തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന തദ്ദേശ അദാലത്തില്‍ വൈകിട്ട് 4 മണി വരെ തീര്‍പ്പാക്കിയത് 1139 പരാതികള്‍. ഇതില്‍ 997 എണ്ണവും (87.5%) പരാതിക്കാര്‍ക്ക് അനുകൂലമായാണ് തീര്‍പ്പാക്കിയത്. ആകെ 1679 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 1242 എണ്ണവും മുന്‍കൂട്ടി ഓണ്‍ലൈനില്‍ ലഭിച്ചവയും 437 എണ്ണം നേരിട്ട് ഇന്ന് ലഭിച്ചവയുമാണ്. ഇന്ന് വന്ന പരാതികളില്‍ 35 എണ്ണമാണ് തീര്‍പ്പാക്കിയത്, ഇത് 35ഉം പരാതിക്കാര്‍ക്ക് അനുകൂലമായാണ് തീര്‍പ്പാക്കിയത്. തീര്‍പ്പാക്കാന്‍ ബാക്കിയുള്ള പരാതികള്‍ രണ്ടാഴ്ചയ്ക്കകം പരിഹരിക്കും.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എം. നൗഷാദ് എംഎല്‍എ, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, റൂറല്‍ ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട്, അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി, ചീഫ് എഞ്ചിനീയര്‍ സന്ദീപ് കെ ജി, ചീഫ് ടൌണ്‍ പ്ലാനര്‍ ഷിജി ചന്ദ്രന്‍, ജോയിന്റ് ഡയറക്ടര്‍ സാജു ഡി എന്നിവര്‍ നേതൃത്വം നല്‍കി.
തദ്ദേശ അദാലത്ത്: തീര്‍പ്പാക്കിയത് 1139 പരാതികള്‍
വടകര ബാങ്ക് മോഷണം: മുൻ മാനേജർ കവർന്നതിൽ നാലരക്കിലോ സ്വർണം കണ്ടെത്തി; പണയം വച്ചത് തിരുപ്പൂരിൽ
കോഴിക്കോട്: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ മധ ജയകുമാർ കവർന്ന 26.24 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ പണയം വച്ച സ്വർണമാണു കണ്ടെത്തിയത്. വടകര ബാങ്കിൽനിന്നെടുത്ത സ്വർണം ഇവിടെ പണയം വയ്ക്കുകയായിരുന്നു.
ഇനി 21.5 കിലോ സ്വർണ്ണം കൂടിയാണു കണ്ടെത്താനുള്ളത്. പ്രതിയെ കഴിഞ്ഞ ദിവസം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതി മധ ജയകുമാറിനെ തമിഴ്നാട്ടിലെത്തിച്ചു തെളിവെടുപ്പ് തുടരുകയാണ്. ബാങ്കിൽ വച്ച വ്യാജ സ്വർണം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു.
മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിനാണെന്നും പൊലീസ് കരുതുന്നു. 17.20 കോടി രൂപയോളം വരുന്ന 26.24 കിലോഗ്രാം സ്വർണമാണ് വിവിധ ഘട്ടങ്ങളിലായി മോഷ്ടിച്ചത്. ഒളിവിലായിരുന്ന കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശിയായ മധ ജയകുമാറിനെ തെലങ്കാനയിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ, സ്വർണം നഷ്ടപ്പെട്ടത് സംബന്ധിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നക്ഷത്രവനം പദ്ധതി ഉദ്ഘാടനം
ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഇന്ന് വൈകിട്ട് 5ന് പരബ്രഹ്മക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന പരിപാടി എംഎല്‍എ സി.ആര്‍. മഹേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യന്‍ തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു.
ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഡ്വ. കെ. ഗോപിനാഥന്‍, രക്ഷാധികാരി അഡ്വ. എംസി അനില്‍കുമാര്‍, ട്രഷറര്‍ വലിയഴീക്കല്‍ പി. പ്രകാശന്‍, ഭരണ സമിതി അംഗങ്ങളായ കെ.പി. ചന്ദ്രന്‍, ബി.എസ്. വിനോദ്, വാര്‍ഡ് അംഗം അജ്മല്‍, എസ്. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
‘ഡാം തുറന്ന് വിട്ട് പ്രളയമുണ്ടാക്കി’; ഇന്ത്യയെ പഴിചാരി ആരോപണവുമായി ബംഗ്ലാദേശ്, തിരിച്ചടിച്ച് ഇന്ത്യ
ന്യൂഡൽഹി/ധാക്ക: ബംഗ്ലാദേശിലെ കിഴക്കൻ അതിർത്തി ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയാണെന്ന ആരോപണവുമായി ബംഗ്ലാദേശ് സർക്കാർ. ത്രിപുരയിലെ ഗുംതി നദിയിലെ ദുംബൂർ അണക്കെട്ട് തുറന്നതാണ് ബംഗ്ലാദേശിൻ്റെ കിഴക്കൻ അതിർത്തിയിലെ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമെന്ന് ബംഗ്ലാദേശ് കുറ്റപ്പെടുത്തി.
