Home Blog Page 2246

മലയാള സിനിമ മേഖലയിൽ വീണ്ടും സജീവമാകാൻ മാക്ട, ഇടതുലൈന്‍ വിട്ടു

കൊച്ചി.മലയാള സിനിമ മേഖലയിൽ വീണ്ടും സജീവമാകാൻ മാക്ട സംഘടന. മലയാള ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മ വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിരിച്ചുവരാൻ ഒരുങ്ങുന്നത്. കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുമായി ചേർന്നാവും പ്രവർത്തനം. സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുമായി ചേർന്നായിരുന്നു മാക്ടയുടെ നേരത്തെയുള്ള പ്രവർത്തനം. വീണ്ടും സജീവമാകുന്നതിൻ്റെ ഭാഗമായി മാക്ട ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കരയും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും ഇന്ന് സംയുക്ത വാർത്ത സമ്മേളനം നടത്തും. ചലച്ചിത്ര മേഖല നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് പുറത്തുവിടുമെന്നും മാക്ട ഭാരവാഹികൾ അറിയിച്ചു.

ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചു കടത്തി

Screenshot

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ റെയിഞ്ച് പരിധിയില്‍ ഉള്‍പ്പെട്ട രണ്ട് വീടുകളില്‍ നിന്ന് വര്‍ഷങ്ങള്‍ പഴക്കമുള്ള ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചു കടത്തി. ചോഴിയക്കോട് അരുണ്‍ സദനത്തില്‍ ചന്ദ്രിക, ചോഴിയക്കോട് അരിപ്പ പ്രസന്ന വിലാസത്തില്‍ പ്രിയദര്‍ശിനി എന്നിവരുടെ വസ്തുവില്‍ നിന്ന ചന്ദന മരങ്ങള്‍ ആണ് രാത്രി മോഷ്ടാക്കള്‍ മുറിച്ചു കടത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് കുളത്തൂപ്പുഴ റെയിഞ്ച് ഓഫീസിലും കുളത്തൂപ്പുഴ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. വസ്തുവും പരിസരവും നന്നായി അറിയുന്നവരാകാം മോഷ്ടാക്കളെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും റെയിഞ്ച് ഓഫീസര്‍ അരുണ്‍ അറിയിച്ചു.

ഓണക്കാലത്തെ ലഹരി ഉപഭോഗം തടയാന്‍ നടപടികളുമായി വിവിധ വകുപ്പുകള്‍

കൊല്ലം: ഓണത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപഭോഗവും വിപണനവും തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ് പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
പോലീസ്, എക്സൈസ്, റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായി പരിശോധനകള്‍ നടത്തും. രാത്രി കാലങ്ങളിലെ പട്രോളിംഗ് ശക്തമാക്കും. പൊതുജനങ്ങള്‍ക്ക് ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ഉണ്ടാകും. സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകളിലെ നിരീക്ഷണവും ശക്തമാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപഭോഗവും വിപണനവും കണ്ടെത്താന്‍ നടപടിയുണ്ടാകും. ബോധവല്‍ക്കരണത്തിന് ജനകീയ സമിതികളുടെ സഹായം തേടും. എഡിഎം നിര്‍മ്മല്‍ കുമാര്‍ ജി., സബ്കളക്ടര്‍ മുകുന്ദ് ഡാക്കൂര്‍, പോലീസ്, എക്സൈസ്, വനം, ആരോഗ്യം, പൊതുവിതരണം, തദ്ദേശഭരണം, ഗതാഗത വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

സ്ഥിരം കുറ്റവാളിയെ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കൊല്ലം പള്ളിത്തോട്ടം എച്ച്ആന്റ്‌സി കോമ്പൗണ്ടില്‍ ഗന്ധിനഗര്‍-26ല്‍ അഫ്‌സല്‍(30) ആണ് തടവിലായത്. 2021 മുതല്‍ പള്ളിത്തോട്ടം, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള അഞ്ച് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പ്രതിക്കെതിരെ മുമ്പ് കാപ്പ നിയമപ്രകാരം സഞ്ചലന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ നിയന്ത്രണം പൂര്‍ത്തിയാക്കിയ ഉടനെ തന്നെ ഇയാള്‍ കവര്‍ച്ച കേസില്‍ പ്രതിയായതോടെയാണ് കരുതല്‍ തടങ്കലിനുള്ള നടപടികള്‍ ആരംഭിച്ചത്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ എന്‍.ദേവീദാസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. ഇയാളെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ഈ വര്‍ഷം കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലേക്ക് അയക്കുന്ന ഇരുപത്തിരണ്ടാമത്തെ കുറ്റവാളിയാണ് അഫ്‌സല്‍.

വയോധികയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് തടവുശിക്ഷയും പിഴയും

കൊല്ലം: വയോധികയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് തടവുശിക്ഷയും പിഴയും. കൊല്ലം മുണ്ടയ്ക്കല്‍ ശ്രുതി നിലയത്തില്‍ സുഭാഷിനെ (53) ആണ് 2 വര്‍ഷം തടവും 36,000 രൂപ പിഴയ്ക്കും കൊല്ലം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി ഡോ. അമൃത. റ്റി ശിക്ഷിച്ചത്.
കൊല്ലം തുമ്പറ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന തട്ടുകടയില്‍ ചായകുടിക്കാന്‍ എത്തിയ പ്രതി ചായ ഒഴിച്ച് കൊടുക്കുന്ന ഗ്ലാസ്സെടുത്ത് മദ്യപിച്ചു. ഇത് ചോദ്യം ചെയ്ത് പോലീസില്‍ വിവരം അറിയിച്ചതിനുള്ള വിരോധത്തെത്തുടര്‍ന്ന് കന്നാസില്‍ മണ്ണെണ്ണയുമായി വന്ന പ്രതി ഗ്യാസ് അടുപ്പിന് സമീപത്ത് നിന്ന് ചായ തിളപ്പിക്കുകയായിരുന്ന നബീസത്തിന്റെ ദേഹത്തേക്ക് മണ്ണെണ്ണ വീശിയൊഴിക്കുകയും കണ്ണിലും ദേഹത്തും ഗ്യാസ് അടുപ്പിലും വീണ് തീ ആളിപ്പടര്‍ന്നു. തുടര്‍ന്ന് ഭയന്ന് ഓടി മാറിയ നബീസത്തിന്റെ കണ്ണിന് പരിക്ക് സംഭവിക്കുകയും ചെയ്തു. തടസ്സം പിടിക്കാന്‍ എത്തിയ നബിസത്തിന്റെ ഭര്‍ത്താവിനെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന എസ്. പ്രദീപ്കുമാര്‍ ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിയാസ്, അഡ്വ. വൈശാഖ്. വി. നായര്‍ എന്നിവര്‍ ഹാജരായി.

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ

തൃശൂര്‍.ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് നൽകാൻ കഞ്ചാവ് കടത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലത 45 ആണ് അറസ്റ്റിലായത്. കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ .നിധിൻ കെ.വി യും സംഘവും ആണ് അറസ്റ്റ് ചെയ്തത്

നടൻ നിവിൻ പോളിക്കെതിരെ പോലീസ് ബലാൽസംഗ കേസെടുത്തു,പരാതിക്കാരിയെ അറിയില്ലെന്ന് നിവിന്‍പോളി

കൊച്ചി.നടൻ നിവിൻ പോളിക്കെതിരെ എറണാകുളം ഊന്നുകൽ പോലീസ് ബലാൽസംഗ കേസെടുത്തു. നേര്യമംഗലം സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് നടപടി . കേസിൽ ആറാം പ്രതിയാണ് നിവിൻപോളി.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയത് കഴിഞ്ഞ നവംബറിൽ വിദേശത്ത് വെച്ച് തന്നെ ബലാത്സംഗം ചെയ്തു എന്നാണ് നേര്യമംഗലം സ്വദേശിയായ യുവതി നൽകിയ പരാതി.
പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതി കൂടുതൽ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ ശേഷമാണ്
കേസ് രജിസ്റ്റർ ചെയ്തത്.

പരാതികാരിയെ അറിയില്ലെന്ന് നിവിന്‍പോളി പത്രസമ്മേളനത്തില്‍ പ്രതികരിച്ചു. വാർത്ത ശ്രദ്ധയിൽ പെട്ടു
അങ്ങനെ ഒരു പെൺകുട്ടിയെ അറിയില്ല പെൺകുട്ടിയെ കണ്ടിട്ടില്ല അറിയില്ല സംസാരിച്ചിട്ടില്ല
അടിസ്ഥാനരഹിതമായ ആരോപമാണിത്. യുക്തിയില്ലാത്ത ആരോപണം
ഇത്തരം ആരോപണങ്ങൾ നേരിടുന്നത് ആമെന്നും നടന്‍ പറഞ്ഞു.

കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി.നിർമാതാവായ തൃശൂർ സ്വദേശി എ കെ സുനിലാണ് രണ്ടാം പ്രതി. ശ്രയ, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് പ്രതിപട്ടികയിൽ ഉള്ള മറ്റ് പേരുകൾ.
കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. നിലവിൽ പരാതിക്കാരി കേരളത്തിൽ ഇല്ലെന്നാണ് വിവരം. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാകും പ്രതികളുടെ ചോദ്യം ചെയ്യിലേക്കു കടക്കുക. ജാമ്യം എല്ലാ വകുപ്പ് ചുമത്തിയതിനാൽ തന്നെ അറസ്റ്റ് തടയാൻ നിവിൻ പോളി അടക്കമുള്ളവർ കോടതിയെ സമീപിക്കുമെന്നും ഉറപ്പാണ്.

നേരത്തെ നടന്മാരായ സിദ്ധിഖ്, മുകേഷ്,
ഇടവേള ബാബു, ജയസൂര്യ, ബാബുരാജ് എന്നിവർക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു

കാടിറങ്ങിയ പുലി ഒറ്റവെടി ശബ്ദംകേട്ട് കൂട്ടിലേറി

തിരുവനന്തപുരം.കാടിറങ്ങിയ പുലി ഒറ്റവെടി ശബ്ദംകേട്ട് കൂട്ടിലേറിയപോലെയാണ് പി.വി അൻവർ എം.എൽ.എ നിരുപാധികം കീഴടങ്ങിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുണ്ടായ ധാരണയെന്തെന്നാണ് രാഷ്ട്രീയ കേരളത്തിൻ്റെ ആകാംക്ഷ. എന്നാൽ പാർട്ടിയെ തന്നെ വിരട്ടിയ പി.വി അൻവറിനെ മെരുക്കിയത് മുഖ്യമന്ത്രിയുടെ താക്കീതെന്നും സംസാരമുണ്ട്. അന്‍വറിന്‍റെ ലക്ഷ്യമെന്തായിരുന്നുവെന്ന അത്ര എളുപ്പമല്ലാത്ത രാഷ്ട്രീയ സമസ്യക്കുമുന്നിലിരിക്കുകയാണ് ഇടതുവലതു രാഷ്ട്രീയ ചിന്തകന്മാര്‍

രണ്ടുദിവസം, രണ്ടു വാർത്താ സമ്മേളനം പി.വി അൻവർ എം.എൽ.എ സിപിഐഎമ്മിനും സർക്കാരിനും ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. അതും സമ്മേളനം പടിവാതില്‍ക്കലെത്തിയകാലത്ത്. ഇനി പിന്നോട്ടില്ലെന്ന മട്ടിൽ വെല്ലുവിളി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പുലി കൂട്ടിലേക്ക് സ്വയം കയറി. എല്ലാ മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കട്ടെ എന്ന് വിനീത വിധേയൻ. രണ്ട് മാഫിയാചേരികള്‍ തമ്മിലുള്ള സെറ്റില്‍മെന്‍റാണിതെന്ന് എതിര്‍കക്ഷിക്കാര്‍ കടത്തി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇടതുമുന്നണി നേരിട്ട എല്ലാ രാഷ്ട്രീയ വിവാദങ്ങളേയുംപോലെ തന്നെ ഇതും ഒടുങ്ങാനാണിട

പാർട്ടിയെ പ്രതിരോധത്തിൽ ആക്കി മുന്നോട്ടു പോകാനാവില്ലെന്ന താക്കീത് അൻവറിന് ലഭിച്ചിട്ടുണ്ടാവും. എം ആർ അജിത് കുമാറിനെ മാറ്റിനിർത്തിയുള്ള അന്വേഷണം മുഖ്യമന്ത്രിയുടെ പരാജയം സമ്മതിക്കലാവും. എം.ആർ അജിത് കുമാറിനെ മാറ്റിയാൽ പി ശശിയാവും അടുത്ത ഇര. ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ച സിപിഐഎമ്മിൽ അത്തരത്തിലൊരു നീക്കം അപ്പാടെ ചർച്ചയാകും. ആഭ്യന്തരവകുപ്പിന്റെ വീഴ്ച ഓരോ ബ്രാഞ്ചുകളിലും ചർച്ച ആകാതിരിക്കാൻ ഉള്ള ജാഗ്രത കൂടിയാണ് അൻവറിൻറെ പിൻമാറ്റം.

പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പോർട്ടൽ ഓഫീസിലെ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു

തിരുവനന്തപുരം. പാപ്പനംകോട് തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പോർട്ടൽ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയാണ് മരിച്ചവരിൽ ഒരാൾ. മറ്റൊരാൾ പുരുഷനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്. അകൽച്ചയിൽ കഴിയുന്ന ഭർത്താവ് ബിനുവിനായി പോലീസ് അന്വേഷണം. ബിനുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ.

ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു തീപിടിത്തം. എയർകണ്ടീഷൻ പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയം സ്ഥാപനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരി വൈഷ്ണയും മറ്റൊരാളും തൽക്ഷണം മരിച്ചു..

15 വർഷമായി പാപ്പനംകോട് പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പോർട്ടൽ ഓഫീസിലാണ് അപകടം ഉണ്ടായത്. വൈഷ്ണയെ കൂടാതെ മരിച്ചത് പുരുഷനാണെന്ന് തിരിച്ചറിഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത നേമം പോലീസ് സംഭവത്തിൽ ദുരൂഹത സംശയിക്കുന്നു. രാവിലെ സ്ഥലത്ത് ഒരു പുരുഷനെത്തി പ്രശ്നമുണ്ടാക്കിയെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭർത്താവ് ബിനുവുമായി അകൽച്ചയിൽ ആയിരുന്ന വൈഷ്ണ കഴിഞ്ഞ നാല് വർഷമായി മേലാംകോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവ് ബിനുവിനായുള്ള അന്വേഷണത്തിലാണ് നേമം പോലീസ്. ബിനുവിൻ്റെ മൊബൈൽ സ്വിച്ച് ഓഫെന്നും പൊലീസ് പറഞ്ഞു. അപകടത്തിന്റെ എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് റീജണൽ ഫയർ ഓഫീസർ.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്നാണ് KSEB യുടെ പ്രാഥമിക നിഗമനം. മന്ത്രിമാരായ വി ശിവൻകുട്ടി കെ രാജൻ, ജി ആർ അനിൽ, ജില്ലാ കലക്ടർ അനുകുമാരി, സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ തുടങ്ങിയവർ അപകടസ്ഥലത്ത് എത്തി.
തീപിടുത്തത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രിമാർ
പറഞ്ഞു.

കാട്ടുപന്നി ശല്യം;പോരുവഴി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി

പോരുവഴി:പോരുവഴി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം വ്യാപകമാകുകയും കാർഷിക വിളകളായ വാഴ,മരച്ചിനി,ചേമ്പ്,ചേന എന്നിവ നശിപ്പിക്കുകയും മനുഷരെ വരെ ഉപദ്രവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പല തവണ പഞ്ചായത്ത് അധികൃതർക്ക് പരാതിയും നിവേദനവും കൊടുത്തെങ്കിലും യാതൊരു നടപടിയും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കർഷക സംഘം,കർഷക തൊഴിലാളി യൂണിയൻ പോരുവഴി കിഴക്ക്,പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോരുവഴി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.കേരള കർഷക സംഘം ശൂരനാട് ഏരിയാ സെക്രട്ടറി അഡ്വ.അമ്പിളിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.കർഷക സംഘം ഏരിയ സെൻറർ അംഗവും പോരുവഴി കിഴക്ക് മേഖലാ സെക്രട്ടറിയുമായ വി.ബേബികുമാർ അധ്യക്ഷത വഹിച്ചു.സിപിഎം ഏരിയ സെൻ്റ്ർ അംഗം ബി.ബിനീഷ്,ഏരിയാ കമ്മിറ്റി അംഗം അക്കരയിൽ ഹുസൈൻ,പോരുവഴി കിഴക്ക് എൽ.സി സെക്രട്ടറി എം.മനു, പോരുവഴി പടിഞ്ഞാറ് എൽ.സി സെക്രട്ടറി പ്രതാപൻ,കർഷക സംഘം ഏരിയ വൈസ് പ്രസിഡൻ്റും പോരുവഴി പടിഞ്ഞാറ് മേഖല സെക്രട്ടറിയുമായ ജോൺസൺ,സി.ഐ.റ്റി.യു ജില്ലാ കമ്മിറ്റി അംഗം ശിവൻ പിള്ള,
കെഎസ്കെറ്റിയു ഏരിയ സെൻ്റർ അംഗം രമണൻ എന്നിവർ സംസാരിച്ചു.