെ കാലാവധി നവംബർ 26നും അവസാനിക്കും. ജാർഖണ്ഡ് സർക്കാരിന്റെ കാലാവധി 2025 ജനുവരിയിൽ അവസാനിക്കും. സെപ്റ്റംബർ 30നകം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സുപ്രീംകോടതി നിർദേശം. 2014ന് ശേഷം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

വയനാട് ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തി. രാഹുൽഗാന്ധി വയനാട് ലോക്സഭാ സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്റെ വയനാട്ടിലെ സ്ഥാനാർഥി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽനിന്ന് കെ.രാധാകൃഷ്ണൻ ജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിനോടൊപ്പം പാലക്കാട് മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കുതിച്ചുയർന്ന് ഇസ്രോയുടെ എസ്എസ്എൽവി-ഡി 3; 14 മിനിറ്റിനുള്ളിൽ ഉപഗ്രഹം ഭ്രമണപഥത്തിൽ– വിഡിയോ

ചെന്നൈ: ഐഎസ്ആർഒയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–08ന്റെ വിക്ഷേപണം പൂർണ വിജയം. രാവിലെ 9.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ചെറു റോക്കറ്റായ എസ്എസ്എൽവി-ഡി 3 വിക്ഷേപിച്ചത്.

14 മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിച്ചു. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലെക്റ്റോമെട്രി, എസ്ഐസി യുവി ഡോസിമീറ്റർ എന്നീ ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളാണ് (പേലോഡ്) ഉപഗ്രഹത്തിലുള്ളത്.

വാർത്താനോട്ടം

2024 ആഗസ്റ്റ് 16 വെള്ളി

BREAKING NEWS

?മൂന്ന് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് വൈകിട്ട് മൂന്നിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും

?ഐ എസ് ആർ ഒ യുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ ഒ എസ് 8 വിജയകരമായി വിക്ഷേപിച്ചു.

?തിരുവനന്തപുരം ബീമാപള്ളിയിൽ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഷിബിലി കൊല്ലപ്പെട്ടു.

?ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചു.നാവിക സേനയും പങ്കാളികൾ

?പാലക്കാട് നൊച്ചുള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വേലമണി എന്നയാൾ മരിച്ചു

? കേരളീയം ?

? സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.

?വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കാന്‍ അവസരമൊരുക്കി മേപ്പാടിയില്‍ അദാലത്ത്. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക.

? പരിസ്ഥിതി സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. മാധവ് ഗാഡ്ഗില്‍. കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും വിമര്‍ശിച്ച മാധവ് ഗാഡ്ഗില്‍ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ നല്‍കുമെന്നും അറിയിച്ചു. കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണ്, ക്വാറികള്‍ മുഴുവനും സര്‍ക്കാര്‍ ഏറ്റെടുക്കണം.

? സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തി കെഎസ്ഇബി ചെയര്‍മാന്‍ തന്നെ രംഗത്തിറങ്ങിയത്. ആണവ നിലയം എന്തിനെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

? വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി കെകെ രമ എംഎല്‍എ. വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും ആസൂത്രണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം പങ്കുണ്ടെന്നും നാട് കത്തേണ്ടിയിരുന്ന സംഭവമാണിതെന്നും പറഞ്ഞ രമ എംവി ജയരാജന്‍ സൈബര്‍ ഗ്രൂപ്പുകളെ തള്ളിയത് ആരോപണം മുന്നില്‍ കണ്ടാണെന്നും പറഞ്ഞു.

? ചങ്ങനാശേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയെയും മകളെയും പൊലീസ് ജീപ്പ് ഇടിച്ചു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മന്ത്രി സജി ചെറിയാന് പൈലറ്റ് പോകുന്നതിനായി ചങ്ങനാശേരിയില്‍ നിന്നും എ.സി റോഡിലേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്.

? കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ പിജി, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്ക് പ്രഖ്യാപിച്ചു. ഒപി വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗങ്ങളെ
ഒഴിവാക്കിയിട്ടുണ്ട്.

? സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് 2022ലെ പുരസ്‌കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. അതേസമയം, 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം രാവിലെ 11 മണിക്ക് നടക്കും.

?? ദേശീയം ??

? കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിലും തുടര്‍ന്നുള്ള അക്രമസംഭവങ്ങളിലും പ്രതിഷേധച്ച് നാളെ രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണി വരെ ഐ.എം.എ. പണിമുടക്കും. അടിയന്തര സര്‍വീസുകളും കാഷ്വാലിറ്റിയും പ്രവര്‍ത്തിക്കും. ഒ.പി., അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐ.എം.എ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

? വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിനെതിരെ ജനക്കൂട്ടത്തിന്റെ ആക്രമണം. അക്രമത്തില്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗം പൂര്‍ണമായും തകര്‍ന്നതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ച
പുലര്‍ച്ചെ 12.30-ഓടെയാണ് സംഭവം.

? കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ 5 ഡോക്ടര്‍മാരെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആശുപത്രിയിലുള്ളവര്‍ക്കും പീഡനത്തില്‍ പങ്കുണ്ടെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് സിബിഐ നീക്കം. അതേസമയം, കൊലപാതകം നടന്ന ആര്‍ജി കര്‍ ആശുപത്രി കഴിഞ്ഞ രാത്രി അടിച്ചു തകര്‍ത്ത സംഭവത്തില്‍ 9 പേരും അറസ്റ്റിലായി.

? പശ്ചിമബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അടിച്ചു തകര്‍ത്ത സംഭവത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി മമത ബാനര്‍ജി. ഇന്നലെ അക്രമം നടത്തിയത് വിദ്യര്‍ത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും അക്രമികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ്
മമത ബാനര്‍ജിയുടെ ആരോപണം.

? വനിതാ ഡോക്ടറുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലിസ് ശ്രമിച്ചെന്നും പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കു മേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്നും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ ആക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

? സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ദില്ലി മുഖ്യമന്ത്രിയുടെ വസതിയില്‍ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ജയിലില്‍ അടയ്ക്കാന്‍ ഏകാധിപത്യത്തിന് കഴിയും, പക്ഷേ ഹൃദയത്തിലെ രാജ്യസ്നേഹത്തെ എങ്ങനെ തടയും എന്നാണ് സുനിത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചത്.

? ജമ്മു കശ്മീരിലെ ദോഡയില്‍ ഭീകരര്‍ക്കായി രണ്ടാം ദിവസവും തിരച്ചില്‍. സ്ഥലത്ത് മൂന്ന് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. വീരമൃതു വരിച്ച സൈനികന്‍ ക്യാപ്റ്റന്‍ ദീപക് സിങ്ങിന് സൈന്യം അന്തിമോചചാരം അര്‍പ്പിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ഭൗതിക ശരീരം ഉത്തരാഖണ്ഡിലെ ജന്മനാട്ടില്‍ എത്തിച്ചു.

?? അന്തർദേശീയം ??

? ഇസ്രയേലിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. രാഷ്ട്രീയ, സൈനിക തലങ്ങളില്‍ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്നും വീഴ്ച വരുത്തുന്നത് ദൈവ കോപത്തിന്റെ ഗണത്തില്‍പ്പെടുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.

? ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയിട്ടുള്ള സൈനിക നടപടിയില്‍ 40000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ച മരണം 40005 ആയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് ഗാസയിലെ മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം വരും. 23 ലക്ഷത്തോളമാണ് ‘ ഗാസയിലെ ജനസംഖ്യ.

? റഷ്യന്‍ മണ്ണില്‍ സ്വയം പ്രതിരോധത്തിനായി യുക്രെയ്‌ന് തങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ ഉപയോഗിക്കാമെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. റഷ്യക്കുള്ളില്‍ യുക്രെയ്ന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബ്രിട്ടന്‍ തടയില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍.

????‍♀️കായികം?⛷️?

? ഒളിംപിക്സ് വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ ജേതാവിനെ പോലെ സ്വീകരിക്കുമെന്ന് അമ്മാവന്‍ മഹാവീര്‍ ഫോഗട്ട്. കോടതി വിധിയോടെ എല്ലാ മെഡല്‍ പ്രതീക്ഷകളും ഇല്ലാതായി. വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും വിനേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും, അടുത്ത ഒളിംപിക്സിനായി തയ്യാറെടുക്കാന്‍ വിനേഷിനെ പ്രോത്സാഹിപ്പിക്കുമെന്നും മഹാവീര്‍ ഫോഗട്ട് പറഞ്ഞു.

? 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 78-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ വാക്കുകള്‍. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എല്ലാ കായികതാരങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം

കോഴിക്കോട്.കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. എസ്.എഫ്.ഐ – എം.എസ്.എഫ് പ്രവർത്തകർ തമ്മിലാണ് പുലർച്ചെ സംഘർഷമുണ്ടായത്. പൊലീസ് എത്തി ഇരുവിഭാഗത്തേയും സ്ഥലത്തു നിന്ന് മാറ്റി. ഇരുവിഭാഗങ്ങളും വടികൾ അടക്കമുള്ള ആയുധങ്ങളുമായി പ്രകടനം നടത്തി. ഇന്ന് പ്രതിപക്ഷ നേതാവ് സർവകലാശാല യൂണിയൻ ഉത്ഘാടനം ചെയ്യാനിരിക്കെയാണ് സംഘർഷം. ഇന്നലെ വൈകിട്ട് ഒരു എം.എസ്.എഫ് പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. അതിൻ്റെ തുടർച്ചയാണ് സംഘർഷം.

പാലക്കാട്‌ സിപിഐയിലെ വിഭാഗീയത, എഐവൈഎഫ്ന് പകരം സമാന്തര സംഘടന

പാലക്കാട്‌. സിപിഐയിലെ വിഭാഗീയത മൂത്തു. യുവജന സംഘടനയായ എഐവൈഎഫ്ന് പകരം സമാന്തര സംഘടന രൂപീകരിച്ച് പാലക്കാട് സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാക്കൾ

സേവ് യൂത്ത് ഫെഡറേഷൻ എന്ന സംഘടനയാണ് എഐവൈഎഫ്ന് പകരമായി പാലക്കാട് രൂപീകരിച്ചത്മ്

സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാണിച്ച് സിപിഐ പാലക്കാട് ജില്ലാ നേതൃത്വം പുറത്താക്കിയ ജില്ലയിലെ മുതിർന്ന നേതാക്കൾ സേവ് സിപിഐ എന്ന സംഘടന രൂപീകരിച്ചിരുന്നു

കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെയാണ് പാലക്കാട്ടെ സിപിഐയ്ക്കകത്ത് പോര് രൂക്ഷമായത്

ജില്ലയിലെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുക്കുക, സിപിഐയിലെയും, എഐവൈഎഫിലേയും നെറികേടുകൾക്കെതിരെ പ്രതികരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സേവ് യൂത്ത് ഫെഡറേഷൻ രൂപകരിക്കുന്നതെന്നാണ് നേതാക്കൾ പറയുന്നത്

എഐവൈഎഫിന്‍റെ മുൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളും, ജില്ലാ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ 25 അംഗങ്ങളാണ് സേവ് യൂത്ത് ഫെഡറേഷൻ്റെ ജില്ലാ കമ്മിറ്റിയിൽ ഉള്ളത്

എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. പത്ത് ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്നു.
ഓവര്‍ നൈറ്റ് എംസിഎല്‍ആര്‍ 8.20 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഒരു മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.45, മൂന്ന് മാസം 8.50, ആറുമാസം 8.85, ഒരു കൊല്ലം 8.95, രണ്ടു വര്‍ഷം 9.05, മൂന്ന് വര്‍ഷം 9.10 എന്നിങ്ങനെയാണ് പുതുക്കിയ പലിശനിരക്ക്. എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചതോടെ വായ്പകള്‍ കൂടുതല്‍ ചെലവേറിയതാകും. ഇഎംഐയും ഉയരും.
എംസിഎല്‍ആര്‍ അടിസ്ഥാനപരമായി ഒരു ബാങ്കിന് വായ്പയില്‍ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്. ബാങ്കിന്റെ ഫണ്ട് ചെലവ്, പ്രവര്‍ത്തന ചെലവ്, നിശ്ചിത ലാഭ മാര്‍ജിന്‍ എന്നിവ പരിഗണിച്ചാണ് ഈ നിരക്ക് നിശ്ചയിക്കുന്നത്.

