മുംബൈ. ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ലോവർ പരേലിലെ കമല മിൽ കോംപൗണ്ടിലെ ടൈംസ് ടവറിൽ ആണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ആറരയോടെയാണ് സംഭവം. 15 നില കെട്ടിടത്തിന്റെ 5, 6, 7 നിലകളിൽ തീ പടർന്നു. 9 ഫയർ എൻജിനുകൾ ചേർന്നാണ് തീയണച്ചത്. സംഭവത്തിൽ ആളപായമില്ല ആളപായമില്ല. കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിവരം
വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറി
വയനാട്. ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. വയനാട്ടിൽ ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായത്. ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
മധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതിയെ പരസ്യമായി ബലാൽസംഗം ചെയ്തു
ഉജ്ജയിന്‍.മധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതിയെ പരസ്യമായി ബലാൽസംഗം ചെയ്തു.
പട്ടാപ്പകൽ ഫുട്ട്പാത്തിൽ വച്ചാണ് യുവതിയെ ബാലാൽസംഗത്തിനിരയാക്കിയത്.
തിരക്കേറിയ കൊയ്‌ല പതക് തെരുവിൽ വച്ചാണ് സംഭവം.ആക്രി സാധനങ്ങൾ പെറുക്കുന്ന സ്ത്രീയാണ് ബാലാൽ സംഗത്തിന് ഇരയായത്.ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ പോലീസ് ഇടപെട്ടു.അതിജീവിതയെ കണ്ടെത്തി മെഡിക്കൽ പരിശോധന നടത്തി, കേസ് രജിസ്റ്റർ ചെയ്തു.
പ്രതി ലോകേഷ് അറസ്റ്റിലായതായി പോലീസ് അറിയിച്ചു യുവതിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷം ബാലാൽ സംഗത്തിനിരയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി.സംസ്ഥാനത്തെ ക്രമ സമാധാന നില തകർന്നെന്ന് കോൺഗ്രസ് ആരോപിച്ചു.എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി ഇരക്ക് നീതി ഉറപ്പാക്കുമെന്ന് ബിജെപി പ്രതികരിച്ചു.
ഐത്തോട്ടുവയിൽ തോടിനു കുറുകെയുള്ള കോൺക്രീറ്റ് നടപ്പാലം തകർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ മലയാറ്റൂർ മുക്കിനു സമീപം തോടിനു കുറുകെയുള്ള കോൺക്രീറ്റ് നടപ്പാലം തകർന്ന് വീട്ടമ്മ മരിച്ചു.ഐത്തോട്ടുവ പുല്ലാഞ്ഞിയിൽ(വിഷ്ണു വിലാസം) ശ്രീധരൻ ആചാരിയുടെ ഭാര്യ ഓമന (58) ആണ് മരിച്ചത്.തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായിരുന്നു.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.വീട്ടിൽ നിന്നും അടുത്തുള്ള അക്ഷയ സെന്ററിൽ പോയ ഓമന രാത്രിയായിട്ടും മടങ്ങി എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ ഭർത്താവാണ് പാലം തകർന്ന് കിടക്കുന്നത് കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ കോൺക്രീറ്റിന് അടിയിൽ കുടുങ്ങിയ നിലയിൽ ഓമനയെ കണ്ടെത്തുകയായിരുന്നു.ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.40 വർഷത്തിലധികം പഴക്കമുള്ള പാലമാണ് തകർന്നത്.മൃതദേഹം അനന്തര നടപടികൾക്കായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മക്കൾ:വിജയശ്രീ,ജയശ്രീ,
വിഷ്ണു.മരുമക്കൾ:അജി,ഗ്രീഷ്മ.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ബലാത്സഗം: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി സ്ത്രീ; ആരോപണം തള്ളി സിഐ വിനോദ്
മലപ്പുറം: എസ്‌പിയായിരുന്ന എസ്.സുജിത് ദാസ് പൊന്നാനി മുൻ എസ്എച്ച്ഒ വിനോദ് എന്നിവർ ബലാത്സഗം ചെയ്തതായി ആരോപിച്ച വീട്ടമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.എന്നാൽ താൻ ആ സ്ത്രീയെ കണ്ടിട്ടുപോലുമില്ലെന്ന് അന്ന് പൊന്നാനി എസ് എച്ച് ഒ ആയിരുന്ന വിനോദ് മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാരിയുടെ വീട്ടിൽ പോയിട്ടില്ല. പരാതിക്കാരി സ്റ്റേഷനിൽ വന്നത് എന്തിനെന്നറിയില്ല. ഡിവൈഎസ് പി ബെന്നിയോട് കാര്യങ്ങൾ ‘വിശദീകരിച്ചതാണ്.
എഫ് ഐ ആർ ഇട്ടോ എന്നത് അറിയല്ലന്നും സി ഐ വിനോദ് പറഞ്ഞു. സ്ത്രീയെ സ്റ്റേഷനിൽ പരാതി മുറിയിൽ മാത്രമാണ് കണ്ടത്. വ്യാജ പരാതികൾ ഊതി വീർപ്പിച്ച് പോലീസിനെയും, സർക്കാരിനെയും കളങ്കപ്പെടുത്തതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും സി ഐ വിനോദ് പറഞ്ഞു.ആരോപണങ്ങൾക്കെതിരെ പരാതി നൽകുമെന്നും ,പരാതിക്ക് പിന്നിൽ ഗൂഢാലോചനയുള്ളതായും സിഐ വിനോദ് പറഞ്ഞു.
വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും നിലവിൽ സസ്പെൻഷനിലുള്ള സുജിത് ദാസ് പറഞ്ഞു.
കുടുംബ പ്രശ്നത്തെക്കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്പിയും സിഐയും ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. സുജിത് ദാസിനെതിരെ പി.വി.അൻവർ എംഎൽഎ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് താൻ കാര്യങ്ങൾ തുറന്നു പറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാർത്ഥിനികൾ സഞ്ചരിച്ച ഓട്ടോയിൽ മറ്റൊരു ഓട്ടോ ഇടിച്ച് അപകടം… ഒരാൾക്ക് ദാരുണാന്ത്യം
ടിടിസി വിദ്യാർത്ഥിനികൾ സഞ്ചരിച്ച ഓട്ടോയിൽ മറ്റൊരു ഓട്ടോ ഇടിച്ച് അപകടം. മറിഞ്ഞ ഓട്ടോക്കടിയിൽപ്പെട്ട മൂന്ന് വിദ്യാർത്ഥിനികളിൽ ഒരാൾക്ക് ദാരുണാന്ത്യം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇടിച്ച ഓട്ടോ നിർത്താതെ ഓടിച്ച് പോയി. വിഴിഞ്ഞം കോട്ടുകാൽ മരുതൂർ ക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ ടി.ടി.സി സ്കൂളിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയും മലയിൻകീഴ് വിളവൂർക്കൽ ഈഴാക്കോടിൽ സേവ്യറിൻ്റെ ൻ്റെയും ലേഖ റക്സണിൻ്റെയും ഏക മകൾ ഫ്രാൻസിക (19) ആണ് മരിച്ചത്.
സുഹൃത്തുക്കളായ കാസർകോട് സ്വദേശി ദേവിക, പത്തനംതിട്ട സ്വദേശി രാഖി, ഓട്ടോ ഡ്രൈവർ വെങ്ങാനൂർ സ്വദേശി സുജിത് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം നാലരയോടെ വിഴിഞ്ഞം – ബാലരാമപുരം റോഡിൻ മുള്ള് മുക്കിന് സമീപമായിരുന്നു അപകടം. വെങ്ങാനൂർ നീലികേശി ക്ഷേത്രത്തിന് സമീപം നിന്ന് സ്കൂളിലേക്ക് പോകുന്നതിനാണ് സംഘം ഓട്ടോയിൽ കയറിയത്. മുള്ളുമുക്കിന് സമീപം എത്തിയ ഓട്ടോയെ എതിരെ തെറ്റായ ദിശയിൽ നിന്നു വന്ന ആപെ മോഡൽ ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മറിഞ്ഞ് വീണ ഓട്ടോക്കടിയിൽപെട്ട മൂന്ന് പേരെയും നാട്ടുകാർ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫ്രാൻസികയുടെ ജീവൻ രക്ഷിക്കാനായില്ല. അപകട ശേഷം നിർത്താതെ പോയ ഓട്ടോയും ഡ്രെെവറേയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു; പങ്കെടുക്കാതെ ഇപി ജയരാജൻ
തിരുവനന്തപുരം:
പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എംആർ അജിത് കുമാർ എന്നിവർക്കെതിരെ അൻവർ നൽകിയ പരാതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യും
അതേസമയം എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി ഇപി ജയരാജൻ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടില്ല. കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇപിക്ക് അതൃപ്തിയുണ്ട്.
ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് പാർട്ടിയുടെ അച്ചടക്ക നടപടിയല്ലെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിശദീകരിച്ചത്. ഇപി ജയരാജൻ കേന്ദ്ര കമ്മിറ്റിയിൽ തുടരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
ഓണമിങ്ങെത്തി, പൂക്കളം ഇടേണ്ടത് എങ്ങനെയെന്ന് അറിയാമോ?
ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളിന്റെ ഓർമപുതുക്കലാണ് ഓണം. പഞ്ഞകർക്കിടകത്തിന്റെ കാറും കോളും മാറി പുതുവർഷ പുലരിയുമായി വന്നെത്തുന്ന ചിങ്ങ മാസം മലയാളികൾക്ക് ആണ്ടു പിറപ്പാണ്. ഒരു കാലത്ത് സമൃദ്ധിയുടെ വിളവെടുപ്പു കാലമായിരുന്നു ചിങ്ങം. അതിന്റെ പ്രതീകമായാണ് ഇല്ലം നിറ നടക്കുന്നത്.
