22.9 C
Kollam
Wednesday 24th December, 2025 | 04:55:11 AM
Home Blog Page 2241

സംസ്ഥാനത്തെ കോളേജുകളിൽ സമൂലമാറ്റം

തിരുവനന്തപുരം. സംസ്ഥാനത്തെ കോളേജുകളിൽ ഇനിമുതൽ ഫ്ലക്സി ടൈം.രാവിലെ 8:30 മുതൽ 5:30 വരെ ക്ലാസ് ഉണ്ടാവും,ഉച്ച ഭക്ഷണസമയം ഉൾപ്പെടെ 7 മണിക്കൂർ അധ്യാപകർ ക്യാമ്പസിൽ ഉണ്ടാകണം.

8.30 മുതൽ 3.30 വരെയോ 10 മുതൽ 5 വരെയോ ക്ലാസ്സുകൾ സംഘടിപ്പിക്കാം.തീരുമാനം കോളേജ് കൗൺസിലിന് എടുക്കാം.ഒരു മണിക്കൂറിൽ അധികം പിരീഡ് നീട്ടാം. ഒരു സെമസ്റ്ററിൽ 90 പ്രവർത്തി ദിവസങ്ങൾ ഉറപ്പാക്കണം. വേണ്ടിവന്നാൽ ശനിയാഴ്ചയും പഠന ദിവസമാക്കാമെന്നും ഉത്തരവ്. നീണ്ട അവധി വന്നാൽ ഓൺലൈൻ ക്ലാസ് ഉറപ്പാക്കണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിംഗപ്പൂർ സന്ദർശനം ആരംഭിച്ചു

ന്യൂഡെല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിംഗപ്പൂർ സന്ദർശനം ആരംഭിച്ചു.ബ്രൂണയ് സന്ദർശനം പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സിംഗപ്പൂരിലെത്തിയത് .കൂടുതൽ നിക്ഷേപത്തിനും തന്ത്രപ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്നു നടക്കും.സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.ഇന്നു പാർലമെന്റ് ഹൗസിലാണു മോദിക്ക് സ്വീകരണം നൽകും.പ്രസിഡന്റ് തർമൻ ഷൺമുഖരത്‌നവുമായും പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തും.

കൃഷ്ണകുമാറിന്‍റെ സംസ്കാരം ഇന്ന്, തേങ്ങലടക്കാനാവാതെ നാട്

രാവിലെ മുതല്‍ പൊതു ദര്‍ശനം, വൈകിട്ട് മൂന്നിന് സംസ്കാരം

ശാസ്താംകോട്ട : സി.പി.എം നേതാവും കുന്നത്തൂരിലെ രാഷ്ട്രീയ- സാമൂഹിക- ഗ്രന്ഥശാല മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന ആർ. കൃഷ്ണകുമാറിന്‍റെ വേര്‍പാടില്‍ തേങ്ങലടക്കാനാവാതെ നാട്. രാഷ്ട്രീയഭേദമില്ലാതെ വളര്‍ത്തിയ സൗഹൃദം മൂലം പൊതുപ്രവര്‍ത്തകന്‍റെ അകാല വേര്‍പാടിന്‍റെ ഞെട്ടലിലാണ് നാട്.

മൺമറയുന്നത് ഒരു പിടി സ്വപ്നങ്ങൾ ബാക്കി വച്ച്. ബുധനാഴ്ച രാവിലെ വീടിന് സമീപം വച്ച് ഹൃദയാഘാതം വരികയും ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.

