28.1 C
Kollam
Wednesday 24th December, 2025 | 02:20:32 PM
Home Blog Page 2238

ഉത്സവത്തിനിടെ ആഭരണക്കവർച്ച, ആഡംബര ജീവിതം; കമിതാക്കൾ പിടിയിൽ

ചെന്നൈ: ക്ഷേത്ര ഉത്സവത്തിനിടെ സ്ത്രീകളുടെ ആഭരണങ്ങൾ കവരുന്ന താംബരം സ്വദേശികളായ കമിതാക്കൾ പിടിയിലായി. ശ്രീവല്ലിപുത്തൂരിൽ അഞ്ച് സ്ത്രീകളുടെ 18 പവനോളം സ്വർണം മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് താംബരം സ്വദേശികളായ അജിത്ത്, അനു എന്നിവർ പിടിയിലായത്.

മാന്യമായ വസ്ത്രം ധരിച്ചെത്തുന്ന ഇവർ സ്ത്രീകളുടെ ശ്രദ്ധ തെറ്റിച്ച ശേഷം മോഷണം നടത്തുകയായിരുന്നു. കഴിഞ്ഞ 23നു തെങ്കാശിയിൽനിന്നു മോഷ്ടിച്ച സ്വർണം വിറ്റ് ഇവർ പാലക്കാട്ടുനിന്ന് ആഡംബര കാർ വാങ്ങിയിരുന്നു. കാറും 18 പവനോളം സ്വർണവും പൊലീസ് പിന്നീട് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ടിവി വയ്ക്കുന്നതിൽ തർക്കം, യുവാവിനെ അടിച്ചുകൊന്നു; പീരുമേട്ടിൽ സഹോദരനും അമ്മയും അറസ്റ്റിൽ

പീരുമേട്: വീട്ടിൽ ടിവി വയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്നു യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ സഹോദരനും അമ്മയും അറസ്റ്റിൽ. പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബു(31)വിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അജിത്ത് (28), അമ്മ തുളസി (56) എന്നിവരാണ് അറസ്റ്റിലായത്.

അഖിലും അജിത്തും തമ്മിൽ കലഹം പതിവായിരുന്നെന്നും ചൊവ്വാഴ്ച രാത്രി ടിവി കാണുന്നതിനിടെ തർക്കമുണ്ടായെന്നും പൊലീസ് പറയുന്നു. ബഹളത്തിനിടെ തടസ്സം പിടിക്കാനെത്തിയ തുളസിയെ അഖിൽ തള്ളിയിട്ടു. പ്രകോപിതനായ അജിത്ത് കമ്പിവടി കൊണ്ട് അടിച്ച് അഖിലിനെ വീഴ്ത്തിയെന്നു പൊലീസ് പറഞ്ഞു.

ബോധരഹിതനായ അഖിലിനെ വലിച്ചുകൊണ്ടുവന്നു വീ‌ട്ടുപരിസരത്തെ കമുകിൽ കെട്ടിയിട്ടു ക്രൂരമായി മർദിച്ചെന്നും അന്വേഷണസംഘം പറഞ്ഞു. കഴുത്തിൽ ഹോസിട്ടു മുറുക്കുകയും ഞെക്കിപ്പിടിക്കുകയും ചെയ്തതായും അജിത്ത് പൊലീസിനോടു വെളിപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം ചില ബന്ധുക്കളെ വിളിച്ച് ‘അഖിൽ പടമായതായി’ അജിത്ത് പറഞ്ഞതും പൊലീസ് കണ്ടെത്തി. ബന്ധുക്കളും അയൽവാസികളും വീട്ടിൽ എത്തിയപ്പോൾ അഖിൽ മരിച്ചുകിടക്കുന്നതാണു കണ്ടത്.

ഈ സമയം അജിത്തും തുളസിയും കുളിക്കുകയായിരുന്നു എന്ന അയൽവാസികളുടെ മൊഴി കേസ് തെളിയിക്കുന്നതിനു നിർണായകമായി. തുളസി കുറ്റകൃത്യത്തിനു കൂട്ടുനിന്നെന്നും മറച്ചുവച്ചെന്നും പൊലീസ് പറഞ്ഞു. ഡിവൈഎസ്പി വിശാൽ ജോൺസൺ, എസ്എച്ച്ഒ ഗോപി ചന്ദ്രൻ, എസ്ഐ ജെഫി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

‘ദുബായിൽ പീഡിപ്പിച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തിൽ; നിവിൻ ആ ഹോട്ടലിൽ താമസിച്ചിട്ടില്ല’

കൊച്ചി: നടൻ നിവിൻപോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലിൽവച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിൽ വ്യക്തത വരുത്താൻ യാത്രാരേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും.

