Home Blog Page 2318

അവാർഡുകൾ വാരിക്കൂട്ടി ‘ആടുജീവിതം’

സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളില്‍ അവാർഡുകൾ വാരികൂട്ടി ‘ആടുജീവിതം’. മികച്ച നടനും സംവിധായകനുമടക്കം ഏഴ് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.  ആടുജീവിതത്തിലൂടെ ബ്ലെസി മികച്ച സംവിധായകന്‍. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി പൃഥ്വിരാജിനെയും തിരഞ്ഞെടുത്തു.  മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രവും ആടുജീവിതമാണ്. ആടുജീവിതത്തിലെ ഹക്കീമായ കെ.ആര്‍.ഗോകുലിന് പ്രത്യേക ജൂറി പുരസ്കാരം. മികച്ച മേക്കപ്പ് രഞ്ജിത്ത് അമ്പാടി, മികച്ച ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടി, ശരത് മോഹനന്‍ എന്നിവരും ആടുജീവിതം സിനിമയിലൂടെ പുരസ്‌കാരം കരസ്ഥമാക്കി.

ഉര്‍വശിയും ബീന.ആര്‍. ചന്ദ്രനും മികച്ച നടിമാര്‍, മികച്ച ചിത്രം കാതല്‍

54-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. ഉര്‍വശി ( ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ് ) എന്നിവര്‍ക്കാണ് അവാര്‍ഡ്. മികച്ച ചിത്രം കാതല്‍. ബ്ലെസിയാണ് മികച്ച സംവിധായകന്‍. സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ഉർവശിക്ക് ഇത് കരിയറിലെ ആറാം പുരസ്‌കാരമാണ്. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് നേരത്തെ പുരസ്കാരം ലഭിച്ചത്. മികച്ച നടൻ പ്രിത്വിരാജ് ആണ്

ആടുജീവിതത്തിലെ അഭിനയം മികച്ച നടനായി പൃഥ്വിരാജ്

54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ആടുജീവിതത്തിലെ അഭിനയത്തിന് മികച്ച നടനായി പൃഥ്വിരാജ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും – ആടുജീവിതത്തിന് ആണ്. മുൻപ് വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് രണ്ടു തവണ നേടിയിട്ടുണ്ട്.
മികച്ച നടനാകാന്‍ കാതലിലെയും കണ്ണൂർ സ്ക്വാഡിലെയും പ്രകടനത്തിലൂടെ മമ്മൂട്ടിയും കടുത്ത മത്സരവുമായി രംഗത്ത് ഉണ്ടായിരുന്നു.

മികച്ച ജനപ്രിയ ചിത്രമായി ആടുജീവിതം

54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കുന്നു. മികച്ച ജനപ്രിയ ചിത്രമായി – ആടുജീവിതം തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).

കെഎം ബഷീറിൻ്റെ മരണം; ശ്രീറാം വെങ്കിട്ടരാമൻ കോടതിയിലെത്തി, ഹാജരായത് കോടതിയുടെ വിമർശനത്തെ തുടർന്ന്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി. കുറ്റപത്രം വായിച്ചു കേൾക്കുന്നതിൻ്റെ ഭാഗമായാണ് ഹാജരായത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാകാത്തതിനെ കോടതി വിമർശിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹാജരായത്.

ഒഴിവാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത് സംസ്ഥാന സർക്കാറായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. ഇത് തള്ളിയതിനെ തുടർന്നാണ് കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്. കേസിൽ ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്ത വഫ എന്ന യുവതിക്കെതിരെയുള്ള കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് അർദ്ധരാത്രി ഒരു മണിയ്ക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ കെഎം ബഷീർ കൊല്ലപ്പെട്ടത്. വലിയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ ശ്രീരാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടത്. പ്രതിഷേധം ശക്തമായതോടെയാണ് കേസിൽ ശ്രീരാമിനെതിരെ പൊലീസ് നടപടിയെടുത്തത്.

ഓണക്കാലത്ത് വിലക്കയറ്റം തടയൽ; സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്തു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്‌. ബജറ്റ്‌ വിഹിതത്തിനു പുറമേ 120 കോടി രൂപയാണു സപ്ലൈകോയ്‌ക്ക്‌ അധികമായി ലഭ്യമാക്കിയത്‌.

