Home Blog Page 2247

കെഎംഎംഎലില്‍ ഉണ്ടായ വാതകചോര്‍ച്ച സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താതെ കുറ്റക്കാരെ രക്ഷിക്കാന്‍ നീക്കം

ചവറ. കെഎംഎംഎലില്‍ ഉണ്ടായ വാതകചോര്‍ച്ച സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താതെ കുറ്റക്കാരെ രക്ഷിക്കാന്‍ നീക്കം.ഇന്നലെ വൈകിട്ടാണ് കെഎംഎംഎലില്‍ ടൈറ്റാനിയം ടെട്രാ ക്ളോറൈഡ് എന്ന വാതകം ചോര്‍ന്നത്. പെട്ടെന്നുതന്നെ പ്ളാന്‍റ് നിര്‍ത്തുകയും ലീക്കുണ്ടായ പൈപ്പ് അടയ്ക്കുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുറത്ത് ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതൊഴിച്ചാല്‍ മറ്റു കുഴപ്പമൊന്നും സംഭവിച്ചില്ല. എന്നാല്‍ കമ്പനിയില്‍ മുന്നറിയിപ്പ് സൈറണ്‍മുഴങ്ങിയതും മൂടല്‍ മഞ്ഞുപോലെ തിരക്കേറിയ ദേശീയ പാതകാണാതായതും പരിഭ്രാന്തി പരത്തി.

എന്നാല്‍ അശ്രദ്ധമായി ക്രൈയിന്‍ കൈകാര്യം ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്ന് വിവരമുണ്ട്. ചോര്‍ന്ന വാതകം കടന്നുപോകുന്ന ക്രെയിനില്‍ അശ്രദ്ധമായി ചലിപ്പിച്ച ക്രെയിന്‍ തട്ടുന്നതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്. അപകടകരമായ വാതകം പോകുന്ന മേഖലയില്‍ ജോലി നടക്കുമ്പോള്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ർ സ്ഥലത്തുവേണമെന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ആരുമുണ്ടായിരുന്നില്ല. ഈ പിഴവുകള്‍ മൂടിവയ്ക്കാനാണ് നിസാരമായ ലീക്ക് എന്ന പേരില്‍ പ്രശ്നം മറയ്ക്കുന്നതെന്ന് പറയുന്നു.

റോഡിൽ അഭ്യാസപ്രകടനം നടത്തി വിവാഹ സംഘത്തിലെ കാർ യാത്രികർ

FILE PIC

കോഴിക്കോട്. റോഡിൽ അഭ്യാസപ്രകടനം നടത്തി വിവാഹ സംഘത്തിലെ കാർ യാത്രികർ . നാദാപുരത്താണ് മറ്റ് യാത്രക്കാർക്ക് കാഴ്ച മറച്ചു കൊണ്ട് അപകടകരമായ രീതിയിൽ വർണ പുക വിതറി കാർ ഓടിച്ചത്

വിവാഹ സംഘത്തിലെ മൂന്ന് കാറുകളിലെ യാത്രക്കാരുടേതാണ് ഈ അപകട യാത്ര. നാദാപുരം ആവോലത്ത് തുടങ്ങി പാറക്കടവ് വരെ അഞ്ചുകിലോമീറ്റർ ദൂരമാണ് മറ്റ് യാത്രക്കാരുടെ ജീവന് പോലും ഭീഷണിയായി വാഹനം ഓടിച്ചത് വർണ്ണ പുക കാറിൽ നിന്ന് പുറത്തേക്ക് വിതറുകയായിരുന്നു

മാത്രമല്ല കാറിൽ നിന്ന് കമ്പിത്തിരി കത്തിക്കുകയും ചെയ്തതായി പറയുന്നു. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം റോഡിൽ കാറോടിക്കുകയായിരുന്നു . പുറത്തുവിട്ട വർണ പുക യാത്രക്കാർക്ക് ശാരീരിക അസ്വസ്ഥതകൾക്കും കാരണമായി . ഇതിനാൽ മറ്റ് വാഹനങ്ങൾ ഏറെ നേരം റോഡിൽ നിർത്തിയിടേണ്ടി വന്നു

ആന്ധ്ര, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കനത്ത മഴയിൽ ട്രെയിൻ ഗതാഗതം താറുമാറായി

ന്യൂഡെല്‍ഹി.ആന്ധ്ര, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കനത്ത മഴയിൽ ട്രെയിൻ ഗതാഗതം താറുമാറായി. 11 ട്രെയിനുകൾ കൂടി റദ്ദാക്കി. കേരളത്തിലൂടെ സർവീസ് നടത്തുന്ന 4 ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ അൻപതിലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രാക്കുകളിലെ തടസങ്ങൾ നിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. യാത്രക്കാര്‍ റെയിൽവേ ആപ്ലികേഷനുകൾ ഉപയോഗിച്ച് വിവരങ്ങൾ തേടണമെന്ന് റെയിൽവേ അറിയിച്ചു.

തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് മധു വിലാസത്തിൽ ഓമനഅമ്മ നിര്യാതയായി

കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് മധു വിലാസത്തിൽ പരേതനായ ഭാർഗ്ഗവൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (86) നിര്യാതയായി.മക്കൾ – മധുസൂദനൻ പിള്ള (late), ബാബുരാജൻ പിള്ള, ശശിധരൻ പിള്ള, രഖുനാഥൻ പിള്ള, രമാദേവി.

മരുമക്കൾ – സുമ എം പിള്ള, ശ്രീലേഖ, രാധാമണി, ഷീല, രാമകൃഷ്ണൻ. സംസ്ക്കാര ചടങ്ങുകൾ ബുധന്‍ രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ

കൊല്ലത്തിനും മംഗളൂരുവിനുമിടയിൽ ഓണം സ്പെഷ്യൽ ട്രെയിനുകൾ

കൊല്ലം. കൊല്ലത്തിനും മംഗളൂരുവിനുമിടയിൽ അവധിക്കാലം പ്രമാണിച്ച് സ്പെഷൽ ടെയിനുകൾ അനുവദിച്ച് റയിൽവേ.കൊല്ലം മംഗളൂരു ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ സെപ്തംബർ 9 മുതൽ ഓടിത്തുടങ്ങും.മംഗളൂരുവിൽ നിന്ന് രാത്രി 11 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം 10.20 ന് കൊല്ലത്തെത്തും.കൊല്ലത്തു നിന്നും രാത്രി 7.55 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 7.30 ക്ക് മംഗളൂരുവിലെത്തും.

തൃശ്ശൂർ പൂരം പൊലീസ് കലക്കി, പി വി അൻവറിൻ്റെ ആരോപണം ഏറ്റെടുത്ത് വി എസ് സുനിൽകുമാർ

തൃശ്ശൂർ പൂരം പൊലീസ് കലക്കിയെന്ന പി വി അൻവറിൻ്റെ ആരോപണം ഏറ്റെടുത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാർ. പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന. സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് വി എസ് സുനിൽകുമാറും തിരുവമ്പാടി ദേവസ്വവും ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ജുഡീഷണൽ അന്വേഷണം വേണമെന്ന നിലപാടിലാണ് കെ മുരളീധരൻ.


സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടുകയാണ് പിവി അൻവറിന്റെ ആരോപണം ഏറ്റെടുത്തുള്ള വിഎസ് സുനിൽകുമാറിന്റെ പടയൊരുക്കം. പൂരം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പൂരം കലക്കിയതാരെന്ന അന്വേഷണ റിപ്പോർട്ട് സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനിടയിലാണ് റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകാനുള്ള സുനിൽകുമാറിന്റെ രാഷ്ട്രീയ നീക്കം. എഡിജിപി എംആർ അജിത് കുമാർ അന്വേഷിച്ച റിപ്പോർട്ടാണ് സർക്കാർ പൂഴ്ത്തിയത്.

റിപ്പോർട്ട് പുറത്തുവന്നാൽ ആരെയെങ്കിലും സംരക്ഷിച്ചിട്ടുണ്ടെങ്കിൽ അതും മനസ്സിലാക്കാൻ കഴിയുമെന്നാണ് സുനിൽകുമാർ പറയുന്നത്.

