Home Blog Page 2245

ആയില്യം മഹോത്സവത്തിനൊരുങ്ങി വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രം; 28ന് പ്രാദേശിക അവധി, ചടങ്ങുകൾ അറിയാം

ആലപ്പുഴ: ആദിമൂലം വെട്ടിക്കോട്ട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് ഈ മാസം 22ന് തുടക്കമാകും. ഇത്തണത്തെ ആയില്യം മഹോത്സവം ക്ഷേത്രാചാര ചടങ്ങുകളോടുകൂടി വിപുലമായി ആഘോഷിക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു. ആയില്യം മഹോത്സവ ദിനമായ സെപ്റ്റംബർ 28 (ശനിയാഴ്ച) ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐഎഎസ് അവധി പ്രഖ്യാപിച്ചത്. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ കായംകുളം – പുനലൂർ പാതയിൽ കറ്റാനത്തിനടുത്താണ് വെട്ടിക്കോട്ട് നാഗരാജക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ മഴുകൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിൽ നാഗപ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന പേര് ലഭിച്ചതെന്നാണ് ഐതീഹ്യം. തിങ്കൾ മുതൽ ശനി വരെ രാവിലെ ആറു മണിക്കാണ് ക്ഷേത്ര നട തുറക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 11:30ന് നട അടയ്ക്കും. ഞായറാഴ്ചയും ആയില്യ ദിവസവും നട തുറക്കുന്നത് രാവിലെ അഞ്ചിനും നട അടയ്ക്കുന്നത് ഉച്ചയ്ക്ക് ഒരു മണിക്കുമാണ്. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണിക്ക് നട തുറന്ന് രാത്രി ഏഴരയ്ക്ക് നട അടയ്ക്കും.

ഇടവമാസത്തിലെ ആയില്യം മുതൽ കന്നിമാസത്തിലെ ആയില്യം വരെ സർപ്പങ്ങൾക്ക് പുറ്റടവ് കാലം ആയതിനാൽ ഈ സമയത്ത് സർപ്പബലി നടത്താറില്ല. ഈ കാലയളവിൽ ആയില്യം നാളിൽ മാത്രം നൂറും പാലും നടത്താറുണ്ട്. സർപ്പബലി, അഷ്ടനാഗപൂജ ഈ വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ക്ഷേത്ര നടയ്ക്കുവെപ്പ് സാധനങ്ങളായ പുറ്റും മുട്ടയും, ഉപ്പും മഞ്ഞളും, കർപ്പൂരം, ചന്ദനത്തിരി, മഞ്ഞൾപ്പൊടി, ആൾരൂപം, സർപ്പരൂപം മുതലായവ ദേവസ്വം സ്റ്റാളിൽനിന്ന് ലഭിക്കുന്നതാണെന്നും ഭരണസമിതി അറിയിച്ചു.

ആയില്യം നാളിലെ (സെപറ്റംബർ 28) ചടങ്ങുകൾ
പുലർച്ചെ മൂന്നിന്: പള്ളിയുണർത്തൽ, നിർമാല്യ ദർശനം, അഭിഷേകം,ഗണപതി ഹവനം, ഉച്ചപൂജ
എട്ടുമുതൽ: സോപാന സംഗീതം
9:30 മുതൽ: പഞ്ചവാദ്യം
11:30 മുതൽ: നാഗസ്വരസേവ
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക്: എഴുന്നള്ളത്ത്
വൈകിട്ട് ആറു മണിക്ക്: അത്താഴപൂജ
ഏഴു മണിക്ക്: സർപ്പബലി