മുണ്ടക്കൈ ചൂരൽമല ,ജനകീയ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും

വയനാട്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള ജനകീയ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. ഇനിമുതൽ ആവശ്യാനുസരണം ഉള്ള തിരച്ചിൽ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങൾ തുടരും. ചാലിയാറിലും ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ കണ്ടെത്താനായിരുന്നില്ല. അതേസമയം ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ പരിശോധന ഇന്ന് ഭാഗികമായി നിർത്തും. ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച ശേഷം ആയിരിക്കും തുടർ പരിശോധനകൾ. ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് ഇന്ന് മേപ്പാടിയിൽ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

ആരോഗ്യപ്രവർത്തകയുടെ ബലാത്സംഗം കൊലപാതകം : ഉത്തരാഖണ്ഡിലും പ്രതിഷേധം

നൈനിറ്റാള്‍. ആരോഗ്യപ്രവർത്തകയുടെ ബലാത്സംഗം കൊലപാതകം : ഉത്തരാഖണ്ഡിലും പ്രതിഷേധം. ഉദ്ധം സിംഗ് നഗർ ജില്ലയിൽ ആണ് നേഴ്സ് ആയ യുവതി ബലാത്സംഗ വിധേയയായി കൊല്ലപ്പെട്ടത്. നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു നേഴ്സ് . ഉത്തർപ്രദേശിലെ റാംമ്പൂർ ജില്ലയിൽ നിന്ന് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു.സംഭവത്തിലെ പ്രതി ധർമ്മേന്ദ്രകുമാർ അറസ്റ്റിലായതായി പോലീസ്. ജൂലൈ 30ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ഓഗസ്റ്റ് 14ന്

ജൂനിയർ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം,മുഖ്യമന്ത്രി മമത ബാനർജി ഇന്ന് തെരുവിൽ പ്രതിഷേധ ധർണ്ണനടത്തും

കൊൽക്കത്ത. ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാഷ്ട്രീയപോര് മുറുകുന്നു.മുഖ്യമന്ത്രി മമത ബാനർജി ഇന്ന് തെരുവിൽ പ്രതിഷേധ ധർണ്ണനടത്തും. സ്ത്രീകൾ ക്കെതിരായ അക്രമങ്ങളും, പ്രതി പക്ഷ ആരോപണങ്ങളും വിഷയമാക്കിയാണ് വനിതാ നേതാക്കളുമായുള്ള മമതയുടെ പ്രതിഷേധം.ദേശീയ അധ്യക്ഷ വാനദി ശ്രീനിവാസന്റെ നേതൃത്വത്തിൽ ബിജെപി കോൽക്കത്തയിൽ ഇന്ന് മെഴുകുതിരി മാർച്ച്‌ നടത്തും. അതേസമയം നാളെ രാവിലെ 6 മുതൽ ഒ പി അടക്കം ബഹിഷ്കരിച്ച് സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ സിബിഐ സംഘത്തിന്റെ അന്വേഷണം തുടരുന്നു. ആർ ജി കർ മെഡിക്കൽ കോളേജിന്റെ പുതിയ പ്രിൻസിപ്പൽ സുഹൃത പാലിനെ സി ബി ഐ സംഘം ചോദ്യം ചെയ്തു. മറ്റു ചില ഉന്നതരെയും ഇന്ന് ചോദ്യം ചെയ്യും. കഴിഞ്ഞദിവസം ആശുപത്രിയിൽ അക്രമം നടത്തിയ വരുടെ ചിത്രങ്ങൾ കോൽക്കത്ത പോലീസ് പുറത്ത് വിട്ടു.

മാധ്യമ പ്രവർത്തകന്‍ കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസ്, ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് കോടതിയിൽ ഹാജരായേക്കും

തിരുവനന്തപുരം .മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായേക്കും. തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച വാദം ബോധിപ്പിക്കാൻ സമയം തേടിയതിനെത്തുടർന്ന് ഇന്നുവരെ പ്രതിയായ ശ്രീറാമിന് കോടതി സമയം അനുവദിച്ചിരുന്നു. ഹാജരാകാൻ കോടതി ആവശ്യപ്പെട്ട ശേഷം നാലുതവണയാണ് ശ്രീറാം കൂടുതൽ സമയം തേടിയത്.

തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറാണ് കേസ് പരിഗണിക്കുന്നത്.
കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹർജിയുമായി ചെന്ന ശ്രീറാമിന് സുപ്രീം കോടതിയിൽനിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് വിചാരണയ്ക്കായി കോടതി വിളിച്ചുവരുത്തുന്നത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം ബഷീർ കൊല്ലപ്പെട്ടത്.