പണ്ട് വീടുകളിൽ ആഘോഷിച്ചിരുന്നത് ഇന്നു ക്ഷേത്രങ്ങളിൽ മാത്രമായി. കർക്കിടകത്തിൽ ദാരിദ്ര്യം മഴയിൽ തകർത്താടുമ്പോൾ ചിങ്ങം ഉണ്ണാനും ഉടുക്കാനുമുളള സമ്പന്നത തന്നിരുന്നു. രാജഭരണം നിലനിന്നിരുന്ന കാലമായതുകൊണ്ട് ആഘോഷങ്ങൾക്കു പഞ്ഞവുമില്ല. അതിനുദാഹരണമാണ് ഇന്നു നമ്മൾ ആഘോഷിക്കുന്ന അത്തച്ചമയവും പുലികളിയും സദ്യയും ഓണപ്പൂക്കളവുമെല്ലാം. ഓണം ഒരു കൊയ്ത്തുൽസവമാണ്.
ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്. പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം.
നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. മൂന്നാം ദിവസം മുതൽ നിറങ്ങളുളള പൂക്കൾ ഇടും. അഞ്ചാം ദിവസം മുതൽ കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നു പറയുന്നത്. ആറാമത്തെ ദിവസം മുതൽ പൂക്കളത്തിനു നാലു ദിക്കിലേക്കും കാലു നീട്ടും. ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കു ന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്.
തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്.
‘തനിച്ചു വരണമെന്ന് പറഞ്ഞു, ജൂസ് തന്നു, 2 തവണ ബലാത്സംഗം ചെയ്തു’: സുജിത് ദാസിനെതിരെ വീട്ടമ്മ
മലപ്പുറം: എസ്‌പിയായിരുന്ന എസ്.സുജിത് ദാസ് ബലാത്സംഗം ചെയ്തതായി വീട്ടമ്മയുടെ ആരോപണം. പൊന്നാനി മുൻ എസ്എച്ച്ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗിക പീഡന ആരോപണം ഉയർത്തി. വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും നിലവിൽ സസ്പെൻഷനിലുള്ള സുജിത് ദാസ് പറഞ്ഞു.
കുടുംബ പ്രശ്നത്തെക്കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്പിയും സിഐയും ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. സുജിത് ദാസിനെതിരെ പി.വി.അൻവർ എംഎൽഎ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് താൻ കാര്യങ്ങൾ തുറന്നു പറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. സുജിത്ദാസുമായി നടത്തിയ ഫോൺ സംഭാഷണം അൻവർ പുറത്തുവിട്ടതോടെയാണ് സുജിത്തിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. സംഭാഷണത്തിൽ എഡിജിപിക്കെതിരെയും മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും വിവാദ പ്രസ്താവനകളുള്ള സാഹചര്യത്തിലായിരുന്നു സസ്പെൻഷൻ.
സുജിത്ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ പറയുന്നത്. കുട്ടിയില്ലാതെ തനിച്ചു കാണാൻ വരാൻ എസ്പി ആവശ്യപ്പെട്ടു. കോട്ടയ്ക്കലിലേക്ക് വരാൻ പറഞ്ഞു. എസ്പി ഓഫിസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് എസ്പി ആദ്യം പീഡിപ്പിച്ചത്. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥനെന്നാണ് പറഞ്ഞത്.
ജൂസ് കുടിക്കാൻ തന്നശേഷം എസ്പി ബലാത്സംഗം ചെയ്തു. വലിയൊരു വീട്ടിൽവച്ചായിരുന്നു പീഡനമെന്നും വീട്ടമ്മ പറയുന്നു. ബലാത്സംഗ പരാതിയുമായാണ് വീട്ടമ്മ ഓഫിസിൽ എത്തിയതെന്ന് സുജിത്ദാസ് മാധ്യമങ്ങളോട് പറഞ്ഞു. പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓഫിസിൽ വച്ചല്ലാതെ വീട്ടമ്മയെ കണ്ടിട്ടില്ല. ആരോപണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.
ചതിയിൽപ്പെടുത്തിയത് താര ദമ്പതിമാർ, ലൈംഗിക അടിമയാക്കിയത് അച്ഛനെപ്പോലെ കണ്ടയാൾ: നടി സൗമ്യയുടെ വെളിപ്പെടുത്തൽ
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളം സിനിമ രംഗത്തുണ്ടായ തുറന്ന് പറച്ചിലുകൾ തമിഴ്നാട്ടിലേക്കും വ്യാപിക്കുന്നു. പ്രമുഖ സംവിധായകൻ തന്നെ മാനസികമായും ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്ന് നടി സൗമ്യയാണ് വെളിപ്പെടുത്തിയത്. ലൈംഗിക അടിമയാക്കിയാണ് തന്നെ പ്രമുഖ സംവിധായകൻ ഉപയോഗിച്ചതെന്നും പതിനെട്ട് വയസ്സ് മാത്രമുള്ളപ്പോഴാണ് തനിക്ക് ദുരനുഭവം നേരിട്ടതെന്നും അവർ പറഞ്ഞു.