ശനിയാഴ്ച വിനായക ചതുർത്ഥി, ഈ നക്ഷത്രക്കാർക്ക് ഇനി നേട്ടത്തിന്റെ കാലം

സെപ്റ്റംബർ ഏഴ് ശനിയാഴ്ചയാണ് ഈ വർഷത്തെ വിനായക ചതുർത്ഥി വരുന്നത്. ജ്യോതിഷപ്രകാരം ചില നക്ഷത്രങ്ങൾക്ക് ഇത് നേട്ടത്തിന്റെ സമയമാണ്. അത്തരത്തിൽ ഗുണവും ഐശ്വര്യവും ഉണ്ടാകുന്ന നക്ഷത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ശനിയാഴ്ച വിനായക ചതുർത്ഥി, ഈ നക്ഷത്രക്കാർക്ക് ഇനി നേട്ടത്തിന്റെ കാലം
ഗണേശഭഗവാന് വിശേഷപ്പെട്ട ദിവസമാണ് വിനായക ചതുർത്ഥി. ഭഗവാൻ ഏറെ സന്തോഷവാനായ ദിവസം. നമ്മളെ കാണാനായി ഭഗവാൻ വരുന്ന ദിവസമാണ് വിനായക ചതുർത്ഥി. സെപ്റ്റംബർ ഏഴ് ശനിയാഴ്ചയാണ് 2024ലെ വിനായക ചതുർത്ഥി. ഇതോട് അനുബന്ധിച്ച് ഏഴ് നക്ഷത്രക്കാർക്ക് ഏറെ അനുഗ്രഹം ഉണ്ടാകും. ഭഗവാൻ ഇവരെ അനുഗ്രഹിയ്ക്കും. ഈ നാളുകാർ വീട്ടിൽ ഉണ്ടെങ്കിൽ തന്നെ ഐശ്വര്യമുണ്ടാകും. ഈ നാളുകാർ ഇതേ ദിവസം അമ്പലത്തിൽ പോയി പ്രാർത്ഥിയ്ക്കുന്നത് നല്ലതാണ്.

ഉത്രട്ടാതി

ഇതിൽ ആദ്യ നക്ഷത്രമാണ് ഉത്രട്ടാതി. ഇവർക്ക് ജീവിതത്തിലേക്ക് ഭഗവൽചൈതന്യം വന്നിറങ്ങും. ഇവർ ഇപ്പോൾ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിയ്ക്കുന്നത്. അതിൽ നിന്നുള്ള മാറ്റമാണ് വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് വരുന്നത്. തടസങ്ങൾ മാറുന്നു, സർവൈശ്വര്യം ഉണ്ടാകുന്നു. കടങ്ങൾ ഒരു വലിയ പരിധി വരെ തീർക്കാൻ സാധിക്കും.

തൃക്കേട്ട

അടുത്തത് തൃക്കേട്ടയാണ്. ഇവർക്ക് എല്ലാമുണ്ടെങ്കിലും ഒന്നുമില്ലെന്ന അവസ്ഥയാണ് എന്നു പറയാം. പുറമേ നിന്ന് നോക്കുന്നവർക്ക് എല്ലാമുണ്ടെങ്കിലും ഒന്നുമില്ലെന്ന അവസ്ഥയാണ്. എത്ര കഷ്ടപ്പെട്ടാലും അധ്വാനിച്ചാലും സ്വസ്ഥതയില്ലാത്ത അവസ്ഥയാണ്. ഇതിൽ നിന്നും മാറ്റം വരുന്ന സമയമാണ് വിനായക ചതുർത്ഥി. ഇവരുടെ ജീവിതത്തിൽ ഭഗവാൻ സർവ സൗഭാഗ്യങ്ങളും നിറയ്ക്കുന്നു.

പൂരാടം

അടുത്തത് പൂരാടം നക്ഷത്രമാണ്. ഇവർ പഴികളും മറ്റും കേൾക്കുന്ന സമയത്തിലൂടെയാണ് കടന്നു വന്നത്. കുറ്റപ്പെടുത്തലും പരിഹാസവും സഹിച്ച് പോകുന്ന അവസ്ഥയുണ്ടായിട്ടുണ്ടാകും. ഇവരുടെ ജീവിതത്തിൽ സകല ദുഖങ്ങളും ദുരിതങ്ങളും അവസാനിയ്ക്കുന്ന സമയാണ് വരുന്നത്. ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും വർദ്ധിയ്ക്കുന്നു. സാമ്പത്തിക പുരോഗതി, തൊഴിൽ നേട്ടം എന്നിവയും ഫലമാകും.

ഉത്രം

ഉത്രം അടുത്ത നക്ഷത്രമാണ്. ഇവരുടെ ജീവിതത്തിൽ പല കാര്യങ്ങളും മുടക്കിക്കിടക്കുന്ന സമയമാണ്. ഇവർക്ക് ഈ അവസ്ഥ മാറുന്നു. വിനായക ചതുർത്ഥിയോടെ ഇവരുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ വന്നു ചേരുന്നു. ദോഷങ്ങൾ മാറുന്നു. തടസങ്ങൾ നീങ്ങി കാര്യസാധ്യമുണ്ടാകുന്നു. രക്ഷപ്പെടാൻ പോകുന്ന നാളുകാരാണ് ഇവർ. മുടങ്ങി കിടന്ന പല കാര്യങ്ങളും തടസ്സം നീങ്ങി പുനരാരംഭിക്കും.

അത്തം

അത്തം നക്ഷത്രമാണ് അടുത്തത്. ഭഗവാന്റെ ജന്മനക്ഷത്രമാണ് അത്തം. ഇവർക്ക് സൗഭാഗ്യം വരുന്ന സമയമാണ് വിനായക ചതുർത്ഥി. ഇവരുടെ മനസിൽ ഏറെ മാനസിക ക്ലേശം അനുഭവിയ്ക്കുന്നു. അത്രയ്ക്ക് മോശം അനുഭവങ്ങളാണ് കുറേക്കാലമായി വന്നിരുന്നത്. ജീവിതത്തിൽ സുഖവും സമൃദ്ധിയും വരുന്ന കാലഘട്ടമാണ് ഇത്. ഇവർ നന്നായി വരും. മാനസിക സന്തോഷത്തിന് ഇനി അങ്ങോട്ട് അവസരമുണ്ടാകും.

അനിഴം

അനിഴം നാളുകാർക്കും ഈ കാലം നല്ല കാലമാണ്. ഇവരുടെ മനസിലെ ദുഖങ്ങളും പ്രയാസങ്ങളുമെല്ലാം മാറുന്ന കാലമാണ്. ചതുർത്ഥി കഴിയുമ്പോൾ എല്ലാം ശരിയാകും. സർവൈശ്വര്യമുണ്ടാകും. ഇവരുടെ മനപ്രയാസത്തിന് പരിഹാരമാകും. കഷ്ടകാലത്തിന് അവസാനമാകും. സാമ്പത്തിക നേട്ടം ഫലം. കടങ്ങൾ വീട്ടാൻ സാധിക്കും. ബന്ധങ്ങളിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിക്കും.

ചിത്തിര

ചിത്തിരയാണ് അടുത്തത്. ഇവരുടെ ചുറ്റുമുള്ളവർക്ക് നല്ല കാലമാണെങ്കിലും ഇവർ മാത്രം മന്ദീഭവിച്ചു നിൽക്കുന്ന അവസ്ഥയാകും. ഇതിൽ നിന്നും മാറ്റമുണ്ടാകുന്ന സമയാണ് ചതുർത്ഥിയോട് അനുബന്ധമായി വരുന്നത്. ഭഗവത്‌ചൈതന്യം ഇവരുടെ ജീവിതത്തിൽ വന്നു ചേരും. ഇവരുടെ ഐശ്വര്യം വാനോളം ഉയരും. വിനായക ചതുർത്ഥി ദിനത്തിൽ ഇവർ എന്തായാലും വിനായകനെ ദർശിച്ച് വഴിപാടുകൾ നടത്തുന്നത് നല്ലതാണ്.

ഇന്ത്യൻ വിപണിയിലും ‘അമേരിക്കൻ ചുഴലി’; സെൻസെക്സ് ഇടിഞ്ഞു, ഒറ്റയടിക്ക് നഷ്ടം 3 ലക്ഷം കോടി

മുംബൈ: അമേരിക്കയിൽനിന്ന് ആഞ്ഞടിച്ച നിരാശയുടെ കൊടുങ്കാറ്റിൽപ്പെട്ട് ഇന്ത്യൻ ഓഹരി വിപണികളും കനത്ത തകർച്ചയിൽ. സെൻസെക്സ് 500ൽ അധികം പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഇന്ന് തുടങ്ങിയത് തന്നെ 180ലേറെ പോയിന്റിടിഞ്ഞ് 25,100ന് താഴെ.

യുഎസ് വീണ്ടും മാന്ദ്യഭീതിയിലായതും യുഎസ് ഓഹരി വിപണികളായ ഡൗ ജോൺസ്, എസ് ആൻഡ് പി 500, നാസ്ഡാക്ക് എന്നിവ കൂപ്പുകുത്തിയതും ഇന്ന് ഏഷ്യൻ ഓഹരികളെയാകെ ഉലച്ചു. ജപ്പാന്റെ നിക്കേയ്, ഹോങ്കോങ്ങിന്റെ ഹാങ്സെങ്, ചൈയുടെ ഷാങ്ഹായ് തുടങ്ങിയവയെല്ലാം കൂപ്പുകുത്തി. ഇതോടെ, ഇന്ത്യൻ വിപണിയും ഇന്ന് സമ്മർദ്ദത്തിലാകുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു.