2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളിയടക്കം ആറു പേർക്ക് എതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്. നിവിൻ ആറാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാനിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ.

കഴിഞ്ഞ നവംബറിൽ യൂറോപ്പിൽ ‘കെയർ ഗിവറായി’ ജോലി വാഗ്ദാനം ചെയ്തു. അതു നടക്കാതായപ്പോൾ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞു ശ്രേയ ദുബായിലെത്തിച്ചെന്നും അവിടെ ഹോട്ടൽ മുറിയിൽ മറ്റു പ്രതികൾ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ മൊഴി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതേ സംഘം സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നു കാട്ടി ഒരുമാസം മുൻപു യുവതി ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കേസെടുത്തിരുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു നൽകിയ പീഡനപരാതിയെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. പീഡനാരോപണം ശുദ്ധനുണയാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും നിവിൻ പോളി വ്യക്തമാക്കിരുന്നു.

20 രൂപ 34 വർഷം മുമ്പ് കൈക്കൂലി വാങ്ങിയ കോൺസ്റ്റബിൾ; ഡിജിപിയോട് മുങ്ങിയ പ്രതിയെ ‘പൊക്കാൻ’ ഉത്തരവിട്ട് കോടതി

പാറ്റ്ന: ഒരു സ്ത്രീയിൽ നിന്ന് 34 വർഷം മുമ്പ് 20 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിരമിച്ച പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. 1990ൽ ബീഹാറിലെ സഹർസ റെയിൽവേ സ്റ്റേഷനിൽ പച്ചക്കറി കൊണ്ടുപോകുകയായിരുന്ന ഒരു സ്ത്രീയിൽ നിന്നാണ് പൊലീസുകാരൻ കൈക്കൂലി വാങ്ങിയത്.

1990 മെയ് ആറിന് ബരാഹിയയിൽ നിന്നുള്ള കോൺസ്റ്റബിളായ സുരേഷ് പ്രസാദ് സിംഗ് സഹർസ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് സംഭവം. സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പച്ചക്കറി കെട്ടുമായി വരികയായിരുന്ന മഹേഷ്ഖുണ്ട് സ്വദേശിയായ സീതാദേവിയെ സുരേഷ് പ്രസാദ് തടഞ്ഞു.

ഇതിന് ശേഷം സീത ദേവിയോട് സുരേഷ് എന്തോ പറയുകയും ഉടൻ അവർ 20 രൂപ നൽകുകയുമായിരുന്നു. എന്നാൽ, അന്നത്തെ റെയിൽവേ സ്റ്റേഷൻ ഇൻചാർജ് ഇയാളെ കൈയോടെ പിടികൂടുകയും കൈക്കൂലി പണം ഉടൻ തിരിച്ചുപിടിക്കുകയും ചെയ്തു. ഈ കേസിൽ 34 വർഷത്തിന് ശേഷം സുരേഷ് പ്രസാദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പ്രത്യേക വിജിലൻസ് ജഡ്ജി സുധേഷ് ശ്രീവാസ്തവ പൊലീസ് ഡയറക്ടർ ജനറലിന് (ഡിജിപി) നിർദേശം നൽകുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി കേസിലെ നിയമനടപടികൾ തുടരുകയായിരുന്നു.

ഇതിനിടെ ജാമ്യം ലഭിച്ച സുരേഷ് പ്രസാദ് കോടതിയിൽ ഹാജരാകുന്നതിരുന്നതോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 1999 മുതൽ ഇയാൾ ഒളിവിലാണ്. സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷവും സുരേഷിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ലഖിസരായ് ജില്ലയിലെ ബരാഹിയയിലെ ബിജോയ് ഗ്രാമത്തിലാണ് സുരേഷ് താമസിച്ചിരുന്നത്. എന്നാൽ, മഹേഷ്ഖുണ്ടിൽ തെറ്റായ വിലാസമാണ് നൽകിയതെന്ന് സുരേഷിന്റെ സർവീസ് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായി. ഇതോടെയാണ് കോടതി കടുത്ത നടപടികളിലേക്ക് കടന്നത്.

മുകേഷിൻ്റെയും ഇടവേള ബാബുവിൻ്റെയും അറസ്റ്റ് രേഖപ്പെടുത്തും

കൊച്ചി. ബലാത്സംഗ കേസിൽ സിനിമാ താരങ്ങളായ എം മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും.
ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ അന്വേഷണ സംഘം തുടരുകയാണ്. മുകേഷിനും ഇടവേള ബാബുവിനും എതിരേ നിയമ നടപടി തുടരും. ഇരുവരേയും വൈദ്യപരിശോധനയ്ക്കും വിധേയമാക്കും. ലൈംഗിക ശേഷി പരിശോധനയ്ക്കും രണ്ട് പേരും വിധേയരാകേണ്ടി വരും.

എയര്‍ കേരള വിമാന സര്‍വീസ് അടുത്ത വര്‍ഷം ആരംഭിക്കും; ഹരീഷ് കുട്ടി സിഇഒ

അബുദാബി: യുഎഇയിലെ ബിസിനസുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ കമ്പനി ആരംഭിക്കുന്ന എയര്‍കേരള വിമാന സര്‍വീസ് യാഥാര്‍ഥ്യത്തിലേയ്ക്ക് ഒരു ചുവടുകൂടി വച്ചു. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി ഹരീഷ് കുട്ടിയെ നിയമിച്ചതായി സെറ്റ്ഫ്‌ളൈ എവിയേഷന്‍ വക്താക്കള്‍ ദുബായില്‍ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ മൂന്ന് വിമാനങ്ങള്‍ ഉപയോഗിച്ച് ഡൊമസ്റ്റിക് സര്‍വീസ് ആരംഭിക്കുകയാണ് ലക്ഷ്യം. തുടര്‍ന്നാണ് രാജ്യാന്തര സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുക.

ഈ മേഖലയില്‍ 35 വര്‍ഷത്തിലേറെ പരിചയ സമ്പത്തുള്ള ഹരീഷ് കുട്ടി എയര്‍ അറേബ്യ, സലാം എയര്‍, സ്പൈസ് ജെറ്റ്, വതനിയ എയര്‍ എന്നീ കമ്പനികളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. സലാം എയറില്‍ റവന്യൂ ആന്‍ഡ് നെറ്റ്വര്‍ക്ക് പ്ലാനിങ് ഡയറക്ടറായിരുന്ന ഇദ്ദേഹം കോവിഡ് വെല്ലുവിളികള്‍ക്കിടയിലും കമ്പനിയെ ഉയരങ്ങളിലെത്തിച്ചു.

എയര്‍ അറേബ്യ, വതാനിയ എയര്‍വേയ്സ് എന്നിവയുടെ സ്റ്റാര്‍ട്ടപ് ടീമുകളില്‍ പ്രധാനിയായിരുന്നു. അവരുടെ വളര്‍ച്ചയ്ക്കു ഗണ്യമായ സംഭാവന നല്‍കി. കൂടാതെ സ്‌പൈസ് ജെറ്റില്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫിസറായും വതാനിയ എയര്‍വേയ്സില്‍ കൊമേഴ്സ്യല്‍ ഡയറക്ടറായും റാക് എയര്‍വേയ്സില്‍ കൊമേഴ്സ്യല്‍ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹരീഷ് കുട്ടിയുടെ നിയമനം എയര്‍ കേരളയുടെ വളര്‍ച്ചയ്ക്കും ഇന്ത്യയിലെ മുന്‍നിര വിമാന കമ്പനിയാക്കി മാറ്റാനും വഴിയൊരുക്കുമെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു.