മകളായി കരുതുന്നുവെന്ന വ്യാജേനെയാണ് സംവിധായകൻ അടുത്തതെന്നും അദ്ദേഹത്തിൻറെ പേര് കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. മലയാളത്തിൽ ‘നീലകുറുക്കൻ,’ ‘അദ്വൈതം,’ ‘പൂച്ചയ്ക്ക് ആര് മണികെട്ടും’ എന്നീ ചിത്രങ്ങളിൽ വേഷമിട്ട സൗമ്യ എന്ന ഡോ. സുജാതയാണ് ഇപ്പോൾ തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
മലയാള സിനിമയിൽ നിന്നും ദുരനുഭവമുണ്ടായെന്നും അവർ കൂട്ടിച്ചേർത്തു. തന്നോട് മോശമായി പെരുമാറിയ നടൻറെ പേര് ഹേമ കമ്മിറ്റി റിപ്പോർട്ടിലുൾപ്പടെയുണ്ടെന്നും ഇപ്പോൾ മനഃശാസ്ത്ര വിദഗ്ധയും കൂടിയായ ഡോ. സുജാത പറയുന്നു. സംവിധായകർ തുടങ്ങി നടൻമാരും സിനിമയിലെ സാങ്കേതിക പ്രവർത്തകരും വരെ മോശമായി പെരുമാറിയിട്ടുണ്ട്. ശരീരത്തിലേക്ക് ഒരാൾ ഒരിക്കൽ മുറുക്കിത്തുപ്പിയെന്നും കൂടെപ്പോരാൻ ആവശ്യപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തി. മുപ്പത് വർഷത്തോളമെടുത്താണ് ഈ ദുരനുഭവങ്ങളിൽ നിന്ന് താൻ കരകയറിയതെന്നും ഒരു മലയാളം ഓൺലൈന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.
‘‘അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം. ഗേൾസ് സ്കൂളിലായിരുന്നു പഠനം. കോളജിൽ ആദ്യ വർഷ വിദ്യാർഥിനിയായിരുന്നപ്പോഴാണ് സിനിമാ ഓഫർ വരുന്നത്. എന്റെ കോളനിയിലാണ് നടി രേവതി താമസിച്ചിരുന്നത്. അവരെപ്പോലെ ആവണം എന്ന് ഞാൻ ആഗ്രഹിച്ചു. അന്ന് കൂടുതലും കണ്ടിരുന്നത് ഹിന്ദി, മലയാളം സിനിമകളാണ്. എന്റെ വീട്ടുകാർക്ക് സിനിമയോട് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അമ്മ വളരെ എതിർത്തിരുന്നു. അച്ഛൻ ആർമിയിലായത് കൊണ്ട് കുറച്ചു കൂടി വലിയ വീക്ഷണം ഉണ്ടായിരുന്നു അദ്ദേഹത്തിന്. അച്ഛൻ സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചിരുന്നു.
ആദ്യമായി ഒരു തമിഴ് സിനിമയുടെ സ്‌ക്രീൻ ടെസ്റ്റിനാണ് പോയത്. സിനിമയിലെ അറിയപ്പെടുന്ന ഒരു ദമ്പതികളുടെ സിനിമയായിരുന്നു അത്. അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു ഞാൻ സിനിമയിലേക്കു പോകുന്നത്. അവരോട് ആ സമയത്ത് വഴക്കു കൂടിയാണ് സമ്മതം മേടിച്ചത്. അങ്ങനെ സ്ക്രീൻ ടെസ്റ്റിനുപോയി. ആ പുരുഷന്റെ അടുത്ത് ഞാൻ ഒട്ടും കംഫർട്ട് ആയിരുന്നില്ല. മുപ്പത് വർഷം കഴിഞ്ഞ് ഞാൻ മനസ്സിലാക്കുന്നു, അത് എന്റെ ശരീരത്തിന്റെ പ്രതികരണമായിരുന്നുവെന്ന്. കടുത്ത പനിയുമായാണ് ഞാൻ തിരിച്ചു വീട്ടിലെത്തിയത്. വീട്ടിൽ കാര്യങ്ങളൊന്നും അവതരിപ്പിച്ചില്ല. പക്ഷേ എന്റെ ക്ലാസ് ടീച്ചറിനോട് നടന്നതെല്ലാം പറഞ്ഞു. അങ്ങനെ സിനിമയ്ക്കു പോകില്ലെന്ന് തീരുമാനിച്ചു.
പക്ഷേ അയാളുടെ ഭാര്യ എന്റെ അച്ഛനെ വിളിച്ചു. അങ്ങനെ നീണ്ട സംസാരത്തിനുശേഷം ഏഴ് ലക്ഷം രൂപയുടെ കാര്യം അവരോട് അച്ഛൻ പറഞ്ഞു. എന്നെ മനസ്സിൽ വച്ച് അവർ പലതും ആരംഭിച്ചു, നീ വന്നില്ലെങ്കിൽ ഒരുപാട് തുക നഷ്ടമാകും എന്നാണ് അവർ പറഞ്ഞതെന്ന് അച്ഛൻ എന്നെ അറിയിച്ചു. അന്ന് അത് വലിയ തുകയാണ്. അവർ അങ്ങനെ അച്ഛനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. അച്ഛന്റെ നിർബന്ധത്തിൽ ആ സിനിമ ചെയ്യാൻ തീരുമാനിച്ചു.
സിനിമയിൽ ഒരു പശ്ചാത്തലവുമില്ലാത്തതിനാൽ അവരുടെ വീട്ടിൽ പോയാണ് നൃത്തവും മറ്റും അഭ്യസിച്ചിരുന്നത്. അയാൾ എന്നോട് മിണ്ടാനെ വന്നിരുന്നില്ല. അതായിരുന്നു ഞാൻ അവരോട് വച്ച നിബന്ധനയും. ഭാര്യ സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാണ് ഒപ്പു വച്ചത്. എന്നാൽ അത് പേപ്പറിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ സംവിധാനം ചെയ്തത് ഭർത്താവായിരുന്നു. ആ സെറ്റ് ഭരിക്കുന്നതും അയാളായിരുന്നു. വീട്ടിലെ പുരുഷന്മാരെ ബഹുമാനിക്കണം എന്നു പറഞ്ഞു പഠിപ്പിച്ച കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. അതുകൊണ്ടുതന്നെ ക്രമേണ എനിക്കും അയാളെ സർ എന്നു വിളിക്കേണ്ടി വന്നു. ഞാനൊരു നല്ല വിദ്യാർഥിയായി മാറി. സെറ്റിൽ പറയുന്നതെല്ലാം അനുസരിച്ചു.
പക്ഷേ അയാൾ എന്നെ മനഃപൂർവം ഒഴിവാക്കി. എന്റെ നേരെ നോക്കുക പോലുമില്ലായിരുന്നു. ഭാര്യയോടാണ് എന്നെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നത്. അതെന്നെ വളരെ അസ്വസ്ഥയാക്കി. ഞാൻ അയാൾ പറയുന്നത് പോലെ അനുസരിക്കാൻ തുടങ്ങി. താൻ കാരണം ആരും ദേഷ്യപ്പെടരുതെന്നും വിഷമിക്കരുതെന്നുമാണ് അന്ന് കരുതിയത്. അങ്ങനെ അയാൾ അൽപ്പം കൂടി മയപ്പെട്ടു.
മെല്ലെ മെല്ല അയാളുടെ ദേഷ്യം മാറി, സൗഹൃദത്തിലായി. അവർ രണ്ടു പേരും, ഞാൻ അവരുടെ മകളെപ്പോലെ എന്ന് പറഞ്ഞു. വീട്ടിൽ കിട്ടാത്ത സ്നേഹവും സ്വാതന്ത്ര്യവുമെല്ലാം എനിക്ക് ആ വീട്ടിൽ കിട്ടി തുടങ്ങി. അവർ പതിയെ പതിയെ എന്നെ നിയന്ത്രണത്തിലാക്കുകയായിരുന്നു. എന്നോട് വലിയ സ്‌നേഹം കാണിക്കുമായിരുന്നു. എന്നെ മകളെന്ന് വിളിച്ച് മിൽക്ക് ഷേയ്ക്കും മറ്റും ഈ ദമ്പതികൾ ഇടയ്ക്കിടെ വാങ്ങിച്ചു തരുമായിരുന്നു. 18 വയസ്സ് ശരീരത്തിൽ പ്രകടമായിരുന്നെങ്കിലും മാനസികമായി 12കാരിയുടെ മനസ്സായിരുന്നു അന്ന് എനിക്ക്.
താങ്കളുടെ ഭർത്താവിനൊപ്പം ജോലി ചെയ്യാൻ എനിക്ക് ചെറിയ പ്രശ്‌നങ്ങളുണ്ടെന്ന് ഞാൻ ആദ്യമേ അയാളുടെ ഭാര്യയോട് പറഞ്ഞിരുന്നു. അത് ഭാര്യ, നേരേ ഭർത്താവിനോട് പോയി പറഞ്ഞു. പിന്നീടാണ് അയാൾ മിണ്ടായതും ദേഷ്യപ്പെടാൻ തുടങ്ങിയതും. പക്ഷേ അത് കഴിഞ്ഞ് അയാൾ എന്നെ മകളെപ്പോലെ കാണാൻ തുടങ്ങിയപ്പോൾ അത് എന്റെ തെറ്റാണെന്ന് തോന്നിത്തുടങ്ങി.
അങ്ങനെ ഒരു ഷെഡ്യൂളിൽ അവരുടെ വീട്ടിൽവച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. രാവിലെ അവരുടെ വീട്ടിൽ ചെല്ലും ഒരുമിച്ച് ഭക്ഷണം കഴിക്കും, എന്നെ കാണാൻ അവരുടെ മകളെപ്പോലെ തന്നെയാണെന്ന് പറയുമായിരുന്നു. ആ കുട്ടിയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സത്യത്തിൽ ഈ പെൺകുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ല. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളാണ്. ആ കുട്ടി ഇയാൾക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വീടു വിട്ടുപോവുകയായിരുന്നു. ആ കുട്ടി നുണ പറയുകയാണെന്നാണ്, അന്ന് അയാളും ഭാര്യയും പറഞ്ഞത്.
അന്ന് ആ കുട്ടിയെ ഞാനും കുറ്റം പറഞ്ഞു. ഇത്രയും നല്ല മനുഷ്യനെക്കുറിച്ചാണോ പീഡിപ്പിച്ചു എന്നൊക്കെ പറയുന്നതെന്ന് ചിന്തിച്ചു. എന്നേക്കാൾ ഒരു വയസ്സ് കൂടുതലായിരുന്നു ആ മകൾക്കുണ്ടായിരുന്നത്. അങ്ങനെ ഞാൻ അവരുടെ മകളായി മാറി. പക്ഷേ എന്റെ വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങി. സ്വന്തം അച്ഛനോടും അമ്മയോടും വഴക്കുണ്ടാക്കാൻ തുടങ്ങി. ഇവിടെ എന്നെ മകളെപ്പോലെ തന്നെ ആ ദമ്പതികൾ കൊഞ്ചിച്ച് വളർത്തുന്നുണ്ടായിരുന്നു.
ഒരിക്കൽ അയാളുടെ ഭാര്യ ഇല്ലാതിരുന്ന സമയത്ത് എന്നെ ചുംബിച്ചു, ഇഷ്ടമാണെന്നു പറഞ്ഞു. ഞാൻ മരവിച്ചുപോയി. അതെക്കുറിച്ച് എനിക്ക് ആരോടും പറയാൻ സാധിക്കുമായിരുന്നില്ല. ഗേൾസ് സ്കൂളിൽ പഠിച്ചു വളർന്ന ഞാൻ ഒരു ആൺകുട്ടിയെ തൊട്ടിട്ടുപോലുമില്ല. പ്രണയം പോലും ഉണ്ടായിരുന്നില്ല. സിനിമയിലൂെടയാണ് പലതും മനസ്സിലാക്കിയത്. നിങ്ങളെ ഒരാൾ ചുംബിച്ചാൽ, ഇഷ്ടമാണെന്നു പറഞ്ഞാൽ സിനിമയിലേതുപോലെ തിരിച്ചു അവരെയും സ്നേഹിക്കണം എന്നായിരുന്നു എന്റെ ധാരണ. അതാണ് എന്റെയൊക്കെ തലമുറയിൽ സിനിമ ചെയ്ത ഏറ്റവും വലിയ തെറ്റ്.
അയാൾക്കൊരു നാൽപത് വയസ്സുണ്ട്. ഞാൻ അച്ഛനെന്നും അധ്യാപകനെന്നും സംവിധായകനെന്നും കരുതിയ ഒരാൾ. അയാളാണ് എന്നെ ചുംബിച്ചത്. ഞാൻ തിരിച്ചൊന്നും പ്രതികരിച്ചില്ല. എന്റെ സുഹൃത്തുക്കളോട് നടന്നതൊക്കെ പറയണം എന്നുണ്ടായിരുന്നു. പക്ഷേ ഒരു പതിനെട്ടുകാരിക്ക് ആ സമയത്ത് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കഴിയുമായിരുന്നില്ല. ഒരോ ദിവസം കഴിയും തോറും ഉപദ്രവവും വർധിച്ചു. അയാളുടെ ഭാര്യ മുകളിലെ നിലയിൽ ഉള്ളപ്പോൾപോലും എന്നെ ഉപദ്രവിച്ചു.
പതിയെ പതിയെ എന്റെ ശരീരത്തിനെ കീഴ്പ്പെടുത്താൻ തുടങ്ങി. സിനിമയിൽ വിവാഹരംഗം ചിത്രീകരിക്കുന്ന ദിവസം, താലികെട്ട് ചിത്രീകരിച്ചതിനു ശേഷമായിരിക്കും ഞാൻ നിന്നെ ‘ടേക്ക്’ ചെയ്യുന്നത് എന്ന് അയാൾ പറഞ്ഞു. ഷോട്ട് കഴിഞ്ഞതും അയാൾ ദേഷ്യത്തിലായിരുന്നു. തിരിച്ചു ഞങ്ങൾ വീട്ടിലെത്തിയപ്പോൾ ഭാര്യ അവിടെ ഇല്ലായിരുന്നു. ഷൂട്ടിങിനു ധരിച്ച പട്ടുസാരിയോടെ അയാൾ എന്നെ കട്ടിലിലേക്കു കിടത്തി. ഞാൻ നോ പറഞ്ഞെങ്കിലും അയാൾ സമ്മതിച്ചില്ല. അത് അവസാനം ലൈംഗിക പീഡനം വരെയെത്തി. പിന്നീട് ഏറെ നാൾ ഞാൻ അയാളുടെ സെക്സ് സ്ലേവ് എന്ന പോലെയായിരുന്നു. അയാൾക്ക് തോന്നുന്നത് പോലെയെല്ലാം എന്നെ ഉപയോഗിച്ചു. ഒരു നാൾ ഒരു ഇരുമ്പ് കമ്പി കയറ്റി. അങ്ങനെ പല തരം ടോർച്ചറുകളിലൂടെ ഞാൻ കടന്നു പോയി.
മാസങ്ങളോളം അയാൾ എന്റെ ശരീരം ഉപയോഗിച്ചു. എന്നെ ലൈംഗികമായി ഉപദ്രവിക്കുമ്പോൾ തന്നെ മറുവശത്ത് എന്നോട് സ്നേഹമുണ്ട് എന്നും എന്നിൽ കുഞ്ഞു വേണം എന്ന് ആഗ്രഹിക്കുന്നു എന്നുമൊക്കെ പറയുമായിരുന്നു. മകൾ എന്ന് വിളിക്കുകയും അതേ സമയം എന്നിൽ ഒരു കുഞ്ഞു വേണം എന്നുമൊക്കെ പറഞ്ഞ് എന്റെ മനസ്സിനെ വരെ തകർത്തു കളഞ്ഞു.