തന്‍റെ സ്വപ്നമായിരുന്ന ഗ്രന്ഥശാലക്കെട്ടിടത്തിന്‍റെ ഉദ്ഘാടനം കെകെ ഷൈലജ ടീച്ചറെ എത്തിച്ച് നിര്‍വഹിച്ചതിന്‍റെ ആനന്ദത്തിലായിരുന്നു കൃഷ്ണകുമാര്‍. .സ്വദേശമായ പള്ളിശ്ശേരിക്കൽ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ഇ.എം.എസ് ഗ്രന്ഥശാലയോടനുബന്ധിച്ച് പകൽ വീട് എന്ന പദ്ധതി നടപ്പിലാക്കുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. കൃഷ്ണകുമാർ ഇതിൻ്റെ പ്രസിഡൻ്റ് ആയിരുന്നു.സമീപ പ്രദേശത്തെ വീടുകളിൽ പകൽനേരങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോധികരെ കൂട്ടി കൊണ്ട് വരികയും അവരുടെ ശാരീരികവും മാനസികവുമായ ഉല്ലാസങ്ങൾക്ക് അവസരമൊരിക്കി നൽകിയ ശേഷം തിരികെ വീട്ടിലെത്തിക്കുന്നതിനും പാലിയേറ്റിവ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും ഗ്രന്ഥശാലയോടനുബന്ധിച്ച് സാധാരക്കാർക്ക് പ്രയോജനപ്രദമായ രീതിയിൽ ഒരു ജന സേവാ കേന്ദ്രവും ലക്ഷ്യമിട്ടിരുന്നു. ഗ്രന്ഥശാലയെ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാല ആക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. കേവലം ആറു വർഷം മുമ്പ് മാത്രം പ്രവർത്തനം ആരംഭിച്ച ഗ്രന്ഥശാലയ്ക്ക് 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ 13 സെൻ്റ് വസ്തുവിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച 25ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഒരാഴ്ച നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ കഴിഞ്ഞ മാസം ( ആഗസ്റ്റ്) 22 ന് മുൻ മന്ത്രി കെ.കെ ഷൈലജയാണ് നിര്‍വഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഗ്രന്ഥശാലയിൽ കൂടുതൽ നിർമ്മിതിക്ക് വേണ്ടി ജനപ്രതിനിധികൾ ഫണ്ട് നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നിലവിൽ നിർമ്മിച്ച കെട്ടിടത്തിന് മുകളിലും മുൻഭാഗത്തും ഹാൾ പണിയണമെന്നും പ്രദേശത്തെ സാധാരണക്കാരായ ആളുകളുടെ കൊച്ചു ചടങ്ങുകൾക്ക് സ്ഥലം വിട്ടു നൽകണമെന്നും ആഗ്രഹിച്ചിരുന്നു അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് മരണം കൂട്ടിക്കൊണ്ടുപോയത്.

ശാസ്താംകോട്ട താലൂക്കാശുപത്രി അവികസിതമായിരുന്ന നാളുകളില്‍ ഡിവൈഎഫ്ഐ നേതാവായിരുന്ന കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന ഊര്‍ജ്ജിത സമരങ്ങളിലാണ് ഒട്ടനവധി വികസന പദ്ധതികള്‍ അവിടെ നടപ്പിലായത്. ജില്ലാ കലക്ടര്‍വരെ ആശുപത്രിയിലെത്തി സമരം ഒത്തു തീര്‍പ്പാക്കേണ്ട സാഹചര്യം ഒരുക്കിയിരുന്നു. കെഎസ്എം ഡിബി കോളജ് ക്യാംപസിലെ സമരങ്ങള്‍ പുറത്തേക്ക് വ്യാപിച്ച കാലഘട്ടത്തില്‍ അതിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് പ്രശ്നപരിഹാരത്തിന് നേതൃത്വം നല്‍കിയതും തടാക സംരക്ഷണ പദ്ധതികളുടെ ഭാഗമായി നടന്ന അധികൃത ചര്‍ച്ചകളില്‍ ചില വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിയതും കൃഷ്ണകുമാറിനെ നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു. സിപിഎം യുവനിരയില്‍ ഉയര്‍ന്നു വന്നിട്ടും പാര്‍ട്ടി ചുമതലകളില്‍ വന്നമാറ്റം മൂലം ഗ്രന്ഥശാലാപ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു കൃഷ്ണകുമാര്‍. പഞ്ചായത്ത് അംഗമായിരുന്ന കാലത്തും രാഷ്ട്രീയഭേദമെന്യേ ആര്‍ക്കും ആശ്രയിക്കാവുന്ന മികച്ച പൊതുപ്രവര്‍ത്തകനെന്ന പേര് നേടിയ നേതാവിന്‍റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് മാത്രമല്ല നാടിനാകെ വിങ്ങലായിരിക്കയാണ്.