പൂരം നിർത്തിവച്ചതോടെ സേവാഭാരതിയുടെ ആംബുലൻസിലെത്തിയ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെത്തിയുടെ അപ്രതീക്ഷിത വരവും വത്സൻ തില്ലങ്കേരി അടക്കമുള്ള ആർഎസ്എസ് നേതാക്കൾ നേരത്തെ ക്യാമ്പ് ചെയ്തതും ഗൂഢാലോചന വെളിവാക്കുന്നുവെന്ന് സുനിൽകുമാർ.

പൂരപ്രേമി എന്ന നിലയിൽ ചോദ്യങ്ങൾ ഉയർത്തി സർക്കാരിനുമേൽ പൂരപ്രേമികളുടെ വികാരമായി വിഷയത്തെ അവതരിപ്പിക്കാനാണ് സുനിൽകുമാർ ലക്ഷ്യംവെക്കുന്നത്. അതിനിടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് തിരുവമ്പാടി ദേവസ്വവും ബിജെപി തൃശ്ശൂർ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

പോക്സോ കേസ് പ്രതിയായ വൈദികനെ പോലീസ് സഹായിച്ചതായി ആരോപണം,പ്രതി ഒളിവില്‍ പോയി

തൃശ്ശൂർ. മാളയിൽ പോക്സോ കേസ് പ്രതിയായ വൈദികനെ പോലീസ് സഹായിച്ചതായി ആരോപണം. മാള പ്ലാവിൻമുറി പള്ളി വികാരിയായിരുന്ന റീസ് വടാശ്ശേരിക്ക് എതിരെയാണ് പെൺകുട്ടിയെ ഉപദ്രവിച്ചതിന് പോക്സോ കേസ് എടുത്തത്. എന്നാൽ കുടുംബം മാത്രം അറിഞ്ഞു നൽകിയ പരാതി പോലീസിന്റെ കയ്യിൽ എത്തിയതോടെ വൈദികൻ ഒളിവിൽ പോവുകയായിരുന്നു. പരാതി ലഭിച്ചു മൂന്നു ദിവസത്തിനു ശേഷമാണ് പോലീസ് വൈദികനായി അന്വേഷണം ആരംഭിച്ചതൊന്നു മാണ് ആക്ഷേപം.

ഒരു വർഷം മുമ്പാണ് പെൺകുട്ടി ലൈംഗിക അതിക്രമത്തിനിരയായത്. കഴിഞ്ഞവർഷമാണ് ഇവിടെ വികാരിയായിരുന്ന റീസ് വടാശ്ശേരി പെൺകുട്ടിയോട് അതിക്രമം നടത്തിയത്. തുടർന്ന് ഇയാൾ പെണ്‍കുട്ടിയെ അതിക്രമം പുറത്തു പറയാതിരിക്കാൻ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി സുഹൃത്തുക്കളോട് വിവരം പറയുകയും അവർക്ക് രക്ഷിതാക്കളെ വിവരം അറിയിക്കുകയും ആയിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനോടുവിലാണ് മാള പോലീസ് വൈദികനെതിരെ കേസെടുത്തത്. പോലീസ് കേസെടുത്തതോടെ വൈദികൻ ഒളിവിൽ പോയതായാണ് വിവരം. പോലീസിനും കുടുംബത്തിനും മാത്രമായിരുന്നു കുട്ടി പരാതി നൽകിയ വിവരം അറിവുണ്ടായിരുന്നത്. ഇതിനിടയിൽ വൈദികൻ ഒളിവിൽ പോയതിന് പിന്നിൽ പോലീസ് അട്ടിമറി ഉണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.

അടൂർ – മലനട – മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരം ബസ് സർവ്വീസ് ആരംഭിക്കണം

ശാസ്താംകോട്ട:അടൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മലനട ക്ഷേത്രം,ചക്കുവള്ളി,ഭരണിക്കാവ്,
കുണ്ടറ,കൊട്ടിയം,ആറ്റിങ്ങൽ, മെഡിക്കൽ കോളേജ് വഴി തിരുവനന്തപുരത്തേക്ക് ബസ് സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം.തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴി ബസ് സർവ്വീസ് ഇല്ലാത്തതിനാൽ പോരുവഴി പഞ്ചായത്തിലെ രോഗികൾ അടക്കമുള്ളവർ വലയുകയാണ്.മലനട ക്ഷേത്രം വഴി സർവ്വീസ് ആരംഭിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.രാവിലെ 5ന് അടൂർ ഡിപ്പോയിൽ നിന്നും ആരംഭിച്ച് മലനട – ചക്കുവള്ളി വഴി മെഡിക്കൽ കോളേജിൽ എത്താവുന്ന തരത്തിൽ സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വരിക്കോലിൽ ബഷീർ കൊടിക്കുന്നിൽ സുരേഷ് എം.പി ക്ക് നിവേദനം നൽകി.തുടർന്ന് പരാതിയിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് എം.പി ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.

ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടും എഡിജിപി എം ആര്‍ അജിത്കുമാറിന് തരിമ്പും നോവാതെ സര്‍ക്കാര്‍

തിരുവനന്തപുരം . ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടും എഡിജിപി എം.ആര്‍ അജിത്കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും അജിത്കുമാറിന് സര്‍ക്കാരിന്റെ സംരക്ഷണം. അന്വേഷണ സംഘത്തെ നിയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവിലും അജിത്കുമാറിനെതിരെ അന്വേഷണമെന്നില്ല. എന്നാല്‍ അജിത്കുമാര്‍ ഉന്നയിച്ച പരാതി അന്വേഷിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിര ഉയര്‍ന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എയായ പി.വി.അന്‍വര്‍ ഉന്നയിച്ചത്. തൊട്ടുപിന്നാലെ ആരോപണത്തില്‍ മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാത്രി ഡിജിപിയുമായി ചര്‍ച്ച നടത്തിയ ശേഷം അന്വേഷണ സംഘത്തെ തീരുമാനിച്ചു. എന്നാല്‍ ആരോപണ വിധേയനായ എം.ആര്‍.അജിത്കുമാറിനെ സ്ഥാനത്തു നിന്നും മാറ്റാന്‍ തയാറാകാതെ സംരക്ഷിക്കുകയായിരുന്നു. സ്ഥാനത്തുനിന്നും മാറ്റണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശവും അട്ടിമറിക്കപ്പെട്ടു. ഇന്നുരാവിലെയാണ് അന്വേഷണ സംഘം രൂപീകരിച്ചിറക്കിയ ഉത്തരവിലും എം.ആര്‍.അജിത്കുമാറിനെ സര്‍ക്കാര്‍ സംരക്ഷിച്ചു. പി.വി.അന്‍വര്‍ ഓഗസ്റ്റ് 23ന് നല്‍കിയ പരാതിയിലും തുടര്‍ന്നുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണം നടത്തണമെന്നു മാത്രമാണ് ഉത്തരവിലുള്ളത്. എം.ആര്‍.അജിത്കുമാറിനെതിരെ അന്വേഷണം എന്നത് ഉത്തരവില്‍ വരാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിച്ചു. അതേ സമയം എം.ആര്‍.അജിത്കുമാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

അജിത്കുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയേയും മാറ്റേണ്ടി വരും. ഇതിനാലാണ് അജിത്കുമാറിനെതിരെ നടപടിയുണ്ടാകാത്തതെന്നാണ് സൂചന. സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷവും ബി.ജെ.പിയും ഉന്നയിക്കുന്നത്.

കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റർ തകർന്നു വീണു, പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ കാണാതായി

പോര്‍ബന്തര്‍.ഗുജറാത്തിലെ പോര്‍ബന്ദറില്‍ കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റർ തകർന്നു വീണു. പൈലറ്റുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി.ഹെലികോപ്റ്ററില്‍ രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ക്രൂ ഡൈവര്‍മാര്‍മാരും ഉള്‍പ്പെടെ നാല് ജീവനക്കാരാണ് ഉണ്ടായിരുന്നത്.ഇന്നലെ രാത്രി 11 മണിയോടെയാണ്‌ സംഭവം.
എണ്ണ ടാങ്കര്‍ ഹരിലീലയിലെ പരുക്കേറ്റ സെയിലറെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ എത്തിയ ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാല് കപ്പലും രണ്ട് വിമാനവും വിന്യസിച്ചിട്ടുണ്ട്.