Home Blog Page 2278

വെന്‍റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്‍റെ ബീജമെടുത്ത് സൂക്ഷിക്കാൻ യുവതിക്ക് അനുമതി നൽകി ഹൈക്കോടതി

കൊച്ചി:ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിയുന്ന ഭർത്താവിന്‍റെ ബീജമെടുത്ത് സൂക്ഷിക്കാൻ അനുവദിക്കണമെന്ന ഭാര്യയുടെ ഹർജിയിൽ അനൂകൂല ഉത്തരവിട്ട് ഹൈക്കോടതി. ഭർത്താവിൽ നിന്ന് കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് 34 വയസ്സുള്ള യുവതിയാണ് ഹർജി നൽകിയത്. 2021 ലെ കേന്ദ്ര നിയമപ്രകാരം ദമ്പതികളുടെ അനുമതി പ്രായോഗികമല്ലാത്തതിനാലാണ് യുവതി കോടതി ഇടപെടൽ തേടിയത്.

കഴിഞ്ഞ വർഷമാണ് ദമ്പതികൾ വിവാഹിതരായത്. ഇവർക്ക് കുട്ടികളായിരുന്നില്ല. എറണാകുളം സ്വദേശിയായ യുവാവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 4നാണ് ബൈക്കിൽ യാത്ര ചെയ്യവേ എതിരെ വന്ന കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായത്. അന്ന് മുതൽ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലാണ് യുവാവ്. അതിനാൽ അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി ട്രീറ്റ്മെന്റിലൂടെ കുട്ടിക്ക് ജന്മം നൽകാൻ ഭർത്താവിന്‍റെ ബീജം എടുക്കണമെന്നാവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

2021ൽ നിലവിൽ വന്ന എ.ആർ.ടി നിയമ പ്രകാരം ബീജമെടുക്കാൻ ഭാര്യയുടെയും ഭർത്താവിന്‍റെയും അനുമതി വേണം.എന്നാൽ ഭർത്താവിന്റെ അനുമതി വാങ്ങുക സാധ്യമല്ല എന്നതിനാലാണ് യുവതിയും ഭർത്താവിന്‍റെ അമ്മയും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് വി ജി അരുൺ ആശുപത്രി അധികൃതർക്ക് ബീജമെടുത്ത് സൂക്ഷിക്കാൻ നിർദേശം നൽകി.വിഷയത്തിലുള്ള എല്ലാ തുടർനടപടികളും കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാകണമെന്നും സിംഗിൽ ബെഞ്ച് വ്യക്തമാക്കി. ഹർജി സെപ്റ്റംബർ 9ന് വീണ്ടും പരിഗണിക്കും.

ജില്ലാതല  തദ്ദേശ അദാലത്ത് നാളെ

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ജില്ലാതല തദ്ദേശ അദാലത്ത്  നാളെ രാവിലെ 8. 30 മുതല്‍ ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടക്കും.  കൊല്ലം ജില്ലയില്‍  ആകെ 1244 അപേക്ഷകളാണ് ഓണ്‍ലൈനായി ലഭിച്ചത്.  മന്ത്രിക്ക്  നേരിട്ടും അപേക്ഷ നല്‍കാം. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകളില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് 200, ഗ്രാമപഞ്ചായത്ത് – 952,  മുനിസിപ്പാലിറ്റി – 83, ബ്ലോക്ക്പഞ്ചായത്ത് -9 എന്നിങ്ങനെയാണ്  അപേക്ഷകള്‍ ലഭ്യമായിട്ടുള്ളത്. പൊതുസൗകര്യവുമായി ബന്ധപ്പെട്ട 645 അപേക്ഷകളും. മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് 86 അപേക്ഷകളും ബില്‍ഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട   223 അപേക്ഷകളും ട്രേഡ് ലൈസന്‍സ്- 17  സിവില്‍രജിസ്‌ട്രേഷന്‍ -15 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.

ജെസ്‌ന തിരോധാന കേസ്: മുൻ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനക്ക് വിധേയമാക്കും

ജെസ്ന തിരോധാനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി സിബിഐ. കഴിഞ്ഞദിവസം ജീവനക്കാരിയെ കൂടാതെ ലോഡ്ജ് ഉടമയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. രണ്ടര മണിക്കൂർ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം തുടരുകയാണെന്നും സിബിഐ അറിയിച്ചു.

ലോഡ്ജ് ഉടമ പേടിപ്പിച്ചതുകൊണ്ടാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. ലോഡ്ജ് ഉടമയുമായുള്ള പ്രശ്‌നങ്ങളാണ് കാര്യങ്ങൾ തുറന്നു പറയാൻ വൈകിയതെന്നും ജീവനക്കാരി പറഞ്ഞിരുന്നു. 2018ൽ പെൺകുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽ ജെസ്നയെ കണ്ടെന്ന് മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് സിബിഐ സംഘം മൊഴിയെടുത്തത്.

പറയാനുള്ളതെല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധമുണ്ടെന്നും ലോഡ്ജിലെ മുൻ ജീവനക്കാരി പ്രതികരിച്ചിരുന്നു. അതേസമയം, മൊഴിയിൽ അസ്വാഭാവികത കണ്ടെത്തിയാൽ ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്ക് സിബിഐ വിധേയമാക്കും.

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങി മരിച്ചു

പുനലൂർ :കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങി മരിച്ചു. കോമളംകുന്ന് ചരുവിള പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻ്റെ മകൻ സുരേഷ് (43) ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് ഇയാൾ കല്ലടയാറ്റിലെ സ്നാനഘട്ടത്തിനു സമീപം കുളിക്കാനിറങ്ങിയത്. അടുത്തുണ്ടായിരുന്നയാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല .ഫയർഫോഴ്‌സ് എത്തി വ്യാപകമായ തെരച്ചിൽ നടത്തി. തുടർന്ന് കൊല്ലത്തു നിന്നെത്തിയ സ്കൂബാ ടീം നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.ശക്തമായ അടിയൊഴുക്കുണ്ടായിരുന്നതിനാൽ തിരച്ചിൽ ദുഷ്ക്കരമായിരുന്നു. സുരേഷ് അവിവാഹിതനാണ്. ചിന്നമ്മയാണ് മാതാവ്.സഹോദരങ്ങൾ : ബാബു , ശ്രീദേവി.

റാബീസ് ഫ്രീ കൊല്ലം പദ്ധതിക്ക് തുടക്കം

പേവിഷബാധയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് പരിപൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണവും ക്ഷീരവികസനവും വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഇതിനായി തെരുവ് നായ്ക്കള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും  വാക്‌സിന്‍ എടുക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടപ്പാക്കും. തെരുവ്  നായ്ക്കളെ വന്ധ്യം കരിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങളും  നടത്തും. വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റാല്‍ ചികിത്സ തേടാതെ അവഗണിക്കുന്നത് പേ വിഷബാധയേറ്റുള്ള മരണങ്ങള്‍ക്ക് പോലും കാരണമാകാറുണ്ട്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.  ജില്ലയില്‍ നടപ്പിലാക്കുന്ന റാബീസ്  ഫ്രീ കൊല്ലം പദ്ധതിയുടെ ഉദ്ഘാടനം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപം നടത്തിയ ചടങ്ങില്‍   നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2030 ഓടെ ജില്ലയില്‍ തെരുവ്  നായ്ക്കളുടെ ഉപദ്രവം  പൂര്‍ണ്ണമായിഇല്ലാതാക്കുന്നതിനും പേവിഷബാധ ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടാണ് കമ്പാഷന്‍  ഫോര്‍ ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ കൂടി സഹകരണത്തോടെ കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനും  മൃഗസംരക്ഷണ വകുപ്പും  ചേര്‍ന്ന് റാബിസ് ഫ്രീ കൊല്ലം പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ സ്ഥാപനമായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ഹൈദരാബാദിന്റെ സഹായവും ഈ പദ്ധതിക്കുണ്ട്. തെരുവ് നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള മൊബൈല്‍ യൂണിറ്റിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു.
മേയര്‍ പ്രസന്ന ഏണസ്റ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പവിത്ര യു പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ആൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

കൊല്ലം :പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിപ്പെട്ടയാൾ മരിച്ചു.
റ്റി ബി ജംഗ്ഷന് സമീപം സ്നാനഘട്ട കടവിന്റെ ഭാഗത്ത് വച്ചാണ് കോമളംകുന്ന് സ്വദേശി സുരേഷിനെ കാണാതായത്. സ്കൂബ സംഘം നടത്തിയ തിരച്ചിലിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 10 മണിയോടെ ഒഴുക്കിൽപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താൻ സമീപത്തുണ്ടായിരുന്നയാൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 3 മണിക്കൂറിനു ശേഷം ആറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അഗ്നിശമനസേന, പോലീസ്, നാട്ടുകാർ ഉൾപ്പെടെ തിരച്ചിലിൽ ഉണ്ടായിരുന്നു.

ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസറെ മരിച്ചനിലയിൽ കണ്ടെത്തി

പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ കെ മുസ്തഫ(55) മരിച്ചനിലയിൽ കണ്ടെത്തി. ചാലിയാറിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു.

മുസ്തഫയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ മുസ്തഫയുടെ അവസാന മൊബൈൽ ലൊക്കേഷൻ ചെറുവണ്ണൂരിലാണ് എന്ന് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മുസ്തഫയുടെ ചെരുപ്പും സ്കൂട്ടറും ഫറോക്ക് പഴയപാലത്തിനു സമീപം കണ്ടെത്തിയിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ മുസ്തഫ പഴയപാലത്തിലൂടെ നടന്നുപോകുന്നതായി കണ്ടിരുന്നു. തുടർന്ന് അ​ഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ബുധനാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് വ്യാഴാഴ്ച മൃതദേഹം ചാലിയാറിൽനിന്ന് കണ്ടെത്തിയത്.

ലോഡ്ജ് മുറി വാടകയ്ക്കെടുത്ത് മസാജ് സെന്റർ, പെൺവാണിഭം; സംഭവം കുന്നംകുളത്ത്

കുന്നംകുളം:സ്പാ സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിയെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. സ്ഥാപനം നടത്തുന്ന കറുകപ്പുത്തൂർ ചാഴിയാട്ടിരി പുലാമന്തോൾ വളപ്പിൽ അബി സലീത്ത് (33), റിസപ്ഷനിസ്റ്റ് ഷൊർണൂർ കല്ലിപ്പാടം വാഴയിൽ വിഷ്ണു (22) എന്നിവരാണ് പിടിയിലായത്.

കേന്ദ്രത്തിന്റെ ലൈസൻസി കണ്ണൂർ മുണ്ടയാംപറമ്പിൽ രതീഷിനെതിരെ കേസെടുത്ത പൊലീസ് ഇയാളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
പട്ടണത്തിൽ സബ് ട്രഷറി റോഡിലെ ലിവ ടവർ എന്ന ലോഡ്ജിൽ മുറി വാടകയ്ക്കെടുത്താണ് മസാജ് സെന്റർ നടത്തിയിരുന്നത്. നഗരസഭയിൽ നിന്ന് മസാജ് സെന്ററിന്റെ ലൈസൻസ് നേടിയ ശേഷമാണ് മാസങ്ങൾക്ക് മുൻപ് സ്ഥാപനം തുറന്നതെന്നാണ് വിവരം. ഇവിടെ അനാശാസ്യവും നടത്തുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

അയോധ്യ ബലാത്സംഗ കേസ് മുഖ്യ പ്രതിക്കെതിരെ ബുൾഡോസർ നടപടി

അയോധ്യ :അയോധ്യാ ബലാത്സംഗ കേസ് പ്രതിയും എസ്പി നേതാവുമായ മൊയ്ദ് ഖാനെതിരെ ബുൾഡോസർ നടപടി .
മൊയ്ത് ഖാന്റെ ഷോപ്പിംഗ് കോംപ്ലക്സ് ജില്ലാ ഭരണകൂടം പൊളിച്ചു.
അനധികൃത നിർമ്മാണം ആരോപിച്ചാണ് നടപടി
മൊയ്ത് ഖാൻ്റെ ബേക്കറി നേരത്തെ പൊളിച്ചിരുന്നു
അയോധ്യയിൽ 12 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയാണ് മൊയ്ത് ഖാൻ.

‘സൗദി സ്വദേശികൾ മനുഷ്യത്വമുള്ളവർ’; ആടുജീവിതം സിനിമയിലെ ‘ക്രൂരനായ അർബാബി’നെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷവിമർശനം

ദുബായ്: ആടുജീവിതം സിനിമയിലെ ക്രൂരനായ അർബാബിനെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷവിമർശനം. മരുഭൂമിയിൽ നജീബിനെ ക്രൂരമായി പീഡിപ്പിക്കുന്ന അർബാബിന്റെ വേഷം അവതരിപ്പിച്ച ഒമാനി നടൻ ഡോ.താലിബ് അൽ ബലൂഷിക്കെതിരെയാണ് പ്രതിഷേധം ആളിപ്പടരുന്നത്. സൗദി അറേബ്യയുടെ പ്രതിച്ഛായയെ വികലമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും ഈ സിനിമ സത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നുമാണ് സമൂഹമാധ്യമത്തിൽ പടരുന്ന പ്രതിഷേധത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

സുൽത്താൻ നഫീയി എന്ന സൗദി സ്വദേശിയാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. അദ്ദേഹം എക്സ് പോസ്റ്റിൽ ഇതുസംബന്ധമായി കുറിച്ച വാക്കുകൾ സൗദികളായ തൊഴിലുടമകൾ പ്രത്യേകിച്ച് ഗോത്രവർക്കാരായ ബദുക്കൾ പ്രവാസി ജോലിക്കാരോട് ക്രൂരമായി പെരുമാറാറില്ലെന്നും ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പറയുന്നു.


അറബിയിലെഴുതിയ സുൽത്താൻ നഫീയിയുടെ
പോസ്റ്റിന്റെ മലയാള വിവർത്തനം:
ആടുജീവിതം.. സൗദി അറേബ്യയുടെ പ്രതിച്ഛായയെ വികലമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഈ സിനിമ സത്യവുമായി പൊരുത്തപ്പെടുന്നില്ല. സൗദികളെല്ലാം മനുഷ്യത്വമുള്ളവരാണ്. എല്ലാവരോടും കാരുണ്യം കാണിക്കുന്നവരുമാണ്. അതേസമയം, പ്രവാസികളിൽ പലരും വളരെ മോശം കാര്യങ്ങളാണ് ചെയ്യുന്നത്. മദ്യനിർമാണം, വേശ്യാവൃത്തി ശൃംഖലകൾ, പൈറസി മുതലായവ പോലുള്ള കാര്യങ്ങൾ അവർ ചെയ്യുന്നു.

?
ഇതിന് അൽതാഫ് എന്ന മലയാളി എക്സ് പോസ്റ്റിലൂടെ തന്നെ മറുപടി നൽകുന്നു. സിനിമയുടെ സത്യാവസ്ഥ ചികയുന്നില്ല. എന്നാൽ കഴിഞ്ഞ 20 വർഷമായി സൗദിയിൽ ജീവിക്കുന്ന തനിക്ക് ഈ നാട്ടുകാരിൽ നിന്ന് ഇതുവരെ യാതൊരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് അൽതാഫ് തന്റെ വിഡിയോയിലൂടെ പറയുന്നു.

അതേസമയം, ഈ രണ്ടു പോസ്റ്റുകളെയും അനുകൂലിച്ചും പ്രതികൂലിച്ചും സൗദികളടക്കമുള്ള അറബികളും മലയാളികളും കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ, ഡോ.താലിബ് അൽ ബലൂഷി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.