21.5 C
Kollam
Saturday 20th December, 2025 | 08:40:13 AM
Home Blog Page 2276

കാസ്റ്റിംഗ് കൗച്ച് യാഥാർഥ്യമാണ്; പവർ ഗ്രൂപ്പിലെ ആളുകളുടെ പേരുകൾ പുറത്തുവരണമെന്ന് ഷമ്മി തിലകൻ

കൊച്ചി:
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാസ്റ്റിംഗ് കൗച്ച് എന്നത് യാഥാർഥ്യമാണ്. സിനിമയിലെ ലൈംഗിക ചൂഷണം കാലങ്ങളായി നടക്കുന്നതാണ്. പവർ ഗ്രൂപ്പിനെ കുറിച്ച് നേരത്തെയും പലരും പറഞ്ഞിട്ടുണ്ട്. ഗ്രൂപ്പിലെ ആളുകളുടെ പേരുകൾ പുറത്തുവരണമെന്നും ഷമ്മി തിലകൻ പറഞ്ഞു

തന്റെ അച്ഛൻ പറഞ്ഞത് തന്നെയാണ് ഹേമ കമ്മിറ്റിയും പറഞ്ഞത്. അമ്മയുടെ അധികാരം എന്തെന്ന് അവർക്കറിയില്ല. പഴയ സെറ്റുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. എന്നാൽ നിലവിൽ സൗകര്യങ്ങളുണ്ട്. പോക്‌സോ കുറ്റകൃത്യമുൾപ്പെടെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടും അത് ബന്ധപ്പെട്ടവരെ അറിയിക്കാത്തതിൽ ഹേമ കമ്മിറ്റി തന്നെ പ്രതിസ്ഥാനത്ത് വരുമെന്നും ഷമ്മി തിലകൻ

വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ യുവജനോത്സവം

വേങ്ങ. വിദ്യാരംഭം സെൻട്രൽ സ്കൂളിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യുവജനോത്സവത്തിന് തിരി തെളിഞ്ഞു. കുട്ടികളിലെ സർഗ്ഗശേഷി തട്ടിയുണത്തുന്ന വിവിധ കലാമത്സരങ്ങൾ വേദികളിലരങ്ങേറും. കലോത്സവം കേരള ഫോക് ലോർ അക്കാഡമി ഡയറക്ടർ ബോർഡ്‌ അംഗം പ്രദീപ്‌ പാണ്ടനാട് ഉൽഘാടനം ചെയ്തു.

പി. ടി. എ. പ്രസിഡന്റ്‌ കുറ്റിയിൽ നിസ്സാം അധ്യക്ഷത വഹിച്ചു. തുടർന്ന് ചെയർമാൻ എ. എ. റഷീദ്, മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി. കെ. രവീന്ദ്രനാഥ്‌, വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം, പ്രീ പ്രൈമറി കോർഡിനേറ്റർ ഷിംന മുനീർ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ അനുഷ്ക സ്വാഗതവും, ആര്യൻ കൃതജ്ഞതയും പറഞ്ഞു. തുടർ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സാലിം, സന്ദീപ് ആചാര്യ, റാം കൃഷ്ണൻ, സുബി സാജ് തുടങ്ങിയവർ നേതൃത്വം നൽകി.

മണ്ണെടുപ്പ് വിവാദം;സ്പീക്കർ എ എൻ ഷംസീറിന്റെ പരിപാടി പൊളിക്കാൻ ‘തട്ടുകട’യുമായി ഡിവൈഎഫ്ഐ

ശാസ്താംകോട്ട:ചക്കുവളളിയിൽ മണ്ണെടുപ്പ് വിവാദം സിപിഎമ്മിനെ വേട്ടയാടുമ്പോൾ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടകനായ പരിപാടി പൊളിക്കാൻ ‘തട്ടുകട’യുമായി
ഡിവൈഎഫ്ഐ. ചക്കുവളളി മിഴി ഗ്രന്ഥശാലയുടെ കെട്ടിടം ഉദ്ഘാടനത്തിനായി വെള്ളിയാഴ്ച വൈകിട്ട് 5ന് സ്പീക്കർ എത്തിയപ്പോഴാണ് ഡിവൈഎഫ്ഐ ശൂരനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ തട്ടുകട നടത്തിയത്.സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയും തട്ടുകടയ്ക്ക് കിട്ടിയിരുന്നു.വയനാടിനുള്ള ധനശേഖരണാർത്ഥമാണ് തട്ടുകട നടത്തിയതെന്നാണ് ഡിവൈഎഫ്ഐ വ്യക്തമാക്കുന്നതെങ്കിലും പാർട്ടിയിലെ രൂക്ഷമായ വിഭാഗീയതയാണ് മറനീക്കി പുറത്തു വന്നിരിക്കുന്നത്.സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണം പോരുവഴി പടിഞ്ഞാറ് എൽ.സി കമ്മിറ്റിയിൽ ഉന്നയിച്ച് വിവാദത്തിന് തുടക്കമിട്ട ഡിവൈഎഫ്ഐ നേതാവാണ് തട്ടുകടയ്ക്ക് നേതൃത്വം നൽകിയത് എന്നതും ശ്രദ്ധേയം.കോഴ വിവാദത്തിലെ പ്രധാനി തന്നെ ഗ്രന്ഥശാല ഉദ്ഘാടനത്തിന്റെ മുഖ്യ സംഘാടകനായതാണ് പരിപാടി സമയത്ത് വേദിയിൽ നിന്നും 500 മീറ്റർ മാത്രം അകലെ തട്ടുകടയിടാൻ ഡിഫിയെ പ്രേരിപ്പിച്ചതത്രേ.സ്പീക്കർ വേദിയിൽ ഇരിക്കുമ്പോൾ സ്വാഗത പ്രാസംഗികൻ നടത്തിയ പ്രസംഗവും സിപിഎമ്മിലെ വിഭാഗീയത ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു.’കൂടെ ചിരിച്ചു കൊണ്ടു നിൽക്കുന്ന ആളുകളാണ് കഴുത്തറുക്കുന്നതെന്ന്’ ആരോപണ വിധേയനായ ഏരിയാ കമ്മിറ്റി അംഗത്തെ നോക്കിക്കൊണ്ടുള്ള പരാമർശങ്ങളും സ്വാഗത പ്രാസംഗികനിൽ നിന്നുമുണ്ടായി.മിഴി ഗ്രന്ഥശാലയുടെ ഭരണ സമിതിയിൽ സിപിഎം – കോൺഗ്രസ് അംഗങ്ങൾ ഉണ്ടെങ്കിലും പ്രധാനസ്ഥാനങ്ങൾ വഹിക്കുന്നത് സിപിഎം ആണ്.മുഖ്യമന്ത്രിയുടെ നവകേരള സദസ് നടന്ന ഭൂമി വിലയാധാരം വാങ്ങിയ വ്യക്തിയിൽ നിന്നും മണ്ണെടുത്ത് മാറ്റുന്നതിന് സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി എട്ട് ലക്ഷം തട്ടിയെടുത്തെന്ന ആരോപണം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിൽ കൂട്ടയടിക്ക് ഇടയാക്കിയിരുന്നു.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

നികുതി വെട്ടിപ്പ് കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം

കൊച്ചി.നികുതി വെട്ടിപ്പ് കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം.വിചാരണയ്ക്കായി സുരേഷ് ഗോപി നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകി ഹൈക്കോടതി.സുരേഷ് ഗോപിയുടെ വിടുതൽ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി നടപടി

സുരേഷ് ഗോപി നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി.പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചു എന്നാണ് കേസ്

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്, അഞ്ചുദിവസത്തെ മൗനം വെടിഞ്ഞ് താര സംഘടന അമ്മ

കൊച്ചി. ഹേമ കമ്മറ്റി റിപ്പോർട്ടിൽ അഞ്ചുദിവസത്തെ മൗനം വെടിഞ്ഞ് താര സംഘടന അമ്മ. റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ്. റിപ്പോർട്ട്‌ പൂർണമായും പുറത്ത് വരട്ടെയെന്നും കുറ്റക്കാക്കെതിരെ പോലീസ് കേസെടുത്തു ശിക്ഷിക്കട്ടെയെന്നും നിലപാട്. തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം ജോമോൾ.

കടുത്ത വിമർശനങ്ങൾക്ക് ഒടുവിൽ ആണ് ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുള്ള അമ്മയുടെ ഔദ്യോഗിക പ്രതികരണം. അവാർഡ് ഷോയുടെ തിരക്കിലായിരുന്നതിനാലാണ് പ്രതികരണം വൈകിയതെന്നും ഒളിച്ചോടിയിട്ടില്ലെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ്.

സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിന് എതിരല്ല. കുറ്റക്കാർ ഉണ്ടെങ്കിൽ കേസെടുത്തു ശിക്ഷിക്കട്ടെ എന്നും അമ്മയുടെ ഔദ്യോഗിക നിലപാട്. അതേസമയം, തനിക്കോ സഹപ്രവർത്തകർക്കോ സിനിമാ മേഖലയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് എക്സിക്യൂട്ടീവ് അംഗം കൂടിയായ നടി ജോമോൾ.

സർക്കാരിന്റെ സിനിമ എൻക്ലേവിന്റെ ഉദ്ദേശം അറിയില്ലെന്നും, അമ്മയെ ക്ഷണിച്ചിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
പ്രധാന ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് വാർത്ത സമ്മേളനം അവസാനിപ്പിച്ച് ഭാരവാഹികൾ മടങ്ങിയത്.

മഹല്ല് കമ്മറ്റി ഊര് വിലക്കിയതിൽ മനം നൊന്ത് മൊബൈൽ ടവറിന് മുകളിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യാശ്രമം

മലപ്പുറം. മഹല്ല് കമ്മറ്റി ഊര് വിലക്കിയതിൽ മനം നൊന്ത് മധ്യവയസ്കന്റെ ആത്മഹത്യാശ്രമം. മലപ്പുറം തിരുനാവായ സ്വദേശി ടികെ മുഹമ്മദ് ആണ് കോട്ടക്കുന്ന് റോഡിലെ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മുഹമ്മദിനെ കൊട്ട കെട്ടി താഴെ ഇറക്കുകയായിരുന്നു.

കോട്ടക്കുന്ന് റോഡിലെ 60 അടി ഉയരമുള്ള മൊബൈൽ ടവറിന് മുകളിലാണ് 60 കാരനായ ടി കെ മുഹമ്മദ് 30 അടിയോളം ഉയരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.നാട്ടുകാരിൽ ചിലർ കണ്ട് വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി ഇയാളെ അനുനയിച്ച് താഴെ ഇറക്കാനുള്ള ശ്രമം തുടങ്ങി.ആദ്യം താഴെ ഇറങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് പ്രശ്നത്തിൽ പരിഹാരം ഉണ്ടാകുമെന്ന് പോലീസ് ഉറപ്പു നൽകിയതോടെയാണ് ഇയാൾ താഴെയിറങ്ങാൻ തയ്യാറായത്.

2010 മുതൽ കൻമനം മഹല്ല് കമ്മറ്റി ഊര് വിലക്കിയെന്നാണ് പരാതി.കുടുംബത്തിലെ കല്യാണങ്ങൾക്ക് പള്ളി കമ്മറ്റി സഹകരിച്ചില്ലെന്നും, പുറത്ത് നിന്ന് പണ്ഡിതരെ കൊണ്ട് വന്നാണ് വിവാഹം നടത്തിയതെന്നും പരാതിയിൽ പറയുന്നു. കൂടാതെ മരിച്ചാൽ പള്ളി മഹല്ലിൽ മറവ് ചെയ്യാൻ അനുവധിക്കില്ലെന്ന് കമ്മറ്റി ഭാരവാഹികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.കൻമനം മഹല്ല് കമ്മറ്റിയുടെ സാമ്പത്തിക ഇടപാടുകളും, തിരുമറികളും ചോദ്യം ചെയ്തതാണ് പകക്ക് കാരണമെന്നാണ് ടികെ മുഹമ്മദിൻ്റെ ആരോപണം.

ഗോവൻ മദ്യവും വിദേശ മദ്യവും പുകയില ഉത്പന്നങ്ങളുമായി വാഹനനം ഉൾപ്പെടെ പ്രതി പിടിയിൽ

കരുനാഗപ്പള്ളി . ഗോവയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് രഹസ്യമായി വിൽപ്പന നടത്തി വന്ന ഗോവൻ വിദേശ മദ്യം പിടികൂടി. കരുനാഗപ്പള്ളി ആയിരംതെങ്ങ്- അഴീക്കൽ പാലത്തിന് വടക്കുവശം വാടകയ്ക്ക് താമസിക്കുന്ന ശ്രുതി നിവാസിൽ എഡ്വേർഡ് അലക്സാണ്ടർ മകൻ അനന്തു ലാലിനെയാണ്(28) കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ പിടികൂടിയത്.

ഇയാൾ അറിയപ്പെടുന്ന യൂട്യൂബറും കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷന്റെ കോർഡിനേറ്ററും ആണെന്ന് പറയപ്പെടുന്നു. വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ നിന്നും ഗോവൻ മദ്യം കണ്ടെടുത്തത്. ഇയാൾ താമസിച്ചിരുന്ന വീടിനു മുൻവശം പാർക്ക് ചെയ്തിരുന്ന കെഎൽ 0 7 CB
0 8 4 6
i 20 വാഹനത്തിൽ നിന്ന് കേരളത്തിൽ വിൽപ്പന നിരോധിച്ചിട്ടുള്ള 40 പാക്കറ്റ് (13 കിലോ ഗ്രാം )
പാൻ മസാലയും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 കുപ്പി മദ്യവും കണ്ടെടുത്ത് വാഹനവും കസ്റ്റഡിയിലെടുത്തു. ഓണക്കാലത്തിന് മുന്നോടിയായി കേരളത്തിന് പുറത്തുനിന്ന് കുറഞ്ഞ വിലക്കുള്ള മദ്യം കടത്തിക്കൊണ്ടുവരുന്നതായ കൊല്ലം എക്സൈസ് ഇന്റലിജൻസിന്റെ വിവരത്തെ തുടർന്നാണ് റെയ്ഡ് നടന്നത്. പരിശോധനയിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷ് എസ്,എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മനോജ് കുമാർ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എബിമോൻ കെ വി, ഐ ബി പ്രിവന്റിവ് ഓഫീസർ മനു ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അഭിലാഷ്, മോളി, പ്രിയങ്ക, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
താലൂക്കിൽ ലഹരിപദാർത്ഥങ്ങളുടെ അനധികൃത ഉൽപാദനം ഉപഭോഗം വിതരണം സംബന്ധിച്ച വിവരങ്ങൾ അറിയിക്കേണ്ട നമ്പർ
0 4 7 6 2 630 831

സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടി

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടി ശ്രീലേഖ മിത്ര. സിനിമയിൽ അഭിനയിക്കാൻ വിളിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഹോട്ടലിലെ ബാൽക്കണിയിൽവച്ച് മോശമായി പെരുമാറിയെന്ന് നടി. വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചു. തുടർന്ന് കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചു.

ലൈംഗികമായി ഉപദ്രവിച്ചില്ല, എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകിയെന്നും നടി. എതിർപ്പറിയിച്ച് ഉടൻ മുറിയിൽനിന്ന് ഇറങ്ങിപ്പോയി. പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് മടങ്ങിപ്പോയി. ബംഗാളിലിരുന്ന് നിയമനടപടികളിലേക്ക് നീങ്ങുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇനി എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് ശ്രീലേഖ മിത്ര പറഞ്ഞു.

മദ്യവും പുകയില ഉല്‍പ്പന്നങ്ങളുമായി യുട്യൂബര്‍ പിടിയില്‍

കരുനാഗപ്പള്ളി: മദ്യവും പുകയില ഉല്‍പ്പന്നങ്ങളുമായി യുട്യൂബര്‍ പിടിയില്‍. ആയിരംതെങ്ങ്-അഴീക്കല്‍ പാലത്തിന് വടക്കുവശം വാടകയ്ക്ക് താമസിക്കുന്ന അനന്തുലാലി(28)നെയാണ് കരുനാഗപ്പള്ളി എക്‌സൈസ് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇയാള്‍ വിദേശ മദ്യം ഗോവയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് രഹസ്യമായി വില്‍പ്പന നടത്തിവരികയായിരുന്നു. അനന്തുലാലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 10 കുപ്പി വിദേശ മദ്യം കണ്ടെടുത്തു. വീടിനു മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 13 കിലോ ഗ്രാം പാന്‍ മസാലയും കണ്ടെടുത്തിട്ടുണ്ട്. വാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അനന്തുലാല്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്റെ കോ-ഓര്‍ഡിനേറ്ററാണെന്നും വിവരമുണ്ട്.
ഓണക്കാലത്തിന് മുന്നോടിയായി കേരളത്തിന് പുറത്തുനിന്ന് കുറഞ്ഞ വിലക്കുള്ള മദ്യം കടത്തിക്കൊണ്ടുവരുന്നതായ കൊല്ലം എക്‌സൈസ് ഇന്റലിജന്‍സിന്റെ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ലതീഷ്. എസ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) മനോജ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബിമോന്‍.കെ. വി, ഐബി പ്രിവന്റിവ് ഓഫീസര്‍ മനു.ആര്‍. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

‘അവർ അന്നും ഇന്നും എന്റെ പേര് മറന്നു, ആരോടും പരിഭവമില്ല’; ക്രെഡിറ്റ് നൽകാത്തതിനെക്കുറിച്ച് വേണുഗോപാൽ

മണിച്ചിത്രത്താഴിനു വേണ്ടി പാടിയ ‘അക്കുത്തിക്കുത്താനക്കൊമ്പിൽ’ എന്ന പാട്ടിന് ക്രെഡിറ്റ് ലഭിക്കാത്തതിൽ പ്രതികരിച്ച് ഗായകൻ ജി.വേണുഗോപാൽ. സിനിമയിൽ തന്റെ പേരില്ലെങ്കിലും ശബ്ദമുണ്ടെന്നും ക്രെഡിറ്റ് നൽകാത്തതിൽ ആരോടും പരിഭവമില്ലെന്നും അദ്ദേഹം സമൂഹമാധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപ് വേണുഗോപാലിനെ പിന്തുണച്ചു രംഗത്തെത്തിയ ചിലർക്ക് കമന്റിലൂടെ അദ്ദേഹം മറുപടി നൽകിയിരുന്നു. എന്നാലിപ്പോഴാണ് ഗായകന്റെ ഭാഗത്തു നിന്നും ഔദ്യോഗികമായ പ്രതികരണമുണ്ടാകുന്നത്.

ജി.വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ:

അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്നു വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴിന്റെ പുതിയ ഡിജിറ്റൽ പ്രിന്റ് ഇറങ്ങിയിരിക്കുന്നു. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റിൽ കാർഡിൽ പാടിയ എന്റെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. പുതിയ പ്രിന്റിലും എന്റെ പേരില്ല. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സുരേഷ് രവീന്ദ്രനെപ്പോലുള്ള സിനിമാസ്വാദകർ കോളമുകൾ എഴുതുന്നു, എഴുതാൻ എന്നെയും നിർബന്ധിക്കുന്നു. തൽക്കാലം എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാൻ ഇപ്പോൾ താൽപ്പര്യമില്ല. “ഓർമച്ചെരാതുകൾ ” എന്ന എന്റെ സംഗീത സ്മരണകൾ രണ്ടാം വോള്യം ഇറങ്ങുമ്പോൾ പറയാൻ അത് ബാക്കി വയ്ക്കുന്നു. എന്നോടു പറഞ്ഞ ഒരു വിശദീകരണം ഇതാണ്.

“അക്കുത്തിക്കുത്താനക്കൊമ്പിൽ” എന്നു തുടങ്ങുന്ന ഗാനം സിനിമയിൽ മണിച്ചിത്രത്താഴിനുള്ള താക്കോൽ ഉരുക്കാനും നാഗവല്ലിയെ നാട് കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഷൂട്ട് ചെയ്ത് തയ്യാറാക്കിയതാണ്. പാട്ട് കൂടി സിനിമയിൽ ഉൾപ്പെടുത്തി നോക്കിയപ്പോൾ ഡോ.സണ്ണിയുടെ രംഗപ്രവേശം ഇന്റർവെൽ കഴിഞ്ഞു മാത്രമേ സാധ്യമാകൂ. സണ്ണി ഇന്റർവെല്ലിനു മുൻപ് വരേണ്ടതുള്ളതു കൊണ്ട് പാട്ട് ടൈറ്റിൽ ഗാനമാക്കാൻ തീരുമാനിക്കുന്നു. എന്റെ പേര് വിട്ടു പോകുന്നു. ഇപ്പോഴും വിട്ടു പോയി. അത്രേയുള്ളൂ.

മണിച്ചിത്രത്താഴിന്റെ സംഗീതവുമായി ബന്ധപ്പെട്ട ഓർമകൾ നിരവധിയുണ്ട്. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായ ഞാനാണ് സ്റ്റാഫ് ആർട്ടിസ്റ്റുകള്‍ക്ക് ലീവ് സാങ്ഷൻ ചെയ്യേണ്ടത്. കമ്പോസിങ്ങിന് ലീവ് എടുത്ത് പോയ രാധാകൃഷ്ണൻ ചേട്ടൻ ഒരു ഭ്രാന്തനെ പോലെയാണ് തിരിച്ചെത്തുന്നത്. “ഞാനൊരു ആയുർവേദ ചികിത്സയ്ക്കു പോകുന്നു. എനിക്കീ സിനിമയിൽ നിന്നൊന്നു രക്ഷപ്പെടണമെടാ”. വീണ്ടും മൂന്നാഴ്ച ലീവ്. ലീവ് കഴിഞ്ഞ് ചേട്ടൻ: ”അവർ വിടുന്നില്ല, വീണ്ടുമിരിക്കാൻ പോവുകയാണ്”.

ഇതിലെ പാട്ടുകളുടെ ഡീറ്റയിൽസ് എല്ലാം എനിക്ക് മനഃപാഠം. കുന്തളവരാളി രാഗത്തിലെ “ഭോഗീന്ദ്രശായിനം പുരുകുശലദായിനം” എങ്ങനെ “ഒരു മുറൈ വന്ത് പാർത്തായ” യിൽ സന്നിവേശിപ്പിച്ചു എന്നും, “വഞ്ചിഭൂമീപതേ ചിര” മിൽ നിന്ന് ” അംഗനമാർ മൗലീമണി ” ഉണ്ടായതും രാധാകൃഷ്ണൻ ചേട്ടൻ രസകരമായി പാടിപ്പറയുന്ന ഓർമകൾ. ആഹിരി പോലത്തെ വളരെ പരിമിതമായ സാധ്യതകളുള്ള രാഗത്തെ ഒരു മൂന്ന് മിനിറ്റ് സിനിമാപ്പാട്ടിൽ വിളക്കിചേർക്കുന്ന സംഗീത മാജിക്ക്, ഇതൊക്കെ കേൾക്കുമ്പോഴുള്ള കൗതുകം പഴയ കാലത്തേക്കെന്നെ കൂട്ടിക്കൊണ്ടു പോകുന്നു. ചേട്ടന്റെ വീട്ടിൽ ഹാർമോണിയം വായിച്ച് ഈ രണ്ട് പാട്ടുകളും എന്നെക്കൊണ്ട് പാടിച്ച് ദാസേട്ടന് പഠിക്കാനായി കൊടുത്തു വിടുന്നു. “ആരാ രാധാകൃഷ്ണാ ഇത്, ശുദ്ധമായി പാടീട്ടുണ്ടല്ലോ” എന്ന ദാസേട്ടന്റെ വിലപ്പെട്ട കമന്റിനു രാധാകൃഷ്ണൻ ചേട്ടൻ എനിക്കു വാങ്ങിത്തന്നത് ഒരു പാർക്ക് അവന്യു striped shirt!

മണിച്ചിത്രത്താഴിൽ ഏറ്റവും അവസാനം റെക്കാർഡ് ചെയ്യുന്ന ഗാനവും “അക്കുത്തിക്കുത്ത് ” ആണ്. ഞാനും ചിത്രയും സുജാതയുമാണ് ഗായകർ. എന്തായാലും വർഷങ്ങൾക്കു ശേഷം ഇറങ്ങിയ പ്രിന്റിൽ തെറ്റ് തിരുത്തിയിട്ടില്ല, പേരില്ല. പക്ഷേ എന്റെ ശബ്ദമുണ്ട്. ഈ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെടുത്തുന്ന എന്റെ ഓർമകൾക്കു പകരം വയ്ക്കാൻ ഒരു ടൈറ്റിൽ കാർഡിനുമാകുകയും ഇല്ല.

ആരോടും പരിഭവമില്ലാതെ….. VG.