രാവിലെ 9 മണിക്ക് ശാസ്താംകോട്ടയിൽ നിന്നും വിലാപയാത്രയായി സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കും. 9.30 മുതൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനം, ശേഷം 10.30 ന് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലും, 11 മണിക്ക് പള്ളിശേരിക്കൽ ഇ എം എസ് ഗ്രന്ഥശാലയിലും ശേഷം വീട്ടിലും പൊതുദർശനം ഉണ്ടാകും. സംസ്‍കാര ചടങ്ങുകൾ വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
.

വേറിട്ടപ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയനായ അധ്യാപകന്‍

താമരക്കുളം. കേരളത്തിലെ പൊതുവിദ്യാലങ്ങളുടെ ഉന്നമനത്തിനായി വേറിട്ട പദ്ധതികളുമായി മുന്നേറുന്ന അധ്യാപകനാണ് ആലപ്പുഴ താമരക്കുളം വിജ്ഞാന വിലാസിനി ഹയർസക്കണ്ടറി സ്കൂളിലെ അധ്യാപകൻ എല്‍ സുഗതൻ . കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി അധ്യാപന രംഗത്ത് ശ്രദ്ധേയനായത് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. പുസ്തകത്താളുകളിൽ നിന്ന് ലഭിക്കുന്ന അറിവുകൾക്കപ്പുറം കുട്ടികളെ സമൂഹത്തിന് ഉതകുന്ന തരത്തിൽ കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികളിലൂടെ അടിസ്ഥാനപരമായി അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തിയുള്ള വിദ്യാലയ പ്രവർത്തനങ്ങൾ ആണ് അദ്ദേഹം നടത്തിവരുന്നത്.
കേരളത്തിലെ ഭൂരിപക്ഷം പ്രൈമറി സ്കൂളുകളിലും ഇദ്ദേഹം ആഹ്വാനം ചെയ്ത പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്….

പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവർത്തകയും ആയിരുന്നു സുഗതകുമാരി ടീച്ചറിന്റെ സ്വപ്നങ്ങൾക്ക് ചിറകുവിടർത്തുക എന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ചെയർമാൻ കൂടിയായ അദ്ദേഹം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിരവധി പദ്ധതികളാണ് നടത്തിവരുന്നത്. അതിൽ ഏറ്റവും പ്രധാനമാണ്
കുട്ടികളിൽ സഹജീവി സ്നേഹം വളർത്തിയെടുക്കുന്നതിനായി സ്കൂളിലും കുട്ടികളുടെ വീടുകളിലും നടപ്പാക്കി കൊണ്ടിരിക്കുന്ന കുരുവിക്കൊരു തുള്ളി പദ്ധതി. കുരുവികൾക്ക് വെള്ളം കൊടുക്കുന്നതിലുപരി ദാഹിച്ചു വലയുന്ന ഒരാൾക്ക് കുടിവെള്ളം കൊടുക്കുന്ന ഒരു വ്യക്തി ഒരിക്കലും ഒരു ക്രിമിനൽ ആകില്ല എന്ന തത്വം ഇതിന്റെ പിന്നിലുണ്ട്.
കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി സ്കൂളുകളിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന മറ്റൊരു പദ്ധതിയാണ് ഇക്കോ സ്റ്റോൺ ചലഞ്ച്.
വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കുപ്പികളിൽ ആക്കി സ്റ്റോണുകളായി ഉപയോഗിച്ച് മരങ്ങൾക്ക് ഇരിപ്പിടം കെട്ടുന്ന പദ്ധതിയാണിത്. ഇത് പങ്കാളിയാകുന്ന കുട്ടികൾ ഒരിക്കലും പ്ലാസ്റ്റിക് കവറുകൾ ഭൂമിയിലേക്ക് വലിച്ചെറിയില്ല എന്നുള്ളതാണ് വസ്തുത.
കുട്ടികളിൽ പാരിസ്ഥിതിക അവബോധം ഉണ്ടാക്കുന്നതിനും അവരെ പരിസ്ഥിതിയുടെ പ്രചാരകരാക്കുക എന്ന ലക്ഷ്യത്തോടും നടപ്പിലാക്കി കൊണ്ടിരിക്കുന്ന മറ്റൊരു പദ്ധതിയാണ് പ്രതിഭാമരപ്പട്ടം അവാർഡ്. കേരളത്തിലെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രതിഭകളായ കുട്ടികളെ കണ്ടെത്തി
അവരുടെ സ്കൂളുകളിൽ എത്തി നൽകുന്ന അവാർഡ് ആണിത്. അവർ പഠിക്കുന്ന സ്കൂളിൽ ട്രസ്റ്റ് നൽകുന്ന മരം നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു വളർത്തുന്നതാണ് ഇതിലെ മുഖ്യ ആകർഷകത്വം. കേരളത്തിൽ ഇത്തരം 18 കുട്ടികൾക്കാണ് ഇതിനാലകം അവാർഡ് നൽകിയിട്ടുള്ളത്. മിക്ക അവാർഡുകളും നൽകിയിട്ടുള്ളത് കളക്ടർമാരും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖരാണ്..
കേരളത്തിലെ കുട്ടികളുടെ സുരക്ഷിതത്വം മുന്നിലെടുത്ത് ബാലാവകാശ വിഷയങ്ങളിൽ ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് തിരക്കേറിയ പാതകളുടെ വശങ്ങളിലുള്ള സ്കൂളുകൾക്ക് മുൻവശം സുരക്ഷാ വേലിയും നടപ്പാതയും നിർമ്മിക്കുന്നതിന് സർക്കാർ ഉത്തരവിട്ടത്. ഈ പദ്ധതി ആദ്യം നടപ്പിലാക്കിയത് സ്വന്തം സ്കൂളിലായിരുന്നത് ശ്രദ്ധേയമാണ്. സ്കൂൾ ഉച്ചഭക്ഷണത്തിലെ വിഷം തീണ്ടി പച്ചക്കറി ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ നിരന്തരാവശ്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. കലാകായിക പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുത് എന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇദ്ദേഹത്തിന്റെ ശ്രമഫലമായി ഉണ്ടായതാണ്.
കുട്ടികളിലെ കായിക അഭിരുചി വർധിപ്പിക്കുന്നതിനായി കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള കളിക്കോപ്പുകൾ എല്ലാ സ്കൂളുകളിലും ആവശ്യാനുസരണം വിതരണം ചെയ്യണം എന്നുള്ള ഇദ്ദേഹത്തിന്റെ നിവേദനവും സർക്കാരിന്റെ പരിഗണനയിലാണ്.
കുട്ടികളിൽ മൊബൈലിന്റെ ആധിക്യം കുറയ്ക്കുന്നതിനായി ക്ലാസ് റൂം ലൈബ്രറി എന്ന ആശയം ആദ്യം തന്റെ സ്കൂളിൽ നടപ്പാക്കുകയും അത് കേരളത്തിലെ മറ്റു വിദ്യാലയങ്ങളിലും നടപ്പാക്കണം എന്ന അദ്ദേഹത്തിന്റെ ആവശ്യവും സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ശരിയായ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇദ്ദേഹം ഇനി മുന്നോട്ടുവയ്ക്കുന്നത്.
തന്റെ സ്കൂളിലെ വിവിധ മേഖലകളിൽ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും കണ്ടെത്തി ആധുനിക ടെക്നോളജിയുടെ സഹായത്തോടെ ലോകജനതയ്ക്ക് പരിചയപ്പെടുത്തുന്ന “വി വി ലിറ്റിൽ സ്റ്റാർസ് “എന്ന ചാനൽ ഇതിനാലകം കേരളക്കരയുടെ ശ്രദ്ധ പിടിച്ചു പറ്റി മുന്നേറുകയാണ്. ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും നൽകി വരുന്നുണ്ട്. ഇതിൽ നിന്നുമാണ് പള്ളിക്കൂടം ടി വി എന്ന ആശയം സുഗതൻ മാഷിന്റെ ചിന്തയിൽ ഉദിക്കുന്നത്. കേരളത്തിലെ മറ്റു സ്‌കൂളുകളിലെ പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും കൂടാതെ പൊതുവിദ്യാലയങ്ങളുടെ മികവുകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം നിർവഹിച്ച ഈ ഓൺലൈൻ ടി വി ചാനൽ പ്രവർത്തിച്ചു വരുന്നത്.
അക്കാദമിക്ക് മേഖലയിലും ഇദ്ദേഹത്തിന്റെ സംഭാവനകൾ നിരവധിയാണ്.ഒരു ഗണിതശാസ്ത്ര അധ്യാപകൻ കൂടിയായ സുഗതൻ മാഷ് നോബൽ ഫോർ മാത്‍സ് ഇന്റർനാഷണൽ സൈൻ ക്യാമ്പയിൻ എന്ന മൂവ്മെന്റിന്റെ ഇന്റർനാഷണൽ കോഡിനേറ്റർ കൂടിയാണ്.
ലോകത്ത് ആദ്യമായി ഗണിതശാസ്ത്രത്തിന് നോബൽ പ്രൈസ് വേണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച സംഘടനയാണിത്. സ്പീഡ് കാർട്ടൂണിസ്റ് അഡ്വക്കേറ്റ് ജിതേഷ്ജി ചെയർമാനായിട്ടുള്ള ഇതിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുന്നത് മുൻ വിദേശകാര്യ സെക്രട്ടറി കൂടിയായ ടിപി ശ്രീനിവാസനാണ്. മുൻ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബി ഇഖ്ബാൽ ഇതിന്റെ രക്ഷാധികാരിയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും അനുമതി ലഭിച്ച ഈ പദ്ധതി കേരളത്തിലെ ക്യാമ്പസുകളിൽ പദ്ധതി സമർപ്പണത്തിന് ആയിട്ടുള്ള ഒപ്പുശേഖരണംനടന്നു വരുന്നു. ഇദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി തവണ ഗണിതശാസ്ത്ര മേളകളിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ സ്കൂളിലെ കുട്ടികൾക്ക് ശ്രദ്ധേയമായ നേട്ടം നേടിയെടുക്കാൻ സഹായിച്ചിട്ടുണ്ട്.
എസ് സി ആർ ടി യുടെ നേതൃത്വത്തിൽ നടത്തിയ പാഠ്യ പദ്ധതി പരിഷ്കരണ ശില്പശാലയിലെ അംഗം കൂടിയാണ് ഇദ്ദേഹം.
ഇദ്ദേഹം നേതൃത്വം കൊടുത്തു നിർമ്മിച്ച ശ്രീനിവാസ രാമാനുജന്റെ ജീവിതചരിത്രം വിവരിക്കുന്ന ഡോക്യുമെന്ററിക്ക് കുട്ടികളുടെ ചലച്ചിത്ര വിഭാഗ മത്സരത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് . കുട്ടികളിൽ ഗണിത പഠനം എളുപ്പമാക്കുന്ന ” ഗണിതം പാൽപ്പായസം” എന്ന പുസ്തകവും ” സാമൂഹ്യപ്രതിബദ്ധതയുള്ള ഒരധ്യാപകൻ എന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിലെ തന്റെ ഇടപെടലുകൾ അടങ്ങിയ “എന്റെ പ്രതികരണങ്ങൾ ” എന്ന ലേഖനസമാഹരണത്തിന്റെയും അണിയറയിലാണ് ഇപ്പോൾ ഇദ്ദേഹം.
കേരളത്തിലെ കലാലയങ്ങളിൽ കുട്ടികൾക്ക് വേണ്ടിയും രക്ഷിതാക്കൾക്ക് വേണ്ടിയിമുള്ള പരിശീലന പരിപാടി നടത്തുന്ന പരിശീലകനായും
പരിസ്ഥിതി പ്രവർത്തകനായും എഴുത്തുകാരനായും തിളങ്ങുന്ന സുഗതൻ മാഷിന് സംസ്ഥാന അധ്യാപക അവാർഡ്, സംസ്ഥാന വനമിത്ര അവാർഡ് , മികച്ച വിദ്യാഭ്യാസ പ്രവർത്തകനുള്ള പ്രഥമ എലിസ്റ്റർ എക്സലൻസി പുരസ്‌കാരം, ജെ സി ഐ യുടെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ്, ഡോക്ടർ ബി ആർ അംബേദ്കർ ബാബാ സാഹിബ്‌ പുരസ്കാരം മികച്ച അധ്യാപകനുള്ള ദേശീയ അധ്യാപക ഫൗണ്ടേഷൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ് . 2015 മുതൽ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 10 വിദ്യാർത്ഥികൾക്ക് പ്രതിമാസം ആയിരം രൂപാ നിരക്കിൽ നാലുവർഷം നീണ്ടുനിന്ന എ പി ജെ അബ്ദുൽ കലാം സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കി. ഈ വർഷം പദ്ധതി വീണ്ടും തുടങ്ങിയിട്ടുണ്ട് . കഴിഞ്ഞ കോവിഡ് കാലത്ത് തന്റെ ക്ലാസിലെ 40 ഓളം കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കുട്ടികളെയും രക്ഷിതാക്കളെയും മഹാമാരിയുടെ വ്യാധിയിൽ നിന്നുമുള്ള ആശങ്ക അകറ്റി വായിക്കുവാനുള്ള പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നൽകിയത് കൂടാതെ സോപ്പും സാനിറ്റൈസറുകളും ഉൾപ്പെടെ പച്ചക്കറി വിത്തുകളും നൽകി. ഈ യാത്രയിലൂടെ സ്വന്തമായി വീടില്ലെന്ന് കണ്ടെത്തിയ കുട്ടിക്ക് വീട് വയ്ക്കുവാൻ ആവശ്യമായ വസ്തു തരപ്പെടുത്തി കൊടുത്തതും ഇദ്ദേഹത്തിന്റെ കോവിഡ് കാല പ്രവർത്തനങ്ങളാണ്.