എന്നാൽ ബംഗ്ലാദേശിന്റെ ആരോപണങ്ങളെ തള്ളി ഇന്ത്യ രംഗത്തെത്തി. തെറ്റായ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിനെതിരെ സംസാരിക്കരുതെന്ന് ഇന്ത്യൻ സർക്കാർ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നൽകി.ഇന്ത്യയുടെ നിസ്സഹകരണമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ഇടക്കാല സർക്കാരിൻ്റെ ഉപദേശകരിലൊരാളായ മുഹമ്മദ് നഹിദ് ഇസ്ലാം ആരോപിച്ചത്.
മുൻകൂർ മുന്നറിയിപ്പ് നൽകാതെയും തയ്യാറെടുപ്പിന് സമയം നൽകാതെയുമാണ് അണക്കെട്ട് തുറന്നതെന്നും ഇന്ത്യ മനുഷ്യത്വരഹിതമായ സമീപനമാണ് കൈക്കൊണ്ടതെന്നും നഹിദ് ഇസ്ലാം പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ യൂനുസ് വിളിച്ചുവരുത്തിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസാരിക്കരുതെന്നും ഉഭയകക്ഷി പ്രോട്ടോക്കോൾ അനുസരിച്ച് ബംഗ്ലാദേശിന് തത്സമയ വെള്ളപ്പൊക്ക ഡാറ്റ നൽകുന്നത് ഇന്ത്യ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇരു രാജ്യങ്ങളും ചെറുതും വലുതുമായ 54 നദികളാണ് പങ്കിടുന്നത്. ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ഗുംതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് പെയ്തതെന്നും വെള്ളപ്പൊക്കത്തിന് പ്രധാനമായും കാരണം അണക്കെട്ടിന് താഴെയുള്ള വൃഷ്ടിപ്രദേശങ്ങളിൽ നിന്നുള്ള വെള്ളമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിന് 120 കിലോമീറ്റർ മുകളിലായി അതിർത്തിയിൽ നിന്ന് വളരെ അകലെയാണ് അണക്കെട്ട്. ഏകദേശം 30 മീറ്റർ മാത്രം ഉയരമുള്ള അണക്കെട്ടാണിത്. ഏകദേശം 120 കിലോമീറ്റർ നദീതീരത്ത്, അമർപൂർ, സോനാമുറ, സോനാമുറ 2 എന്നിവിടങ്ങളിൽ ഞങ്ങൾക്ക് മൂന്ന് ജലനിരപ്പ് നിരീക്ഷണ കേന്ദ്രങ്ങളുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആഗസ്റ്റ് 21 മുതൽ ത്രിപുരയിലും ബംഗ്ലാദേശിൻ്റെ സമീപ ജില്ലകളിലും കനത്ത മഴ തുടരുകയാണെന്നും തത്സമയ വെള്ളപ്പൊക്ക ഡാറ്റ ബംഗ്ലാദേശിന് കൈമാറുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. 1956 ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ത്രിപുരയിൽ ഉണ്ടായിരിക്കുന്നത്. തലസ്ഥാനമായ അഗർത്തലയുടെ 80 ശതമാനത്തിലധികവും വെള്ളത്തിലായി.
കനത്ത മഴയും അപ്‌സ്‌ട്രീമിൽ നിന്നുള്ള വെള്ളത്തിൻ്റെ കുത്തൊഴുക്കും കാരണം ബംഗ്ലാദേശിലെ എട്ട് ജില്ലകൾ വെള്ളത്തിനടിയിലായതായി ദുരന്ത നിവാരണ, ദുരിതാശ്വാസ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. സുനംഗഞ്ച്, മൗൾവിബസാർ, ഹബിഗഞ്ച്, ഫെനി, ചാട്ടോഗ്രാം, നോഖാലി, കോമില്ല, ഖഗ്രാചാരി എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. ഏകദേശം 1,796,248 പേരെ ദുരിതം ബാധിച്ചതായി ബംഗ്ലാദേശ് അറിയിച്ചു.
അയല്‍വാസിയെ ഇഷ്ടിക കൊണ്ടു മുഖത്തടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
അയല്‍വാസിയെ ഇഷ്ടിക കൊണ്ടു മുഖത്തടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കഞ്ചാവ് സൂക്ഷിക്കാന്‍ വിസമ്മതിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു പിന്നില്‍. സംഭവത്തില്‍ ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയില്‍ ഷാരു എന്നു വിളിക്കുന്ന മാക്മില്ലന്‍ (25) ആണ് പിടിയിലായത്.
കഞ്ചാവ്, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഈ മാസം 17നാണ് അയല്‍വാസിയായ കുതിരപ്പന്തി ശ്രീരാഗം വീട്ടില്‍ ഷിബുവിനെ ഇയാള്‍ ആക്രമിച്ചത്. സൗത്ത് പൊലീസ് സ്റ്റേഷന്‍ ഐഎസ്എച്ഒ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പൊതു വിപണികളില്‍ മിന്നല്‍ പരിശോധന; മൂന്ന് കടകള്‍ക്ക് ക്ലോഷര്‍ മെമോ
കൊല്ലം: കൊല്ലം താലൂക്കിലെ പൊതു വിപണികളില്‍ സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. പൊതു വിതരണ വകുപ്പ് മുഖേന നടത്തിയ 50 പരിശോധനകളില്‍ മതിയായ രേഖകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മൂന്ന് കടകള്‍ക്ക് ക്ലോഷര്‍ മെമ്മോ നല്‍കി. വകുപ്പ് അനുശാസിക്കുന്ന മാതൃകയിലുള്ള വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കമുള്ള അഞ്ച് കേസുകള്‍ കണ്ടെത്തി.
ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ 11 പരിശോധനകളില്‍ ഹോട്ടലുകളിലെയും, പഴം, പച്ചക്കറി വില്‍പ്പന ശാലകളിലെയും പരിശോധനകളില്‍ എഫ്എസ്എസ്എ ലൈസന്‍സ് പുതുക്കിയിട്ടില്ലാത്തതുള്‍പ്പെടെ അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തു. ഉത്സവ കാലം മുന്നില്‍കണ്ട് ഗുണനിലവാരവും അളവുതൂക്കങ്ങളിലെ കൃത്യതയും പൊതുവിപണികളില്‍ പാലിക്കപെടുന്നു എന്ന് പരിശോധിച്ച് ഉറപ്പാക്കുവാന്‍ നിര്‍ദേശിച്ചു.
വിലവിവരപ്പട്ടികയുടെ പ്രദര്‍ശനം, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കുന്നുണ്ടോ എന്നും, പര്‍ച്ചേസ് ബില്ലുകള്‍ മൊത്ത-ചില്ലറ വ്യാപാരികള്‍ സൂക്ഷിക്കുന്നുണ്ടോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തി. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവ കണ്ടെത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് മുഖേനയും ശരിയായ വിധം പതിച്ച് സൂക്ഷിക്കാത്ത ത്രാസുകള്‍, പായ്ക്കിംഗ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ സംബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മുഖേനയും, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പഴം/പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലെ വൃത്തിയും വെടിപ്പും സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഖേനയുമുള്ള സ്‌ക്വഡുകള്‍ ആണ് പരിശോധന നടത്തിയത്.
പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയുടെ 3 കോടി രൂപയുടെ വാണിജ്യ സമുച്ചയം ഇടിച്ചുനിരത്തി
അയോധ്യ: ഉത്തർപ്രദേശിൽ ബലാത്സംഗക്കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി ജില്ലാ ഭരണകൂടം. അയോധ്യയിലെ ഭദർസ പട്ടണത്തിൽ ബേക്കറി നടത്തുന്ന മൊയ്ത് ഖാനെയും (65) ജോലിക്കാരൻ രാജു ഖാനെയും പീഡനക്കേസിൽ കഴിഞ്ഞമാസം 30ന് അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണു കെട്ടിടം തകർത്തത്.
രണ്ടു മാസം മുൻപ് പന്ത്രണ്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണു കേസ്. മൊയ്ത് ഖാൻ സമാജ്‌വാദി പാർട്ടിക്കാരനാണെന്നും ബിജെപി ആരോപിച്ചു. ഷോപ്പിങ് കോംപ്ലക്സ് അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി, നാല് മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചാണു കെട്ടിടം പൊളിച്ചത്. 4,000 ചതുരശ്ര അടിയുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ മൂല്യം മൂന്ന് കോടി വരുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടു വർഷം മുൻപ് നിർമിച്ചതാണിത്.
അയോധ്യയിലെ എസ്പി നേതാവും എംപിയുമായ അവ്‌ദേശ് പ്രസാദുമായി മൊയ്ത് ഖാന് അടുപ്പമുണ്ട്. മൂന്നാഴ്ച മുൻപ്, മൊയ്ത് ഖാന്റെ 3,000 ചതുരശ്ര അടിയുള്ള ബേക്കറി കെട്ടിടവും അനധികൃതമാണെന്നു പറഞ്ഞു പൊളിച്ചിരുന്നു. സംസ്ഥാന നിയമസഭയിൽ ഈ പീഡനക്കേസിനെപ്പറ്റി മുഖ്യമന്ത്രി ആദിത്യനാഥ് സംസാരിച്ചിരുന്നു. പീഡനത്തിന് ഇരയായി ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രം നടത്തി. 25ലേറെ പൊലീസുകാരുടെ സുരക്ഷയിലാണു പെൺകുട്ടി കഴിയുന്നത്.
വ്യാജ എന്‍സിസി ക്യാമ്പ് സംഘടിപ്പിച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തു
വ്യാജ എന്‍സിസി ക്യാമ്പ് സംഘടിപ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ നിരവധി പേരെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തുവെന്ന് പൊലീസ്. കൃഷ്ണഗിരി ജില്ലയില്‍ നടത്തിയ വ്യാജ എന്‍സിസി ക്യാമ്പില്‍ ആണ് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പരാതി ഉയര്‍ന്നത്. എലി വിഷം കഴിച്ചാണ് പ്രതി ആത്മഹത്യ ചെയ്തത്. പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് ഒടിവ് സംഭവിച്ച് ഇയാള്‍ ചികിത്സയിലായിരുന്നു.
ഓഗസ്റ്റ് 19ന് അറസ്റ്റിലാവുന്നതിനു തൊട്ടു മുന്പ് ഇയാള്‍ വിഷം കഴിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരിന്നു. ശിവരാമന്‍ ഉള്‍പ്പെടെ 11 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ എന്‍സിസി ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ഇതിലൊരു പെണ്‍കുട്ടി തനിക്ക് നേരിട്ട അനുഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് ലൈംഗികാതിക്രമം പുറത്തായത്.
ബെംഗളൂരു – എറണാകുളം വന്ദേഭാരത്: രാവിലെ ആറരയ്ക്ക് പുറപ്പെട്ടാൽ മതിയെന്നു ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: ബെംഗളൂരു – എറണാകുളം വന്ദേഭാരത് സ്പെഷൽ സർവീസ് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന സമയം മാറ്റാൻ ദക്ഷിണ റെയിൽവേ നിർദേശിച്ചു. എറണാകുളത്തേക്കു പുറപ്പെടുന്ന സമയം രാവിലെ 5.30നു പകരം 6.30 ആക്കണം എന്നാണു നിർദേശം.
ബെംഗളൂരു നഗരത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോഴത്തെ സമയത്തു കന്റോൺമെന്റ് സ്റ്റേഷനിൽ എത്താൻ പ്രയാസമുണ്ട്. എന്നാൽ, ബെംഗളൂരു ഡിവിഷൻ ഉൾപ്പെടുന്ന സൗത്ത് വെസ്റ്റ് റെയിൽവേ മറുപടി നൽകിയിട്ടില്ല. സ്റ്റേഷനിൽ മൂന്നു പ്ലാറ്റ്ഫോം മാത്രമായതിനാൽ സമയമാറ്റത്തിനു കൂടുതൽ പരിശോധന വേണമെന്നാണ് അവരുടെ നിലപാട്.
നേരത്തേ കന്റോൺമെന്റിനു പകരം സെൻട്രൽ സ്റ്റേഷനാണു സർവീസിനായി ആവശ്യപ്പെട്ടതെങ്കിലും ട്രെയിൻ സ്വീകരിക്കാൻ ഇടമില്ലെന്നായിരുന്നു മറുപടി.എറണാകുളം – ബെംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസിന്റെ കാലാവധി 26ന് അവസാനിക്കും. ഒാണക്കാലത്തെ തിരക്കു പരിഗണിച്ചു സർവീസ് നീട്ടിയുള്ള ഉത്തരവ് അടുത്ത ദിവസം ഇറക്കിയേക്കും. ഐആർടിസിയുടെ കണക്കിൽ എറണാകുളം– ബെംഗളൂരു സർവീസിനു 105%, ബെംഗളൂരു – എറണാകുളം സർവീസിന് 88% എന്നിങ്ങനെയാണു ബുക്കിങ്.
ശനി, ഞായർ ദിവസങ്ങളിൽ പലർക്കും ടിക്കറ്റ് ലഭിക്കാറില്ല. എട്ടു കോച്ചുകളിൽ ചെയർ, എക്സിക്യൂട്ടീവ് ക്ലാസുകളിലായി 600 സീറ്റുകളുണ്ട്. ഒരു റേക്ക് കൂടി അനുവദിച്ച് സർവീസ് സ്ഥിരമാക്കാൻ മന്ത്രിമാർ ഉൾപ്പെടെ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നാണു യാത്രക്കാരുടെ ആവശ്യം. 31% യാത്രക്കാർ മാത്രമുള്ള മംഗളൂരു – ഗോവ വന്ദേഭാരതിനു കഴിഞ്ഞ മാസം അധിക റേക്ക് അനുവദിച്ചു.





