പിന്നീട് ഏറെ നാളുകൾക്ക് ശേഷമാണ്, ഇതൊരു റേപ്പ് ആണ്, ഞാൻ മുതലെടുക്കപ്പെട്ടു എന്ന് മനസ്സിലാവുന്നത്. ഞാൻ വഴങ്ങാൻ കാരണം എനിക്ക് സമ്മതമായിരുന്നത് കൊണ്ടല്ല മറിച്ച് പിതൃമേധാവിത്വ രീതിയിലുള്ള എന്റെ കണ്ടിഷനിങ് കൊണ്ടാണ്. പ്രായം കൊണ്ടും അത് വരെ ജീവിച്ച ഒരു ഷെൽറ്റെർഡ് ജീവിതം കൊണ്ടും വളരെ വൾനറബിൾ ആയിരുന്ന എന്നെ അയാൾ തന്റെ വഴിക്ക് കൊണ്ട് വരികയായിരുന്നു. അതിനു മുൻപ് എനിക്ക് റൊമാന്റിക് ബന്ധങ്ങൾ ഉണ്ടായിരുന്നില്ല. എന്റെ പ്രായത്തിൽ പെട്ട ആൺകുട്ടികൾ ഇഷ്ടമാണ് എന്നും മറ്റും പറയുമ്പോൾ എനിക്ക് താത്പര്യമില്ല എന്ന് പറഞ്ഞു ഒഴിവാക്കാൻ സാധിച്ചിരുന്നു. ഇവിടെ ഒരു പ്രായം ചെന്നയാൾ, ഞാൻ മകളെപ്പോലെ എന്ന് പറഞ്ഞിരുന്ന ഒരാൾ ഒരു അഡ്വാൻസ് നടത്തിയപ്പോൾ ഞാൻ ഫ്രീസ് ചെയ്തു പോയി.
അന്ന് എന്റെ വീട്ടുകാരും എന്നിൽ നിന്നും അകന്നു തുടങ്ങിയിരുന്നു. കാരണം അവരേക്കാൾ ഞാൻ സ്നേഹിച്ചിരുന്നത് ഈ മനുഷ്യന്റെ കുടുംബത്തെയായിരുന്നു. വീട്ടുകാർക്കറിയില്ലല്ലോ ഇയാൾ എന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന്. അവസാനം ഞാൻ അയാളിൽ നിന്നും ഓടിയൊളിക്കാൻ തീരുമാനിച്ചു. എന്റെ വീട്ടിൽ ഞാൻ ഒറ്റപ്പെട്ടു. പക്ഷേ ഇതിനെയൊക്കെ പതുക്കെ പതുക്കെ അതിജീവിക്കാൻ തുടങ്ങി.
ആ സമയത്ത് സിനിമാ ഇൻഡസ്ട്രിയിൽ ഞാൻ കേട്ടിരുന്നതൊക്കെ ഭയപ്പെടുത്തുന്നതായിരുന്നു. കോഴിക്കോട് ആദ്യമായി ഒരു മലയാള സിനിമയിൽ അഭിനയിക്കുന്ന സമയം. അഭിനേതാക്കളും സംവിധായകനുമൊക്കെ ഒരു ഹോട്ടലിലായിരുന്നു താമസം. അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ്മാൻ ആണ് എന്നെ സംരക്ഷിച്ചിരുന്നത്. പക്ഷേ ഈ മേക്കപ്പ്മാനെ അയച്ചിരുന്നത് എന്നെ ഉപദ്രവിച്ച ആ മനുഷ്യൻ തന്നെയായിരുന്നു. അവിടെ ഇരുന്ന് ഞാൻ പല കഥകളും കേട്ടു. അർധരാത്രി ജൂനിയർ ആർടിസ്റ്റുകൾ അടക്കമുള്ളവരെ റൂമിലേക്കു വിളിക്കുന്നതും മറ്റും.
വളരെ മോശം അനുഭവമാണ് മലയാളസിനിമാ മേഖലയിൽ താൻ നേരിട്ടത്. ഡാൻസ് റിഹേഴ്സൽ സമയത്ത് നടന്മാർ കൃത്യമായി അഭിനയിക്കും, പക്ഷേ ഫൈനൽ ഷോട്ട് വരുമ്പോൾ നെഞ്ചിലും മറ്റു ഭാഗങ്ങളിലും വേറൊരു രീതിയിൽ സ്പർശിച്ചിട്ടുപോകും. ഒരു സിനിമയുടെ ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് എന്നെ തള്ളിമാറ്റുന്ന രംഗമുണ്ട്. അതെല്ലാം റിഹേഴ്സൽ ചെയ്തു. ഫൈനൽ ടേക്കിൽ വില്ലനായി അഭിനയിക്കുന്ന നടൻ അയാളുടെ വായിൽ ചവച്ചുകൊണ്ടിരുന്ന പാൻ എന്റെ മുഖത്തേക്കു തുപ്പി. ഞാൻ ഞെട്ടിപ്പോയി. പക്ഷേ ഇത് അവർ നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നു, എന്നോടു മാത്രം പറഞ്ഞിരുന്നില്ല. ഞാനൊരു പെൺകുട്ടിയായതുകൊണ്ടും ചെറുപ്പമായതുകൊണ്ടാണ് ചൂഷണം ചെയ്തത്.
ഒരു ദിവസം മേൽമുണ്ട് ധരിച്ചൊരു സീൻ ചെയ്യണം. അതെനിക്കു കഴിയില്ലെന്നും ഒട്ടും കംഫർട്ട് അല്ലെന്നും സംവിധായകനോടു പറഞ്ഞു. ഒന്നും പേടിക്കേണ്ട വെള്ളത്തിൽ നിന്നു പൊങ്ങുന്ന ഒരു ഷോട്ട് മാത്രമാണിതെന്നും ക്യാമറ ആംഗിളിൽ മോശമായി ഒന്നും ഷൂട്ട് ചെയ്യില്ലെന്നും സംവിധായകൻ ഉറപ്പിച്ചു പറഞ്ഞു. പക്ഷേ ഷോട്ടെടുത്ത് കഴിഞ്ഞപ്പോൾ എന്റെ കഴുത്ത് മുഴുവൻ കാണാമായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിൽ ഞാൻ നാണം കെട്ടു.
ഇനി അവസാനമായി എന്നെ തകർത്തൊരു സംഭവം പറയാം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് പരാമർശിച്ചിട്ടുള്ള ഒരു നടൻ, അന്നെനിക്കൊപ്പം അഭിനയിക്കുന്ന സമയം. അയാൾ എന്നെ വിളിപ്പിച്ചു. അയാളുടെ ഭാര്യയും സെറ്റിൽ എപ്പോഴും കൂടെയുണ്ട്. ഇയാൾ എന്തൊക്കെ ചെയ്യും എന്ന ഭയം കൊണ്ടാണ് ഇവർ ഒപ്പം സഞ്ചരിക്കുന്നത്. പക്ഷേ അതെനിക്കൊരു ഷോക്ക് ആയിരുന്നു. എന്തോ പന്തികേട് എനിക്കു തോന്നി. മോശം പെരുമാറ്റ സ്വഭാവമുള്ള നടനൊപ്പം അഭിനയിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. അതോടെ സിനിമ തന്നെ അവസാനിപ്പിച്ചു. പഠനം തുടരാൻ തീരുമാനിച്ചു. എന്നിരുന്നാലും ഒരുപാട് തെറാപ്പികൾ ചെയ്താണ് ട്രോമയിൽ നിന്നും തിരികെ ജീവിതം തിരിച്ചുപിടിച്ചത്.
ഇത്രയും വർഷങ്ങൾ മനസ്സിൽ അടക്കി വച്ച കാര്യങ്ങൾ പറയാൻ ധൈര്യം തന്നത് ഹേമാ കമ്മിറ്റി റിപ്പോർട്ട് ആണ്. അത് വന്നപ്പോൾ ആശ്വാസം ആണ് തോന്നിയത്, ഇപ്പോൾ എന്റെ കാര്യങ്ങളും പറയണം എന്ന് തോന്നി, ഇതിനു മുൻപ് വരെ ഭയമായിരുന്നു. നിയമ വഴിയിൽ പോകണം എന്നില്ല, മറ്റൊരു രാജ്യത്താണ് ജീവിക്കുന്നത്. ഉപദ്രവിച്ചയാൾക്ക് 70 വയസ്സിൽ കൂടുതൽ ആയി. ആരെയെങ്കിലും ജയിലിൽ ഇട്ടിട്ടു എനിക്കൊന്നും കിട്ടാനില്ല. ദൈവം എന്റെ കൂടെയുണ്ട് എന്നാണു കരുതുന്നത്.ഒരു വിവാദം ഉണ്ടാക്കണം എന്ന് ആഗ്രഹമില്ല, പക്ഷേ പെൺകുട്ടികളുടെ മാതാപിതാക്കൾ ഇതറിയണം അറിയണം എന്നുണ്ട്. കൺസെന്റ് എന്ന കാര്യത്തെ കുറിച്ച് ഇപ്പോൾ നമ്മൾ സംസാരിക്കുന്നത് ടിപ്പ് ഓഫ് ദ് ഐസ്ബർഗ് ആണ്. കേരളം മാത്രമല്ല, സിനിമ മാത്രമല്ല, എല്ലായിടത്തും ഈ സംഭാഷണം എത്തണം എന്ന് ആഗ്രഹിക്കുന്നു.’’
തെന്നിന്ത്യയിലെ പ്രശസ്ത നടിയുടെ ഭർത്താവും നടനുമായിരുന്ന തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനിൽ നിന്നും അന്ന് പതിനെട്ടു വയസുള്ള ഡോ. സുജാത നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് അവർ വർഷങ്ങൾക്ക് ശേഷം സംസാരിക്കുന്നത്. ഒരു ഫാദർ ഫിഗർ ആയി നിന്ന് കൊണ്ട് തന്നെ എങ്ങനെയാണ് അയാൾ തന്നെ ഒരു ‘സെക്സ് സ്ലേവ്’ (ലൈംഗിക അടിമ) ആക്കിയത് എന്ന് വർഷങ്ങൾക്കിപ്പുറത്ത് നിന്ന് കൊണ്ട്, ഡോ. സുജാത പറയുന്നു.




































