ഇംഫാല്‍. മണിപ്പൂരിൽ സ്ഥിതി അതീവ ഗൗരവതരം. കേന്ദ്ര ഇടപെടൽ ആവശ്യപ്പെടാൻ ഒരുങ്ങി മണിപ്പൂർ സർക്കാർ. ഇന്നലെ മണിപ്പൂർ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യം അറിയിച്ചു. ഡ്രോൺ ആക്രമണങ്ങൾ സാഹചര്യം കൂടുതൽ വഷളാക്കുമെന്ന് സർക്കാർ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് സാഹചര്യം വിലയിരുത്തിയത്.ഡ്രോൺ ആക്രമണങ്ങൾ തടയാൻ ആന്റി ഡ്രോൺ സംവിധാനങ്ങൾ സുരക്ഷാസേന വിന്യസിച്ചു. സംഘർവുമായി ബന്ധപ്പെട്ട്. 129 പേരെ കസ്റ്റഡിയിലെടുത്തു.
നിയമലംഘനം നടത്തിയവരാണ് കസ്റ്റഡിയിലായത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി സേന.വിവിധ ഇടങ്ങളിലായി 92 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു. അപകട സാധ്യതയുള്ള എല്ലാം മേഖലകളിലും നിരീക്ഷണം ശക്തമാക്കി എന്ന് മണിപ്പൂർ പോലീസ്.
പാലക്കാട്. ആനക്കൊമ്പുകളുമായി രണ്ട് പേരെ വനം വകുപ്പ് പിടികൂടി. പട്ടാമ്പി വടക്കുംമുറി കൊള്ളിത്തൊടി രത്‌നകുമാർ, പട്ടാമ്പി മഞ്ഞളുങ്ങൽ ബിജുനിവാസിൽ ബിജു എന്നിവരെയാണ് വനം വകുപ്പ് ഫ്‌ലൈയിങ്ങ് സ്‌ക്വാഡ് സംഘം പിടികൂടിയത്.ഇവരിൽ നിന്ന് ആറ് ചെറിയ ആനക്കൊമ്പുകൾ പിടിച്ചെടുത്തു.പട്ടാമ്പിയിലെ ബാറിൽ നിന്നും ആനക്കൊമ്പ് കൈമാറുന്നതിനിടെ ഇരുവരും പിടിയിലാവുകയായിരുന്നു
ഇവർക്ക് ആനക്കൊമ്പ് വിൽപന നടത്തുന്ന ബിസിനസുണ്ടെന്നാണ് വനം വകുപ്പിന് ലഭിക്കുന്ന വിവരം. നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വിൽപന നടത്തുകയും അതിൽ നിന്നും ഉൽപ്പന്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരാണെന്നും സംശയിക്കുന്നു.എന്നാൽ ആരാണ് നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് ഇവർക്ക് നൽകിയതെന്ന് വ്യക്തമായിട്ടില്ല.
ശാസ്താംകോട്ട: വയനാട്ടിലെ പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് റേഡിയോപാർക്ക് വാട്സാപ്പ് കൂട്ടായ്മയുടെ സഹായം. കൂട്ടായ്മയുടെ ഭാഗമായുള്ള 30,000 രൂപ കൊല്ലം ജില്ലാ കളക്ടർ ദേവീദാസിന് കൈമാറി. ഗ്രൂപ്പ് അംഗങ്ങളായ ദിലീപ്, വിഷ്ണു ചന്ദ്രൻ, സന്ദീപ്, വിഷ്ണു ശിവൻ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറ്റം നടന്നത്. വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് കൂട്ടായ്മ അറിയിച്ചു.
ശാസ്താംകോട്ട : നാടാകെ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ അതിനും മുമ്പേ കരടികളെ വരവേൽക്കാൻ നാടൊരുങ്ങുന്നു. ഞായറാഴ്ച വൈകിട്ട് 6 ന് മൈനാഗപ്പള്ളി കോവൂർ കേരള ലൈബ്രറിയുടെയും 12 ന് വൈകിട്ട് 7 ന് പടി കല്ലട കടപുഴ നവോദയ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ കരടികളിറങ്ങും. തൃശൂരിന് പുലികളി എങ്ങനെയാണ് എന്നത് പോലെയാണ് കൊല്ലം ജില്ലയ്ക്ക് കരടികളി. മുതിർന്നവർക്ക് ഗൃഹാതുരത്വമുണർത്തുന്ന നല്ല ഓർമകളാണ് പണ്ടത്തെ ഓണക്കാലത്തെ കരടികളി. ഓലകീറി ഈർക്കിലി കളഞ്ഞും ഉണങ്ങിയ വാഴയില ശരീരത്തുചുറ്റി കവുങ്ങിൻ്റെ പാള കൊണ്ട് നിർമ്മിച്ച മുഖംമൂടി അണിഞ്ഞാണ് കരടികൾ ഇറങ്ങുന്നത്.
ദേഹമാസകലം കരിയും തേച്ച് അമ്പും വില്ലുമായി വേട്ടക്കാരൻ കൂടി രംഗത്ത് എത്തുന്നതോടെ കരടികളിക്ക് തുടക്കമായി. പാടങ്ങളിൽ നെല്ലിന് കാവൽനിന്ന കർഷകർ രാത്രിയിൽ ഉറങ്ങിപ്പോകാതിരിക്കാൻ വേണ്ടിയാണ് കരടികളി ആരംഭിച്ചതെന്നാണ് വിശ്വാസം. മുമ്പ് ഓണക്കാലത്ത് കരടികളും വേട്ടക്കാരനും പാട്ടുകാരും ചേർന്ന് വീടുകളിൽ സന്ദർശനം നടത്തിയിരുന്നു. പുരാണകഥകളും ആനുകാലിക സംഭവങ്ങളും കോർത്തിണക്കിയ പാട്ടിനൊപ്പമാണ് കരടികൾ ചുവടുവെക്കുന്നത്. പാട്ടിന് ഏകീകൃത രൂപമില്ലങ്കിലും ഈണവും താളവും ഏകദേശം ഒരുപോലെയാണ്. വാമൊഴിയിലൂടെയാണ് പാട്ടുകൾ തലമുറ കൈമാറി കിട്ടുന്നത്. ഇടക്കാലത്ത് മറ്റ് നാടൻ കലാരൂപങ്ങൾക്ഷയിച്ചുപോയതുപോലെ കരടികളിയും ക്ഷയിച്ചു പോയിരുന്നു. ഇവയെ പുനർജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പല കൂട്ടായ്മകളും രംഗത്ത് വന്നതോടെ കരടികളി വലിയ ആവേശമായി മാറിയിട്ടുണ്ട്. സമീപകാലത്ത്കരടികളി പുനരുജ്ജീവിപ്പിക്കുന്നതിന് നിർണ്ണായകമായ പങ്ക് വഹിച്ചത് അരിനല്ലൂർ ജവഹർ ലൈബ്രറിയാണ്.
പത്ത് വർഷം മുമ്പ് ഇവർ പ്രദേശത്തുള്ള കരടികളി സംഘവുമായി ചേർന്ന് കരടികളി തുടങ്ങി വച്ചത്.പിന്നീട് ഇത് ഒരാവേശമായി മാറുകയായിരുന്നു. മൽസരാടിസ്ഥാനത്തിലേക്ക് കരടികളി മാറിയതോടെ നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി ടീമുകൾ മൽസരിക്കാൻ എത്തി. കാണാനും ആയിരങ്ങൾ എത്തി. അരിനല്ലൂരിലെ കരടികളി മൽസരം നാടിൻ്റെ ഉൽസവമായി മാറുകയായിരുന്നു.10 വർഷമായി നടന്നുവന്നിരുന്ന കരടികളി മൽസരം പക്ഷേ ഇത്തവണ ഇല്ല. വയനാട് ദുരന്ത പശ്ചാതലത്തിൽ ഈ വർഷം ഒഴിവാക്കിയിരിക്കുകയാണ്. കരളി കളി സംഘടിപ്പിക്കുന്ന മറ്റൊരു പ്രധാന ഇടമാണ് മൈനാഗപ്പള്ളി കോവൂർ. ഇവിടെയുള്ള കേരള ലൈബ്രറിയാണ് കരടികളി സംഘടിപ്പിക്കുന്നത്. ഏതാനും വർഷങ്ങളായി ഇവർ കരടികളി സംഘടിപ്പിച്ചു വരുന്നു.
കഴിഞ്ഞ വർഷം മുതൽ മൽസരാടിസ്ഥാനത്തിലേക്ക് മാറിയതോടെ കരടികളി കൂടുതൽ വിപുലമായിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് 6 നാണ് ഇവിടെ മൽസരം അരിനല്ലൂർ കരടികളി സംഘം, പന്മന കരടികളി സംഘം , കളങ്ങര രാഘവൻ നേതൃത്വം നൽകുന്ന ടീം ഇതിനോടൊപ്പം ഇത്തവണ കേരള ലൈബ്രറി കരടികളിസംഘവും ഓണനാളുകളെ വരവേൽക്കാൻ ഓണ തുടക്കത്തിൽ വേട്ടക്കിറങ്ങും കവി മുരുകൻ കാട്ടാക്കട മൽസരം ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. 12 ന് കടപുഴ പാട്ടമ്പലംകടവിലാണ് നവോദയ ഗ്രന്ഥശാല സംഘടിപ്പിക്കുന്ന മൽസരം.ഇവിടെയും ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. മൽസരിക്കുന്ന ടീമുകൾക്ക് കൈനിറയെ സമ്മാനങ്ങൾ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
കൊച്ചി.നടൻ നിവിന്പോളിക്കെതിരെയായ പീഡന കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും . കേസിൽ അന്വേഷണ സംഘം രണ്ട് തവണ നേരിട്ടു യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു . സംഭവം നടന്ന തിയതിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ഇപ്പോഴും ചില അവ്യക്തതകൾ ഉണ്ട്.താന്‍ ഉറക്കപിച്ചില്‍ പറഞ്ഞ തീയതിയാണ് ആദ്യത്തേതെന്നും കൃത്യമായ തീയതി നല്‍കുമെന്നും ചില മാധ്യമങ്ങളോട് പരാതിക്കാരി പ്രതികരിച്ചിരുന്നു.
ഒരിക്കൽ കൂടി പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട് . തനിക്കെതിരെയുള്ളത് വ്യാജആരോപണം എന്ന നിവിന്പോളി ഡിജിപി യ്ക്ക് നൽകിയ പരാതി ഉടൻ എറണാകുളം റൂറൽ പൊലീസിന് കൈമാറും .അതേസമയം ജാമ്യം ലഭിച്ചെങ്കിലും മുകേഷിന് രണ്ട് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ്. പ്രത്യേക അന്വേഷണ സംഘം .
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയിലെ ഒരുവിഭാഗം ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്. സമരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്. വിദേശ സർവീസുകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഒരു മണിക്കൂർ വരെ ലഗേജ് ക്ലിയറൻസ് വൈകുന്നുണ്ട്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ പണിമുടക്ക് നടക്കുന്നത്. ബെംഗളൂരു – തിരുവനന്തപുരം വിമാനത്തിലെ യാത്രക്കാർക്ക് 40 മിനിറ്റിന് ശേഷമാണ് പുറത്തിറങ്ങാനായത്. എന്നാൽ വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ല.
ഹൈദരാബാദ്.പോലീസ് ഉദ്യോഗസ്ഥരുമായി തർക്കം ഉണ്ടാക്കിയ നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഹൈദരാബാദ് ആർജിഐ എയർപോർട്ട് പൊലീസാണ് കേസെടുത്തത്. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് വിനായകൻ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഉദ്യോഗസ്ഥരുമായി വാക്കു തർക്കമുണ്ടായി. പിന്നാലെയാണ് വിനായകനെതിരെ കേസെടുത്തത്. വാക്കു തർക്കത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
പാലക്കാട്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ നീലിപ്പാറ ഭാഗത്ത് ലോറിക്ക് തീ പിടിച്ചു.കാർ തിരിക്കുന്നതിനിടെ ലോറിയിൽ ഇടിച്ച് ലോറിക്ക് തീപിടിക്കുകയായിരുന്നു.9.30ഓടെയായിരുന്നു സംഭവം
ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.വാഹനം ഇടിച്ച ഉടനെ തീപിടുത്തം ഉണ്ടായതോടെ വാഹനത്തിലെ ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ അത്യാഹിതം ഒഴിവായി
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് കല്യാണ തിരക്ക്. 354 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് വിവാഹ ചടങ്ങുകൾ തുടങ്ങി. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണിന്ന്. മുൻമന്ത്രി വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് മണി വരെ 80 ഓളം വിവാഹങ്ങൾ നടന്നു.
മാറ്റങ്ങൾ ഇങ്ങനെ ഓരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്ക് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ 150 ഓളം പൊലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആലപ്പുഴ. നാലു ജില്ലകളിൽ കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം.ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം.ആലപ്പുഴ ജില്ലയിൽ പൂർണമായും
പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുൻസിപ്പാലിറ്റിയിലും.കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും.എറണാകുളത്തെ നാലു പഞ്ചായത്തുകളിലും ആണ് നിരോധനം. ഇവിടങ്ങളിൽ കോഴി താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ല. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം.വിജ്ഞാപനം ബാധിക്കുക നിരോധനമുള്ള പ്രദേശത്തെ ചെറുകിട കർഷകരെ