22.9 C
Kollam
Wednesday 24th December, 2025 | 07:05:29 AM
Home Blog Page 2240

കുന്നത്തൂർ ആറ്റുകടവ് വളവിൽ സ്വകാര്യ ബസിന്റെ അടിയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു കയറി;എഞ്ചിനിയറിംഗ് വിദ്യാർത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി,വിഡിയോ

കുന്നത്തൂർ:കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷന് സമീപം ഗേൾസ് ഹോസ്റ്റലിനോട് ചേർന്നുള്ള കൊടും വളവിൽ സ്വകാര്യ ബസിന്റെ അടിയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി രക്ഷപ്പെട്ടത് അത്ഭുതകരമായി.കൊട്ടാരക്കര പ്രധാനപാതയിൽ വ്യാഴം രാവിലെ 8.15 ഓടെയാണ് അപകടം സംഭവിച്ചത്.ശാസ്താംകോട്ടയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന പയനീയർ ബസിന്റെ അടിയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ബൈക്ക് ബസിന്റെ മുൻഭാഗത്തു കൂടി അകത്തേക്ക് കയറുമ്പോൾ ബൈക്ക് ഓടിച്ചിരുന്ന വിദ്യാർത്ഥി മറ്റൊരിടത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.ഇതിനാലാണ് മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്.കൊട്ടാരക്കര സ്വദേശിയായ വിദ്യാർത്ഥി ഭരണിക്കാവ് പുന്നമൂട്ടിലെ കോളേജിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് ബസും ബൈക്കും മാറ്റി ഗതാഗതം സുഗമമാക്കുകയായിരുന്നു.

മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മ സാവിത്രി അന്തർജനം പൂജ ആരംഭിച്ചു

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായ സാവിത്രി അന്തർജ്ജനം ഇന്ന് രാവിലെ എട്ടിനും ഒമ്പതിനും ഇടയിലുള്ള മുഹൂർത്തിൽ ക്ഷേത്ര ശ്രീകോവിലിൽ നാഗരാജാവിന്റെ പൂജ ആരംഭിച്ചു. മുഖ്യപൂജാരിണിയായിരുന്ന ഉമാദേവി അന്തർജ്ജനത്തിന്റെ വിയോഗത്തെ തുടർന്നാണ് സാവിത്രി അന്തർജ്ജനത്തിലേക്ക് നിയോഗമെത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പതിനാണ് ഉമാദേവി അന്തർജ്ജനം അന്തരിച്ചത്. ഇതിനെ തുടർന്നുള്ള സംവൽസര ദീക്ഷ പൂർത്തിയായതോടെയാണ് ക്ഷേത്ര ശ്രീകോവിലിൽ അമ്മ നാഗരാജാവിന്റെ പൂജകൾ ആരംഭിക്കുന്നത്.

ഉമാദേവി അന്തർജ്ജനത്തിന്റെ വിയോഗത്തെ തുടർന്നാണ് മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുതിയ അമ്മയായി സാവിത്രി അന്തർജ്ജനം അവരോധിതയായത്. കഴിഞ്ഞ വർഷം ഉമാദേവി അന്തർജ്ജനത്തിന്റെ അന്ത്യകർമ്മങ്ങൾ നടന്നതിനൊപ്പം നിലവറയുടെ തെക്കേത്തളത്തിൽ പുതിയ അമ്മയുടെ സ്ഥാനാരോഹണവും നടന്നിരുന്നു.

അന്തരിച്ച അമ്മയുടെ പാദതീർത്ഥം അഭിഷേകം ചെയ്താണ് സാവിത്രി അന്തർജ്ജനം മുഖ്യപൂജാരിണിയായി അവരോധിക്കപ്പെട്ടത്. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജ്ജനത്തിന്റെയും രണ്ടാമത്തെ മകളാണ് പുതിയ അമ്മയായ സാവിത്രി അന്തർജ്ജനം (83). മുൻകാരണവർ എം വി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയുമാണ്. നിലവിലെ കാരണവർ പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ സതീദേവി അന്തർജ്ജനമാണ് ഇളയമ്മ.

പൊലീസ് സേനയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം, പെൻഷൻകാർക്ക് അലവൻസ്; ചരിത്ര തീരുമാനമവുമായി സർക്കാർ

ജയ്പൂർ: പൊലീസ് സേനയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണവും പെൻഷൻകാർക്ക് അഞ്ച് ശതമാനം അധിക അലവൻസും ഏർപ്പെടുത്താൻ രാജസ്ഥാൻ സർക്കാർ. കഴിഞ്ഞ ദിവസമാണ് പുതിയ നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചത്.

മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം 3,150 മെഗാവാട്ട് സൗരോർജ്ജ പദ്ധതിക്ക് സ്ഥലം അനുവദിക്കാനുള്ള നിർദേശവും അംഗീകരിച്ചു. 1989-ലെ രാജസ്ഥാൻ പൊലീസ് സബോർഡിനേറ്റ് സർവീസ് റൂൾസിലെ ഭേദഗതിക്ക് അംഗീകാരം നൽകിയതോടെയാണ് വനിതാ ക്വാട്ടക്ക് വഴിയൊരുക്കിയത്. ഇത് സംബന്ധിച്ച് പേഴ്‌സണൽ ഡിപ്പാർട്ട്‌മെൻ്റ് ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിരമിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡോ. ബൈർവ പറഞ്ഞു. യോഗ്യരായ മറ്റ് അംഗങ്ങൾ ഇല്ലെങ്കിൽ, പ്രത്യേക കഴിവുള്ള (വിശേഷ് യോഗ്യ) കുട്ടികൾ, ആശ്രിതരായ മാതാപിതാക്കൾ, പ്രത്യേക കഴിവുള്ള സഹോദരങ്ങൾ എന്നിവരുടെ പേരുകൾ ഇപ്പോൾ പെൻഷൻ പേയ്‌മെൻ്റ് ഓർഡറിൽ ചേർക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനായി 1996ലെ രാജസ്ഥാൻ സിവിൽ സർവീസസ് പെൻഷൻ ചട്ടങ്ങളിലെ 67, 87 ചട്ടങ്ങളിൽ കേന്ദ്രസർക്കാരിൻ്റെ പെൻഷൻ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ രാജസ്ഥാൻ ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ 70 നും 75 നും ഇടയിൽ പ്രായമുള്ള പെൻഷൻകാർക്ക് 5 ശതമാനം അധിക അലവൻസ് നൽകുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് രാജസ്ഥാൻ സിവിൽ ചട്ടം 54 ബിക്ക് പകരം വയ്ക്കാൻ അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സേവന പെൻഷൻ നിയമങ്ങൾ, 1996.
3,150 മെഗാവാട്ട് സൗരോർജ്ജ പദ്ധതികൾക്ക് ഭൂമി അനുവദിക്കുന്നത് തൊഴിലവസരങ്ങളും സംസ്ഥാനത്തിൻ്റെ വരുമാനവും വർധിപ്പിക്കുമെന്ന് നിയമ-നീതി മന്ത്രി ജോഗറാം പട്ടേൽ പറഞ്ഞു.

രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മൊബൈലും ടിവിയും വിലക്കി ഉത്തരവ്; മാതാപിതാക്കൾക്ക് കർശന നിർദ്ദേശം

ജനിച്ചു വീഴുന്ന കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയയിൽ അക്കൗണ്ടുള്ള കാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. മൊബൈലിലോ ടിവിയിലോ കാർട്ടൂൺ കണ്ടാൽ മാത്രം ഭക്ഷണം ഇറങ്ങുന്ന കുഞ്ഞുങ്ങളുമുണ്ട്.

എന്നാൽ, ഇമ്മാതിരി പരിപാടിയൊന്നും ഇനിയങ്ങോട്ട് വേണ്ടെന്ന കർശന ഉത്തരവ് ഇറക്കിയിരിക്കുകയാണ് സ്വീഡൻ. രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളെ യാതൊരു കാരണവശാലും മൊബൈൽ ഫോണോ ടെലിവിഷനോ ഒരു തരത്തിലുള്ള ഡിജിറ്റൽ സ്ക്രീനുകളോ കാണിക്കരുതെന്നാണ് മാതാപിതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കുട്ടികളുടെയിടയിൽ സ്ക്രീൻ ഉപയോഗം അമിതമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിർദ്ദേശം സ്വീഡൻ പുറത്തിറക്കിയിരിക്കുന്നത്. സ്ക്രീൻ ഉപയോഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ നിർബന്ധമായും ടെലിവിഷൻ, മൊബൈൽ ഫോൺ തുടങ്ങിയ സ്ക്രീനുകളിൽ നിന്ന് പൂർണമായും മാറ്റി നിർത്തണമെന്നും രാജ്യത്തെ പൊതു ആരോഗ്യ ഏജൻസി വ്യക്തമാക്കുന്നു.

രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് മാത്രമല്ല ഈ സ്ക്രീൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് പ്രായത്തിലുള്ള കുട്ടികൾക്കും കൗമാരപ്രായക്കാർക്കും വ്യക്തമായ അതിർവരമ്പ് നിശ്ചയിച്ചിട്ടുണ്ട്. സ്വീഡനിലെ പൊതു ആരോഗ്യ ഏജൻസിയുടെ നിർദ്ദേശം അനുസരിച്ച് രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ സമയം ഒരു മണിക്കൂറിൽ കൂടുതലാകരുതെന്നും നിർദ്ദേശമുണ്ട്. ആറ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ മാത്രമായിരിക്കണം സ്ക്രീൻ സമയം. പതിമൂന്നു വയസുമുതൽ 18 വയസു വരെ പ്രായമുള്ള കൗമാരക്കാർക്ക് സ്ക്രീൻ സമയം രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ മാത്രമായിരിക്കണം. ഒരിക്കലും മൂന്നു മണിക്കൂറിൽ കൂടുതൽ സ്ക്രീൻസമയം ഈ പ്രായപരിധിയിൽ ഉള്ളവർക്ക് ഉണ്ടാകാൻ പാടില്ല.

കുട്ടികളുടെയിൽ സ്ക്രീൻ ഉപയോഗം കൂടുന്നത് കുറയ്ക്കുന്നതിനു വേണ്ടിയാണ് പുതിയ മാർഗനിർദ്ദേശങ്ങളെന്ന് സ്വീഡിഷ് സർക്കാർ വ്യക്തമാക്കി. സ്ക്രീൻ സമയം കുറയ്ക്കുക മാത്രമല്ല കുട്ടികളുടെ ശീലങ്ങൾ കൂടി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്വീഡിഷ് സർക്കാർ പുതിയ നടപടിയുമായി എത്തുന്നത്. ഉറക്കസമയത്തിന് മുമ്പ് സ്ക്രീൻ സമയം നിയന്ത്രിക്കണമെന്നും നിർദ്ദേശമുണ്ട്. മികച്ച ഉറക്കം കുട്ടികൾക്ക് ലഭിക്കുന്നതിന് രാത്രിയിൽ കുട്ടികളുടെ കിടപ്പുമുറിയിൽ നിന്ന് ഫോണുകളും മറ്റും മാറ്റണമെന്നും നിർദ്ദേശത്തിലുണ്ട്.

പതിമൂന്ന് വയസിനും 16 വയസിനും പ്രായമുള്ള സ്വീഡനിലെ കൗമാരക്കാർ ദിവസം ആറര മണിക്കൂറോളമാണ് മൊബൈൽ ഫോണിലും ടിവിയിലുമായി ചെലവഴിക്കുന്നത്. ഇത്രയധികം സ്ക്രീൻ സമയം കുട്ടികളെ കുടുംബാംഗങ്ങളുമായി ഇടപെടുന്നതിൽ നിന്നും ശാരീരിക വ്യായാമം ചെയ്യുന്നതിൽ നിന്നും അകറ്റുന്നു. സ്ക്രീൻ സമയം അമിതമാകുന്നതിനാൽ മിക്ക കുട്ടികൾക്കും മികച്ച ഉറക്കവും ലഭിക്കുന്നില്ല. അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളെ ഉറക്കക്കുറവിലേക്കും വിഷാദത്തിലേക്കും നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്വീഡൻ സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

‘അത്തപ്പൂക്കളം മാത്രമിടാം’; സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്ക് നിയന്ത്രണം, ഓണം സുവനിയർ ഇറക്കുന്നതും പ്രതിസന്ധി

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ. സെക്രട്ടേറിയറ്റിൽ ഓണാഘോഷ പരിപാടികൾ ഉണ്ടാവില്ല. ജീവനക്കാരുടെ മത്സരങ്ങളും നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും മത്സരമില്ലാതെ അത്തപ്പൂക്കളം ഇടാൻ അനുമതിയുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയ് അസോസിയേഷൻ്റെ ഓണം സുവനിയറും ഇറക്കുന്നതും നിലവിൽ പ്രതിസന്ധിയിലാണ്. സംസ്ഥാനത്താകെ ഓണാ​ഘോഷ പരിപാടികളിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, വയനാട് ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ ഉള്‍പ്പെടെ വൈത്തിരി താലൂക്കിലെ വായ്പകളിന്മേലുള്ള റവന്യു റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ദുരന്ത ബാധിത മേഖലകളിലെ ആളുകളുടെ വായ്പകള്‍ക്ക് പ്രഖ്യാപനം ബാധകമായിരിക്കും. കഴിഞ്ഞ ജൂലൈയിൽ പാസാക്കിയ റവന്യു റിക്കവറി ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ നിര്‍ണായക തീരുമാനം. റവന്യു മന്ത്രി കെ രാജനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത് സംബന്ധിച്ച് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകള്‍,വായ്പാ കുടിശികകള്‍ എന്നിവയിലാണ് എല്ലാതരത്തിലുമുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നാഷണലൈസ്ഡ്, ഷെഡ്യൂള്‍ഡ്, കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും. റവന്യു വകുപ്പ് ജോയിന്‍റ് സെക്രട്ടറി കെ സ്നേഹലതയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവിന്‍റെ പകര്‍പ്പ് സംസ്ഥാന ബാങ്കേഴ്സ് സമിതിക്കും ജില്ലാ കളക്ടര്‍ക്കും അയച്ചിട്ടുണ്ട്. ജൂലൈ 26നാണ് കേരള റവന്യു റിക്കവറി ഭേദഗതി നിയമം നിലവില്‍ വന്നത്. ജപ്തി നടപടികള്‍ നീട്ടിവെയ്ക്കുന്നതിനും മൊറട്ടോറിയം അനുവദിക്കുന്നതിനും തവണ അനുവദിക്കുന്നതിനും 2024ലെ കേരള റവന്യു റിക്കവറി ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സമ്മേളനങ്ങളിൽ പൊതിച്ചോർ; നിർദേശവുമായി സിപിഎം

തിരുവനന്തപുരം: സമ്മേളനങ്ങളിൽ ആർഭാടം വേണ്ടെന്ന് സിപിഎം നിർദേശം. ഭക്ഷണത്തിലും പ്രചാരണത്തിലും ആർഭാടം ഒഴിവാക്കണമെന്ന് പാർട്ടി കീഴ്ഘടകങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നിർദേശം നൽകി. കഴിഞ്ഞ തവണ ചില സ്ഥലങ്ങളിലെ സമ്മേളനങ്ങൾ ആർഭാടത്തെ തുടർന്ന് ചർച്ചയായ സാഹചര്യത്തിലാണ് നടപടി.

ബ്രാഞ്ച് -ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ മതിയെന്നാണ് നിർദേശം. ആർച്ചും കട്ട് ഔട്ടും ഒഴിവാക്കണം. സമ്മേളനങ്ങളിൽ സമ്മാനങ്ങൾ ഒഴിവാക്കണം. പാർട്ടി പ്രതിനിധികൾക്ക് വിലകൂടിയ ബാഗുകൾ നൽകരുതെന്നും നിർദേശമുണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ. നവംബറിൽ ഏരിയ സമ്മേളനവും ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനവും നടക്കും. ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം. ഏപ്രിലിൽ പാർട്ടി കോൺഗ്രസ്.

തടാക തീരത്ത് വലിയപാടം മേഖലയില്‍ മുള്ളന്‍പന്നിയുടെ സാന്നിധ്യം

ഫയല്‍ ചിത്രം

ശാസ്താംകോട്ട. തടാക തീരത്ത് വലിയപാടം മേഖലയില്‍ മുള്ളന്‍പന്നിയുടെ(കൂരന്‍) സാന്നിധ്യം കണ്ടെത്തി. മേഖലയില്‍ ഇന്നു രാവിലെ മുള്ളന്‍പന്നിയുടെ മുള്ളുകള്‍ കണ്ടത് അതിശയമായിരിക്കയാണ്. വനമേഖലയൊന്നുമല്ലാത്ത ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് മുള്ളുകള്‍ കണ്ടത്. അടുത്ത് മറ്റൊരിടത്ത് രക്തം വീണ പാടുകളുമുണ്ട്. രാത്രി നായ്ക്കളുടെ ബഹളം കേട്ടതായി സ്ഥലവാസികള്‍ പറയുന്നു.


ഇതിനടുത്ത മായാറാം എസ്റ്റേറ്റ് ചെമ്പില്‍ ചതുപ്പിന് സമീപം. പത്തുവര്‍ഷത്തിന് മുമ്പ് മണല്‍ലോറിതട്ടി ഒരു മുള്ളന്‍ പന്നി ചത്തത് നാട്ടുകാര്‍ ഓര്‍ക്കുന്നു. അന്ന് അത് വാര്‍ത്തയായിരുന്നു. മേഖലയില്‍ പലയിടത്തും കാട്ടുപന്നി ശല്യം കണ്ടിട്ടുണ്ടെങ്കിലും മുള്ളന്‍ പന്നി സാന്നിധ്യം സാധാരണമല്ല. കൃഷി വന്‍തോതില്‍ നശിപ്പിക്കുന്ന മുള്ളന്‍പന്നി പെരുകിയാല്‍ വലിയ പ്രശ്നമാകും. വന്യജീവിഗണത്തില്‍ പെടുന്ന ഇതിനെ അപകടപ്പെടുത്തുന്നത് കുറ്റമാണ്. കുട്ടികളും വളര്‍ത്തു ജന്തുക്കളും അടുത്തുപോയാല്‍ ആക്രമണം നേരിട്ടേക്കാം.

മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ തട്ടി മരിച്ചു

ചെന്നൈ: ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവാവും യുവതിയും ട്രെയിൻ ഇടിച്ചു മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു.

മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാൽ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഐശ്വര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഐശ്വര്യയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. പിതാവ്: ടി.മോഹൻദാസ് (ജനറൽ സെക്രട്ടറി, മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി). മാതാവ്. റാണി (മെഡിക്കൽ കോളജ് എച്ച്ഡിഎസ് ലാബ് ടെക്നിഷ്യൻ). മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. പിതാവ് ചെന്നൈ സുആദ് ട്രാവൽസ് ഉടമ കിഴക്കേതിൽ സുബൈർ ഹാജി. മാതാവ് കദീജ.

വേങ്ങ കണ്ടത്തിൽ വടക്കതിൽ രാധമ്മയമ്മ നിര്യാതയായി

ശാസ്താംകോട്ട.വേങ്ങ കണ്ടത്തിൽ വടക്കതിൽ സനാതനൻ പിള്ളയുടെ മാതാവ് രാധമ്മയമ്മ നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചക്ക്12.30 ന് പരപ്പാടിയിൽ ക്ഷേത്രത്തിന് തെക്കുവശമുള്ള വീട്ടുവളപ്പിൽ

സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്നു മുതൽ

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30ൽനിന്നു 33 രൂപയാക്കിയിരുന്നു. പച്ചരി വില കിലോഗ്രാമിന് 26ൽനിന്ന് 29 രൂപ ആക്കേണ്ടി വരുമെന്നു മന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിൽ വന്നിട്ടില്ല.

13 ഇനം സബ്സിഡി സാധനങ്ങളിലെ നാലിനം അരിയിൽ ‘ജയ’യ്ക്കു മാത്രമാണു വില വർധിപ്പിക്കാത്തത്. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയിൽനിന്ന് 115 ആക്കി. ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 ആയി കുറച്ചു. പഞ്ചസാരയുടെ വില കിലോയ്ക്ക് 27 രൂപയിൽനിന്ന് 33 ആക്കിയിരുന്നു. പൊതു വിപണിയിലേതിന് ആനുപാതികമായി സബ്സിഡി സാധനങ്ങളുടെ വിലയും പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

സപ്ലൈകോ ഓണച്ചന്തകൾ ഇന്നു മുതൽ

സപ്ലൈകോയുടെ ഓണച്ചന്തകളോടെ ഇന്നു മുതൽ ഓണവിപണി ഉണരും. 14 വരെയാണ് ഓണച്ചന്തകൾ. ജില്ലാതല ചന്തകൾ നാളെ മുതൽ 14 വരെ. 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമേ ശബരി ഉൽപന്നങ്ങളും എഫ്എംസിജി, മിൽമ, കൈത്തറി എന്നിവയുടെ ഉൽപന്നങ്ങളും പഴം, ജൈവ പച്ചക്കറികൾ എന്നിവയും മേളയിൽ 10 മുതൽ 50% വരെ വിലക്കുറവിൽ ലഭിക്കും. പ്രമുഖ ബ്രാൻഡുകളുടെ ഇരുനൂറിലധികം നിത്യോപയോഗ സാധനങ്ങൾക്കു വിലക്കുറവുണ്ടാകും.

255 രൂപയുടെ ആറ് ശബരി ഉൽപന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് ആണ് മറ്റൊരു ആകർഷണം. നിലവിൽ നൽകുന്നതിനു പുറമേ 10% വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ആകർഷകമായ കോംബോ–ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭിക്കും. ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു വൈകിട്ട് അഞ്ചിനു തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.