നിഫ്റ്റി50ൽ 44 ഓഹരികളും ചുവന്നു. അഞ്ച് ഓഹരികളാണ് നേട്ടത്തിലുള്ളത്. ഒരു ഓഹരിയുടെ വില മാറിയിട്ടില്ല. കോൾ ഇന്ത്യ 3.6% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതുണ്ട്. ഒഎൻജിസി, വിപ്രോ, ഹിൻഡാൽകോ, എൽടിഐ മൈൻഡ്ട്രീ എന്നിവയാണ് 2-3.14% ഇടിഞ്ഞ് നഷ്ടത്തിൽ തൊട്ടുപിന്നാലെയുള്ളത്.

ഏഷ്യൻ പെയിന്റ്സ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, അൾട്രാടെക് സിമന്റ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ 0.09 മുതൽ‌ 2.14% വരെ ഉയർന്ന് നേട്ടത്തിൽ വ്യാപാരം ചെയ്യുന്നു. വിശാല വിപണിയിൽ എല്ലാ ഓഹരി വിഭാഗങ്ങളും നഷ്ടത്തിലായി. ബാങ്ക് നിഫ്റ്റി 0.65% ഇടിഞ്ഞു. നിഫ്റ്റി ഓട്ടോ 0.89%, നിഫ്റ്റി ഐടി 1.64%, നിഫ്റ്റി മെറ്റൽ 1.23%, പൊതുമേഖലാ ബാങ്ക് 1.80% എന്നിങ്ങനെയും താഴ്ന്നു.

നിരാശ പടർത്തി യുഎസും ചൈനയും

യുഎസ്, ചൈനീസ് വിപണികൾ വീണ്ടും മാന്ദ്യപ്പേടിയിലായതാണ് മെറ്റൽ, ഐടി ഓഹരികളെ തളർത്തുന്നത്. ആഗോള വ്യാവസായിക ഭൂപടത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യമാണ് ചൈന. ഇന്ത്യൻ ഐടി കമ്പനികളുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. സെൻസെക്സിൽ 3,813 ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 1,618 എണ്ണം നേട്ടത്തിലും 2,037 എണ്ണം നഷ്ടത്തിലുമാണ്. 158 ഓഹരികളുടെ വില മാറിയില്ല. ഇന്ന് വ്യാപാരം ആരംഭിച്ചു നിമിഷങ്ങൾക്കകം തന്നെ, ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽനിന്ന് ഒറ്റയടിക്ക് മൂന്നുലക്ഷം കോടി രൂപ ഒലിച്ചുപോയി. ഒരുവേള 500ൽ അധികം പോയിന്റിടിഞ്ഞ സെൻസെക്സ് നിലവിൽ വ്യാപാരം ചെയ്യുന്നത് 467 പോയിന്റ് നഷ്ടത്തിൽ.

ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രടെക് സിമന്റ്, ബജാജ് ഫിൻസെർവ് എന്നിവയാണ് സെൻസെക്സിലും നേട്ടത്തിലുള്ളത്. 0.03% മുതൽ 2.24% വരെയാണ് നേട്ടം. 1.74% ഇടിഞ്ഞ് ജെഎസ്ഡബ്ല്യു സ്റ്റീലാണ് നഷ്ടത്തിൽ മുന്നിൽ. ടെക് മഹീന്ദ്ര, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽ ആൻഡ് ടി, ആക്സിസ് ബാങ്ക്, ടൈറ്റൻ എന്നിവയും നഷ്ടത്തിൽ മുൻപന്തിയിലുണ്ട്.

യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ മാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. ഇന്നലെ പുറത്തുവന്ന മാനുഫാക്ചറിങ് ഇൻഡെക്സ് കണക്ക് യുഎസ് മാന്ദ്യത്തിലേക്ക് എന്ന സൂചന നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പുറത്തുവരുന്ന തൊഴിൽക്കണക്കിലേക്കാണ് ഇപ്പോൾ ഏവരുടെയും ഉറ്റുനോട്ടം. ഫെഡറൽ റിസർവിന്റെ പലിശ നിർണയത്തെ ഈ കണക്ക് വലിയതോതിൽ സ്വാധീനിക്കും.