മരം മുറി മാത്രമല്ല; മറ്റു പലതിലും എസ് പി സുജിത് ദാസിനെ സംശയം

തിരുവനന്തപുരം. മരം മുറി മാത്രമല്ല; മറ്റു പലതിലും സംശയം. എസ്.പി സുജിത് ദാസിന്റെ സസ്പന്‍ഷന്‍ സംബന്ധിച്ച് മലപ്പുറം എസ്.പി ഓഫീസില്‍ നിന്ന് ഡി.ജി.പി വിവരങ്ങള്‍ ശേഖരിച്ചു. സുജിത് ദാസ് എസ്.പി ആയിരുന്ന കാലത്തെ വിശദാംശങ്ങളാണ് ശേഖരിച്ചത്. സുജിത് ദാസ് പുറത്തിറക്കിയ സര്‍ക്കുലറുകള്‍,ഉത്തരവുകള്‍,നടപടികള്‍ ഡി.ജി.പി പരിശോധിച്ചു. സുജിത് ദാസിന്റെ യാത്രാ രേഖകളും ഇന്റലിജന്‍സ് മുഖേന വരുത്തിച്ചു. സുജിത് ദാസിന് ഒപ്പം നിന്ന ഉദ്യോഗസ്ഥരുടെ പശ്ചാത്തലവും പരിശോധിച്ചു. ഇവരില്‍ പലരും നിലവില്‍ മണ്ണ്-ക്വാറി ബന്ധത്തിന്റെ പേരില്‍ നടപടി നേരിടുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.സ്വര്‍ണം കടത്തു സംഘവുമായുള്ള ഇടപാടുകള്‍ സംബന്ധിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്. ലഭിച്ച വിവരങ്ങള്‍ ഡി.ജി.പി റിപ്പോർട്ടായി മുഖ്യമന്ത്രിക്ക് കൈമാറി. ഇതിന് പിന്നാലെയാണ് സസ്പന്‍ഡ് ചെയ്തു കൊണ്ടുള്ള നടപടി.

ഒരുന്നത് പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്രയധികം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഇന്‍റലിജന്‍സ് വിഭാഗം അറിയില്ലേ എന്ന ചോദ്യവും ബാക്കിയാണ്.

ജാമ്യം ലഭിച്ചെങ്കിലും,മുകേഷും ഇടവേള ബാബുവും ലൈംഗികശേഷി അടക്കം വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം

കൊച്ചി. സിനിമാ താരങ്ങളുടെ മുന്‍കൂര്‍ ജാമ്യം, ജാമ്യം ലഭിച്ചെങ്കിലും നിയമ നടപടികള്‍ തുടരാന്‍ അന്വേഷണ സംഘം. മുകേഷിനും ഇടവേള ബാബുവിനും എതിരേ നിയമ നടപടി തുടരും. ഇരുവര്‍ക്കും എതിരേയുളള ബലാത്സംഗ കേസിലാണ് തുടര്‍ നടപടികള്‍. ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. വൈദ്യപരിശോധനയ്ക്കും വിധേയമാക്കും. ലൈംഗിക ശേഷി പരിശോധനയ്ക്കും ഇരുവരും വിധേയരാകണം

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

തിരുവനന്തപുരം. പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്. രാവിലെ 11 മണിക്കാണ് കെ.പി.സി.സി ആഹ്വാനം ചെയ്ത മാർച്ച്. എം.എൽ.എ ഹോസ്റ്റലിന് സമീപത്ത് നിന്ന് ആരംഭിച്ച്  പാളയം രക്തസാക്ഷി മണ്ഡപം വഴി സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാർച്ച് എത്തുമെന്ന് കെപിസിസി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ.  സുധാകരൻ, കേരളത്തിൻറെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും.

ആയിരത്തിലധികം പ്രവർത്തകരെ സമരത്തിൽ അണിനിരത്താനാണ് ശ്രമം. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലേക്ക് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷഭരിതമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ തലയ്ക്ക് പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നാല് സംസ്ഥാന ഭാരവാഹികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പൊലീസിനെ അക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി എടുത്ത കേസിലാണ് റിമാൻഡ്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ പൊലീസ് നരനായാട്ട് നടത്തി എന്നാണ് നേതാക്കളുടെ ആക്ഷേപം. ഈ പശ്ചാത്തലത്തിൽ സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ഇന്നലെ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.

മാവിൽ പടർന്നു കയറിയ കുരുമുളകു പറിക്കാൻ കയറിയ വയോധികന്‍ കുടുങ്ങി,ഫയര്‍ഫോഴ്സ് താഴെയിറക്കി

കൊച്ചി. മാവിൽ പടർന്നു കയറിയ കുരുമുളകു പറിക്കാൻ കയറിയ വയോധികന്‍ തിരിച്ചിറങ്ങാൻ കഴിയാതെ മാവിൽ കുടുങ്ങി.തൃപ്പൂണിത്തുറ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തെ പൗലോസ്( 87 )ആണ് 20 അടി ഉയരമുള്ള മാവിൽ കുടുങ്ങിയത്.ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ മാവിൽ നിന്ന് സുരക്ഷിതമായി താഴെയിറക്കിയത്