വിപണി ഇടപെടലിന്‌ ഈ സാമ്പത്തിക വർഷത്തെ ബജറ്റ്‌ വകയിരുത്തൽ 205 കോടി രൂപയാണ്‌. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണു ബജറ്റ്‌ വകയിരുത്തൽ ഉണ്ടായിരുന്നത്‌. എന്നാൽ, 120 കോടി രൂപ അധികമായി നൽകാൻ ധനവകുപ്പ്‌ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം വിപണി ഇടപെടലിന്‌ ബജറ്റിൽ 205 കോടി രൂപയായിരുന്നു വകയിരുത്തൽ. 391 കോടി രൂപ സപ്ലൈകോയ്‌ക്ക്‌ അനുവദിച്ചിരുന്നു.

ഇന്ത്യൻ റെയിൽവേയിൽ മൂവായിരത്തിലധികം തൊഴിലവസരം; ഒഴിവുകളും യോഗ്യതകളുമറിയാം, അവസാന തീയതി സെപ്റ്റംബർ നാല്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുർ ആസ്ഥനമായുള്ള വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ വൻ തൊഴിലവസരം. വിവിധ ട്രേഡുകളിലേക്കായി 3,317 അപ്രൻ്റീസ് ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ മുഖേനെ അപേക്ഷ സമർപ്പിക്കണം. ഐടിഐക്കാർക്കാണ് അവസരം. wcr.indianrailways.gov.in എന്ന സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ നാല് ആണ്.

3, 317 ഒഴിവുകളിൽ 1,262 ഒഴിവുകൾ ജെബിപി ഡിവിഷനും 824 ബിപിഎൽ ഡിവിഷനും 832 കോട്ട ഡിവിഷനും 175 സിആർഡബ്ല്യുഎസ് ബിപിഎല്ലും 196 ഡബ്ല്യുആർഎസ് കോട്ട ഡിവിഷിനുകളിലാണ് അനുവദിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട മേഖലയിൽ ഐടിഐ യോഗ്യത നേടിയിരിക്കണം.

ഉദ്യോഗാർഥികൾ പതിനഞ്ചിനും 24നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. എസ് സി – എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസിക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്‍മാര്‍ക്ക് 10 വര്‍ഷത്തെ ഇളവുണ്ട്. അപ്രൻ്റീസ്ഷിപ്പിന് യോഗ്യത നേടുന്നതിന് അപേക്ഷകർ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പൂർത്തിയാക്കിയിരിക്കണം. വനിതകള്‍ക്കും എസ് സി, എസ്ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 41 രൂപയാണ് അപേക്ഷാ ഫീസ്. മറ്റുള്ളവര്‍ക്ക് 141 രൂപയാണ്. ഫീസ് ഓൺലൈനായി അടയ്ക്കണം. അപേക്ഷാ ഫീസ് തിരികെ ലഭിക്കില്ല.

അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ

  1. ഔദ്യോഗിക വെബ്സൈറ്റായ wcr.indianrailways.gov.in തുറക്കുക.
  2. ആപ്ലിക്കേഷൻ ലിങ്ക് ആക്‌സസ് ചെയ്യുക, ഇടത് സൈഡ്‌ബാറിൽ കാണുന്ന “2024 – 2025 ലെ ആക്‌ട് അപ്രൻ്റീസ്‌മാരുടെ എൻഗേജ്‌മെൻ്റ്” ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. രജിസ്റ്റർ ചെയ്യുക, ഇവിടെ പുതിയ വെബ്‌പേജിൽ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം.
  4. അപേക്ഷാ ഫോം പൂരിപ്പിക്കണം. ലോഗിൻ ചെയ്ത് ആവശ്യമായ വിശദാംശങ്ങളുള്ള അപേക്ഷാ ഫോം പൂരിപ്പിക്കണം.
  5. സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുകയും മാർഗ നിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം.
  6. അപേക്ഷാ ഫീസ് അടയ്ക്കുക. (ഓൺലൈൻ രീതിയിൽ).
  7. അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം ഭാവി റഫറൻസിനായി പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.

പത്താം ക്ലാസ് മാർക്ക് ഷീറ്റ്, പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റ്, പന്ത്രണ്ടാം ക്ലാസ് മാർക്ക് ഷീറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഐടിഐ സർട്ടിഫിക്കറ്റും മാർക്ക്ഷീറ്റും എന്നിവയാണ് അപേക്ഷ സമർക്കുന്ന ഘട്ടത്തിൽ വേണ്ട രേഖകൾ. പത്താംക്ലാസ്, ഐടിഐ പരീക്ഷകളിലെ മാർക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടപടികൾ. ഉദ്യോഗാർഥിയുടെ ഫോട്ടോയും ഒപ്പും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകയില്‍ അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. മെറിറ്റ് ലിസ്റ്റ് പ്രഖ്യാപനത്തിന് ശേഷം സർട്ടിഫിക്കറ്റ് പരിശോധനയും തുടർന്ന് വൈദ്യപരിശോധനയും ഉണ്ടാകും.

വയനാട് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക അദാലത്ത്

വയനാട് : ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. വിവിധ വകുപ്പുകളുടെ 12 കൗണ്ടറുകൾ പ്രവർത്തിക്കും. അതിനിടെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരയായവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നതടക്കമുള്ള ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉരുൾപൊട്ടലിൽ കാണാതായവർക്കായി മുണ്ടക്കൈ, ചൂരൽമല മേഖലകളിലും ചാലിയാർ പുഴയുടെ തീരങ്ങളിലും ഇന്നും തെരച്ചിൽ നടക്കും. ഫയർ ഫോഴ്‌സ്, ഫോറസ്റ്റ്, എൻഡിആർഎഫ് സംഘങ്ങൾ തെരച്ചിലിന്റെ ഭാഗമാകും.

വിലങ്ങാട് ഉരുൾപൊട്ടലിലും രേഖകൾ നഷ്ടപ്പെട്ടവർക്ക് രേഖകൾ നിർമിച്ച് നൽകാനുള്ള അദാലത്ത് ഇന്ന് നടക്കും. രാവിലെ പത്ത് മണി മുതൽ വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്‌കൂളിൽ ആണ് അദാലത്ത് നടക്കുന്നത്. വിവിധ വകുപ്പുകളുടെ 12 കൗണ്ടറുകൾ പ്രവർത്തിക്കും.

രാത്രിയിൽ ഇവ കഴിക്കരുതേ

ചെറിയ ചില തെറ്റുകൾ മതി വലിയ രീതിയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാൻ. കൊളസ്ട്രോൾ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണവും ഇതൊക്കെയാണ്.

ജീവിതശൈലി രോ​ഗങ്ങളിലെ പ്രധാനിയാണ് കൊളസ്ട്രോൾ. ഇത് പലപ്പോഴും മാറികൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെ കാരണമാണ് സംഭവിക്കുന്നത്. ഭക്ഷണത്തിലും ജീവിതശൈലിയിലുമൊക്കെ അൽപ്പം ശ്രദ്ധ നൽകിയാൽ പല പ്രശ്നങ്ങളും വേ​ഗത്തിൽ ഇല്ലാതാക്കാൻ സാധിക്കും. ഭക്ഷണം കഴിക്കുന്ന രീതിയും വളരെ പ്രധാനമാണ്. രാത്രിയിലെ അത്താഴമാണ് പലപ്പോഴും കൊളസ്ട്രോൾ കൂട്ടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് കണക്കാക്കുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും വരാതിരിക്കാനും അത്താഴത്തിൽ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.

എല്ലാ നേരത്തെയും ഭക്ഷണം കഴിക്കുന്നത് കൃത്യമായ ഒരു സമയം വേണം. ഇത് ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. പല തിരക്കുകളും മറ്റ് കാര്യങ്ങളും കാരണം ഭക്ഷണം കഴിക്കുന്നതിൽ കൃത്യത ഇല്ലാത്തവരും അതുപോലെ ഭക്ഷണം സ്കിപ്പ് ചെയ്യുന്നവരും ധാരാളമുണ്ട്. ഉറങ്ങുന്ന സമയവും ഭക്ഷണ സമയവും തമ്മിൽ വലിയ വ്യത്യാസമില്ലെങ്കിൽ അത് പല തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സെൽ മെറ്റബോളിസം ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം വൈകി അത്താഴം കഴിക്കുന്നത് വിശപ്പ് കൂട്ടാനും അതുപോലെ വയർ നിറഞ്ഞതിൻ്റെ സി​ഗ്നലുകൾ അയക്കുന്ന ഹോർമോണായ ലെപ്റ്റിൻ കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രീതി പിന്തുടരുന്നത് പെട്ടെന്ന് പൊണ്ണത്തടി ഉണ്ടാക്കാൻ കാരണമായേക്കാം. കൊളസ്ട്രോൾ കൂട്ടുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്.

പലർക്കും പച്ചക്കറികൾ കഴിക്കുന്നത് വലിയ താതപര്യമില്ലാത്ത കാര്യമാണ്. എന്നാൽ കൊളസ്ട്രോൾ പോലെയുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കാൻ പച്ചക്കറികൾ വളരെയധികം സഹായിക്കാറുണ്ട്. ധാരാളം ഫൈബർ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നത് പലപ്പോഴും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കൂട്ടാൻ കാരണമായേക്കും. വെള്ളത്തിൽ ലയിക്കുന്ന ഫൈബറുകൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും അതുപോലെ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കാറുണ്ട്.

പലരുടെയും തെറ്റായൊരു ശീലമാണിത്. അത്താഴ സമയത്ത് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണിത്. ഭക്ഷണം കഴിച്ച ഉടൻ ഒരിക്കലും ഉറങ്ങാൻ പോകരുത്. ഭക്ഷണ ശേഷം അൽപ്പ സമയം കുറഞ്ഞത് ഒരു അരമണിക്കൂർ എങ്കിലും ​ഗ്യാപ്പ് നൽകിയ ശേഷം മാത്രം കിടക്കാൻ പോകുക. ഇത് ദഹനത്തെ മന്ദ​ഗതിയിലാക്കാനും ഉറക്കത്തിൽ ​ഗുണം ഇല്ലാതാക്കാനും കാരണമാകും. ശരിയല്ലാത്ത ഉറക്കവും മെറ്റബോളിസവും അമിതവണ്ണം കൂട്ടാൻ കാരണവും ഇത് കൊളസ്ട്രോളിലേക്കും നയിക്കും.

അത്താഴത്തിന് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം. കുടുംബത്തിലെ എല്ലാവരും ചേർന്നിരുന്ന് സന്തോഷത്തോടെ കഴിക്കുന്നതാണ് അത്താഴം. എന്നാൽ കലോറി കൂടിയ ഇത്തരം ഭക്ഷണങ്ങൾ അത്താഴത്തിന് കഴിക്കുന്ന രീതി പിന്തുടരുന്നവർക്ക് വേ​ഗത്തിൽ കൊളസ്ട്രോൾ പിടിപ്പെട്ടേക്കാം. സാച്യുറേറ്റഡും അതുപോലെ ട്രാൻസ് ഫാറ്റ് കഴിക്കുന്നതും ശരീരത്തിൽ വലിയ രീതിയിൽ കൊളസ്ട്രോൾ കൂട്ടാൻ കാരണമാകും.

സ്വർണ വില വീണ്ടും ഈ മാസത്തെ ഉയർന്ന നിരക്കിൽ; നികുതിയടക്കം ഇന്ന് വില ഇങ്ങനെ, വെള്ളിക്കും വിലക്കയറ്റം

കൊച്ചി: വിവാഹ സീസണും ഓണക്കാലവും പടിവാതിലിൽ എത്തിനിൽക്കേ, ആഭരണപ്രിയരെയും വിതരണക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് 6,565 രൂപയായി. 80 രൂപ ഉയർന്ന് 52,520 രൂപയാണ് പവൻ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയുമാണിത്.

വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതും കനംകുറഞ്ഞതുമായ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങൾ നിർമിക്കാൻ പ്രയോജനപ്പെടുത്തുന്ന 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് അഞ്ച് രൂപ വർധിച്ച് 5,425 രൂപയായി. വെള്ളി വിലയും ഗ്രാമിന് ഒരു രൂപ വർധിച്ച് 89 രൂപയിലെത്തി. വെള്ളികൊണ്ടുള്ള പാദസരം, അരഞ്ഞാണം, വള, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്ക് ഈ വില വർധന തിരിച്ചടിയാണ്. വ്യാവസായിക ആവശ്യത്തിന് വെള്ളി വാങ്ങുന്നവർക്കും വില വർധന പ്രതിസന്ധിയാകും

രാജ്യാന്തര വിപണിയുടെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വർണ വിലയെയും സ്വാധീനിക്കുന്നത്. ഔൺസിന് 2,451 ഡോളർ വരെ താഴ്ന്ന രാജ്യാന്തര വില പിന്നീട് 2,461 ഡോളർ വരെ ഉയർന്നത് കേരളത്തിലും പ്രതിഫലിച്ചു. നിലവിൽ വ്യാപാരം നടക്കുന്നത് 2,452 ഡോളറിലാണ്.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിൽ കഴിഞ്ഞമാസം റീറ്റെയ്ൽ പണപ്പെരുപ്പം കുറഞ്ഞതിനാൽ സെപ്റ്റംബറിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് (ഫെഡ് റേറ്റ്) കുറയ്ക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. പലിശ കുറയുന്നത് സ്വർണത്തിന് അനുകൂലമാണ്; വില കൂടും. ഇത് ഇന്ത്യയിലെ വില വർധിക്കാനും ഇടവരുത്തിയേക്കും.

മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 56,855 രൂപ കൊടുത്താൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാം. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം.