27.6 C
Kollam
Saturday 20th December, 2025 | 12:29:46 PM
Home Blog Page 2306

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ അനിശ്ചിതത്വം

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ അനിശ്ചിതത്വം. നടി രഞ്ജിനിയുടെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന് സർക്കാർ നിലപാട് എടുത്തത്. റിപ്പോർട്ട് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് പുറത്തുവിടുന്നതിന് വിടുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് തീരുമാനം മാറ്റിയ വിവരം അറിയിച്ചത്.

ഇന്ന് രാവിലെ 11 മണിക്ക് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകും എന്നായിരുന്നു അറിയിപ്പ്. ഇതിനിടെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ കോടതിയെ സമീപിച്ചു എന്ന് നടി രഞ്ജിനി സർക്കാരിനെ അറിയിച്ചു. ഇതോടെയാണ് സാംസ്കാരിക വകുപ്പ് ആശയക്കുഴപ്പത്തിലായത്. മൊഴി നൽകിയ തനിക്ക് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും, തന്റെ മൊഴി എങ്ങനെയാണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയാനുള്ള അവകാശം തനിക്കുണ്ടെന്നുമാണ് രഞ്ജിനിയുടെ വാദം. തിങ്കളാഴ്ചയാണ് ഹർജി കോടതി പരിഗണിക്കുന്നത്. ഇത് കണക്കിലെടുത്താണ് റിപ്പോർട്ട് തൽക്കാലം പുറത്തുവിടേണ്ട എന്ന തീരുമാനത്തിൽ സംസ്കാരിക വകുപ്പ് എത്തിയത്. രഞ്ജിനിയുടെ ഹർജിയുടെ നിലനിൽപ്പ് തന്നെ സംശയമാണെന്നും, റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവീ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

19 ക്കുള്ളിൽ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇന്ന് റിപ്പോർട്ട് പുറത്തുവിടുന്നത് തടസ്സമില്ലെന്ന നിയമപദേശവും സർക്കാരിന് ലഭിച്ചിരുന്നു. എന്നിട്ടും സർക്കാരിൻറെ പിന്മാറ്റം എന്തുകൊണ്ടെന്ന് വ്യക്തമല്ല.

കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും നൽകാനായി91.53 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം.കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും നൽകാനായി
91.53 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ജൂലൈ മാസത്തെ പെൻഷൻ നൽകാനായി
71.53 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 29 നകം പെൻഷൻ കുടിശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചു. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. 20 കോടി രൂപ ജീവനക്കാരുടെ ശമ്പളത്തിൻ്റെ രണ്ടാം ഗഡു നൽകാനാണ്.
പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന്‌ പെൻഷൻ വിതരണത്തിനായി കെഎസ്‌ആർടിസി വായ്പ എടുത്തിരുന്നു. ഇതിൻ്റെ തിരിച്ചടവ് സർക്കാർ ഉറപ്പാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് വീണ്ടും വായ്പയെടുക്കാനാകും. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ചെയ്യാൻ ഈ മാസം ആദ്യം 30 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ്‌ ഇപ്പോൾ 20 കോടി കൂടി നൽകിയത്‌. ഇതിനുവേണ്ടിമാത്രം പ്രതിമാസം 50 കോടി രൂപ കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഈ മാസം 29 ന് പെൻഷൻ കുടിശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
രണ്ടുമാസത്തെ പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

വിവിധ വാഹനാപകടങ്ങളിൽ അഞ്ചു മരണം

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ അഞ്ചു മരണം. തൃശ്ശൂരും കോഴിക്കോടും രണ്ടുപേർ വീതവും പാലക്കാട് ഒരാളുമാണ് മരിച്ചത്. കോഴിക്കോട് വടകരയിൽ പോലീസ് ബസ് ഇടിച്ചു പണിക്കോട്ടി സ്വദേശി
അസൈനാർ ആണ് മരിച്ചത്.


കോഴിക്കോട് വടകര എസ്പി ഓഫീസിന് സമീപം 11 മണിയോടെ ആയിരുന്നു പോലീസ് ബസ് ഇടിച്ച് വയോധികൻ തൽക്ഷണം മരിച്ചത്. ദേശീയപാതയിൽ അശ്രദ്ധമായി റോഡ് മുറിച്ചു കിടക്കവേ ബസ് ഇടിക്കുകയായിരുന്നു. വടകര പണിക്കോട്ടി സ്വദേശി കുനിങ്ങാട്ട് അസൈനാർ ( 62 ) ആണ് മരിച്ചത്. കോഴിക്കോട് കുന്ദമംഗലം പടനിലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച്
പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശി നാജിയയാണ് മരിച്ചത്. തൃശൂർ എരുമപ്പെട്ടി വാഹനാപകടത്തിൽ ചിറപ്പുറം സ്വദേശികളായ പ്രവീണും ആനന്ദനുമാണ് മരിച്ചത്.
മഞ്ഞൂരിൽ ഇന്നലെ രാത്രി ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
പാലക്കാട് കൂനത്തറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കീഴൂർ റോഡ് സ്വദേശിയായ അഫ്സലിനും ജീവൻ നഷ്ടമായി .

ഓട്ടോറിക്ഷകള്‍ക്ക് പെർമിറ്റിൽ ഇളവ്

തിരുവനന്തപുരം. സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്.കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിച്ചു.അപകട നിരക്ക് കൂട്ടുമെന്ന ഉദ്യോഗസ്ഥ അഭിപ്രായം മറികടന്നാണ് സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.പെർമിറ്റിൽ ഇളവ്
അനുവദിക്കണമെന്ന് സിഐറ്റിയുവും ആവശ്യപ്പെട്ടിരുന്നു.

ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു
ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്.ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തായിരുന്നു പെർമിറ്റ് നിയന്ത്രിയിച്ചത്.പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് ഓട്ടോ
റിക്ഷ യൂണിയന്‍റെ സി.ഐ.ടി.യു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി അപേക്ഷ നൽകിയിരുന്നു.മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തു.ദീർഘദൂര
പെർ‍മിറ്റുകള്‍ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം.ദീർഘദൂര
യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ,സീൽറ്റ് ബെൽറ്റ് ഇല്ല എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥ എതിർപ്പ്.അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും
അപകട സാധ്യത ചൂണ്ടികാട്ടി.എന്നാൽ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്.
ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐ.ജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ്
ഓട്ടോറിക്ഷകൾക്കു സംസ്ഥാനത്തുടനീളം സർവീസ് നടത്താൻ പെർമിറ്റ് അനുവദിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകനായിരുന്ന എം മനുവിനെതിരെ കുറ്റപത്രം

തിരുവനന്തപുരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകനായിരുന്ന എം.മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു.നാല് കേസുകളിലാണു
കുറ്റപത്രം സമർപ്പിച്ചത്.പോക്സോ, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയവയാണു കുറ്റങ്ങൾ.
ആറു പീഡന കേസുകളായിരുന്നു എം.മനുവിനെതിരെ എടുത്തിരുന്നത്.

ആറു വര്‍ഷം മുന്‍പ് നടന്ന പീഡനശ്രമക്കേസില്‍ ഇക്കഴിഞ്ഞ ജൂണ്‍ 12നാണു മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇതിനു പിന്നാലെ 6 പെണ്‍കുട്ടികൽ ഇയാള്‍ക്കെതിരെ പരാതി നൽകിയിരുന്നു.ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ വാഷ്‌റൂമില്‍ വച്ച് കടന്നുപിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആദ്യത്തെ കേസ്.ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന
ടൂര്‍ണമെന്റുകള്‍ക്കിടയിലും ഇയാള്‍ പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്.
ഇതിൽ തമിഴ്നാട് കുറ്റാലം പൊലീസാണ് ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കേരളത്തിൽ രജിസ്റ്റർ
ചെയ്ത ആറു കേസുകളിൽ നാലെണ്ണത്തിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വച്ചാണ് കേസെടുത്തത്.മനുവിന്റെ മൊബൈൽ ഫോണിന്റെ
ഫോറൻസിക് പരിശോധന റിപ്പോർട്ടും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കെ.സി.എ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വെച്ച് പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും
ചെയ്‌തുവെന്നും പരാതിയുണ്ടായിരുന്നു.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ മികച്ച കർഷകരെ ആദരിച്ചു

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം ആചരിച്ചു. വിവിധ മേഖലകളിൽ കൃഷി ചെയ്യുന്ന 10 കർഷകരെ ആദരിച്ചു ക്യാഷ് അവാർഡ് നൽകി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വർഗീസ് തരകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോൻ ഉൽഘാടനം നിർവഹിച്ചു. ശാസ്താംകോട്ട ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാനിദ ബീവി പദ്ധതി വിശദീകരിച്ചു. ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ആർ സുന്ദരേശൻ, കൊല്ലം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ കല്ലേലിഭാഗം, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബി സേതുലക്ഷ്മി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിമോൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ വൈ. ഷാജഹാൻ, അഡ്വ. അൻസാർ ഷാഫി, രാജി രാമചന്ദ്രൻ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പി എം സെയ്ദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു മോഹൻ, രജനി സുനിൽ, ജലജ രാജേന്ദ്രൻ, ഉഷാകുമാരി, ചിറക്കുമേൽ ഷാജി, ഷിജിന, റാഫിയാ, രജനി, ലാലി ബാബു, രാധിക ഓമനക്കുട്ടൻ, ബിജി കുമാരി, അനന്ദു ഭാസി, മൈമൂനത്ത്, അജി ശ്രീക്കുട്ടൻ, ഷാഹുബാനത്ത്, പഞ്ചായത്ത്‌ സെക്രട്ടറി ഷാനവാസ്‌, മറ്റു ജന പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കൃഷി ഓഫീസർ അശ്വതി സ്വാഗതം ആശംസിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് താര നന്ദി പ്രകാശിപ്പിച്ചു. വിവിധ കാർഷിക ഉത്പനങ്ങളുടെയും, ഉപകരണങ്ങളുടെയും വിപണന മേള ഇതോടൊപ്പം നടന്നു.

തങ്കലാൻ 2… പ്രഖ്യാപനവുമായി വിക്രം

ചിയാന്‍ വിക്രം നായകനായി എത്തിയ തങ്കലാന്‍ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് വിക്രം. ഹൈദരാബാദില്‍ വച്ച് ആരാധകര്‍ക്കായി നടത്തിയ താങ്ക് യു മീറ്റിലായിരുന്നു പ്രഖ്യാപനം.
വന്‍ ആവേശത്തോടെയാണ് ആരാധകര്‍ താരത്തിന്റെ പ്രഖ്യാപനം സ്വീകരിച്ചത്.
ഓഗസ്റ്റ് 15നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. വിക്രത്തിനൊപ്പം പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. 1850കളില്‍ നടക്കുന്ന കഥ സ്വര്‍ണ ഖനിയെ പശ്ചാത്തലമാക്കിയാണ് ഒരുങ്ങിയത്. ആദ്യ ദിവസം തന്നെ ചിത്രം 13.30 കോടിയാണ് നേടിയത്.

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ്സുകാരി മരിച്ചു

കോഴിക്കോട് :കേരളത്തിൽ വീണ്ടും പനിമരണം. പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിനിയായ പാർവതിയാണ്(15) മരിച്ചത്

ചാത്തമംഗലം ഏരിമല സ്വദേശിയായിരുന്നു പാർവതി. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

പ്രഭാസ് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡി ഒടിടിയിലേക്ക്

പ്രഭാസ് നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡി ഒടിടിയിലേക്ക്. ഓഗസ്റ്റ് 15 ന് തിയറ്ററില്‍ 50 ദിവസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ഓഗസ്റ്റ് 22നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് കല്‍ക്കി ആമസോണ്‍ പ്രൈമില്‍ ലഭ്യമാവുക. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഓഗസ്റ്റ് 22ന് എത്തും. ചിത്രത്തിന്റെ ടീസറിനൊപ്പമാണ് ഒടിടി ഭീമന്മാര്‍ റിലീസ് പ്രഖ്യാപിച്ചത്.

53000 കടന്ന് സ്വർണ്ണവില; ഇന്ന് പവന് കൂടിയത് 840 രൂപ

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 53,000 കടന്നു.
ആഗോളതലത്തില്‍
സ്വർണവില സർവകാല റെക്കോഡില്‍. ഇന്നലെ വൈകിട്ടോടെ ഒറ്റയടിക്ക് 41 ഡോളറോളമാണ് സ്വർണവിലയില്‍ വർധനവുണ്ടായത്.

ഇതോടെ ഔണ്‍സിന് 2500 ഡോളറിലും മുകളിലെത്തി. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 2483 ഡോളർ എന്ന റെക്കോഡ് വിലയും ഭേദിച്ചാണ് ആഗോളതലത്തില്‍ സ്വർണവില കുതിച്ചുയരുന്നത്. ഇതോടെ കേരളത്തിലും സ്വർണവിലയില്‍ വൻ കുതിപ്പുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ് അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളാണ് സ്വർണ വിലയില്‍ കുതിപ്പുണ്ടാക്കുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പം താഴ്ന്നത് കണക്കിലെടുത്താണ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കം നടക്കുന്നത്.

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട്, ഒറ്റയടിക്ക് 41 ഡോളറോളമാണ് സ്വർണവിലയില്‍ വർധിച്ചത്. ഇതോടെ ഔണ്‍സിന് 2,500.16 ഡോളർ വരെ സ്വർണ വില എത്തി. നിലവില്‍, വ്യാപാരം പുരോഗമിക്കുന്നത് 2,489 ഡോളറിലാണ്. യുഎസില്‍ ജൂലൈയിലെ റീറ്റെയ്ല്‍ പണപ്പെരുപ്പം 2021ന് ശേഷം ആദ്യമായി മൂന്ന് ശതമാനത്തിന് താഴെ എത്തിയതാണ് പലിശ കുറയ്ക്കാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നത്.