മുകേഷ്, ഇടവേള ബാബു… ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും

ബലാത്സംഗക്കേസിൽ കൊല്ലം എം.എൽ.എ മുകേഷ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. മുകേഷിന് പുറമേ ഇടവേള ബാബു, കോൺഗ്രസ് അഭിഭാഷക നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികളിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക. വാദത്തിനിടെ മുൻകൂർ ജാമ്യാപേക്ഷകളെ സർക്കാർ ശക്തമായി എതിർത്തിരുന്നു. പരാതി അടിസ്ഥാന രഹിതമാണെന്ന നിലപാടാണ് ഹർജിക്കാർ കോടതിയിൽ സ്വീകരിച്ചത്. 

അമേരിക്കയിലെ സ്ക്കുളിൽ വെടിവെയ്പ്പ് ;4 പേർ മരിച്ചു

ജോർജിയ: അമേരിക്കയിലെ ജോർജിയിൽ സ്ക്കൂളിലുണ്ടായ വെടിവെയ്പ്പിൽ 4 പേർ മരിച്ചു.വൈൻഡറിലെ അപലാച്ചി
ഹൈ സ്ക്കൂളിൽ ലുണ്ടായ വെടിവെയ്പ്പിൽ
രണ്ട് അധ്യാപകരും രണ്ട് വിദ്യാർത്ഥികളുമാണ് മരിച്ചത്. 9 പേർക്ക് പരിക്കേറ്റു. ഇതേ സ്ക്കൂളിലെ 14കാരനായ അക്രമി അറസ്റ്റിലായതായി പോലീസ് പറഞ്ഞു.

മഴ തുടരാൻ സാധ്യത..

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇന്ന് മധ്യ പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. രാജസ്ഥാന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറൻ അറബിക്കടൽ ന്യൂനമർദ്ദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ ഇടത്തരം മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ മാസം 8 ന് ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.

അത്തം പിറന്നു; ഓണപ്പൊലിമയിലേക്ക്

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പൂക്കളമെഴുതുന്ന അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി. എല്ലായിടത്തും ഓണവിപണികൾ ഉണർന്നിട്ടുണ്ട്. നാടും നഗരവും ആഘോഷത്തിനുള്ള ഒരുക്കത്തിലായി. വിവിധ സ്ഥാപനങ്ങളുടെ ഓണച്ചന്തകൾ പലതും ഇന്ന് മുതൽ സജീവമാകും. വസ്ത്രശാലകൾ, ജൂവലറികൾ, ഗൃഹോപകരണ വിൽപ്പനകേന്ദ്രങ്ങൾ എന്നിവയും ഓണത്തിന് പ്രത്യേക വിലക്കിഴിവ് അറിയിച്ചിട്ടുണ്ട്. വേനലിലും പിന്നീട് മഴയിലും അമർന്ന ടൂറിസം മേഖലയും ഓണക്കാലത്തെ പ്രത്യാശയോടെയാണ് കാണുന്നത്. ഒരാഴ്ച നീളുന്ന ഓണാവധി, കുടുംബങ്ങളുടെയും അസോസിയേഷനുകളുടെയും സന്തോഷക്കാലമാകും.
ഓണത്തെ വരവേൽക്കാൻ മലയാളിക്കൊപ്പം അയൽപക്കത്തെ കാർഷികമേഖലയും തയ്യാറെടുത്തു. പച്ചക്കറിയും നേന്ത്രക്കായയും വാഴയിലയും തിരുനെൽവേലി  നാഗർകോവിൽ, വള്ളിയൂർ വിപണികളിൽ നിന്നും എത്തിത്തുടങ്ങി.

കഞ്ചാവ് ചെടി വളര്‍ത്തിവന്ന പശ്ചിമബംഗാള്‍ സ്വദേശി അറസ്റ്റില്‍

കൊല്ലം: കൊട്ടിയം ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചുവരുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയിലെ മുറിയില്‍നിന്നും ലഹരി ഉപയോഗത്തിനായി ചട്ടിയില്‍ നട്ടുവളര്‍ത്തിവന്ന കഞ്ചാവ് ചെടി കണ്ടെടുത്തു.
കഞ്ചാവ് ചെടി നട്ടുവളര്‍ത്തിവന്ന പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി കമാല്‍ ഹുസൈന്‍ (25) ആണ് പിടിയിലായത്. മൂന്ന് വര്‍ഷമായി കേരളത്തില്‍ പലസ്ഥലങ്ങളിലായി ജോലിചെയ്തുവരുന്നയാളാണ്. മൂന്ന് മാസമായി കൊട്ടിയത്ത് താമസിച്ചുവരുന്ന ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ്.സി.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധനയില്‍  അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പ്രേംനസീര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ്കുമാര്‍ ജെ.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് എം.ആര്‍, ബാലു എസ്.സുന്ദര്‍, അഭിരാം, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗംഗ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആദിവാസി വിഭാഗം യുവതിക്ക് പീഡനം,ആസിഫാബാദിൽ സംഘർഷം

ഹൈദരാബാദ്. തെലങ്കാനയിലെ ആസിഫാബാദിൽ സംഘർഷം. ജൈനൂർ ഗ്രാമത്തിൽ
ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പ്രദേശത്തെ പള്ളിയും ഒരു വിഭാഗത്തിന്റെ കടകളും അടിച്ചു തകർത്തു. പ്രദേശവാസിയായ ഷെയ്ഖ് മക്തൂം എന്നയാൾ യുവതിയെ പീഡിപ്പിച്ചു എന്നാണ് ആരോപണം. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ ആണ്.മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു