24.6 C
Kollam
Wednesday 24th December, 2025 | 09:11:53 AM
Home Blog Page 2239

നിവിനെതിരായ ആരോപണം വ്യാജമെന്ന് വിനീത് ശ്രീനിവാസൻ

നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പരാതിയിൽ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങൾക്ക് ശേഷമെന്ന ചിത്രത്തിന്‍റെ ഷൂട്ടിലായിരുന്നു താരമെന്നാണ് സംവിധായകന്‍റെ വിശദീകരണം. ഇതിന് ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.

കോതമംഗലം ഊന്നുകൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെ ആണ് നിവിന് പിന്തുണയുമായി സുഹൃത്തുക്കൾ എത്തുന്നത്. എന്നാൽ പീഡനം നടന്ന ദിവസങ്ങൾ തനിക്ക് കൃത്യമായി ഓർമയില്ലെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് വിശദമായ മൊഴി നൽകുമെന്നും അവർ പറഞ്ഞു.
ബലാൽസംഗം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കും എതിരെ എഫ്ഐആർ റെജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം. രണ്ടു മണിക്കൂറോളം നേരം സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി. പോലീസ് ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിയ്ക്കടക്കം എട്ടു പേർക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി നേരിടുമെന്ന് സമരമുഖത്തെത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വെല്ലുവിളിച്ചു.അധോലോകത്തെ തിരിച്ചറിയുന്ന ഏതാളുടെ ആരോപണവും യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് രാഹുൽ മാങ്കുട്ടത്തിൽ പി വി അൻവറിൻ്റെ പരിഹാസത്തിന് മറുപടി നൽകി.

എം എം ഹസ്സന്റെ ഉദ്ഘാടന പ്രസംഗം അവസാനിക്കുന്നതിനു മുമ്പേ പ്രവർത്തകർ ബാരിക്കേഡ് ഭേദിക്കാനുള്ള ശ്രമം ആരംഭിച്ചു. പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.

പോലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിയും
കൊടിക്കമ്പുകളും കല്ലും വലിച്ചെറിഞ്ഞു. ജലപീരങ്കി വാഹനമായ വരുണിന് മുകളിൽ കയറി നിന്ന് മുദ്രാവാക്യ മുഴക്കി.സംയ്മനം പാലിച്ച് നിന്ന പോലീസിന് നേരെ പലതവണ പ്രകോപന ശ്രമം. ഷീൽഡ് റോഡിലെറിഞ്ഞ് അടിച്ച് തകർത്തു.

സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകരെ പോലീസ് തടഞ്ഞതും സംഘർഷം ഇരട്ടിയാക്കി. പ്രകോപനം എല്ലാ പരിധിയും വിട്ടതോടെ പോലീസ് ലാത്തി വീശി. പോലീസും പ്രവർത്തകരും നേർക്കുനേർ ഏറ്റുമുട്ടിയതോടെ സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായി.

അബിൻ വർക്കിയടക്കം 8 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ലാത്തിചാർജിൽ സാരമായി പരിക്കേറ്റു. മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡുപരോധിച്ചു.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമരസ്ഥലത്തെത്തിയാണ് അബിൻ വർക്കിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

കല്ലേറിലും സംഘർഷത്തിലും 5 പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരും ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചുകളും സംഘർഷത്തിൽ കലാശിച്ചു.

ചൊക്രമുടി കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമക്കാൻ റവന്യൂ മന്ത്രി കെ രാജനും, സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാറും കൂട്ടുനിന്നു എന്ന് ആരോപണം

ഇടുക്കി. ചൊക്രമുടി കയ്യേറ്റ ഭൂമിയിൽ വ്യാജരേഖ ചമക്കാൻ റവന്യൂ മന്ത്രി കെ രാജനും, സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാറും കൂട്ടുനിന്നു എന്ന് ആരോപണം. അടിമാലി സ്വദേശി സിബി ജോസഫിന് വ്യാജരേഖ ചമക്കാൻ റവന്യൂ വകുപ്പ് ഒത്താശ ചെയ്തെന്നാണ് സിപിഐ ബൈസൺ വാലി മുൻ ലോക്കൽ സെക്രട്ടറി എം ആർ രാമകൃഷ്ണൻ പറയുന്നത്.


റെഡ് സോണിൽ പെടുന്ന ചൊക്രമുടിയിൽ അനധികൃത നിർമ്മാണം നടത്തുന്നു എന്ന പരാതിയിൽ അടിയന്തര നടപടിക്ക് റവന്യൂ മന്ത്രിയുടെ ഓഫീസ് ഇന്നലെ ഉത്തരവിട്ടിരുന്നു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതിന് പിന്നാലെയാണ് കയ്യേറ്റത്തിന് കൂട്ടുനിന്നത് റവന്യൂ മന്ത്രി കെ രാജനും സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാറും ആണെന്ന് ആരോപണം ഉയർന്നത്. ആരോപണം ഉന്നയിക്കുന്ന സിപിഐ നേതാവ് രാമകൃഷ്ണൻ ചൊക്ര മുടിയിലെ 12 ഏക്കർ കൈവശഭൂമി സിബി ജോസഫ് എന്ന വ്യക്തിക്ക് കൈമാറിയിരുന്നു. 7 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമിയിൽ വ്യാജ പട്ടയം ഉണ്ടാക്കി നിരാക്ഷേപ പത്രം വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് രാമകൃഷ്ണൻ പറയുന്നത്.