കുതിപ്പ് തുടർന്ന് കിറ്റെക്സും കൊച്ചിൻ ഷിപ്പ്‍യാർഡും

കേരളക്കമ്പനികളിൽ അനുകൂല ബിസിനസ് സാഹചര്യങ്ങൾ കരുത്താക്കി കുതിപ്പ് തുടരുകയാണ് കിറ്റെക്സും കൊച്ചിൻ ഷിപ്പ്‍യാർഡും. വിപണിയിലാകെ അലയടിക്കുന്ന നഷ്ടക്കാറ്റ് ഇവയെ ഇതുവരെ ബാധിച്ചിട്ടില്ല. ഇന്നലെ 19% മുന്നേറിയ കിറ്റെക്സ് ഓഹരികൾ ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ 9% കുതിപ്പിലാണ്. കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരി 5 ശതമാനത്തോളം മുന്നേറ്റത്തിൽ. ജിയോജിത് 3.65%, ഈസ്റ്റേൺ ട്രെഡ്സ് 2.72%, ഫാക്ട് 2.05%, പോപ്പീസ് 2% എന്നിങ്ങനെയും നേട്ടത്തിലാണുള്ളത്. 4.88% ഇടിഞ്ഞ് പ്രൈമ ഇൻഡസ്ട്രീസാണ് നഷ്ടത്തിൽ മുന്നിൽ. ജിടിഎൻ ടെക്സ്റ്റൈൽസ് 3.03%, ഡബ്ലുഐപിഎൽ 2.44%, പ്രൈമ അഗ്രോ 2.35%, ഫെഡറൽ ബാങ്ക് 2.3%, കല്യാൺ ജ്വല്ലേഴ്സ് 2.06% എന്നിങ്ങനെയും നഷ്ടത്തിൽ മുൻനിരയിലുണ്ട്.

സ്ത്രീയെ നഗ്ന നൃത്തം ചെയ്യിച്ചു, ബലാത്സംഗം ചെയ്തു, അഞ്ച് പേര്‍ക്കെതിരെ കേസ്

ഇന്‍ഡോര്‍: സ്ത്രീയെ നഗ്നം നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതിന് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്‌ സംഭവം.
സ്ത്രീയുടെ പരാതിയില്‍ 19 ദിവസത്തിന് ശേഷമാണ് കേസെടുത്തത്. പരാതിയില്‍ പൊലീസ് നിഷ്‌ക്രിയത്വം പുലര്‍ത്തുന്നുവെന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 90 ദിവസത്തിനുള്ളില്‍ പരാതി പരിഹരിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.

തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിനയ് വിശ്വകര്‍മ്മ അറിയിച്ചു.
ജൂണ്‍ 11നാണ് തന്നെ ബലമായി ഒരു ഗോഡൗണിലേക്ക് കൊണ്ടുപോയതെന്ന് ഇവരുടെ പരായില്‍ പറയുന്നു. അവിടെ വച്ച് തന്നെ ബലാത്സംഗം ചെയ്യുകയും പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് വിധേയമാക്കുകയും ചെയ്തു. ടിവിയില്‍ ഇത്തരം വീഡിയോകള്‍ കണ്ടശേഷമായിരുന്നു ഇത്. ബെല്‍റ്റ് കൊണ്ട് തന്നെ മര്‍ദ്ദിക്കുകയും അരമണിക്കൂറോളം നഗ്നയായി നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
ഭരണകക്ഷിയായ ബിജെപിയുടെ ഇടപെടല്‍ മൂലമാണ് കേസില്‍ നടപടിക്ക് കാലതാമസം നേരിട്ടതെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നീലാഭ് ശുക്ല ആരോപിച്ചു. പ്രതികളിലൊരാള്‍ക്ക് ഭരണകക്ഷിയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികള്‍ ആരായാലും ഇരയ്ക്ക് നീതി കിട്ടുമെന്ന് ബിജെപി വക്താവ് നരേന്ദ്ര സലൂജ വ്യക്തമാക്കി. സംഭവത്തില്‍ ഇരുഭാഗത്ത് നിന്നും പരാതിയുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ തിങ്കളാഴ്ചയാണ് പൊലീസ് കേസെടുത്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അമിതവേഗത്തിലെത്തിയ ട്രക്ക് കാറിൽ ഇടിച്ചു കയറി; യുഎസിൽ 4 ഇന്ത്യക്കാർ മരിച്ചു, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ വാഹനാപകടത്തിൽ യുവതിയടക്കം നാല് ഇന്ത്യക്കാർ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അർക്കൻസാസിലെ ബെന്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് ദാരുണ സംഭവമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച കാറിന് തീപിടിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് നാലു പേരുടെയും മൃതദേഹം കണ്ടെത്തിയത്.

ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത്. ആര്യൻ രഘുനാഥ് (27), ഫാറുഖ് ഷെയ്ഖ്(30) , ലോകേഷ് പാലച്ചാർള(28), ദർശിനി വാസുദേവൻ(25) എന്നിവരാണ് മരണപ്പെട്ടത്. ദല്ലാസിൽ ബന്ധുവീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു ആര്യനും സുഹൃത്ത് ഫാറുഖും. ഭാര്യയെ കാണാനായുള്ള യാത്രയിലായിരുന്നു ലോകേഷ്. അമ്മാവനെ കാണാനായി യാത്രതിരിച്ചതായിരുന്നു വിദ്യാർഥിയായ ദർശിനി വാസുദേവൻ. ആര്യനും ലോകേഷും ഹൈദരാബാദ് സ്വദേശികളാണ്. ദർശിനി തമിഴ്നാട് സ്വദേശിയാണ്. ‘കാർ പൂളിങ് ആപ്പ്’ വഴി ഒരുമിച്ചാണ് ഇവർ യാത്ര ചെയ്തത്.

അമിതവേഗത്തിൽ വന്ന ട്രക്കാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചത്. ആകെ അഞ്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. വിരലടയാളം, പല്ലുകളുടെയും അസ്ഥികളുടെയും അവശിഷ്ടങ്ങൾ എന്നിവ ശേഖരിച്ചാണ് മരണപ്പെട്ടവരെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ദർശിനി വാസുദേവന്റെ മാതാപിതാക്കൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് സഹായം അഭ്യർഥിച്ചു.

വിദേശത്തുനിന്നെത്തി വീട്ടിലേക്ക് പോകുംവഴി ലോറിയുമായി കൂട്ടിയിടിച്ചു; കാർ യാത്രക്കാർക്ക് ദാരുണാന്ത്യം

വടകര; ദേശീയപാതയില്‍ മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലി ഫോണ്‍ എക്സ്ചേഞ്ചിനു സമീപം രാവിലെ 6.15 നാണ് അപകടം.

വിദേശത്തുനിന്നും വന്ന ഷിജിലിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ജൂബിയാണ് കാർ ഓടിച്ചത്. കാറിൽ നിന്ന് തെറിച്ചുവീണ ഒരാൾ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കാറിൽ കുടുങ്ങിയ മറ്റേയാളെ ഏറെ പണിപ്പെട്ടാണ് അഗ്നിരക്ഷാ സേന പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ വടകര ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

പാപ്പനംകോട് ഉണ്ടായത് തീപിടിത്തമല്ല കൊലപാതകം; മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും ആണ്‍സുഹൃത്തും, ദുരൂഹത നീങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ ദുരൂഹത നീങ്ങി. രണ്ട് പേരാണ് സംഭവത്തിൽ മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമൻ ബിനുവെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

ബിനുവാണ് മണ്ണെണ്ണ കൊണ്ട് ഒഴിച്ച് കത്തിച്ചതാണ് പൊലീസ് പറയുന്നത്. മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുമായി സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.

ഏഴ് മാസമായി ബിനുവും വൈഷ്ണവിയും അകന് താമസിക്കുകയായിരുന്നു. നാല് മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ മൃതദേഹം ബിനുവിന്‍റേതാണെന്ന് തെളിയിക്കാന്‍ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടർന്നത്. രണ്ടാം നിലയിലുള്ള സ്ഥാനപത്തിലേക്ക് കയറി തീ കെടുത്താൻ പോലും പോലും നാട്ടുകാർക്ക് കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് ആദ്യം വ്യക്തമായിരുന്നുന്നില്ല. സ്ഥലം പരിശോധിച്ച പൊലീസിന് സംശയമായി. ഷോർട്ട് സർക്യൂട്ടല്ല അപകടകരാണമെന്ന് പ്രാഥമികമായി മനസിലാക്കിയ പൊലീസ് വൈഷ്ണയുടെ സഹോദരനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായത്. ബിനു മുമ്പും ഈ സ്ഥാപനത്തിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.

സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ അന്തരിച്ചു

കൊച്ചി: സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്ന ഇദ്ദേഹം പയ്യന്നൂർ സ്വദേശിയാണ്.

പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി ധനഞ്ജയന്റെ സഹോദരനാണ്. സംസ്കാരം നാളെ(5) രാവിലെ 9 മണിക്ക്. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

10 വർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ, നരേന്ദ്ര മോദി അടുത്തയാഴ്ചയെത്തും

ശ്രീനഗർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു കാശ്മീരിലേക്ക്. രാഹുൽ ഗാന്ധി ഇന്ന് രണ്ട് റാലികളിൽ പങ്കെടുക്കും. നരേന്ദ്ര മോദി അടുത്ത ആഴ്ച മൂന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. ഭീകരാക്രമണം പതിവായ ജമ്മുവിലെ ദോഡയിലും പ്രധാനമന്ത്രി എത്തും. 90 അംഗ നിമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ ഒന്ന് തീയതികളിലാണ് വോട്ടെടുപ്പ്.

10 വർഷത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടികൾ വീറോടെ വാശിയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയാണ്. ജമ്മുവിൽ രണ്ട് റാലികളിലും കശ്മീരിൽ ഒരു റാലിയിലുമാണ് പ്രധാനമന്ത്രി അടുത്തയാഴ്ച പങ്കെടുക്കുക. ജമ്മുവിൽ നില ഭദ്രമാണെന്നും കശ്മീരിലാണ് ആശങ്കയെന്നുമാണ് ബിജെപിക്കുള്ളിലെ വിലയിരുത്തൽ. അതിനാൽ ചെറിയ പാർട്ടുകളെ ഒപ്പം കൂട്ടാനുള്ള നീക്കം നടക്കുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജമ്മുവിലെ രണ്ട് സീറ്റിലും ബിജെപി വിജയിച്ചിരുന്നു.

റംബാൻ, അനന്ത്നാഗ് ജില്ലകളിൽ രാഹുൽ ഗാന്ധിയുടെ രണ്ട് മെഗാ പൊതു റാലികളോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. സെപ്തംബർ 18ന് നടക്കുന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കായുള്ള പ്രചാരണത്തിനായാണ് രാഹുൽ എത്തുന്നത്.

ജമ്മുവിലെത്തുന്ന രാഹുൽ ഗാന്ധി ആദ്യം പ്രചാരണം നടത്തുക ബനിഹാൽ മണ്ഡലത്തിൽ മത്സരിക്കുന്ന വികാർ റസൂൽ വാനിക്ക് വേണ്ടിയാണെന്ന് ജമ്മു കശ്മീരിലെ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് പറഞ്ഞു. അതിനുശേഷം അനന്ത്നാഗ് ജില്ലയിലെ ദൂരുവിലേക്ക് പോകും. അവിടെ ദൂരു നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിറിന് വോട്ടുതേടി റാലിയെ അഭിസംബോധന ചെയ്യും. ശ്രീനഗറിൽ നിന്ന് രാഹുൽ ഗാന്ധി വൈകിട്ട് ദില്ലിയിലേക്ക് മടങ്ങും. രാഹുലിന്‍റെ വരവ് പ്രചാരണത്തിന് ഊർജ്ജം നൽകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ ജമ്മു കശ്മീരിലെത്തും.

‘നിവിനും സംഘവും മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചു; ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു, അന്നേ പീഡനപരാതി നൽകി’

കൊച്ചി: നിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിലും നടൻ നിവിൻ പോളിയും ഉൾപ്പെടുന്ന സംഘം മൂന്നു ദിവസം മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതായി യുവതിയുടെ ആരോപണം. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭർത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

തന്റെ ഫോൺ നിവിൻ പോളിയും സംഘവും ബലംപ്രയോഗിച്ച് പിടിച്ചെടുത്തു. അതിനാലാണ് പീഡനത്തിനു തെളിവില്ല എന്ന് നിവിൻ പോളി പറയുന്നത്. പീഡിപ്പിച്ചതായി പരാതി നൽകിയെങ്കിലും തെളിവില്ലെന്നു പറഞ്ഞ് പൊലീസ് കേസ് അവസാനിപ്പിച്ചെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

ദുബായിലെത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നടൻ നിവിൻ പോളി ഉൾപ്പെടെ ആറു പേർക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തിരുന്നു. നിവിൻ 6–ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ.

പരാതിക്കാരി പറയുന്നത്: ‘‘ദുബായിൽവച്ചാണ് യുവതിയെ പരിചയപ്പെട്ടത്. യൂറോപ്പിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ വാങ്ങി. പണം തിരികെ ചോദിച്ചപ്പോൾ ഉഴപ്പി. പിന്നീട് സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞ് നിർമാതാവ് എ.കെ.സുനിലിനെ പരിചയപ്പെടുത്തി. ഹോട്ടലിൽ അഭിമുഖത്തിന് പോയപ്പോൾ ശാരീരികമായി ഉപദ്രവിച്ചു. സുനിലിന്റെ കുടുംബം ഇതറിഞ്ഞപ്പോൾ, അയാളുടെ ഗുണ്ടകൾ എന്നപേരിലാണ് മറ്റുള്ളവരെ പരിചയപ്പെട്ടത്.

അവരുടെ മുറിക്ക് അടുത്ത് മറ്റൊരു മുറിയെടുത്ത് മൂന്ന് ദിവസം എന്നെ പൂട്ടിയിട്ടു. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരിമരുന്ന് കലക്കിയ വെള്ളം തന്നു. ഭർത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ഫോൺ നിവിൻപോളിയും സംഘവും ബലം പ്രയോഗിച്ച് പിടിച്ചെടുത്തു. അതിനാലാണ് തെളിവില്ല എന്ന് അവർ പറയുന്നത്’’. – യുവതി ആരോപിച്ചു.

‘‘ സിനിമാ സംഘം ഭീഷണിപ്പെടുത്തിയതിന്റെ ചാറ്റുകൾ ഫോണിലുണ്ടായിരുന്നു. ഞാൻ ഒറ്റയ്ക്കാണ്. അവരൊരു സംഘമാണ്. അവരുടെ സംഘത്തിൽ ചേരാത്തതിനാലാണ് പീഡനം അനുഭവിക്കേണ്ടി വന്നത്. നിരവധി പെൺകുട്ടികൾ ഇതുപോലെ കെണിയിൽപ്പെട്ടിട്ടുണ്ട്. തന്നെ പീഡിപ്പിച്ചതായി ആദ്യ പരാതിയിൽ തന്നെ പറഞ്ഞിരുന്നു. സിഐയ്ക്ക് മൊഴി കൊടുത്തു. സുനിലും സംഘവും സമൂഹ മാധ്യമത്തിൽ ഫോട്ടോയിട്ട് ഹണിട്രാപ്പ് ദമ്പതികളാണെന്നു പറഞ്ഞ് തന്നെ അപമാനിച്ചു. അതിനും പരാതി കൊടുത്തു. ദുബായിൽ നടന്ന കാര്യങ്ങൾക്ക് തെളിവില്ല എന്നാണ് പൊലീസ് പറഞ്ഞത്. 2023 നവംബർ, ഡിസംബർ മാസങ്ങളിലാണ് സംഭവമുണ്ടായത്. ഡിസംബർ 17ന് ദുബായിൽനിന്ന് തിരിച്ചുവന്നു. പരാതിയുമായി മുന്നോട്ടുപോകും. ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് ഭീഷണിയുണ്ട്’’–യുവതി പറഞ്ഞു.

അതേസമയം പീഡനാരോപണം ശുദ്ധ നുണയാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നുമാണ് നിവിൻ പോളി കഴിഞ്ഞ ദിവസം പറഞ്ഞത്. ‘‘ഇത്തരം ആരോപണങ്ങൾ നിത്യവുമെന്നോണം വന്നുകൊണ്ടിരിക്കുന്നു. ഇതിന് ഒരു അവസാനമുണ്ടാകണം. സിനിമയിലുള്ളവർക്കെല്ലാം വേണ്ടിയാണു ‍ഞാൻ മുന്നോട്ടുവരുന്നത്. എനിക്കുവേണ്ടി സംസാരിക്കാൻ ഞാനേ ഉള്ളൂ. എന്റെ ഭാഗത്തു നൂറു ശതമാനം ന്യായമുള്ളതിനാലാണു മാധ്യമങ്ങളെ നേരിട്ടുകാണുന്നത്. ആരോപണത്തിൽ ഒപ്പം പേരു പറയുന്ന വ്യക്തികളെയും അറിയില്ല.’’– നിവിൻ പറഞ്ഞു.