രാമകൃഷ്ണന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സിബി ജോസഫ് തന്നെ പ്രതികരിച്ചു. വ്യാജ ആരോപണം എന്ന നിലപാടിലാണ് സിപിഐ ജില്ലാ നേതൃത്വവും. ഇടുക്കി ജില്ലയിലെ സിപിഐ വിഭാഗീയതയും ആരോപണം ഉയർന്നതിന് പിന്നിലുണ്ട്. സിപിഐയുടെ കർഷക സംഘടനയായ കിസാൻ സഭയും റവന്യൂ വകുപ്പിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി.

കൊമ്മേരി യിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

കോഴിക്കോട്. കൊമ്മേരി യിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. 28 ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു ഒരാളുടെ നില ഗുരുതരം . കോഴിക്കോട് കോർപറേഷൻ നടത്തിയ പരിശോധനയിൽ പ്രദേശത്തെ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണെന്ന കണ്ടെത്തിയിരുന്നു അതേ സമയം പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായി കോർപറേഷൻ ആരോഗ്യ വിഭാഗം വ്യക്തമാക്കി.

കോഴിക്കോട് കോർപറേഷൻ പരിധിയിലെ കൊമ്മേരി എരവത്ത് കുന്നിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. നിലവിൽ 28 ൽ അധികം പേർക്ക് രോഗമുണ്ട്. ചികിൽസയിലുള്ള ഒരു യുവതിയുടെ ആരോഗ്യ നില ഗുരുതരമാണ് . രോഗം വ്യാപിക്കുന്നതിലുള്ള ആശങ്കയിലാണ് പ്രദേശവാസികൾ

പ്രദേശത്തെ കുടിവെള്ള സാംപിൾ കോർപറേഷൻ പരിശോധനയ്ക്ക് അയച്ചിരുന്നു. കുടിവെള്ളസ്രോതസിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതല്ലെന്നാണ് പരിശോധനാ ഫലം. സ്ഥിതി വിലയിരുത്താനായി കോർപറേഷൻ ആരോഗ്യ വിഭാഗം പ്രത്യേക യോഗം ചേർന്നു.വീടുകൾ കയറി ബോധവൽക്കരണം നടത്താനും തീരുമാനിച്ചു

അടൽ സേതുവിൽ നിന്ന് ചാടി മലയാളി ആത്മഹത്യ ചെയ്തു

മുംബൈ . അടൽ സേതുവിൽ നിന്ന് ചാടി മലയാളി ആത്മഹത്യ ചെയ്തു. പൂനയിൽ താമസിക്കുന്ന അലക്സ് റെജി (35) ആണ് ആത്മഹത്യ ചെയ്തത്. ബാങ്ക് ജീവനക്കാരനാണ്.ജോലി ആവശ്യത്തിന് മുംബൈയിലെത്തി മടങ്ങുമ്പോഴാണ് ആത്മഹത്യ.കാർ പാലത്തിൽ നിർത്തിയത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെങ്കിലും പോലീസ് എത്തും മുമ്പ് എടുത്തുചാടി

രവീന്ദ്ര ജഡേജ ബിജെപിയില്‍ അംഗത്വം എടുത്തു

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപി എംഎല്‍എയാണ്. ഗുജറാത്തിലെ ജാംനഗര്‍ നോര്‍ത്ത് അസംബ്ലി മണ്ഡലത്തെയാണ് റിവാബ ജഡേജ പ്രതിനിധീകരിക്കുന്നത്.

രവീന്ദ്ര ജഡേജ ബിജെപിയുടെ അംഗത്വം എടുത്ത കാര്യം റിവാബ ജഡേജയാണ് അറിയിച്ചത്. സാമൂഹിക മാധ്യമത്തിലാണ് റിവാബ ജഡേജ ഇക്കാര്യം പങ്കുവെച്ചത്. റിവാബ ജഡേജയുടെയും രവീന്ദ്ര ജഡേജയുടെയും ബിജെപി അംഗത്വ കാര്‍ഡിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടുള്ളതാണ് പോസ്റ്റ്.

മുകേഷിനെ ഒഴിവാക്കി…

സിനിമാ നയകരട് രൂപീകരണ സമിതിയില്‍നിന്നും നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി. സിപിഎം നിര്‍ദേശ പ്രകാരമാണു പീഡനക്കേസില്‍ പ്രതിയായ മുകേഷിനെ ഒഴിവാക്കിയത്. സിനിമാ കോണ്‍ക്ലേവിനു മുന്നോടിയായാണ് ഷാജി എന്‍ കരുണ്‍ ചെയര്‍മാനായി നയരൂപീകരണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്.

സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി അജോയ് എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.
നേരത്തെ ബി ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഖ് അബുവും വിനയനും രംഗത്തെത്തിയിരുന്നു. വിനയന്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മുകേഷിനെ മാത്രമാണ് സമിതിയില്‍ നിന്ന് ഒഴിവാക്കിയത്.

ഐശ്വര്യ ഇനി മുടിയന് സ്വന്തം…

ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധേയനായ ഋഷി എസ് കുമാർ വിവാഹിതനായി. നടിയും നർത്തകിയുമായി ഡോ ഐശ്വര്യ ഉണ്ണിയാണ് വധു. ആറു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു സോഷ്യൽ മീഡിയയിലൂടെ ഋഷി തന്നെയാണ് വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്.
കസവില്‍ ഒരുക്കിയ ലെഹങ്കയായിരുന്നു ഐശ്വര്യയുടെ വേഷം. പിങ്ക് നിറത്തിലുള്ള സില്‍ക് കുര്‍ത്തയും മുണ്ടുമായിരുന്നു ഋഷി അണിഞ്ഞത്. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു.

പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ

പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാനായി ചുമതലയേറ്റു. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് മുൻ ചെയർമാൻ രഞ്ജിത്ത് രാജിവെച്ചതിനെ തുടർന്നാണ് പ്രേംകുമാർ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്. ഇതാദ്യമായാണ് സംവിധായകനല്ലാത്ത ഒരാൾ അക്കാദമിയുടെ തലപ്പത്തിരിക്കുന്നതെന്നതും ശ്രദ്ധേയം. വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിന് താത്കാലിക ചുമതല കൂടി നൽകുകയായിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം, സിനിമാ കോൺക്ലേവ്, കേരള അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ദൗത്യങ്ങളാണ് പ്രേംകുമാറിന് ഏകോപിക്കാനുള്ളത്. രഞ്ജിത്തിൻറെ രാജിയെത്തുടർന്ന് സംവിധായകൻ ഷാജി എൻ. കരുണിൻറെ പേര് അക്കാദമി പരിഗണിച്ചിരുന്നു. ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന് ഡബ്ല്യു.സി.സി ആവശ്യമുയർത്തി. ഇതിനുപിന്നാലെയാണു വൈസ് ചെയർമാൻ പ്രേംകുമാറിന് താൽക്കാലിക ചുമതല നൽകി സർക്കാർ പ്രശ്നം പരിഹരിച്ചത്.

2022-ലാണ് പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി ചുമതലയേൽക്കുന്നത്. 100-ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള പ്രേംകുമാർ 18 ചിത്രങ്ങളിൽ നായകനായിട്ടുണ്ട്. 2024 ൽ റിലീസ് ചെയ്ത ‘സി.ഐ.ഡി രാമചന്ദ്രൻ റിട്ട.എസ്.ഐ’ ആണ് അഭിനയിച്ചതിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

കൈവിരലുകള്‍ ഇനി മനോഹരമാക്കാം….ചെലവ് കുറഞ്ഞ മാര്‍ഗങ്ങളിലൂടെ…

ഭംഗിയുള്ള കൈവിരലുകള്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ അതിന് വേണ്ടി സമയം ചെലവഴിക്കാന്‍ പലര്‍ക്കും മടിയാണ്. കുറച്ചു സമയം ഇതിനായി മാറ്റി വച്ചാല്‍ നമ്മുടെ കൈവിരലുകളും മനോഹരമാകും. ചെലവ് കുറഞ്ഞ മാര്‍ഗങ്ങളിലൂടെ വിരലുകള്‍ സുന്ദരമാക്കാം.
നാരങ്ങയും പഞ്ചസാരയും മിക്‌സ് ചെയ്ത സ്‌ക്രബ്ബ് ഉപയോഗിക്കുന്നത് കൈവിരലുകളിലെ കറുപ്പിന് പരിഹാരമാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങാ നീരും പഞ്ചസാരയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് കയ്യിലെ വിരലുകളില്‍ മസ്സാജ് ചെയ്യുക. 10 മിനിട്ട് ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകുക.
പഞ്ചസാരയും ഒലീവ് ഓയിലും ഇത്തരത്തില്‍ കൈവിരലിലെ കറുപ്പകറ്റുന്ന ഒന്നാണ്. പഞ്ചസാര ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് കൈവിരലിലും നഖത്തിലും തേച്ച് പിടിപ്പിക്കു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുക. വെളിച്ചെണ്ണ കൊണ്ട് മോയ്‌സ്ചുറൈസ് ചെയ്യുകയാണ് മറ്റൊന്ന്. വിരലില്‍ കറുത്ത പാടുള്ള സ്ഥലങ്ങളില്‍ വെളിച്ചെണ്ണ കൊണ്ട് മോയ്‌സ്ചുറൈസ് ചെയ്യാം. പാല്‍പ്പാടയും മഞ്ഞള്‍പ്പൊടിയും മറ്റൊരു സൗന്ദര്യസംരക്ഷണ കൂട്ടാണ്. അതിനോടൊപ്പം അല്‍പം ബദാം ഓയില്‍ കൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടിയാവും.